Sunday, September 19, 2010

തരിശില്ലാ കേരളം

2012ല്‍ തരിശില്ലാ കേരളം എന്ന ലക്ഷ്യം യാഥാര്‍ഥ്യത്തിലേക്ക് കുതിക്കുന്നു. നിലവില്‍ അഞ്ച് പഞ്ചായത്താണ് ഈ പദവിയിലുള്ളത്. ആലപ്പുഴയിലെ പാലമേലും മണ്ണഞ്ചേരിയും, പത്തനംതിട്ടയിലെ കടപ്ര, മലപ്പുറത്തെ എടരിക്കോടും ആദവനാടും പഞ്ചായത്തുകള്‍ ഭക്ഷ്യസുരക്ഷയിലേക്കുള്ള കേരളത്തിന്റെ കുതിപ്പിലെ വഴിവിളക്കുകളാണ്. ഈ വര്‍ഷം 100 പഞ്ചായത്ത് തരിശുരഹിതമാക്കാനുള്ള ആത്മാര്‍ഥമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഒരിഞ്ച് ഭൂമിപോലും തരിശിടില്ലെന്ന് പ്രഖ്യാപിച്ച പാലമേല്‍, ചൊരിമണലില്‍ പച്ചക്കറി വിളയിച്ച കഞ്ഞിക്കുഴി, ഹെക്ടറില്‍ 100 ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിച്ച മീനങ്ങാടി- ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ കേരളം കണ്ടറിഞ്ഞ ഹരിതസ്വപ്നങ്ങള്‍ പൂവണിയുകയാണ്.

വിലത്തകര്‍ച്ചയും കടക്കെണിയും ആത്മഹത്യയുടെ തുരുത്തിലെത്തിച്ച കര്‍ഷകര്‍ക്ക് വിത്തു മുതല്‍ വിപണിവരെ ഒരുക്കിയും ക്ഷേമപദ്ധതികള്‍ നടപ്പാക്കിയും കൈത്താങ്ങായത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. കൃഷിയുടെ അന്തസ്സും കര്‍ഷകന്റെ ആത്മവിശ്വാസവും മടക്കിക്കൊണ്ടുവന്നു. പ്രാദേശിക സര്‍ക്കാരുകളായി വികസിച്ച തദ്ദേശസ്ഥാപനങ്ങളുടെ ഉത്സാഹവും മേല്‍കൈയും ചേര്‍ന്നപ്പോഴാണ് പത്തും ഇരുപതും വര്‍ഷമായി കൃഷി മുടങ്ങിക്കിടന്ന വയലേലകളില്‍ കൃഷി മടങ്ങിയെത്തിയത്. താഴെത്തട്ടിലേക്ക് കൈമാറിയെത്തിയ അധികാരവും പണവും നൂറുമേനിയായി കേരളത്തിന്റെ കലവറകള്‍ നിറയ്ക്കുകയായിരുന്നു.

ലോകത്ത് ഏറ്റവും കുടുതല്‍ വിശപ്പനുഭവിക്കുന്നവര്‍ കഴിയുന്ന ഇന്ത്യയിലാണ് കൊച്ചു സംസ്ഥാനമായ കേരളത്തിന്റെ ഈ കുതിപ്പ്. രാജ്യത്ത് 21 ലക്ഷം കുഞ്ഞുങ്ങളാണ് അഞ്ച് വയസ്സെത്തും മുമ്പ് പോഷകാഹാരക്കുറവ് മൂലം മരിക്കുന്നത്. 30 വര്‍ഷം ഭക്ഷ്യസ്വയംപര്യാപ്തത നിലനിര്‍ത്തിയെന്ന് അഭിമാനിച്ചിരുന്നവര്‍ ഭക്ഷ്യ ഇറക്കുമതിക്കായി തയ്യാറെടുക്കുമ്പോഴാണ് കേരളത്തിന്റെ അനുഭവം ഇരുളിലെ തെളിനാളമാകുന്നത്. നെല്‍കൃഷി ചെയ്തിരുന്ന ഭൂമിയുടെ അളവ് തുടര്‍ച്ചയായി കുറയുന്ന പ്രവണതയ്ക്ക് അറുതിവരുത്തുകയും അതിന് എതിര്‍ദിശയിലേക്ക് കേരളത്തെ നയിക്കുകയും ചെയ്തുവെന്നത് എല്‍ഡിഎഫ് ഭരണത്തിന്റെ ചരിത്രനേട്ടം.

2007-08ല്‍ 2.29 ലക്ഷം ഹെക്ടറിലായിരുന്നു നെല്ല് വിളയിച്ചിരുന്നത്. 2008-09ല്‍ ഇത് 2.34 ഹെക്ടറായി. നെല്ലുല്‍പ്പാദനം വര്‍ധിച്ചത് 11.74 ശതമാനവും. ഉല്‍പ്പാദനക്ഷമതയിലും വന്‍കുതിച്ചുചാട്ടമാണ് ഉണ്ടായത്. പുഞ്ചക്കൃഷി ഒരു ഹെക്ടറില്‍ 2982 കിലോ നെല്ല് വിളഞ്ഞപ്പോള്‍ അത് മുന്‍വര്‍ഷത്തേക്കാള്‍ 24 ശതമാനം വര്‍ധനയായിരുന്നു. വിത്തും വളവും കുറഞ്ഞ നിരക്കില്‍, നിലം ഉഴാനും കൊയ്യാനും തൊഴിലാളികളും യന്ത്രങ്ങളും, യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്‍പ്പെടെ സന്നദ്ധരായി കുടുംബശ്രീ പ്രവര്‍ത്തകര്‍, പലിശരഹിത വായ്പ, കരകൃഷിക്ക് സഹായധനം, ഉയര്‍ന്നവിലയ്ക്ക് വിള സംഭരിക്കാന്‍ സംവിധാനം... സര്‍ക്കാര്‍ വകുപ്പുകളും സംവിധാനങ്ങളുമാകെ കര്‍ഷകന്റെ താങ്ങും തണലുമായി. സംസ്ഥാന സര്‍ക്കാരും തദ്ദേശസര്‍ക്കാരും കര്‍ഷകരോടൊപ്പം പാടത്തിറങ്ങിപ്പോള്‍ മണ്ണും പുളകമണിഞ്ഞു. ഉല്‍പ്പാദനത്തോടൊപ്പം ഉല്‍പ്പാദനക്ഷമതയും കൂടി.

2008-09ല്‍ കേരളത്തില്‍ ഒരു ഹെക്ടറില്‍ ശരാശരി 2520 കിലോ നെല്ല് വിളഞ്ഞു. മുന്‍വര്‍ഷം ഇത് 2308 ആയിരുന്നു. രാജ്യത്തെ മൊത്തം കണക്കില്‍ ഇത് 2202ല്‍ നിന്ന് 2177 കിലോയായി കുറയുകയായിരുന്നു. 2008-09ല്‍ നെല്‍കൃഷിക്കു മാത്രമായി കേരളത്തിലെ പഞ്ചായത്തുകള്‍ ചെലവിട്ടത് 93.01 കോടി രൂപയാണ്. 2009-10ല്‍ വകയിരുത്തിയിട്ടുള്ളത് 189.80 കോടിയും. തൊഴിലുറപ്പു പദ്ധതിയിലൂടെ ലഭ്യമാകുന്ന കായികാധ്വാനം ഇതിനു പുറമെയും. പത്താം പദ്ധതിയിലെ അഞ്ച് വര്‍ഷം ആകെ ചെലവഴിച്ചത് 223.07 കോടിയാണെന്നും ഓര്‍ക്കണം.

പട്ടിണി മാറ്റാന്‍, പച്ചവിരിക്കാന്‍ പഞ്ചായത്ത്

പഴയതുപോലെ കേരളീയരെ പട്ടിണിക്കിട്ട് പാഠം പഠിപ്പിക്കാന്‍ ഇനി ആര്‍ക്കും കഴിയില്ല. തദ്ദേശസ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പുമെല്ലാം ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമം കേരളത്തിന്റെ വിശപ്പടക്കുന്ന വിജയഗാഥകളാണിന്ന്. വിളയിലും വിളഭൂമിയിലും നാലാണ്ടുകൊണ്ടുണ്ടായ വര്‍ധന വികേന്ദ്രീകൃതാസൂത്രണത്തിന്റെയും ജനകീയ നിര്‍വഹണത്തിന്റെയും പെരുമയില്‍ അണിയിക്കുന്നത് മറ്റൊരു പൊന്‍തൂവല്‍. തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളായി ഉയര്‍ന്നപ്പോള്‍ വികസനം എങ്ങനെ ജനപക്ഷമാകുമെന്നതിന്റെ തെളിവാണിത്. നാലാണ്ടുകൊണ്ട് 15,000 ഹെക്ടര്‍ തരിശുനിലം വിളഭൂമിയാക്കിയപ്പോള്‍, 1.25 ലക്ഷം ടണ്‍ നെല്ല് അധികമായി വിളയിച്ചപ്പോള്‍ തെളിഞ്ഞത് കേരളത്തിന്റെ ഹരിതാഭ മാത്രമല്ല. സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും തദ്ദേശസ്ഥാപനങ്ങളുടെ മേല്‍കൈയും ഇവിടെ സമാനതയില്ലാത്ത മാതൃകയാണ് സൃഷ്ടിച്ചത്.
1,000 ഹെക്ടര്‍ കരഭൂമിയിലും ഇക്കാലത്ത് നെല്‍കൃഷി വ്യാപിപ്പിക്കാനായി. ഒരുപ്പൂ നിലങ്ങളില്‍ നാലിലൊന്ന് ഇരുപ്പൂവാക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായ നേട്ടമാണ്. എല്ലാ കണ്ണുകളും എല്ലാ മനസ്സുകളും പാടത്തേക്ക് തിരിഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ശക്തമായ പിന്തുണയോടെ കുടുംബശ്രീ യൂണിറ്റുകള്‍ ഇതില്‍ മുന്തിയ പങ്കാണ് വഹിച്ചത്. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ സഹായം നല്‍കി വലിയ ജനപങ്കാളിത്തത്തോടെ വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഭാഗമായി കൃഷി- കൃഷിയനുബന്ധ മേഖലകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം ചെലവഴിച്ചത് 1190.26 കോടി രൂപയാണ്. മുന്‍പുള്ള യുഡിഎഫ് ഭരണത്തിന്റെ നാലുവര്‍ഷത്തില്‍ ഇത് 600.15 കോടിയും. ഇത് ചെറിയ വ്യത്യാസമല്ല. വര്‍ധന 98 ശതമാനമാണ്. നെല്‍കൃഷിക്കു മാത്രം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ചെലവഴിച്ചത് 324.09 കോടി രൂപയാണ്. യുഡിഎഫ് ഭരണത്തില്‍ അവസാന നാലുവര്‍ഷം ചെലവഴിച്ച 154.50 കോടിയേക്കാള്‍ 110 ശതമാനം വര്‍ധനയാണിത്. പച്ചക്കറിയുള്‍പ്പെടെ നെല്ലൊഴിച്ചുള്ള കൃഷികള്‍ക്ക് 228.09 കോടിയില്‍നിന്ന് 467.45 കോടിയിലേക്കുള്ള വര്‍ധനയാണ്. 109 ശതമാനം. കൃഷിവകുപ്പിന്റെ മുന്‍കൈയില്‍ നടപ്പാക്കിയ ആയിരം പച്ചക്കറി ഗ്രാമപദ്ധതിയില്‍ 40,000 ടണ്‍ പച്ചക്കറിയാണ് അധികമായി ഉല്‍പ്പാദിപ്പിച്ചത്. 20,000 കര്‍ഷകരുടെ പങ്കാളിത്തത്തോടെ 3050 ഹെക്ടറിലാണ് അധികമായി പച്ചക്കറി വിളയിച്ചത്.

പ്രാദേശിക മേല്‍കൈയും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രോത്സാഹനവുമെല്ലാമായപ്പോള്‍ പള്ളിക്കൂടത്തിന്റെയും സര്‍ക്കാര്‍ ഓഫീസിന്റെയും വളപ്പുകളില്‍ മാത്രമല്ല, വീടുകളുടെ മണ്ണില്ലാത്ത മേലാപ്പുകളില്‍വരെ പച്ചപ്പ് പരന്നു. കൃഷിയുമായി അഭേദ്യമായ ബന്ധമുള്ള മണ്ണ്-ജല സംരക്ഷണ മേഖലയില്‍ കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ അവസാന നാലാണ്ടില്‍ ഒരു പൈസപോലും ചെലവഴിച്ചിട്ടില്ല. എന്നാല്‍ 2006- 2010 കാലയളവില്‍ ഈ മേഖലയില്‍ വികേന്ദ്രീകൃതാസൂത്രണത്തില്‍ ചെലവഴിച്ചത് 166.48 കോടി രൂപയാണ്.
(എം എന്‍ ഉണ്ണികൃഷ്ണന്‍)

പൊന്ന് വിളയും എളവള്ളി

തൃശൂര്‍: 'പത്ത്മേനി വിളഞ്ഞിരുന്ന പാടങ്ങളില്‍ ഞങ്ങളിന്ന് 45ഉം 50 മേനി പൊന്ന്തന്നെയാ വിളയിക്കുന്നത്. സംശയിക്കേണ്ട ..കൃഷി ഒരിക്കലുമൊരു നഷ്ടമേയല്ല..'കുണ്ടുപാടം പാടശേഖരസമിതി സെക്രട്ടറി പി എം ജോസഫിന്റെ ഈ വാക്കുകളിലുള്ളതും തരിശുരഹിത ഗ്രാമമാകാനുള്ള എളവള്ളി പഞ്ചായത്തിന്റെ ദൃഢനിശ്ചയം .ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി 350 എക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കി വിജയം കൊയ്ത എളവള്ളി പഞ്ചായത്ത് പച്ചക്കറിയുല്‍പാദനത്തിലും വന്‍നേട്ടമാണ് കൈവരിച്ചത്. വിളഞ്ഞ പാടങ്ങളില്‍നിന്ന് നെല്ലേറ്റെടുക്കുമ്പോള്‍ തന്നെ കര്‍ഷകന് കൈയില്‍ പണം ലഭിക്കുമെന്നായതോടെ കൃഷിവിട്ടുപോയ കര്‍ഷകരെല്ലാം വീണ്ടും പാടത്തേക്കിറങ്ങി. പഞ്ചായത്തിലെ കുണ്ടുപാടം, വാക-കാക്കത്തുരുത്തി, ചെമ്മങ്ങാട്, ബ്രാലായി -കാട്ടുപ്പാടം, കണിയാംതുരുത്ത്, കുറ്റിക്കാട്, കോക്കൂര്‍ എന്നീ ഏഴ് പാടശേഖരങ്ങള്‍ക്ക് പുറമെ 250 ഏക്കറോളം ഭൂമിയില്‍ കൂടി വിത്തിറക്കിയാണ് 450ഓളം ഹെക്ടറില്‍ വിളവെടുത്തത്. ഒരുഹെക്ടറില്‍നിന്ന് ശരാശരി ആറ്മുതല്‍ എട്ട് ടണ്‍ നെല്ലുവരെകിട്ടി. കുടുതലായി കണ്ടെത്തിയ 150 ഏക്കര്‍ തരിശുഭൂമിയില്‍കൂടി ഇക്കൊല്ലം കൃഷിയിറക്കുന്നതോടെ തരിശുരഹിത ഗ്രാമമെന്ന എളവള്ളിയുടെ സ്വപ്നം യാഥാര്‍ഥ്യമാകം.

പഞ്ചായത്തിനുപുറമെ ജില്ല, ബ്ളോക്ക് പഞ്ചായത്തുകള്‍, കൃഷിവകുപ്പ് എന്നിവയുടെയും എംഎല്‍എ ഫണ്ടും ഉപയോഗിച്ച് പാടശേഖരങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങളും മോട്ടോര്‍ പമ്പുകളും നല്‍കി. ചാലുകളും തോടുകളും ശാസ്ത്രീയമായി നവീകരിച്ചു. ജ്യോതി, ഉമ, കാഞ്ചന തുടങ്ങിയ പുതിയ വിത്തിനങ്ങള്‍ നല്ല വിളവും നല്‍കി. ട്രാക്ടര്‍, ട്രില്ലര്‍, പറിച്ചുനടീല്‍ യന്ത്രം, കൊയ്ത്ത് മെതിയന്ത്രം എന്നിവ ഉപയോഗിച്ച് തൊഴിലാളിക്ഷാമത്തിനും പരിഹാരം കണ്ടു. പത്ത് എക്കറില്‍ വിളവെടുക്കുന്ന നവരയരിയും എളവള്ളിയുടെ സവിശേഷതയാണ്. എളവള്ളിയുടെ നെല്ലില്‍നിന്നുണ്ടാക്കുന്ന 'ഐശ്വര്യ' ബ്രാന്‍ഡ് കുത്തരി, പൊടിയരി, അരിപ്പൊടി, ഉമിക്കരി, തവിട് എന്നിവക്ക് ആവശ്യക്കാര്‍ ഏറെ. കുടുബശ്രീ കൂട്ടായ്മയായ സ്ഥിരം വിപണനകേന്ദ്രം 'ഒരുമ'യും എളവള്ളിയിലുണ്ട്. കാബേജ്, കോളിഫ്ളവര്‍, ബീറ്റ്റൂട്ട് എന്നിവയടക്കം എല്ലായിനം പച്ചക്കറികളും എളവള്ളിയില്‍ വിളയുന്നു. സീസനോക്കി ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് കൃഷി. ഒരുപൂവല്‍ വിളയുന്ന പാടങ്ങളിലും തെങ്ങിന്‍തോട്ടങ്ങളിലും ഇടവിളയായി പച്ചക്കറികളും വാഴ, ജാതി, ചേന, ചേമ്പ്, മരച്ചീനി എന്നിവയും വിളവെടുക്കുന്നു. കുളങ്ങളിലും മണ്ണെടുത്ത കുഴികളിലുമുള്ള മല്‍സ്യകൃഷിയും നല്ല വിളവാണ് നല്‍കുന്നത്. കാര്‍ഷിക സമൃദ്ധിയിലൂടെ വികസനത്തിന്റെ നാനാതുറകളിലും വെളിച്ചമെത്തിച്ച് തുളസി രാമചന്ദ്രന്‍ പ്രസിഡന്റായ എളവള്ളി നിര്‍മ്മല്‍ പുരസ്ക്കാരമടക്കം നിരവധി അവാര്‍ഡുകളും കൊയ്തെടുത്തു.
(പി വി ബിന്ദു)

ദേശാഭിമാനി 19092010

കാര്‍ഷിക കേരളം വെബ് സൈറ്റ് ഇവിടെ

1 comment:

  1. 2012ല്‍ തരിശില്ലാ കേരളം എന്ന ലക്ഷ്യം യാഥാര്‍ഥ്യത്തിലേക്ക് കുതിക്കുന്നു. നിലവില്‍ അഞ്ച് പഞ്ചായത്താണ് ഈ പദവിയിലുള്ളത്. ആലപ്പുഴയിലെ പാലമേലും മണ്ണഞ്ചേരിയും, പത്തനംതിട്ടയിലെ കടപ്ര, മലപ്പുറത്തെ എടരിക്കോടും ആദവനാടും പഞ്ചായത്തുകള്‍ ഭക്ഷ്യസുരക്ഷയിലേക്കുള്ള കേരളത്തിന്റെ കുതിപ്പിലെ വഴിവിളക്കുകളാണ്. ഈ വര്‍ഷം 100 പഞ്ചായത്ത് തരിശുരഹിതമാക്കാനുള്ള ആത്മാര്‍ഥമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഒരിഞ്ച് ഭൂമിപോലും തരിശിടില്ലെന്ന് പ്രഖ്യാപിച്ച പാലമേല്‍, ചൊരിമണലില്‍ പച്ചക്കറി വിളയിച്ച കഞ്ഞിക്കുഴി, ഹെക്ടറില്‍ 100 ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിച്ച മീനങ്ങാടി- ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ കേരളം കണ്ടറിഞ്ഞ ഹരിതസ്വപ്നങ്ങള്‍ പൂവണിയുകയാണ്.

    ReplyDelete