Friday, March 11, 2011

ജനാധിപത്യത്തിലേയ്ക്കും ഐക്യകേരളത്തിലേയ്ക്കുമുള്ള മുന്നേറ്റം 1

ഐക്യ കേരളപിറവിക്ക് മുമ്പുതന്നെ ജനാധിപത്യ പ്രക്രിയയുടെ ആവശ്യം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഉയര്‍ന്നുവന്നിരുന്നു. 1888 ല്‍ അഞ്ച് അംഗങ്ങള്‍ മുതല്‍ എട്ട് അംഗങ്ങള്‍വരെയുള്ള  ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍വന്നത് ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍ വന്നത്. കൊല്ലവര്‍ഷം 1063 (1888 മാര്‍ച്ച് 30)നാണ് ഇത്തരത്തില്‍ ഒരു ജനാധിപത്യ സഭ നിലവില്‍ വന്നത്. അഞ്ച് മുതല്‍ എട്ടുവരെ അംഗങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്നത് ദിവാന്‍ ആയിരുന്നു. ഈ കൗണ്‍സിലേയ്ക്കുള്ള അംഗങ്ങളെ തീരുമാനിച്ചിരുന്നത് രാജാവായിരുന്നു. രാജഭരണത്തിന്റെ അധിനിവേശ ഭാവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 1888 മാര്‍ച്ച് 30ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവില്‍ വന്ന ജനാധിപത്യ കൗണ്‍സില്‍ കേരളത്തിലെ ജനാധിപത്യ പ്രക്രിയയുടെ തുടക്കമായിരുന്നു. ''ന്യായ നിബന്ധനകളേയും റഗുലേഷനുകളേയും ഉണ്ടാക്കുന്നതിന് ഒരു ആലോചനാസഭയെ ഏര്‍പ്പെടുത്തുന്നത് യുക്തമായിരിക്കുന്നതുകൊണ്ട് ആ വകയ്ക്ക് ഒരു സഭാധ്യക്ഷനേയും സാമാജികന്‍മാരോടും കൂടിയ ഒരു സഭയെ ഏര്‍പ്പെടുത്തുന്നതാവുന്നു. ആ സഭയില്‍ അഞ്ച് പേരില്‍ കുറയാതിരിക്കുകയും എട്ട് പേരില്‍ കൂടാതെയും അംഗങ്ങള്‍ ഉണ്ടായിരിക്കും. ദിവാന്‍ ഈ സഭയില്‍ അധ്യക്ഷനാകേണ്ടതും മറ്റ് സാമാജികരെ അപ്പപ്പോള്‍ നാം നിയമിക്കുന്നതുമായിരുന്നു'' എന്നായിരുന്നു അന്നത്തെ വിജ്ഞാപനം. ഐക്യ കേരള പിറവിക്ക് മുമ്പുതന്നെ കേരളത്തില്‍ ജനാധിപത്യ പ്രക്രിയയ്ക്ക് തുടക്കംകുറിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇത്തരം ചരിത്ര സംഹിതകള്‍.

ഐക്യ കേരളം എന്ന ആശയം ആദ്യം ഉന്നയിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. 1939 ല്‍ പിണറായിയിലെ പാറപ്പുറത്ത് പി കൃഷ്ണപിളളയുടേയും എന്‍ ഇ ബാലറാമിന്റെയും മറ്റനേകം നേതാക്കളുടേയും നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ സമ്മേളനം നടന്നപ്പോള്‍ തന്നെ ഐക്യ കേരളം എന്ന ആവശ്യം ആവര്‍ത്തിച്ച് ഉന്നയിക്കപ്പെട്ടിരുന്നു. തിരുവിതാംകൂറും കൊച്ചിയും മലബാറും ഒന്നുചേര്‍ന്ന് ഐക്യ കേരളം എന്ന മഹത്തായ ആശയം ശക്തിയുക്തം ആദ്യമായി ഉന്നയിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.

ഐക്യ കേരള പിറവിക്ക് മുമ്പുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള പിറവിക്ക് വേണ്ടി വാദിക്കുകയും പൊരുതുകയും ചെയ്തിരുന്നു. എം എന്‍ ഗോവിന്ദന്‍ നായരുടെ വിശ്വപ്രസിദ്ധമായ ജയില്‍ചാട്ടം വാസ്തവത്തില്‍ നവീന കേരളവും ഐക്യ കേരളവും സൃഷ്ടിക്കുന്നതിനും ഇന്നത്തെ നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംഘടിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു. സി അച്യുതമേനോനും എന്‍ ഇ ബാലറാമും പി കെ വിയും ഒളിവില്‍ പൊരുതിയത് സ്വാതന്ത്ര്യാനന്തര ഭാരതം സ്വപ്നം കണ്ട് മാത്രമല്ല. ഐക്യ കേരളത്തിന്റെ സൃഷ്ടിക്ക് കൂടിയായിരുന്നുവെന്ന് ചരിത്രത്തിലേയ്ക്ക് തിരിഞ്ഞുനോക്കുന്ന ഏവര്‍ക്കും തിരിച്ചറിയാനാവും.

കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും ഒഞ്ചിയം, കാവുമ്പായിയുടേയും മൊറാഴയുടെയും വയലാര്‍ പുന്നപ്രയുടെയും മാസ്മരിക ചരിത്രങ്ങളിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള രാഷ്ട്രീയ ചരിത്രത്തില്‍ മുന്‍നിരയിലെത്തിച്ചേരുകയായിരുന്നു. നിശിതമായ വിമര്‍ശനങ്ങളും അവഹേളനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തു. പക്ഷേ വിമര്‍ശനങ്ങളേയും അവഹേളനങ്ങളേയും അതിജീവിച്ചു കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍നിരയിലെത്തുകയായിരുന്നുവെന്ന് കാലം തെളിയിച്ചു. ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയത് മനുഷ്യന്റെ അര്‍പ്പണ ബോധംകൊണ്ടാണ്.

ബാലറ്റ് പേപ്പറുകളിലൂടെ കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് കേരളം ലോകത്തോട് വിളിച്ചുപറഞ്ഞത് ഒരു മഹാസംഭവമായിരുന്നു. അതിന് നേതൃത്വം നല്‍കിയ എം എന്‍ ഗോവിന്ദന്‍ നായര്‍ അന്നത്തെ (സി പി ഐ സംസ്ഥാന സെക്രട്ടറി), കേരള ക്രൂഷ്‌ചേവ് എന്ന് വാഴ്ത്തപ്പെടുകയും ചെയ്തു.

ഐക്യ കേരളം എന്ന ആശയം മുന്നോട്ടുവച്ചതും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃകയാവുന്നതായിരുന്നു. കേരളം ജനാധിപത്യത്തിലേക്കും ഉണര്‍ന്നെണീറ്റത് ആ കാലംതൊട്ടായിരുന്നു. നൂറുകണക്കിന് രക്തസാക്ഷിത്വങ്ങളിലൂടെ പടുത്തുയര്‍ത്തപ്പെട്ട നവീന കേരളത്തിന്റെ ആധുനിക മുഖം സാക്ഷാത്ക്കരിക്കുകയായിരുന്നു കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യം.

വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 110311

1 comment:

  1. ഐക്യ കേരളപിറവിക്ക് മുമ്പുതന്നെ ജനാധിപത്യ പ്രക്രിയയുടെ ആവശ്യം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഉയര്‍ന്നുവന്നിരുന്നു. 1888 ല്‍ അഞ്ച് അംഗങ്ങള്‍ മുതല്‍ എട്ട് അംഗങ്ങള്‍വരെയുള്ള ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍വന്നത് ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍ വന്നത്. കൊല്ലവര്‍ഷം 1063 (1888 മാര്‍ച്ച് 30)നാണ് ഇത്തരത്തില്‍ ഒരു ജനാധിപത്യ സഭ നിലവില്‍ വന്നത്. അഞ്ച് മുതല്‍ എട്ടുവരെ അംഗങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്നത് ദിവാന്‍ ആയിരുന്നു. ഈ കൗണ്‍സിലേയ്ക്കുള്ള അംഗങ്ങളെ തീരുമാനിച്ചിരുന്നത് രാജാവായിരുന്നു. രാജഭരണത്തിന്റെ അധിനിവേശ ഭാവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 1888 മാര്‍ച്ച് 30ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവില്‍ വന്ന ജനാധിപത്യ കൗണ്‍സില്‍ കേരളത്തിലെ ജനാധിപത്യ പ്രക്രിയയുടെ തുടക്കമായിരുന്നു. ''ന്യായ നിബന്ധനകളേയും റഗുലേഷനുകളേയും ഉണ്ടാക്കുന്നതിന് ഒരു ആലോചനാസഭയെ ഏര്‍പ്പെടുത്തുന്നത് യുക്തമായിരിക്കുന്നതുകൊണ്ട് ആ വകയ്ക്ക് ഒരു സഭാധ്യക്ഷനേയും സാമാജികന്‍മാരോടും കൂടിയ ഒരു സഭയെ ഏര്‍പ്പെടുത്തുന്നതാവുന്നു. ആ സഭയില്‍ അഞ്ച് പേരില്‍ കുറയാതിരിക്കുകയും എട്ട് പേരില്‍ കൂടാതെയും അംഗങ്ങള്‍ ഉണ്ടായിരിക്കും. ദിവാന്‍ ഈ സഭയില്‍ അധ്യക്ഷനാകേണ്ടതും മറ്റ് സാമാജികരെ അപ്പപ്പോള്‍ നാം നിയമിക്കുന്നതുമായിരുന്നു'' എന്നായിരുന്നു അന്നത്തെ വിജ്ഞാപനം. ഐക്യ കേരള പിറവിക്ക് മുമ്പുതന്നെ കേരളത്തില്‍ ജനാധിപത്യ പ്രക്രിയയ്ക്ക് തുടക്കംകുറിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇത്തരം ചരിത്ര സംഹിതകള്‍.

    ReplyDelete