ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹ്രസ്വമായ ഒരു മുന്നേറ്റത്തിന് രാമജന്മഭൂമി പ്രസ്ഥാനം കാവിസംഘടനകളെ സഹായിച്ചെങ്കിലും അതിന് നേതൃത്വം നല്‍കിയ വ്യക്തികളൊക്കെ ഇന്ന് രാഷ്ട്രീയമായി പരിതാപകരമായ അവസ്ഥയിലാണ്. എല്‍ കെ അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി, സ്വാധ്വി ഋതംബര, വിനയ് കത്യാര്‍, അശോക് സിംഗാള്‍, കല്യാ സിങ് തുടങ്ങിയവരായിരുന്നു പള്ളിതകര്‍ക്കല്‍ പ്രചാരണത്തിന് പിന്നിലെ പ്രമുഖര്‍. പള്ളി തകര്‍ക്കാനുള്ള ആഹ്വാനവുമായി തൊണ്ണൂറുകളില്‍ രഥയാത്ര നടത്തിയത് അദ്വാനിയാണ്. ഇന്ത്യയുടെ മതേതരഘടനയെ പിച്ചിച്ചീന്തി പള്ളിതകര്‍ക്കുന്നതില്‍ അദ്വാനി വിജയിച്ചെങ്കിലും അദ്ദേഹം ഏറെ മോഹിച്ചിരുന്ന പ്രധാനമന്ത്രി പദം എക്കാലവും തെന്നിമാറി. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയപ്പോഴൊക്കെ വാജ്പേയിക്ക് പിന്നില്‍ രണ്ടാമനായി നില്‍ക്കാനായിരുന്നു യോഗം. പാകിസ്ഥാന്‍ പര്യടനത്തിനിടെ ജിന്നയെ പ്രകീര്‍ത്തിച്ച് മതേതര മുഖംമൂടി അണിയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആര്‍എസ്എസിന്റെ ഇടപെടല്‍ വന്നതോടെ ബിജെപി അധ്യക്ഷസ്ഥാനവും പ്രതിപക്ഷനേതാവിന്റെ സ്ഥാനവും വിട്ടൊഴിയേണ്ടിവന്നു. ഇന്ന് ഒരു തിരിച്ചുവരവിന് കെല്‍പ്പില്ലാത്ത വിധം അദ്വാനി ദുര്‍ബലനായി. പള്ളിതകര്‍ക്കല്‍ കേസിലെ മുഖ്യപ്രതിയെന്ന കരിനിഴല്‍ വിട്ടൊഴിയുകയുമില്ല.
ബാബറി മസ്ജിദ് തച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഓര്‍ത്തെടുക്കുന്നവര്‍ക്ക് മറക്കാനാകാത്ത മുഖമാണ് ഉമാഭാരതിയുടേത്. പള്ളി തകര്‍ന്നുവീണപ്പോള്‍ മുരളിമനോഹര്‍ ജോഷിയടക്കമുള്ള നേതാക്കളെ ആശ്ളേഷിച്ച് നൃത്തംചവിട്ടിയ ഉമ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രതീകമായി. ബിജെപിയുടെ രണ്ടാംതലമുറ നേതാക്കളില്‍ പ്രമുഖയായാണ് ഉമയെ വിലയിരുത്തിയിരുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ഭരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി പദത്തിലെത്തിയെങ്കിലും ഉമാഭാരതി അധികം വൈകാതെ ബിജെപിക്ക് അനഭിമതയായി. തീവ്രഹൈന്ദവ ആശയങ്ങളോടെ പുതിയ പാര്‍ടി രൂപീകരിച്ച് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.
പള്ളി തകര്‍ക്കല്‍ എന്ന ഏക അജന്‍ഡയോടെ, ബജ്രംഗ്ദള്‍ എന്ന തീവ്രവാദസംഘടനയ്ക്ക് രൂപം നല്‍കിയ വ്യക്തിയാണ് വിനയ്കത്യാര്‍. വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങളിലൂടെ പള്ളിതകര്‍ക്കല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായി കത്യാര്‍ മാറി. എന്നാല്‍, നീണ്ട 18 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചുവടുപോലും മുന്നോട്ടുവയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കത്യാര്‍. സ്വന്തം സംസ്ഥാനമായ യുപിയില്‍ ബിജെപിയുടെ തകര്‍ച്ചയ്ക്ക് കത്യാര്‍ സാക്ഷിയായി. ഇപ്പോള്‍ ബിജെപി രാജ്യസഭാംഗമായി പാര്‍ലമെന്റില്‍. അയോധ്യാപ്രസ്ഥാനത്തിന് എണ്‍പതുകളില്‍ തുടക്കമിട്ടത് വിശ്വഹിന്ദു പരിഷത്താണ്.വിഎച്ച്പിയുടെ അമരത്ത് അന്നുമിന്നും സിംഗാളുണ്ട്. എന്നാല്‍, സംഘടന ദുര്‍ബലമായി. പ്രവീണ്‍ തൊഗാഡിയയെ പോലുള്ളവര്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നതോടെ സിംഗാള്‍ മൂലയിലൊതുങ്ങി.
ഉമാഭാരതിക്കൊപ്പം പളളിതകര്‍ക്കല്‍ പ്രസ്ഥാനത്തിലെ വനിതാമുഖമായിരുന്നു സ്വാധ്വി ഋതംബര. ഉമാഭാരതിയേക്കാള്‍ തീവ്രമുഖമാണ് ഋതംബര പ്രകടിപ്പിച്ചത്. എന്നാല്‍, ഇന്ന് രാഷ്ട്രീയത്തില്‍ നിന്നും അമ്പലം പ്രസ്ഥാനത്തില്‍ നിന്നുമൊക്കെ അകന്ന് മഥുരയില്‍ ചെറിയൊരു ആശ്രമവുമായി കൂടുന്നു. പള്ളിതകര്‍ത്ത ഘട്ടത്തില്‍ യുപി മുഖ്യമന്ത്രിയായിരുന്നു കല്യാസിങ്. എന്നാല്‍, രാഷ്ട്രീയത്തില്‍ ഉമാഭാരതിയുടെ ഗതികേട് തന്നെ കല്യാസിങിനും വന്നുപെട്ടു.
(എം പ്രശാന്ത്)
60 വര്‍ഷം പിന്നിട്ട ഉടമസ്ഥ തര്‍ക്കം
സരയൂ നദിക്ക് വടക്ക് പുരാതന നഗരമായ അയോധ്യയില്‍ 1528 ല്‍ മുഗള്‍ രാജാവായ ബാബറുടെ ഗവര്‍ണര്‍ മിര്‍ ബാക്വി നിര്‍മിച്ചതാണ് ബാബറി മസ്ജിദ്. രാമക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതതെന്ന ആരോപണവുമായി ആദ്യം രംഗത്തുവരുന്നത് സന്യാസിസംഘമായ നിര്‍മോഹി അക്കാഡയാണ്. 1883ല്‍ ക്ഷേത്രം പണിയാനുള്ള ഹിന്ദുക്കളുടെ ശ്രമത്തിന് ഫൈസാബാദ് ഡെപ്യൂട്ടി കമീഷണര്‍ അനുവാദം നല്‍കിയില്ല. 1885 ഡിസംബര്‍ 24ന് രാമജന്മസ്ഥാനിലെ മഹന്ത് രഘുബര്‍ദാസ് ഫൈസാബാദ് സബ് ജഡ്ജിക്കു മുമ്പില്‍, രാമജന്മസ്ഥാനത്ത് ആരാധനയ്ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യത്തെ പരാതി നല്‍കി. വാദം ശരിയാണെന്ന് സമ്മതിച്ചെങ്കിലും ആരാധനയ്ക്ക് അനുവാദം നല്‍കാന്‍ ജഡ്ജി വിസമ്മതിച്ചു. രഘുബര്‍ദാസ് ഫൈസാബാദ് ജില്ലാകോടതിയെ സമീപിച്ചു. 1886ല്‍ അപ്പീല്‍ കേട്ട ജില്ലാജഡ്ജി എഫ്ഇഎ ചാമിയാര്‍, ബാബറി മസ്ജിദ് 356 വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിക്കപ്പെട്ടതിനാല്‍ ഇപ്പോള്‍ പരാതിക്കാരന് ആശ്വാസം നല്‍കാനാകില്ലെന്ന് വിധിച്ചു. തല്‍സ്ഥിതി നിലനിര്‍ത്താനും ആവശ്യപ്പെട്ടു.
1940ല്‍ ബാബറിമസ്ജിദിനെച്ചൊല്ലി സുന്നി-ഷിയ തര്‍ക്കമുണ്ടായി. മസ്ജിദും അതിനടുത്ത സ്ഥലങ്ങളും കബര്‍സ്ഥാനും യുപി സുന്നി വഖഫ് ബോര്‍ഡിന്റേതാണെന്നായിരുന്നു കോടതി വിധി. 1949 ഡിസംബര്‍ 22ന് രാത്രി അമ്പതോളം വരുന്ന സംഘം ബാബറിമസ്ജിദ് നിലനിന്ന കോമ്പൌണ്ടില്‍ ശ്രീരാമവിഗ്രഹങ്ങള്‍(രാംലല്ല) സ്ഥാപിച്ചു. തുടര്‍ന്ന്, തര്‍ക്കസ്ഥലത്തിന്റെ ഭരണം റിസീവറെ ഏല്‍പിച്ചു. വിഗ്രഹങ്ങള്‍ എടുത്തുമാറ്റാന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു മുഖ്യമന്ത്രി ജി ബി പന്തിനോട് ആവശ്യപ്പെട്ടെങ്കിലും അന്നത്തെ ജില്ലാ മജിസ്ട്രേട്ടായിരുന്ന കെ കെ നായര്‍ തയ്യാറായില്ല. അത് ഹിന്ദുക്കളെ കലാപസജ്ജരാക്കുമെന്നായിരുന്നു സംഘപരിവാറിനോട് അനുഭാവമുണ്ടായിരുന്ന നായര്‍ കാരണമായി പറഞ്ഞത്. 'തര്‍ക്കസ്ഥല'മായി പ്രഖ്യാപിച്ച് ജില്ലാഭരണകൂടം പ്രദേശം പൂട്ടി സീല്‍ വച്ചു.
ഉടമസ്ഥാവകാശം സംബന്ധിച്ച് ആദ്യ പരാതി നല്‍കുന്നത് 1950 ജനുവരി പതിനാറിനാണ്. ഝാന്‍സിയില്‍നിന്ന് അയോധ്യയിലെത്തിയ ഗോപാല്‍സിങ് വിശാരദ്, ബാബറി മസ്ജിദ് കോംപ്ളക്സില്‍ ആരാധനയ്ക്ക് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടാണ് ഫൈസാബാദ് സിവില്‍കോടതിയെ സമീപിച്ചത്. രാമവിഗ്രഹം മാറ്റാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഫൈസാബാദ് സിവില്‍ കോടതി ഈ ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കിലും ഇതിനെതിരെ യുപി സര്‍ക്കാര്‍ ഹരജി നല്‍കി. രാമവിഗ്രഹങ്ങള്‍ ബലപ്രയോഗത്തിലൂടെ സ്ഥാപിച്ചതാണെന്ന് സര്‍ക്കാര്‍ വാദിച്ചു. രമചന്ദ്ര പരമഹംസും വിശാരദിന്റെ ആവശ്യം ഉന്നയിച്ച് കോടതിയിലെത്തിയെങ്കിലും പിന്നീട് പിന്‍വലിച്ചു. റിസീവര്‍ ഭരണം അവസാനിപ്പിക്കണമെന്നും നടത്തിപ്പ് തങ്ങള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് 1959 ല്‍ നിര്‍മോഹി അക്കാഡ കോടതിയിലെത്തി. ഈ ഘട്ടത്തിലാണ് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വിശാരദിന്റെയും അക്കാഡയുടെയും കേസിനെതിരെ ഫൈസാബാദ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. രാമവിഗ്രഹങ്ങള്‍ മാറ്റണമെന്നും മസ്ജിദും അതിനടുത്ത കബറിടവും സുന്നി സ്വത്തായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹഷീം അന്‍സാരി നല്‍കിയ നാലാമത്തെ ഉടമസ്ഥാവകാശ കേസിലെ ആവശ്യം.
1989 ലാണ് അഞ്ചാമത്തെ കേസ് ഫയല്‍ ചെയ്യുന്നത്. രംലല്ല നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെ റിട്ട. ജഡ്ജി ദേവകി നന്ദന്‍ അഗര്‍വാളാണ് കേസ് ഫയല്‍ ചെയ്തത്. നിലവില്‍ അലഹബാദ് ഹൈക്കോടതിയുടെ മുന്നിലുള്ളത് നാല് കേസാണ്. ഈ വിഷയത്തില്‍ കലാപം നടത്തിയ വിഎച്ച്പി കേസ് നല്‍കിയില്ലെന്നത് ശ്രദ്ധേയമാണ്. ഫൈസാബാദ് കോടതിയിലായിരുന്ന നാലുകേസ് 1989ല്‍ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. ഹൈക്കോടതി ഈ കേസ് പരിഗണിക്കാന്‍ ലഖ്നൌ ബെഞ്ചിലേക്ക് മാറ്റി. രാമക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതതെന്നാണ് ഹിന്ദു രാഷ്ട്രവാദികളുടെ അവകാശവാദം. ഹൈക്കോടതി ലഖ്നൌ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം 2003ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉത്ഖനനം നടത്തിയെങ്കിലും ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന വാദത്തിനു തെളിവ് കണ്ടെത്താനായില്ല. മാത്രമല്ല, 17-ാം നൂറ്റാണ്ടിനുമുമ്പ് ഉത്തരേന്ത്യയില്‍ ഒരിടത്തും രാമക്ഷേത്രം ഉണ്ടായിരുന്നില്ലെന്നതും ക്ഷേത്രം തകര്‍ത്തെന്ന വാദത്തിന്റെ മുനയൊടിക്കുന്നു. ഇത്തരം വാദഗതികളില്‍നിന്നാണ് ബാബറി പള്ളി നിലനിന്ന 2.77 ഏക്കര്‍ സ്ഥലത്തെക്കുറിച്ച് തര്‍ക്കം ആരംഭിക്കുന്നത്.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് രാംലല്ല ആരാധനയ്ക്കായി തുറന്നുകൊടുത്തത്. ഉമേഷ് ചന്ദ്ര പാണ്ഡെയെന്ന അഭിഭാഷകന്റെ പരാതിയില്‍ 1986 ഫെബ്രുവരി ഒന്നിന് ജില്ലാ ജഡ്ജി കെ എം പാണ്ഡെയാണ്ഈ നടപടി സ്വീകരിച്ചത്. തൊട്ടുമുമ്പ്, 1984ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ധര്‍മസംസദ് ബാബറി മസ്ജിദ് നിലനിന്നിടത്ത് തന്നെ രാമക്ഷേത്രം പണിയണമെന്ന ആവശ്യം മുന്നോട്ടുവച്ച് പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കി. രാജീവ്ഗാന്ധിയുടെ തീരുമാനം ഈ ശക്തികള്‍ക്ക് കരുത്തുപകര്‍ന്നു. 1989 നവംബര്‍ ഒമ്പതിന് ശിലാന്യാസം നടത്താനും രാജീവ്ഗാന്ധി അനുവാദം നല്‍കി. ഷാബാനു ബീഗം കേസില്‍ മുസ്ളിം മതമൌലികവാദികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച രാജീവ്ഗാന്ധി ശിലാന്യാസത്തിന് അനുവദിച്ചതിലൂടെ മുസ്ളിം-ഹിന്ദു വോട്ടുകള്‍ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍, ബൊഫോഴ്സ് വിവാദത്തില്‍ രാജീവ്ഗാന്ധിക്ക് അധികാരം നഷ്ടപ്പെടുകയും വി പി സിങ് അധികാരത്തില്‍ വരികയും ചെയ്തു. ഈ സര്‍ക്കാരിനെ പിന്തുണച്ച് അണിയറയില്‍ വര്‍ഗീയ അജന്‍ഡക്ക് മൂര്‍ച്ച കൂട്ടുകയായിരുന്നു സംഘപരിവാര്‍. ഇതു തടയാനെന്നോണമാണ് മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിപി സിങ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനെതിരെ ഏകാത്മകതായജ്ഞവുമായി വിഎച്ച്പിയും രംഗത്തുവന്നു. ഒപ്പം, 1989 സെപ്തംബര്‍ 25ന് അദ്വാനി ഗുജറാത്തിലെ സോമനാഥക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്തി. ഈ യാത്രക്ക് ബിഹാറിലെ സമസ്തിപുരില്‍ ലാലുപ്രസാദ് യാദവ് തടയിട്ടതോടെ വി പി സിങ് സര്‍ക്കാര്‍ നിലംപൊത്തി.
പിന്നീട് രാജീവ് ഗാന്ധി വധിക്കപ്പെടുകയും നരസിംഹറാവു അധികാരത്തില്‍ വരികയും ചെയ്തു. ഈ ഘട്ടത്തിലാണ് 1992 ഡിസംബര്‍ ആറിന് കര്‍സേവ നടത്താന്‍ സംഘപരിവാര്‍ ആഹ്വാനം. 400 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ കല്യാസിങ് സര്‍ക്കാരിന്റെ പൂര്‍ണ സഹായത്തോടെയാണ് പരിശീലനം ലഭിച്ച 450 വളന്റിയര്‍മാര്‍ മണിക്കൂറുകള്‍ക്കകം പള്ളി നിലംപരിശാക്കിയത്. പള്ളി തകര്‍ന്നത് ദൈവനിശ്ചയമാണെന്നും ഭൂരിപക്ഷ സമുദായത്തിന്റെ വികാരം മാനിച്ചില്ലെങ്കില്‍ ഇതൊക്കെ സംഭവിക്കുമെന്നും മറ്റും പറഞ്ഞ് ഈ ഭീകരതയെ വാജ്പേയി അടക്കമുള്ളവര്‍ ന്യായീകരിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെ മസ്ജിദിന് ചുറ്റുമുള്ള 67 ഏക്കര്‍ കൂടി കേന്ദ്രം ഏറ്റെടുത്തു. 1994 ല്‍ സുപ്രീം കോടതി നിലവിലുള്ള പദവി നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടു. 1995നും 2010നും ഇടയില്‍ വലിയ സംഭവങ്ങളൊന്നും ഉണ്ടായില്ല.
(വി ബി പരമേശ്വരന്‍)
ഒന്നും സംഭവിക്കില്ല; അയോധ്യയ്ക്ക് ഉറപ്പ്
അയോധ്യയെന്ന പേര് സംഘര്‍ഷത്തിന്റെയും മതസ്പര്‍ധയുടെയും വികാരമാണ് ഒരു ശരാശരി ഇന്ത്യക്കാരനില്‍ ഉണ്ടാക്കുന്നത്. എന്നാല്‍, അയോധ്യയിലെ ജനങ്ങള്‍ക്ക് പറയാനുള്ളത് മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും കഥകള്‍ മാത്രമാണ്. കോടതി വിധി എന്തായാലും അയോധ്യയില്‍ ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് ഓരോ അയോധ്യക്കാരനും ഉറപ്പിച്ചു പറയുന്നതിലെ ആത്മവിശ്വാസം, നൂറ്റാണ്ടുകള്‍ നീണ്ട ഈ സാഹോദര്യത്തിന്റെയും മൈത്രിയുടെയും അടിത്തറയില്‍നിന്നാണ്.
പതിനെട്ടാം നൂറ്റാണ്ടില്‍, അവുധിലെ(അയോധ്യ) നവാബുമാരായ-ഷുജാ ഉദ് ദൌളയുടെയും അസഫ് ഉദ് ദൌളയുടെയും-ഭരണകാലത്താണ് ക്ഷേത്രനഗരിയെന്ന് അറിയപ്പെടുന്ന അയോധ്യയില്‍ പല ക്ഷേത്രങ്ങളും ഉയര്‍ന്നത്. അയോധ്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഹനുമന്‍ഗഢി സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ചതും നവാബുമാരാണ്. ബാബറിമസ്ജിദില്‍ പോലും ഹിന്ദുക്കളും മുസ്ളിങ്ങളും ഒന്നിച്ചായിരുന്നു ആരാധന നടത്തിയത്. ഒന്നാം സ്വാതന്ത്ര്യസമരകാലത്തും ഈ ഐക്യം ശക്തമായിരുന്നു. ഫൈസാബാദില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപത്തിന് നേതൃത്വം നല്‍കിയത് മൌലവി അഹമ്മദുള്ളയും മഹന്ത് രാംചരദാസും ആയിരുന്നു. ഇരുവരെയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. ഇവരെ തൂക്കിലേറ്റിയ ആല്‍മരം മതസൌഹാര്‍ദത്തിന്റെ പ്രതീകമായി നിലനില്‍ക്കുന്നു. ഒന്നരലക്ഷം പേരാണ് അന്ന് അവുധില്‍ കൊല്ലപ്പെട്ടത്. സ്വാതന്ത്ര്യസമരകാലത്തെ ഈ ഹിന്ദു -മുസ്ളിം ഐക്യം തകര്‍ക്കാനാണ് ബ്രിട്ടീഷുകാര്‍ ബാബറിമസ്ജിദ് പ്രശ്നം കുത്തിപ്പൊക്കിയത്.
ഒരിക്കലും ഹിന്ദുക്കളുടെ മാത്രം കേന്ദ്രമായിരുന്നില്ല അയോധ്യ. ബുദ്ധ-ജൈനമതങ്ങള്‍ക്കും മുസ്ളിങ്ങള്‍ക്കും പുണ്യനഗരമാണ് അയോധ്യ. ചൈനീസ് സഞ്ചാരികളായ ഫാഹിയാനും ഹ്യുയന്‍സാങ്ങും അയോധ്യയിലെ ബുദ്ധമതസ്വാധീനത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. അയോധ്യയിലെ പല ബുദ്ധവിഹാരങ്ങളും ബ്രാഹ്മണത്വത്തിന്റെ പുനരുദ്ധാരണവേളയില്‍ ക്ഷേത്രങ്ങളാക്കി മാറ്റുകയായിരുന്നു. ജൈനവിശ്വാസമനുസരിച്ച് അവരുടെ ഒന്നിലധികം തീര്‍ഥങ്കരന്മാര്‍ അയോധ്യയിലാണ് ജനിച്ചത്. സിക്കുകാര്‍ക്കും അയോധ്യ പ്രധാന തീര്‍ഥാടനകേന്ദ്രമാണ്. ഗുരുനാനാക്ക് അയോധ്യ സന്ദര്‍ശിച്ചെന്നാണ് വിശ്വാസം. അതിന്റെ സ്മാരകമായി ഒരു ഗുരുദ്വാരയും ഇവിടെയുണ്ട്. മുസ്ളിം നെയ്ത്തുകാരായ കബീര്‍പന്തികളുടെ നാടുകൂടിയാണ് അയോധ്യ.
ബാബ്റിബസ്ജിദ് നിന്നിടത്തുള്ള രാംലല്ലക്കുമേല്‍ പുതച്ച സില്‍ക്ക് വസ്ത്രം നെയ്തത് മുസ്ളിങ്ങളാണെന്ന് അയോധ്യ നിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം അയോധ്യയിലെ ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ക്ക് അണിയിക്കുന്നതും ഭക്തജനങ്ങള്‍ നിവേദ്യമായി നല്‍കുന്നതുമായ പൂമാലകള്‍ തയ്യാറാക്കുന്നതും മുസ്ളിങ്ങള്‍ തന്നെ. ഹിന്ദുക്കളുടെ ഉത്സവങ്ങള്‍ക്ക് മാലയും മറ്റ് അലങ്കാരവും ഒരുക്കുന്നതും മുസ്ളിങ്ങള്‍ തന്നെ. സന്യാസിമാരുടെ 'കാദുവ' എന്ന മെതിയടി നിര്‍മിക്കുന്നതും മുസ്ളിങ്ങളാണ്. മെതിയടികളും പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന പല കടകളും നടത്തുന്നത് മുസ്ളിങ്ങളാണ്. തുളസീദാസ് രാമചരിതമാനസമെന്ന പ്രശസ്ത കൃതി രചിച്ചത് അയോധ്യയിലെ പള്ളിയില്‍ താമസിച്ചായിരുന്നു. ക്ഷേത്രത്തില്‍ ഇരുന്ന് കാവ്യരചന നടത്താന്‍ ബ്രാഹ്മണമേധാവികള്‍ അനുവദിക്കാത്തതിനാലായിരുന്നു ഇത്. മുസ്ളിങ്ങള്‍ക്ക് 'ചെറിയ മെക്ക' തന്നെയാണ് അയോധ്യ. ബാബറി മസ്ജിദ് സ്ഥാപിക്കുംമുമ്പുതന്നെ അയോധ്യയില്‍ മുസ്ളിങ്ങള്‍ഉണ്ടായിരുന്നു. എണ്‍പതിലധികം സൂഫി ദര്‍ഗകള്‍ അയോധ്യയിലും ഫൈസാബാദിലുമുണ്ട്. ഈ ദര്‍ഗകള്‍ ഹിന്ദുക്കളും സന്ദര്‍ശിക്കാറുണ്ട്. ക്വാസി ക്വിദ്യത്തുദ്ദീന്‍ അവ്ധി, ഷെയ്ഖ് ജമാല്‍ ഗുജ്ജറി, ഷെയ്ഖ് നസീറുദ്ദീന്‍ യാഹ്യ അവുധി എന്നിവരെല്ലാം അയോധ്യയിലെ അറിയപ്പെടുന്ന സൂഫി സന്യാസികളായിരുന്നു. ബഡിബീബി എന്ന സൂഫി സന്യാസിനിയും ഇവിടെയുണ്ടായിരുന്നു. ഇവരെക്കുറിച്ചുള്ള പല കഥകളും നാടോടിക്കഥ പോലെ അയോധ്യയില്‍ പ്രചരിക്കുന്നു. കാമാഭ്യര്‍ഥനയുമായി കോത്വാല്‍ (പൊലീസ് ഓഫീസര്‍) എത്തിയപ്പോള്‍ അദ്ദേഹത്തെ ആകര്‍ഷിച്ച തന്റെ രണ്ട് കണ്ണും ബഡിബീബി ചൂഴ്ന്നെടുത്ത് കൊടുത്തു എന്നത് അതിലൊന്ന് മാത്രം
വിവിധ മതങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദമാണ് അയോധ്യയുടെ മുഖമുദ്ര. അതുകൊണ്ടാണ് ഉടമസ്ഥാവകാശ കേസില്‍ കക്ഷികളായ രാമചന്ദ്ര പരമഹംസര്‍ക്കും ഹഷീം അന്‍സാരിക്കും ഒരു കുതിരവണ്ടിയില്‍ ഫൈസാബാദിലെ കോടതിയിലേക്ക് പോകാനായത്. അഞ്ച് ദശാബ്ദമായി കേസ് നടത്തുമ്പോഴും ഒരു ഹിന്ദുപോലും തന്നെ ഭര്‍ത്സിക്കാനോ ഒരു കല്ലെടുത്ത് എറിയാനോ തയ്യാറായില്ലെന്ന് ഹഷീം അന്‍സാരി പറയുമ്പോള്‍ അയോധ്യയിലെ മതസൌഹാര്‍ദമാണ് തെളിയുന്നത്.
ദേശാഭിമാനി 30092010
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹ്രസ്വമായ ഒരു മുന്നേറ്റത്തിന് രാമജന്മഭൂമി പ്രസ്ഥാനം കാവിസംഘടനകളെ സഹായിച്ചെങ്കിലും അതിന് നേതൃത്വം നല്‍കിയ വ്യക്തികളൊക്കെ ഇന്ന് രാഷ്ട്രീയമായി പരിതാപകരമായ അവസ്ഥയിലാണ്. എല്‍ കെ അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി, സ്വാധ്വി ഋതംബര, വിനയ് കത്യാര്‍, അശോക് സിംഗാള്‍, കല്യാ സിങ് തുടങ്ങിയവരായിരുന്നു പള്ളിതകര്‍ക്കല്‍ പ്രചാരണത്തിന് പിന്നിലെ പ്രമുഖര്‍. പള്ളി തകര്‍ക്കാനുള്ള ആഹ്വാനവുമായി തൊണ്ണൂറുകളില്‍ രഥയാത്ര നടത്തിയത് അദ്വാനിയാണ്. ഇന്ത്യയുടെ മതേതരഘടനയെ പിച്ചിച്ചീന്തി പള്ളിതകര്‍ക്കുന്നതില്‍ അദ്വാനി വിജയിച്ചെങ്കിലും അദ്ദേഹം ഏറെ മോഹിച്ചിരുന്ന പ്രധാനമന്ത്രി പദം എക്കാലവും തെന്നിമാറി. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയപ്പോഴൊക്കെ വാജ്പേയിക്ക് പിന്നില്‍ രണ്ടാമനായി നില്‍ക്കാനായിരുന്നു യോഗം. പാകിസ്ഥാന്‍ പര്യടനത്തിനിടെ ജിന്നയെ പ്രകീര്‍ത്തിച്ച് മതേതര മുഖംമൂടി അണിയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആര്‍എസ്എസിന്റെ ഇടപെടല്‍ വന്നതോടെ ബിജെപി അധ്യക്ഷസ്ഥാനവും പ്രതിപക്ഷനേതാവിന്റെ സ്ഥാനവും വിട്ടൊഴിയേണ്ടിവന്നു. ഇന്ന് ഒരു തിരിച്ചുവരവിന് കെല്‍പ്പില്ലാത്ത വിധം അദ്വാനി ദുര്‍ബലനായി. പള്ളിതകര്‍ക്കല്‍ കേസിലെ മുഖ്യപ്രതിയെന്ന കരിനിഴല്‍ വിട്ടൊഴിയുകയുമില്ല.
ReplyDelete" കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയപ്പോഴൊക്കെ വാജ്പേയിക്ക് പിന്നില്‍ രണ്ടാമനായി നില്‍ക്കാനായിരുന്നു യോഗം."
ReplyDeleteഎന്നും രണ്ടാമനായി നിന്ന ആള് (നിര്‍ത്തിയ) രണ്ടായിരത്തി ആറില്‍ ഒന്നാമനയല്ലോ?!!!