Wednesday, March 2, 2011

ഒരല്പം മണ്ഡല ചരിത്രം 2

ഒരല്പം മണ്ഡല ചരിത്രം Part 1

കരിമണ്ണൂര്‍ ഇടുക്കിയായി; എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍

ഇടുക്കി: നാലു മുഖ്യമന്ത്രിമാരെ അധികാരത്തിലേറ്റിയ നിയമസഭയായിരുന്നു 1977 മാര്‍ച്ച് 19ന് കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 74ലെ പുനര്‍നിര്‍ണയത്തോടെ 140 മണ്ഡലങ്ങളാക്കിയ ശേഷം നടന്ന തെരഞ്ഞെടുപ്പുംകൂടിയായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യമെങ്ങും കോണ്‍ഗ്രസിനെതിരായപ്പോള്‍ കേരളം ഒപ്പംനിന്ന ചരിത്രവും ഈ തെരഞ്ഞെടുപ്പിനുണ്ട്. 111 സീറ്റോടെ അധികാരത്തിലെത്തിയ സഖ്യത്തെ നയിച്ച് മാര്‍ച്ച് 25ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായി. രാജന്‍കേസിലെ വിധിയെതുടര്‍ന്ന് എപ്രില്‍ 25ന് അദ്ദേഹം രാജിവെച്ചു. തുടര്‍ന്ന് എ കെ ആന്റണി എപ്രില്‍ 27ന് മുഖ്യമന്ത്രിയായി. ചിക്കമംഗലൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതിഷേധിച്ച് 78 ഒക്ടോബര്‍ 27ന് ആന്റണി രാജിവെച്ചു. 29ന് സിപിഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫ് രൂപീകരണത്തോടെ 79 ഒക്ടോബര്‍ 7ന് അദ്ദേഹവും രാജി നല്‍കി. തുടര്‍ന്ന് മുസ്ളീംലീഗ് നേതാവ് സി എച്ച് മുഹമ്മദുകോയ മുഖ്യമന്ത്രിയായെങ്കിലും ഭരണം തുടരാനായില്ല. ഡിസംബര്‍ ഒന്നിന് അദ്ദേഹവും രാജി നല്‍കി. തുടര്‍ന്ന് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി.

ഇടുക്കി ജില്ലയിലും ചില മാറ്റങ്ങളുണ്ടായി. തെരഞ്ഞെടുപ്പില്‍ കരിമണ്ണൂര്‍ മണ്ഡലം ഇല്ലാതായി പകരം ഇടുക്കി വന്നു. കേരള കോണ്‍ഗ്രസിലെ വി ടി സെബാസ്റ്റ്യനാണ് ഇടുക്കിയുടെ ആദ്യ എംഎല്‍എ. തെടുപുഴയില്‍ പി ജെ ജോസഫും ദേവികുളത്ത് കോണ്‍ഗ്രസിലെ കിട്ടപ്പ നാരായണസ്വാമിയും ഉടുമ്പന്‍ചോലയില്‍ കേരള കോണ്‍ഗ്രസിലെ തോമസ് ജോസഫും പീരുമേട്ടില്‍ സിപിഐയിലെ സി എ കുര്യനും വിജയികളായി. 1978 ജനുവരി 16 മുതല്‍ സെപ്തംബര്‍ 15വരെ ആന്റണി മന്ത്രിസഭയില്‍ പി ജെ ജോസഫ് ആഭ്യന്തര മന്ത്രിയുമായി. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളായുള്ള മല്‍സരമാണ് 1980 ജനുവരി 3, 6 തിയതികളില്‍ നടന്ന തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസിലും മുസ്ളീംലീഗിലുമുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് എല്‍ഡിഎഫ് മുന്നണിയില്‍ മാണിയും ആന്റണിയും എത്തി. സിപിഐ എം, സിപിഐ, അഖിലേന്ത്യാലീഗ്, കോണ്‍ഗ്രസ് യു, കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് പിള്ള, ആര്‍എസ്പി എന്നീ കക്ഷികളാണ് എല്‍ഡിഎഫിലുണ്ടായിരുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസ് ഐ, മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ് ജെ, പിഎസ്പി, എന്‍ഡിപി, എസ്ആര്‍പി എന്നിവയും. തെരഞ്ഞെടുപ്പില്‍ 93 സീറ്റോടെ എല്‍ഡിഎഫ് വിജയിച്ചു.

80 ജനുവരി 25ന് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി .കോണ്‍ഗ്രസ് യു, മാണി വിഭാഗം തുടങ്ങിയവര്‍ യുഡിഎഫിലേക്ക് മറുകണ്ടം ചാടിയതോടെ 81 ഒക്ടോബര്‍ 20ന് നായനാര്‍ സര്‍ക്കാര്‍ രാജിവെച്ചു. തുടര്‍ന്ന് ഡിസംബര്‍ 28ന് കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായി. 82 മാര്‍ച്ച് 15ന് കേരള കോണ്‍ഗ്രസിലെ ലോനപ്പന്‍ നമ്പാടന്‍ പിന്തുണ പിന്‍വലിച്ചതോടെ ഈ സര്‍ക്കാരും വീണു. ഈ നിയമസഭയില്‍ ഇടുക്കിയില്‍നിന്ന് കോണ്‍ഗ്രസിലെ ജോസ് കുറ്റ്യാനിയും തെടുപുഴയില്‍ പി ജെ ജോസഫും ദേവികുളത്ത് സിപിഐ എമ്മിലെ ജി വരദനും ഉടുമ്പന്‍ചോലയില്‍ കേരള കോണ്‍ഗ്രസിലെ തോമസ് ജോസഫും പീരുമേട്ടില്‍ സിപിഐയിലെ സി എ കുര്യനും വിജയികളായി.

മുന്നണി രാഷ്ട്രീയം സജീവമായി

പല പാര്‍ടികളുടെ മേധാവിത്വത്തില്‍നിന്ന് മുന്നണി രാഷ്ട്രീയത്തിലേക്ക് കേരളം മാറിയത് 1980 ലെ തെരഞ്ഞെടുപ്പോടെയാണ്. ഇടതുപാര്‍ടികളുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയും നേര്‍ക്കുനേര്‍ മല്‍സരിച്ചു. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പകളിലെല്ലാം മുന്നണികള്‍ തമ്മിലായി മല്‍സരം. ഇതിനിടെ പല പാര്‍ടികളും മുന്നണി മാറി പരീക്ഷണങ്ങളും നടത്തി. ആന്റണി കോണ്‍ഗ്രസും മാണിയുമൊക്കെ എല്‍ഡിഎഫ് ബാനറിലും ജനവിധി തേടിയിട്ടുണ്ട്.

കരുണാകരന്‍ 2 മണ്ഡലത്തില്‍ ബിജെപി മുന്നണിയും രംഗത്ത്

ഇടുക്കി: മുന്നണിമാറ്റവും പിന്തുണ പിന്‍വലിക്കലുമൊക്കെയായി 80ലെ സര്‍ക്കാരിന് തുടരാനാകാഞ്ഞതോടെ 1982 മെയ് 19ന് കേരളം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടു. യുഡിഎഫും എല്‍ഡിഎഫും നേരിട്ടുള്ള മല്‍സരമായിരുന്നു. 77 സീറ്റോടെ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ എല്‍ഡിഎഫിന് 63 സീറ്റും ലഭിച്ചു. കെ കരുണാകരന്‍ മാള, നേമം മണ്ഡലങ്ങളില്‍നിന്ന് ജയിച്ചതിനാല്‍ യുഡിഎഫിന് സങ്കേതികമായി 76 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ നേമം സീറ്റ് ഉപേക്ഷിച്ച് ഉപതെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ സിപിഐ എമ്മിലെ വി ജെ തങ്കപ്പന്‍ വിജയിയായി. 82 മാര്‍ച്ച് 24ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായി. 70 ലെ നിയമസഭയ്ക്കുശേഷം കാലാവധി പൂര്‍ത്തീകരിച്ച രണ്ടാമത്തെ നിയമസഭയായിരുന്നു. ഇടുക്കി ജില്ലയില്‍ സിപിഐ എം-രണ്ട്, കോണ്‍ഗ്രസ്-രണ്ട്, കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയായിരുന്നു അന്നത്തെ കക്ഷിനില. ദേവികുളത്തും ഉടുമ്പന്‍ചോലയിലും സിപിഐ എമ്മിലെ ജി വരദനും എം ജിനദേവനും ഇടുക്കിയിലും പീരുമേട്ടിലും കോണ്‍ഗ്രസിലെ ജോസ് കുറ്റ്യാനിയും കെ കെ തോമസും വിജയിച്ചു. തെടുപുഴയില്‍ പി ജെ ജോസഫും സീറ്റ് നിലനിര്‍ത്തി.

1987 മാര്‍ച്ച് 23 നായിരുന്നു അടുത്ത തെരഞ്ഞെടുപ്പ്. ഇരുമുന്നണികള്‍ക്കും പുറമേ ബിജെപി-ഹിന്ദുമുന്നണി സഖ്യവും മല്‍സരരംഗത്തെത്തി. സ്ഥാനാര്‍ത്ഥികള്‍ മരിച്ചതോടെ കോട്ടയം, വാമനപുരം മണ്ഡലങ്ങളില്‍ ജൂണ്‍ രണ്ടിനായിരുന്നു തെരഞ്ഞെടുപ്പ്. 78 സീറ്റോടെ എല്‍ഡിഎഫ് അധികാരത്തിലെത്തി. മാര്‍ച്ച് 26ന് ഇ കെ നായനാര്‍ രണ്ടാംതവണയും മുഖ്യമന്ത്രിയായി. ഈ നിയമസഭയില്‍ ഇടുക്കിയില്‍നിന്ന് കോണ്‍ഗ്രസിലെ റോസമ്മ ചാക്കോയും തൊടുപുഴയില്‍ പി ജെ ജോസഫും ദേവികുളത്ത് സിപിഐ എമ്മിലെ സുന്ദരമാണിക്യവും ഉടുമ്പന്‍ചോലയില്‍ കേരള കോണ്‍ഗ്രസിലെ മാത്യു സ്റ്റീഫനും പീരുമേട്ടില്‍ കോണ്‍ഗ്രസിലെ കെ കെ തോമസും വിജയികളായി.

1989ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ യുഡിഎഫില്‍നിന്ന്തെറ്റി പി ജെ ജോസഫ് മൂവാറ്റുപുഴയില്‍ സ്വതന്ത്രനായി മല്‍സരിച്ചു. ഇതോടെ ജോസഫിനെയും കൂട്ടിയാണ് 91 ജൂണ്‍ 18ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേരത്തെ മെയ് 23ന് നിശ്ചയിച്ച തെരഞ്ഞെടുപ്പ് 21ന് രാജീവ്ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് ജൂണ്‍ 18ലേക്ക് മാറ്റുകയായിരുന്നു. രാജീവ് സഹതാപത്തില്‍ യുഡിഎഫ് 89 സീറ്റോടെ അധികാരത്തിലെത്തി. ജൂണ്‍ 24ന് കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായി. ചാരക്കേസ് വിവാദത്തെത്തുടര്‍ന്ന് 95 മാര്‍ച്ച് 22ന് എ കെ ആന്റണി മുഖ്യമന്ത്രി കസേരയിലെത്തി. ഇത്തവണ ഇടുക്കിയിലെ എല്ലാ പ്രതിനിധികളും യുഡിഎഫിനായിരുന്നു. ഇടുക്കി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിലെ മാത്യു സ്റ്റീഫനും തൊടുപുഴയില്‍ കോണ്‍ഗ്രസിലെ പി ടി തോമസും ദേവികുളത്ത് കോണ്‍ഗ്രസിലെ എ കെ മണിയും ഉടുമ്പന്‍ചോലയില്‍ കോണ്‍ഗ്രസിലെ ഇ എം ആഗസ്തിയും പീരുമേട്ടില്‍ കോണ്‍ഗ്രസിലെ കെ കെ തോമസും വിജയികളായി.

ജോസഫ് എല്‍ഡിഎഫില്‍

ഇടുക്കി ജില്ലയില്‍ നിന്ന് നിയമസഭയിലെത്തുന്ന മൂന്നാമത്തെ വനിതയാണ് ഇടുക്കിയില്‍നിന്ന് ജയിച്ച റോസമ്മ ചാക്കോ. 57ല്‍ ദേവികുളത്തുനിന്ന് റോസമ്മ പുന്നൂസും കാരിക്കോടുനിന്ന് കുസുമം ജോസഫുമാണ് ഇന്നത്തെ ഇടുക്കിയായ മലനാട്ടില്‍നിന്ന് നിയമസഭയിലെത്തിയ ആദ്യ വനിതകള്‍. യുഡിഎഫിനൊപ്പമായിരുന്ന ജോസഫ് എല്‍ഡിഎഫിലെത്തിയത് 91 ലെ തെരഞ്ഞെടുപ്പോടെയാണ്. തുടര്‍ന്ന് 20 വര്‍ഷമായി നിലനിന്ന സഖ്യം മാറിയതും സമീപകാല ചരിത്രം.

deshabhimani 020311

1 comment:

  1. നാലു മുഖ്യമന്ത്രിമാരെ അധികാരത്തിലേറ്റിയ നിയമസഭയായിരുന്നു 1977 മാര്‍ച്ച് 19ന് കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 74ലെ പുനര്‍നിര്‍ണയത്തോടെ 140 മണ്ഡലങ്ങളാക്കിയ ശേഷം നടന്ന തെരഞ്ഞെടുപ്പുംകൂടിയായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യമെങ്ങും കോണ്‍ഗ്രസിനെതിരായപ്പോള്‍ കേരളം ഒപ്പംനിന്ന ചരിത്രവും ഈ തെരഞ്ഞെടുപ്പിനുണ്ട്. 111 സീറ്റോടെ അധികാരത്തിലെത്തിയ സഖ്യത്തെ നയിച്ച് മാര്‍ച്ച് 25ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായി. രാജന്‍കേസിലെ വിധിയെതുടര്‍ന്ന് എപ്രില്‍ 25ന് അദ്ദേഹം രാജിവെച്ചു. തുടര്‍ന്ന് എ കെ ആന്റണി എപ്രില്‍ 27ന് മുഖ്യമന്ത്രിയായി. ചിക്കമംഗലൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതിഷേധിച്ച് 78 ഒക്ടോബര്‍ 27ന് ആന്റണി രാജിവെച്ചു. 29ന് സിപിഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫ് രൂപീകരണത്തോടെ 79 ഒക്ടോബര്‍ 7ന് അദ്ദേഹവും രാജി നല്‍കി. തുടര്‍ന്ന് മുസ്ളീംലീഗ് നേതാവ് സി എച്ച് മുഹമ്മദുകോയ മുഖ്യമന്ത്രിയായെങ്കിലും ഭരണം തുടരാനായില്ല. ഡിസംബര്‍ ഒന്നിന് അദ്ദേഹവും രാജി നല്‍കി. തുടര്‍ന്ന് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി.

    ReplyDelete