Wednesday, March 2, 2011

20 ലക്ഷം ഡോളര്‍ കോഴ വാഗ്ദാനം

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ ഒന്‍പതാം ഭാഗം

ഒന്നാം ഭാഗം അണിയറയില്‍ കളിച്ച ഉമ്മന്‍ചാണ്ടിയും പ്രതിക്കൂട്ടിലേക്ക്

രണ്ടാം ഭാഗം സുധാകരന്‍ തുറന്നുവിട്ട ദുര്‍ഭൂതം

മൂന്നാം ഭാഗം വിദ്യാഭ്യാസ വായ്പ കുംഭകോണം: വെട്ടിച്ചത് 50 കോടി 

നാലാം ഭാഗം സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി പ്രതി ഉമ്മന്‍ചാണ്ടി, പറഞ്ഞത് ജേക്കബ്

അഞ്ചാം ഭാഗം കെപിസിസി സെക്രട്ടറിക്ക് കോഴയില്‍ ഡിസ്കൌണ്ട്

ആറാം ഭാഗം റോഡ് തോടായി, ലീഗ് പണപ്പെട്ടി നിറഞ്ഞു

ഏഴാം ഭാഗം അലിയാത്ത ഐസ്ക്രീമും തകര്‍ത്ത പൊതുമേഖലയും

എട്ടാം ഭാഗം പാലാഴി കടഞ്ഞ് മാണിസാറിന്റെ റബര്‍ വിപ്ളവം

2009 ഫെബ്രുവരി 18ന് പി ജയരാജന്‍ എംഎല്‍എ നിയമസഭയുടെ മേശപ്പുറത്ത് ഒരു രേഖ വെച്ചു. ചവറ കെഎംഎംഎല്‍ മാനേജിംഗ് ഡയറക്ടര്‍ അയച്ച കത്തിന് മറുപടിയായി റഷ്യന്‍ കമ്പനിയായ ക്രയോജന്‍ മാഷ അയച്ച കത്താണിത്. 2005 ജൂലൈ നാലിനാണ് റഷ്യന്‍ കമ്പനി കത്തയച്ചത്. ഇതില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിക്കും (മുസീംലീഗ് ജനറല്‍സെക്രട്ടറി എന്ന നിലയില്‍) വാഗ്ദാനം ചെയ്തത് 20 ലക്ഷം ഡോളര്‍ ആണ്. റഷ്യയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആയിരുന്ന സഞ്ജീവ് കോശി വഴിയാണ് ഈ കത്ത് കൈമാറിയത്. കരാര്‍ നല്‍കാന്‍ 26 ലക്ഷം ഡോളര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടാണ് കെഎംഎംഎല്‍ എംഡി കത്തയച്ചത്. ഈ കാശ് വാങ്ങിയോ? അതല്ല, ഇതേക്കാള്‍ കൂടുതല്‍ ഓഫര്‍ ചെയ്ത കമ്പനിയില്‍ നിന്ന് വാങ്ങിയോ? ഇതു സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

വിദേശ കമ്പനികള്‍ ഉള്‍പ്പെടെയുള്ള കേസ് ആയതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്രം നിരാകരിച്ചു. നിയമസഭയില്‍ ഈ കത്ത് ജയരാജന്‍ വായിച്ചപ്പോള്‍ തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കത്ത് മേശപ്പുറത്ത് വെച്ചത്. എന്നാല്‍ പിന്നീട് സംസാരിച്ച ഉമ്മന്‍ചാണ്ടി കത്തിനെ കുറിച്ച് മിണ്ടിയില്ല. അന്ന് മാത്രമല്ല, ഇതുവരെ മിണ്ടിയിട്ടില്ല. സിബിഐ അന്വേഷണം നിരാകരിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് കേസ് അന്വേഷിക്കുകയാണ്. 1150 കോടിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ നല്‍കുവാന്‍ അനാവശ്യമായ ധൃതികാണിച്ചുവെന്നും കരാര്‍ നല്‍കിയത് ദുരുദ്ദേശത്തോടെയാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കരാറിന്റെ മുന്നോടിയായുള്ള കണ്‍സല്‍ട്ടന്‍സി കരാറിന് മാത്രമായി 15 കോടിയിലേറെ രൂപയാണ് മാനദണ്ഡം പാലിക്കാതെ നല്‍കിയത്. വിദേശ കമ്പനികള്‍ക്ക് കരാര്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിടുക്കത്തില്‍ നാല് വന്‍കിട കരാറുകളില്‍ ഏര്‍പ്പെട്ടു. അതിന് ലെറ്റര്‍ ഓഫ് ക്രെഡിറ്റ് തുറക്കുകയും ചെയ്തു. വിവിധ കരാറുകള്‍വഴി നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് 450 കോടി രൂപയുടെ ബാധ്യതയാണ് കമ്പനിക്കു വരുത്തിവച്ചത്.

ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതികളുടെ സാങ്കേതികവും സാമ്പത്തികവും പ്രായോഗികവുമായ വശങ്ങള്‍ പരിശോധിച്ചു. വന്‍ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തികച്ചും അപ്രായോഗികമായ കരാറുകള്‍ റദ്ദാക്കി. അഴിമതിയും ക്രമക്കേടും സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. എന്നാല്‍ ഈ കേസ് അന്വേഷിക്കുന്നില്ലെന്നാണ് സിബിഐ നല്‍കിയ മറുപടി.

വികസന പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ മേക്കോണ്‍ എന്ന കമ്പനിക്കാണ് നല്‍കിയത്. മെക്കോണിനുപുറമെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡും ഫാക്ട് എന്‍ജിനിയറിങ് ഡിസൈന്‍ ഓര്‍ഗനൈസേഷനും പങ്കെടുത്തിരുന്നു. മെക്കോ നല്‍കിയതിനേക്കാളും 7.16 കോടി രൂപ കുറവായിട്ടുപോലും കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നതില്‍നിന്ന് എന്‍ജിനിയേഴ്സ് ഇന്ത്യയെ ഒഴിവാക്കി. മെക്കോണിലെ ചിലരെ ഉപയോഗപ്പെടുത്തി അഴിമതിയും ക്രമക്കേടും നടത്താനുമായിരുന്നു ഈ ഒഴിവാക്കല്‍. മെക്കോണ്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കമ്പനിക്ക് നല്‍കിയതുതന്നെ രണ്ടാംഘട്ട വികസനം പൂര്‍ത്തീകരിക്കേണ്ട സമയത്തുമാത്രമാണ്. ജര്‍മന്‍ കമ്പനിയായ ഹാവര്‍ ആന്‍ഡ് ബേക്കര്‍ നിര്‍മിത ബാഗിങ് യന്ത്രവും ഫ്രാന്‍സ് കമ്പനിയായ ന്യൂടെക് നിര്‍മിത അനുബന്ധ യന്ത്രങ്ങളും 2003ല്‍ സ്ഥാപിച്ചു. എന്നാല്‍, ആവശ്യമായ യന്ത്രഭാഗങ്ങള്‍ ഇല്ലാത്തതുകാരണം ഒരുവര്‍ഷം ഇവ പ്രവര്‍ത്തിച്ചില്ല. മാത്രമല്ല, ജര്‍മന്‍യന്ത്രത്തിന് അനുയോജ്യമായ കടലാസ് ബാഗുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നില്ല. ഇതിന്റെ ഫലമായി വിലകൂടിയ കടലാസ് ബാഗുകള്‍ വാങ്ങേണ്ടിവന്നതിലും വന്‍ സാമ്പത്തിക ബാധ്യത വരുത്തി.

ആധുനിക ഫില്‍റ്ററും ഡ്രയറും സ്ഥാപിക്കാന്‍ പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആള്‍ഫാലാവല്‍ എന്ന കമ്പനിക്ക് കരാര്‍ നല്‍കി. ഈ കമ്പനിക്ക് ഒരു മുന്‍പരിചയവും ഇല്ലായിരുന്നു. ഗുണനിലവാരം കുറഞ്ഞതും വിലകൂടിയതുമായ യന്ത്രങ്ങള്‍ ഇന്ത്യയില്‍തന്നെ നിര്‍മിച്ചു നല്‍കുകയാണ് ആള്‍ഫാലാവല്‍ ചെയ്തത്. ഇതിന്റെ ഫലമായി യന്ത്രങ്ങള്‍ തൃപ്തികരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ബെച്ചര്‍ പ്രോസസ് വഴി സിന്തറ്റിക് റൂടൈല്‍ ഉല്‍പ്പാദനത്തിനുവേണ്ടി സാങ്കേതികവിദ്യ വാങ്ങുന്നതിലും യന്ത്രോപകരണങ്ങള്‍ വാങ്ങുന്നതിലും വന്‍ ക്രമക്കേട് നടന്നു. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് നവീകരണപദ്ധതിയുടെ മറവില്‍ നടന്ന വന്‍കൊള്ളയെക്കുറിച്ച് അന്വേഷിച്ചാല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് സിബിഐ പിന്മാറിയത്. ക്രമക്കേടുകളെക്കുറിച്ച് സിബിഐ പ്രാഥമികാന്വേഷണം നടത്തിയെങ്കിലും ഉന്നതസമ്മര്‍ദത്തെ തുടര്‍ന്ന് വിചിത്രമായ വാദങ്ങള്‍ ഉയര്‍ത്തിയാണ് സിബിഐ പിന്മാറ്റം. സിബിഐ ഉന്നയിച്ച വിചിത്രവാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നും കാണിച്ച് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കത്തയച്ചുവെങ്കിലും ഫലമുണ്ടായില്ല.

എം.രഘുനാഥ് ദേശാഭിമാനി 020311

പത്താം ഭാഗം കേസല്ലാം നീളട്ടങ്ങനെ നീളട്ടെ

1 comment:

  1. 2009 ഫെബ്രുവരി 18ന് പി ജയരാജന്‍ എംഎല്‍എ നിയമസഭയുടെ മേശപ്പുറത്ത് ഒരു രേഖ വെച്ചു. ചവറ കെഎംഎംഎല്‍ മാനേജിംഗ് ഡയറക്ടര്‍ അയച്ച കത്തിന് മറുപടിയായി റഷ്യന്‍ കമ്പനിയായ ക്രയോജന്‍ മാഷ അയച്ച കത്താണിത്. 2005 ജൂലൈ നാലിനാണ് റഷ്യന്‍ കമ്പനി കത്തയച്ചത്. ഇതില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിക്കും (മുസീംലീഗ് ജനറല്‍സെക്രട്ടറി എന്ന നിലയില്‍) വാഗ്ദാനം ചെയ്തത് 20 ലക്ഷം ഡോളര്‍ ആണ്. റഷ്യയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആയിരുന്ന സഞ്ജീവ് കോശി വഴിയാണ് ഈ കത്ത് കൈമാറിയത്. കരാര്‍ നല്‍കാന്‍ 26 ലക്ഷം ഡോളര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടാണ് കെഎംഎംഎല്‍ എംഡി കത്തയച്ചത്. ഈ കാശ് വാങ്ങിയോ? അതല്ല, ഇതേക്കാള്‍ കൂടുതല്‍ ഓഫര്‍ ചെയ്ത കമ്പനിയില്‍ നിന്ന് വാങ്ങിയോ? ഇതു സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

    ReplyDelete