മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി ധനമന്ത്രി തോമസ് ഐസക് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ വി ഡി സതീശന്‍ എംഎല്‍എയ്ക്ക് ഉത്തരംമുട്ടി. എന്തുകൊണ്ട് ലോട്ടറി മാഫിയക്കെതിരേ നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല? എന്നായിരുന്നു ഐസക്കിന്റെ ഒരു ചോദ്യം. ലോട്ടറി വിവാദമാകെ കേന്ദ്രീകരിച്ചതും ഈ ചോദ്യത്തില്‍ തന്നെ.
1998ലെ കേന്ദ്ര നിയമം കാലാനുസൃതമാക്കാനെന്ന പേരില്‍ കേന്ദ്രം 2010ല്‍ കൊണ്ടുവന്ന ചട്ടം ഫലത്തില്‍ ലോട്ടറി മാഫിയയെ സഹായിക്കുന്നതും സംസ്ഥാന സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. കേന്ദ്രചട്ടം വന്നതോടെ സംസ്ഥാനത്തിന് അന്യസംസ്ഥാന ലോട്ടറിക്കെതിരെ എടുക്കാവുന്ന പരമാവധി നടപടി കേന്ദ്രത്തിന് കത്തയക്കാം എന്നത് മാത്രമായി. പരമാധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും വിധിച്ചു. വാസ്തവത്തില്‍, ഓണ്‍ലൈന്‍ ലോട്ടറിക്കാര്‍ക്കുവേണ്ടിയാണ് ചട്ടം ആവിഷ്കരിച്ചത്. അന്യസംസ്ഥാന ലോട്ടറി രാജാവായ മണികുമാര്‍ സുബ്ബ മൂന്ന് തവണ കോണ്‍ഗ്രസ് എം പിയും അസം പിസിസി പ്രസിഡന്റുമായിരുന്നെന്ന് ഐസക് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ആന്റണി സര്‍ക്കാര്‍ സ്വീകരിച്ച നടപടി പിന്നീട് മാഫിയക്കനുകൂലമായി ഉമ്മന്‍ചാണ്ടി തിരുത്തി. അന്യസംസ്ഥാന ലോട്ടറി പ്രൊമോട്ടര്‍മാരുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്രിമിനല്‍ ബന്ധമാണുള്ളത്.
സതീശന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിന് ശേഷമാണ് ഇവിടെ മാഫിയകള്‍ കെട്ടുകെട്ടിയതെന്ന വാദവും ശരിയല്ല. വ്യവസ്ഥാപിതമായി ലോട്ടറി നടത്തുന്നത് കേരളത്തില്‍ മാത്രമാണ്. നറുക്കെടുപ്പ് സംബന്ധിച്ച് കേന്ദ്രചട്ടത്തില്‍ പറയുന്നതിനോട് യോജിപ്പില്ലെന്നും അത് ന്യൂനതയാണെന്നും സതീശന്‍ സമ്മതിച്ചു. ഇക്കാര്യത്തില്‍ കേരള ധനമന്ത്രിയോട് യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ ഓര്‍ഡിനന്‍സില്‍ ലോട്ടറി നികുതി വര്‍ധിപ്പിച്ചതിനോടും സതീശന്‍ യോജിച്ചു.
അന്യസംസ്ഥാന ലോട്ടറി ചൂതാട്ടത്തിനെതിരെ ഏതറ്റം വരെയും പോകുമെന്ന് തുറന്നുപറഞ്ഞ ഐസക് എല്ലാ ലോട്ടറിയും അതത് സംസ്ഥാനത്ത് മതിയെന്നും സര്‍ക്കാര്‍ നടത്തിയാല്‍ മതിയെന്നുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കി. വിവാദ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന് അനുമതി നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണ്. ലോട്ടറിക്കാര്യത്തില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുമായി ഒരഭിപ്രായവ്യത്യാസവുമില്ല. താന്‍ മുഖ്യമന്ത്രിയുടെ ധനമന്ത്രിയാണെന്നും ഐസക് പറഞ്ഞു. വെല്ലുവിളി ഏറ്റെടുത്ത് സംവാദത്തിന് നേരിട്ട് ഹാജരായ ധനമന്ത്രിയെ മാധ്യമപ്രവര്‍ത്തകര്‍ അനുമോദിച്ചു. ആദ്യം പത്ത് മിനിറ്റ് വീതം വിഷയാവതരണത്തിന് ഇരുവര്‍ക്കും സമയം അനുവദിച്ചു. പിന്നെ മൂന്ന് മിനിറ്റ് വീതമുള്ള അഞ്ച് ചോദ്യങ്ങള്‍ പരസ്പരം ചോദിച്ചു. തുടര്‍ന്ന് ഇരുവരോടും ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവസരമായിരുന്നു. ഒന്നര മണിക്കൂര്‍ സംവാദം നിശ്ചിതസമയത്ത് അവസാനിക്കുമ്പോള്‍ വിവാദത്തിന് പിന്നിലെ യുഡിഎഫ് കള്ളക്കളികള്‍ കുറേക്കൂടി വ്യക്തമായി. പ്രസ് ക്ളബ് പ്രസിഡന്റ് എം എം സുബൈര്‍ മോഡറേറ്ററായി. സെക്രട്ടറി ബിജു ചന്ദ്രശേഖര്‍ നന്ദി പറഞ്ഞു.
സിബിഐ അന്വേഷണം ധനവകുപ്പ് എതിര്‍ത്തെന്ന വാര്‍ത്ത നുണ: ഐസക്
അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും ധനവകുപ്പും സ്വീകരിച്ച നടപടികള്‍ മറച്ചുവച്ച് തീര്‍ത്തും അടിസ്ഥാനരഹിതവും വസ്തുനിഷ്ഠവുമല്ലാത്ത കാര്യങ്ങളാണ് മലയാള മനോരമ പത്രം പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. രാഷ്ട്രീയ വിമര്‍ശങ്ങളെ എതിര്‍ക്കുന്നില്ല. എന്നാല്‍, കല്ലുവച്ച നുണ എഴുതിവിടുന്ന പത്രപ്രവര്‍ത്തനം ശരിയല്ലെന്ന്, തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ പ്രസക്തഭാഗങ്ങള്‍ ചൂണ്ടിക്കാട്ടി ഐസക് അഭിപ്രായപ്പെട്ടു.
സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ നികുതി തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന നിലപാടാണ് ഈ സര്‍ക്കാര്‍ ആദ്യഘട്ടംമുതല്‍ എടുത്തത്. സിബിഐ അന്വേഷണം എതിര്‍ക്കുന്ന നിലപാടെടുത്തത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍, അത് ഇപ്പോള്‍ എന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത സന്ദര്‍ഭത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍തന്നെയാണ് അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട കേസ് തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിബിഐ അന്വേഷണമടക്കം ഏതുതരത്തിലുള്ള അന്വേഷണത്തിനും ഈ സര്‍ക്കാരിന് എതിര്‍പ്പില്ല എന്നാണ് അന്ന് ഞാന്‍ ഫയലില്‍ രേഖപ്പെടുത്തിയത്. അതെല്ലാം വളച്ചൊടിച്ച് തീര്‍ത്തും ധാര്‍മികമല്ലാത്ത പത്രപ്രവര്‍ത്തനമാണ് മലയാള മനോരമ നടത്തുന്നത്. സത്യവാങ്മൂലം നല്‍കാന്‍ തീരുമാനിച്ചിട്ടും ധനവകുപ്പ് മനഃപൂര്‍വം വൈകിപ്പിച്ചു എന്നാണ് പ്രചരിപ്പിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ പത്രധര്‍മത്തിന് നിരക്കുന്നതാണോ എന്ന് അതിന്റെ പത്രാധിപര്‍ പരിശോധിക്കണം. പെയ്ഡ് ന്യൂസിന്റെ വിഭാഗത്തില്‍പെടുത്താവുന്ന വിധത്തിലുള്ള പത്രപ്രവര്‍ത്തനമാണിത്. പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഒതുക്കിയവരാണ് പ്രസ് കൌസിലിന്റെ തലപ്പത്തുള്ളത്. അതുകൊണ്ട് ഇതേക്കുറിച്ച് ആര്‍ക്കും പരാതിനല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
ദേശാഭിമാനി 14092010
മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി ധനമന്ത്രി തോമസ് ഐസക് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ വി ഡി സതീശന്‍ എംഎല്‍എയ്ക്ക് ഉത്തരംമുട്ടി. എന്തുകൊണ്ട് ലോട്ടറി മാഫിയക്കെതിരേ നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല? എന്നായിരുന്നു ഐസക്കിന്റെ ഒരു ചോദ്യം. ലോട്ടറി വിവാദമാകെ കേന്ദ്രീകരിച്ചതും ഈ ചോദ്യത്തില്‍ തന്നെ.
ReplyDelete