Friday, March 11, 2011

വകുപ്പുകള്‍ ഏകോപിപ്പിക്കാനുള്ള ശുപാര്‍ശ ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും

തദ്ദേശ ഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് വകുപ്പുകള്‍ ഏകോപിപ്പിക്കുന്നതിനുള്ള ശുപാര്‍ശ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ജീവനക്കാര്‍ക്ക് ഈ വകുപ്പിന് കീഴിലെ പൊതുസീനിയോറിറ്റിയും ബാധകമാവും.  ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഫെബ്രുവരി 26ന് ഇറങ്ങി. 61/2011 തദ്ദേശസ്വയംഭരണ വകുപ്പ് എന്ന നമ്പര്‍ ഉത്തരവാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി എസ് എം വിജയനാനന്ദ് ഇറക്കിയിട്ടുള്ളത്.

പഞ്ചായത്ത്, ഗ്രാമ വികസനം, ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ്,തദ്ദേശ സ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് എന്നിവയാണ് ഏകോപിപ്പിക്കുന്നത്. ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുന്ന മുറയ്ക്ക് പഞ്ചായത്ത് ജീവനക്കാര്‍ക്ക് ഗ്രാമ വികസനത്തിലേക്കും ടൗണ്‍ പ്ലാനിംഗിലേക്കുമെല്ലാം മാറ്റം കിട്ടും. ഉത്തരവ് നടപ്പാക്കും മുന്‍പെ സ്‌പെഷല്‍ റൂള്‍സ് തയ്യാറാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് വേഗത കൂട്ടാനും ജീവനക്കാരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന ഈ നിര്‍ദേശം നേരത്തേ ഉയര്‍ന്നിരുന്നതാണ്. നിലവില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലാണെങ്കിലും ഈ വകുപ്പുകളില്‍ പലതും പരസ്പര ബന്ധമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പുനര്‍വിന്യാസത്തിലും പ്രയാസം നേരിട്ടിരുന്നു. ജീവനക്കാരുടെ പുനര്‍വിന്യാസം കൂടി എളുപ്പത്തിലാക്കാന്‍ ഉദ്ദേശിച്ചാണ് വിവിധ വകുപ്പുകളുടെ ഏകോപനം. പ്രാദേശിക സര്‍ക്കാറുകള്‍ക്ക് വിട്ടുകൊടുത്ത പല ഓഫീസുകളുടെയും ഫലപ്രദമായ പ്രവര്‍ത്തനത്തിനും ഏകോപനം സഹായകമാവും.

ജനയുഗം 110311

No comments:

Post a Comment