Friday, March 11, 2011

പൊതുമേഖലയുടെ സംരക്ഷണം: നുണപരമ്പരയുമായി മനോരമ

തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിസന്ധിയിലായ യുഡിഎഫിനെ എങ്ങനെയും രക്ഷിക്കാന്‍ മലയാള മനോരമയുടെ നുണപ്രചാരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ താഴ്ത്തിക്കെട്ടി യുഡിഎഫിന് പത്ത് വോട്ട് നേടികൊടുക്കാനുള്ള ശ്രമത്തിലാണ് മനോരമ. തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെയും വ്യവസായ വകുപ്പിനെയുംകുറിച്ച് പ്രസിദ്ധീകരിച്ച 'അന്വേഷണ പരമ്പര'യും ഈ വെപ്രാളത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് വ്യവസായ വകുപ്പ് ഭരിച്ചിരുന്ന മന്ത്രിമാരും വ്യവസായ- രാഷ്ട്രീയ മാഫിയയും ചേര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിച്ചത് കേരളം മറന്നെന്ന് കരുതിയാണ് പരമ്പര തയ്യാറാക്കിയതെന്ന് വ്യക്തം. സ്ഥാപനങ്ങളിലെ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍പോലും ഉന്നയിക്കാത്ത ആരോപണങ്ങളുമായാണ് മനോരമ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ചൌധരി കമീഷന്‍ ബഹുഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും തൊഴിലാളികളെ പിരിച്ചുവിടാനും നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച സര്‍ക്കാര്‍, 25 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും സ്വത്ത് വിറ്റഴിക്കാനും തീരുമാനിച്ചു. 3000 തൊഴിലാളികളെ പിരിച്ചുവിട്ടു. ഇടതുപക്ഷ പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും ചെറുത്തു. ചില യുഡിഎഫ് നേതാക്കളും തീരുമാനത്തിനെതിരായി. ഈ സ്ഥാപനങ്ങളുടെ ഭൂമിയും മറ്റ് ആസ്തിയും കൈക്കലാക്കാന്‍ പണസഞ്ചിയുമായി കഴുകന്‍മാര്‍ സെക്രട്ടറിയറ്റിനുചുറ്റും വട്ടമിട്ടത് പരസ്യമായ രഹസ്യം. സ്ഥാപനങ്ങളുടെ ഭൂമി നിസാര വിലയ്ക്ക് കൈമാറിയെന്ന് സ്ഥാപിക്കാന്‍ മനോരമയ്ക്ക് ഒരു ഉദാഹരണംപോലും കാട്ടാനില്ല.

യുഡിഎഫ് സര്‍ക്കാര്‍ വില്‍ക്കാന്‍ അച്ചാരം വാങ്ങിയ കെല്‍ട്രോണ്‍ കൌണ്ടേഴ്സ്, ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍, തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ തുടങ്ങി ഒഫിഷ്യല്‍ റിസീവര്‍ക്ക് കൈമാറിയ സ്ഥാപനങ്ങളുടെവരെ നൂറുകണക്കിന് ഏക്കര്‍ ഭൂമി നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി. കടബാധ്യത ഒഴിവാക്കി സ്ഥാപനങ്ങളുടെ സാമ്പത്തിക ശാക്തീകരണം യാഥാര്‍ഥ്യമാക്കി. എല്ലാ സ്ഥാപനങ്ങളിലും വര്‍ഷങ്ങളോളം മുടങ്ങിക്കിടന്ന ഓഡിറ്റ് പ്രവര്‍ത്തനം ശക്തമാക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനായി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ അധികഭൂമി സ്വകാര്യവ്യക്തികള്‍ക്ക് വിറ്റുതുലയ്ക്കാതെ സംസ്ഥാന വികസനത്തിന് പ്രയോജനപ്പെടുത്തണമെന്നത് എല്‍ഡിഎഫ് നയമാണ്. ഇതിന്റെ ഭാഗമായി വല്ലാര്‍പ്പാടം പദ്ധതിക്കും വൈദ്യുതി ബോര്‍ഡിനും ഭൂമി ലഭ്യമാക്കിയതും കുറ്റമായാണ് മനോരമ കാണുന്നത്. 2001-06 കാലത്ത് ഭൂമി പണയപ്പെടുത്തിയെടുത്ത ബാങ്ക് വായ്പ പെരുകി സ്ഥാപനങ്ങളെ വിഴുങ്ങുന്ന അവസ്ഥയിലേക്ക് എത്തിച്ചതിന്റെ ഉത്തരവാദിത്തവും സര്‍ക്കാരിന്റെ തലയില്‍ വയ്ക്കാനാണ് ശ്രമം. ധൂര്‍ത്തിനായി കടപ്പെടുത്തിയ വകയിലെ 359.66 കോടി രൂപയുടെ ബാധ്യത എല്‍ഡിഎഫ് സര്‍ക്കാര്‍ ബാങ്കുകളുമായി ചര്‍ച്ചചെയ്ത് 89.39 കോടിയായി കുറച്ചു. തവണകളായി സര്‍ക്കാര്‍തന്നെ ഇത് അടച്ചുതീര്‍ത്തു. ഇതിനായി ഒരുതുണ്ട് ഭൂമിയും വിറ്റില്ല. പൊതുസ്വത്ത് സംരക്ഷിക്കുന്ന ഇത്തരം നടപടികള്‍ അഴിമതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി മുന്‍കാലത്തെ അഴിമതി വീരന്‍മാരെയും മാഫിയകളെയും സാമാന്യവല്‍ക്കരിക്കാനാണ് മനോരമയുടെ ശ്രമം.

ദേശാഭിമാനി 110311

1 comment:

  1. തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിസന്ധിയിലായ യുഡിഎഫിനെ എങ്ങനെയും രക്ഷിക്കാന്‍ മലയാള മനോരമയുടെ നുണപ്രചാരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ താഴ്ത്തിക്കെട്ടി യുഡിഎഫിന് പത്ത് വോട്ട് നേടികൊടുക്കാനുള്ള ശ്രമത്തിലാണ് മനോരമ. തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെയും വ്യവസായ വകുപ്പിനെയുംകുറിച്ച് പ്രസിദ്ധീകരിച്ച 'അന്വേഷണ പരമ്പര'യും ഈ വെപ്രാളത്തിന്റെ ഭാഗമാണ്.

    ReplyDelete