Wednesday, September 29, 2010

തൊഴില്‍ ഉറപ്പു പദ്ധതിക്ക് കേന്ദ്രത്തിന്റെ പാര

ഒന്നാം യു പി എ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തികാണിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുരങ്കംവെയ്ക്കാന്‍ രണ്ടാം യു പി എ സര്‍ക്കാരിന്റെ നീക്കം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിയമത്തിന്റെ പല വ്യവസ്ഥകളും പരിഷ്‌കരിച്ച്, തൊഴിലാളികള്‍ക്ക് ആനുകൂല്യം നിഷേധിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അത്യന്തം ഉല്‍ക്കണ്ഠാജനകമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകരായ അരുണാറോയ്, ആനിരാജ, ജീന്‍ഡ്രസ, നിഖില്‍ ഡേ, രീതിക ഖേര എന്നിവര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞു.

സോണിയാഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക കൗണ്‍സിലിലെ അംഗങ്ങളാണ് അരുണാറോയിയും ജീന്‍ഡ്രസയും.

തൊഴിലുറപ്പ് പദ്ധതിയില്‍ നല്‍കുന്ന വേതന നിരക്കിനെ മിനിമം വേതനവുമായി ബന്ധപ്പെടുത്താനാവില്ലെന്ന് കഴിഞ്ഞ ആഴ്ച ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. തൊഴിലുറപ്പു പദ്ധതിയിലെ മിനിമം കൂലി കഴിഞ്ഞ വര്‍ഷം നൂറു രൂപയായി കേന്ദ്രം നിജപ്പെടുത്തിയത് വ്യാപകമായ പ്രതിഷേധത്തിനിടനല്‍കിയതാണ്.

കര്‍ഷത്തൊഴിലാളികളുടെ മിനിമം കൂലിക്ക് തുല്യമായിരിക്കണം തൊഴിലുറപ്പു പദ്ധതിയിലെ കൂലി എന്ന തത്വം സര്‍ക്കാര്‍ ലംഘിക്കുകയാണിപ്പോള്‍. തൊഴിലുറപ്പു പദ്ധതിയിലെ കൂലി ഉപഭോക്തൃ വിലസൂചികയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവും ഗവണ്‍മെന്റ് അംഗീകരിക്കുന്നില്ല. തൊഴിലുറപ്പു പദ്ധതിയ്ക്കായി പുതിയ മിനിമം കൂലി നിശ്ചയിക്കാനാണ് ഗ്രാമ വികസന മന്ത്രാലയത്തിന്റെ നീക്കം.

ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കുന്നില്ലെന്നു മാത്രമല്ല, അവര്‍ ചെയ്ത ജോലി തിട്ടപ്പെടുത്തി അതിന്റെ അടിസ്ഥാനത്തിലാണ് കൂലി നിശ്ചയിക്കുന്നതെന്നും അരുണാറോയിയും ആനിരാജയും ചൂണ്ടിക്കാട്ടി.

ഒരു തൊഴിലാളി എത്രകുഴി കുഴിച്ചു, എത്ര ഘനഅടി മണ്ണുവെട്ടി തുടങ്ങിയവ അളന്നു തിട്ടപ്പെടുത്തിയാണ് കൂലി നിശ്ചയിക്കുന്നത്. പീസ് റേറ്റ് അടിസ്ഥാനത്തില്‍ കൂലി നിശ്ചയിക്കുന്നത് തൊഴിലാളികള്‍ക്ക് മിനിമം കൂലി നിഷേധിക്കാനാണ്.

തൊഴിലുറപ്പു പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് നടത്താനുള്ള അധികാരം ഗ്രാമസഭകള്‍ക്കു നല്‍കിയ ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഉത്തരവ് അഴിമതി നടത്തുന്നവര്‍ക്ക് സഹായകമാണ്. ഗ്രാമസഭകള്‍ക്കാണ് തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല. ഇതില്‍ അഴിമതിയോ ക്രമക്കേടോ നടന്നിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ ഓഡിറ്റ് നടത്താനുള്ള അധികാരവും ഗ്രാമസഭയ്ക്ക് നല്‍കുന്നത് അഴിമതിക്ക് കൂട്ടുനില്‍ക്കലാണ്. ഗ്രാമസഭാധ്യക്ഷനെ ഓഡിറ്റിന്റെ ചുമതല ഏല്‍പിക്കരുത്. പുറത്തുനിന്നുള്ള സ്വതന്ത്ര ഏജന്‍സിയായിരിക്കണം ഓഡിറ്റ് നടത്തേണ്ടത്.
തൊഴിലുറപ്പു പദ്ധതിക്കുമേല്‍ നോട്ടം വഹിക്കാന്‍ രൂപീകരിച്ച കേന്ദ്ര തൊഴിലുറപ്പു കൗണ്‍സിലിലെ (സി ഇ ജി സി) അംഗങ്ങളാണ് അരുണാറോയിയും ജീന്‍ഡ്രസയും. തൊഴിലുറപ്പു പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും മിനിമം കൂലി വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് കൗണ്‍സിലിന്റെ ഈയിടെ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ വര്‍ഷം മുഴുവന്‍ തൊഴില്‍ ഉറപ്പാക്കണമെന്നതാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ഒരു നിര്‍ദ്ദേശം. ഇപ്പോള്‍ വര്‍ഷത്തില്‍ നൂറു ദിവസമാണ് തൊഴില്‍ നല്‍കേണ്ടത്. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ അമ്പത് ദിവസം കൂടി തൊഴില്‍ നല്‍കണം. മറ്റെല്ലാ പ്രദേശങ്ങളിലും തൊഴില്‍ ദിനങ്ങളുടെ എണ്ണം 125 ആയി ഉയര്‍ത്തണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയെ പ്രചരണത്തിനുള്ള ഒരു ഉപാധിമാത്രമായി കാണുന്ന സമീപനമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റേത്. മിനിമം കൂലി ഉറപ്പാക്കാനോ, നടത്തിപ്പിലെ അഴിമതി തടയാനോ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തത് ഇതിന്റെ തെളിവാണ്.

ജനയുഗം മുഖപ്രസംഗം 29092010

1 comment:

  1. ഒന്നാം യു പി എ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തികാണിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുരങ്കംവെയ്ക്കാന്‍ രണ്ടാം യു പി എ സര്‍ക്കാരിന്റെ നീക്കം.

    ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിയമത്തിന്റെ പല വ്യവസ്ഥകളും പരിഷ്‌കരിച്ച്, തൊഴിലാളികള്‍ക്ക് ആനുകൂല്യം നിഷേധിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അത്യന്തം ഉല്‍ക്കണ്ഠാജനകമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകരായ അരുണാറോയ്, ആനിരാജ, ജീന്‍ഡ്രസ, നിഖില്‍ ഡേ, രീതിക ഖേര എന്നിവര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞു.

    സോണിയാഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക കൗണ്‍സിലിലെ അംഗങ്ങളാണ് അരുണാറോയിയും ജീന്‍ഡ്രസയും.

    ReplyDelete