Wednesday, March 2, 2011

ആലപ്പുഴ ജില്ല വീണ്ടും ബൂത്തിലേക്ക് ചരിത്രനേട്ടത്തിന് എല്‍ഡിഎഫ്

മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനായി പുന്നപ്ര-വയലാറിന്റെ നാട് വീണ്ടും ബൂത്തിലേക്ക്. നേരത്തെ ഉണ്ടായിരുന്ന മാരാരിക്കുളവും പന്തളവും അതിര്‍ത്തിനിര്‍ണയശേഷം ഇല്ലാതായി. നഗരസഭാ പരിധിയില്‍ മാത്രം ഒതുങ്ങിയ ആലപ്പുഴ മണ്ഡലം നെടുകെ പിളര്‍ന്നു ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളുടെ ഭാഗമായതും ഇക്കുറി ജില്ലയുടെ സവിശേഷത. 14-ാം നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന ജില്ല കടുത്ത പോരാട്ടത്തിനാകും അരങ്ങൊരുക്കുക എന്നുറപ്പ്. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മുഖ്യമത്സരം. സാന്നിധ്യമറിയിക്കാന്‍ ബിജെപിയും രംഗത്തുണ്ടാകും. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവയാണ് ജില്ലയിലെ ഒമ്പതു മണ്ഡലങ്ങള്‍. മാവേലിക്കര സംവരണമണ്ഡലം.

ഇതിനകം ലഭിക്കുന്ന കണക്കുകള്‍ പ്രകാരം ഒമ്പതു മണ്ഡലങ്ങളിലായി ജില്ലയില്‍ 15,07,486 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍മാരില്‍ വനിതകളാണ് കൂടുതല്‍. 7,94,489 പേര്‍. പുരുഷവോട്ടര്‍മാര്‍ 7,12,997. ഏതാനും ദിവസങ്ങള്‍കൂടി വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ട്. ആകയാല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇനിയും മാറ്റം ഉണ്ടായേക്കാം. ഒമ്പതു മണ്ഡലങ്ങളിലായി 1469 പോളിങ് സ്റ്റേഷനുകളാണുള്ളത്.

2006ല്‍ നിയമസഭാ തെരഞ്ഞടുപ്പ് സംസ്ഥാനത്തു മുന്നു ഘട്ടങ്ങളായാണ് നടന്നത്. അന്നു ആദ്യഘട്ടത്തില്‍ ഏപ്രില്‍ 22നായിരുന്നു ജില്ലയിലെ വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 2006 മെയ് 11നു നടന്നു. ഇക്കുറി ഒറ്റഘട്ടത്തിലായതിന്റെ ആശ്വാസവും പിരിമുറുക്കവും മുന്നണികള്‍ക്ക് ഉണ്ടാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11ല്‍ അഞ്ചുസീറ്റുകള്‍ എല്‍ഡിഎഫും ആറെണ്ണം യുഡിഎഫും നേടി. അന്നു കുട്ടനാട്ടില്‍ ജയിച്ച എന്‍സിപി ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗം. 2009ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ യുഡിഎഫ് പരക്കെ മുന്നിട്ടുനിന്നു. ഇതിനുശേഷം നടന്ന ആലപ്പുഴ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍മുന്നേറ്റം നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 19,500 വോട്ടിന്റെ ലീഡ് ഉപതെരഞ്ഞെടുപ്പില്‍ 4,700 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പുനഃസംഘടിപ്പിക്കപ്പെട്ട ഒമ്പതു മണ്ഡലങ്ങളില്‍ അഞ്ചിടത്തും എല്‍ഡിഎഫ് ലീഡുനേടി. എന്നുമാത്രമല്ല, 72,000 ഓളം വോട്ടുകള്‍ എല്‍ഡിഎഫ് ജില്ലയില്‍ കൂടുതല്‍ നേടി. ഇത് യുഡിഎഫിനു കനത്ത തിരച്ചടിയായി. ഇപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പു ഗോദയില്‍ ഇറങ്ങുക.

വി എസ് സര്‍ക്കാരിന്റെ ചരിത്രത്തില്‍ ഇടംനേടിയ സമാനതകളില്ലാത്ത ഭരണനേട്ടങ്ങള്‍ തന്നെയാണ് എല്‍ഡിഎഫ് തെരഞ്ഞുെടുപ്പു പ്രചാരണ ആവനാഴിയിലെ ആയുധങ്ങളാക്കുക. മറുവശത്ത്, ആവനാഴി ഒഴിഞ്ഞ് മൂര്‍ഛപോയ തുരുമ്പിച്ച സ്ഥിരം ആയുധങ്ങളായ കള്ളപ്രചാരണവും വലതുപക്ഷ മാധ്യമങ്ങളുടെ വിടുപണിയും മാത്രമാകും യുഡിഎഫിനെ തുണയ്ക്കാനുണ്ടാകുക. ജില്ലയുടെ രൂപീകരണശേഷം കഴിഞ്ഞ അഞ്ചുവര്‍ഷം ജില്ലയ്ക്കു നേട്ടങ്ങളുടെയും വികസനക്കുതിപ്പിന്റെയും കാലമായിരുന്നു. കുട്ടനാട് പാക്കേജുള്‍പ്പെടെ കൃഷിവികസനത്തിനുള്ള എണ്ണമറ്റ പദ്ധതികള്‍ നാടിന്റെ മുഖച്ഛായതന്നെ മാറ്റി.

ആലപ്പുഴയുടെ അഭിമാനങ്ങളായ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, ജി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന വിപ്ളവകരമായ വികസനപ്രവര്‍ത്തനങ്ങള്‍ യുഡിഎഫിന്റെ ഉറക്കംകെടുത്തും. അഴിമതയില്‍ തകര്‍ന്നു പ്രതിഛായ നഷ്ടപ്പെട്ട യുഡിഎഫ് തര്‍ച്ചയുടെ പുതിയ മേഖലകളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ധാര്‍മികതയും ജനപിന്തുണയും നഷ്ടപ്പെട്ടും ജനങ്ങളില്‍നിന്നു ഒറ്റപ്പെട്ടും യുഡിഎഫ് നിരാശയിലാണ്ടു. ഈ തകര്‍ച്ചയ്ക്കു ഗതിവേഗവും ആക്കവും കുട്ടുന്നതാകും ഏപ്രില്‍ 13ന്റെ ജില്ലയുടെ വിധി എന്നുറപ്പാണ്. എല്‍ഡിഎഫിനു ആത്മവിശ്വാസം നല്‍കുന്നതാണ് ഈ ഘടകങ്ങളെല്ലാം.
(എം സുരേന്ദ്രന്‍)

deshabhimani 030211

1 comment:

  1. വി എസ് സര്‍ക്കാരിന്റെ ചരിത്രത്തില്‍ ഇടംനേടിയ സമാനതകളില്ലാത്ത ഭരണനേട്ടങ്ങള്‍ തന്നെയാണ് എല്‍ഡിഎഫ് തെരഞ്ഞുെടുപ്പു പ്രചാരണ ആവനാഴിയിലെ ആയുധങ്ങളാക്കുക. മറുവശത്ത്, ആവനാഴി ഒഴിഞ്ഞ് മൂര്‍ഛപോയ തുരുമ്പിച്ച സ്ഥിരം ആയുധങ്ങളായ കള്ളപ്രചാരണവും വലതുപക്ഷ മാധ്യമങ്ങളുടെ വിടുപണിയും മാത്രമാകും യുഡിഎഫിനെ തുണയ്ക്കാനുണ്ടാകുക. ജില്ലയുടെ രൂപീകരണശേഷം കഴിഞ്ഞ അഞ്ചുവര്‍ഷം ജില്ലയ്ക്കു നേട്ടങ്ങളുടെയും വികസനക്കുതിപ്പിന്റെയും കാലമായിരുന്നു. കുട്ടനാട് പാക്കേജുള്‍പ്പെടെ കൃഷിവികസനത്തിനുള്ള എണ്ണമറ്റ പദ്ധതികള്‍ നാടിന്റെ മുഖച്ഛായതന്നെ മാറ്റി.

    ReplyDelete