Wednesday, March 2, 2011

കേരളം ഏപ്രില്‍ 13

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 13നാണ് വോട്ടെടുപ്പ്. പശ്ചിമബംഗാള്‍, തമിഴ്നാട്, അസം, പോണ്ടിച്ചേരി എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. അഞ്ചിടത്തെയും വോട്ടെണ്ണല്‍ മെയ് 13ന്. കേരളത്തോടൊപ്പം തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ 13നാണ് വോട്ടെടുപ്പ്. അസമില്‍ രണ്ട് ഘട്ടമായും പശ്ചിമബംഗാളില്‍ ആറ് ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. കേരളത്തില്‍ മാര്‍ച്ച് 19ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രിക നല്‍കാനുള്ള അവസാന തീയതി 26 ആണ്. സൂക്ഷ്മപരിശോധന 28ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 30. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്. കേരള നിയമസഭയുടെ കാലാവധി മെയ് 23നാണ് അവസാനിക്കുക. 140 സീറ്റില്‍ 14 എണ്ണം പട്ടികജാതിക്കും രണ്ടെണ്ണം പട്ടികവര്‍ഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തം 20758 പോളിങ് സ്റ്റേഷനാണ് ഉള്ളത്. അന്തിമ വോട്ടര്‍പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിച്ചു. 2,29,40,408 വോട്ടര്‍മാരാണുള്ളത്. തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഫോട്ടോപതിച്ച വോട്ടര്‍പട്ടികയാണ് ഉപയോഗിക്കുക. ഇക്കുറി പ്രവാസികള്‍ക്കും വോട്ട് ചെയ്യാനാകും. പാസ്പോര്‍ട്ടിലുള്ള വിലാസത്തിലെ ബൂത്തിലാണ് വോട്ട് ചെയ്യാനാകുക. വോട്ടെടുപ്പിന് പത്ത് ദിവസം മുമ്പെങ്കിലും ബന്ധപ്പെട്ട തഹസില്‍ദാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. 294 സീറ്റുള്ള പശ്ചിമബംഗാളില്‍ ഏപ്രില്‍ 18, 23, 27, മെയ് 3, 7, 10 തീയതികളിലാണ് തെരഞ്ഞെടുപ്പ്. അസമില്‍ ഏപ്രില്‍ നാലിനും 11നുമാണ് വോട്ടെടുപ്പ്.

അഞ്ച് സംസ്ഥാനത്തും മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷമുള്ള ആദ്യ നിയമസഭാതെരഞ്ഞെടുപ്പാണിത്. എല്ലാ ബൂത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രമായിരിക്കും ഉപയോഗിക്കുക. കേന്ദ്രസേനയെയും സംസ്ഥാന സായുധ സേനയെയും പോളിങ് ബൂത്തുകളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കും. പൊതുനിരീക്ഷകര്‍ക്ക് പുറമെ ഇക്കുറി ചെലവ് നിരീക്ഷിക്കാന്‍ പ്രത്യേക നിരീക്ഷകരും ഉണ്ടാകും. സ്ഥാനാര്‍ഥികള്‍ പുതുതായി തുറക്കുന്ന ബാങ്ക് അക്കൌണ്ടുകളിലൂടെയായിരിക്കണം തെരഞ്ഞെടുപ്പ് ചെലവുകള്‍ നിര്‍വഹിക്കേണ്ടത്. ഈ ചെലവുകള്‍ സംബന്ധിച്ച വിവരം തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. എസ്ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയോ അവരുടെ ജില്ലകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്. ഒരു ജില്ലയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെയും അവിടെ ഡ്യൂട്ടിക്ക് നിയോഗിക്കാനാകില്ല. പോളിങ് സ്റ്റേഷനുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി എവിടെയാണെന്ന് അതിനായി പോകുന്ന വേളയില്‍ മാത്രമേ ഇക്കുറി അറിയിക്കുകയുള്ളൂ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും വീഡിയോയില്‍ പകര്‍ത്തും. രാഷ്ട്രീയ പാര്‍ടികള്‍ തെരഞ്ഞെടുപ്പ് സ്ളിപ്പ് നല്‍കുന്നതിന് പകരം തെരഞ്ഞെടുപ്പ് കമീഷന്‍ തന്നെ ഇക്കുറി വോട്ടര്‍മാര്‍ക്കുള്ള സ്ളിപ്പുകള്‍ വിതരണംചെയ്യും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കും. എക്സിറ്റ് പോള്‍ നിരോധിച്ചിട്ടുണ്ട്. അഭിപ്രായവോട്ടെടുപ്പും നിരോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെയ്ഡ് ന്യൂസ് തടയാനും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ഖുറേഷി പറഞ്ഞു.
(വി ബി പരമേശ്വരന്‍)

എല്‍ഡിഎഫിന് തികഞ്ഞ ആത്മവിശ്വാസം: പിണറായി

കോഴിക്കോട്: തെരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ് നേരിടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന് വീണ്ടും തുടര്‍ച്ചയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തിനാകെ മാതൃകയായ ജനക്ഷേമപ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും നടപ്പാക്കിയ സര്‍ക്കാരിന് കീഴില്‍ അഭിമാനത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫ് നേതാക്കളുടെയും മുന്‍മന്ത്രിമാരുടെയും വൃത്തികേടുകളും ജീര്‍ണതകളും അവരുടെ ആളുകള്‍തന്നെ വാരിവലിച്ച് പുറത്തിടുകയാണ്. 2001ലെ യുഡിഎഫ് ഭരണത്തിലെ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്.

ഇവര്‍തന്നെയാണ് 2006ലും അധികാരത്തിലെത്തിയിരുന്നതെങ്കില്‍ നമ്മുടെ നാടിന്റെ അവസ്ഥ എന്താകുമായിരുന്നു. യുഡിഎഫ് ജീര്‍ണതയും എല്‍ഡിഎഫ് സംശുദ്ധഭരണവും വോട്ടര്‍മാര്‍ പരിഗണിക്കും. എല്‍ഡിഎഫിന്റെ ശോഭ കെടുത്താന്‍ മുഖ്യമന്ത്രിക്കെതിരെ പോലും അസംബന്ധ ആരോപണം ഉന്നയിച്ച് പരിഹാസ്യരായിരിക്കുകയാണ് യുഡിഎഫ്. സംശുദ്ധഭരണം കാഴ്ചവച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ വീണ്ടും പിന്തുണയ്ക്കുമെന്നതിന് സംശയമേ ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. വളയത്ത് ആലക്കല്‍ കുഞ്ഞിക്കണ്ണന്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.

എല്‍ഡിഎഫ് വിജയം സുനിശ്ചിതം: വൈക്കം വിശ്വന്‍

നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് സുസജ്ജമാണെന്ന് കണ്‍‌വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണ്. അഞ്ചു വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളും നാടിനുണ്ടായ നേട്ടവും എല്‍ഡിഎഫിന് ഗുണകരമാകും. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും കൊടിയ അഴിമതികളും വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യും. യുഡിഎഫ് സമ്പൂര്‍ണ തകര്‍ച്ചയിലാണ്. യുഡിഎഫ് കക്ഷികള്‍ പരസ്പരം തെരുവില്‍ ഏറ്റുമുട്ടുകയാണ്. അവരുടെ ജീര്‍ണമുഖം ഒന്നൊന്നായി പുറത്തു വരുന്നു. അഴിമതിക്കാരായ യുഡിഎഫ് നേതാക്കള്‍ ഒന്നൊന്നായി ജയിലിലേക്ക് പോവുകയാണ്. അഴിമതിയും ജീര്‍ണതയും ജനവിരുദ്ധതയും മുഖമുദ്രയാക്കിയ കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ ശക്തമായ ജനവികാരം നിയമസഭാ തെരഞ്ഞുെടുപ്പില്‍ ഉണ്ടാകുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ഒറ്റക്കെട്ടായി നേരിടും: ഉമ്മന്‍ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജയിക്കുമെന്ന പൂര്‍ണ ആത്മവിശ്വാസം മുന്നണിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പിന് യുഡിഎഫ് പൂര്‍ണ സജ്ജമാണ്. മുന്നണിയില്‍ പ്രശ്നങ്ങളൊന്നുമില്ല. എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും.

deshabhimani 020311

1 comment:

  1. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 13നാണ് വോട്ടെടുപ്പ്. പശ്ചിമബംഗാള്‍, തമിഴ്നാട്, അസം, പോണ്ടിച്ചേരി എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. അഞ്ചിടത്തെയും വോട്ടെണ്ണല്‍ മെയ് 13ന്. കേരളത്തോടൊപ്പം തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ 13നാണ് വോട്ടെടുപ്പ്. അസമില്‍ രണ്ട് ഘട്ടമായും പശ്ചിമബംഗാളില്‍ ആറ് ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete