Sunday, February 27, 2011

ഒരല്പം മണ്ഡല ചരിത്രം

ഇടുക്കി: കേരള നിയമസഭയിലേക്കുള്ള മൂന്നാമത്തെ തെരഞ്ഞെടുപ്പ് 1965 മാര്‍ച്ച് നാലിനായിരുന്നു. 62ല്‍ത്തന്നെ ദ്വയാംഗ മണ്ഡലങ്ങള്‍ ഒഴിവാക്കി പുനര്‍നിര്‍ണ്ണയം നടത്തിയതിനാല്‍ സംസ്ഥാനത്താകെ 133 മണ്ഡലങ്ങളായി. ഇടുക്കിയില്‍ അഞ്ചു മണ്ഡലങ്ങളും. കമ്യൂണിസ്റ്റ് പാര്‍ടിയിലെ പിളര്‍പ്പും മറ്റുംകൊണ്ട് ഒരു കക്ഷിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടിയില്ല. 40 സീറ്റ് നേടിയ സിപിഐ എം ആയിരുന്നു എറ്റവും വലിയ കക്ഷി. മന്ത്രിസഭാ രൂപീകരണത്തിലെ അനിശ്ചിതാവസ്ഥകളെത്തുടര്‍ന്ന് മാര്‍ച്ച് 25ന് സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി. കാരിക്കോട് കരിമണ്ണൂര്‍ മണ്ഡലമായപ്പോള്‍ കേരള കോണ്‍ഗ്രസിലെ ചാക്കോ കുര്യാക്കോസാണ് വിജയിച്ചത്. തൊടുപുഴയില്‍ കേരള കോണ്‍ഗ്രസിലെ സി എ മാത്യുവും സീറ്റ് നിലനിര്‍ത്തി. ദേവികുളത്ത് സിപിഐ എമ്മിലെ ജി വരദനാണ് 65ല്‍ ചെങ്കെടി നാട്ടിയത്. പുതുതായി വന്ന ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പം നിന്നു. സിപിഐയിലെ കെ ടി ജേക്കബ്ബ് ഉടുമ്പന്‍ചോലയിലും സിപിഐ എമ്മിലെ കെ ഐ രാജന്‍ പീരുമേട്ടിലും വിജയികളായി.

67മാര്‍ച്ചിലെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പും. സിപിഐ എം നേതൃത്വത്തിലുള്ള മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചു. മാര്‍ച്ച് ആറിന് ഇഎംഎസ് നയിച്ച രണ്ടാം മന്ത്രിസഭ അധികാരമേറ്റു. 69 ഒക്ടോബര്‍ 24ന് ഇഎംഎസ് രാജിവെച്ചതോടെ നവംബര്‍ ഒന്നിന് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായി. നിയമസഭാ അംഗമല്ലാത്തയാള്‍ കേരള ചരിത്രത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത് ആദ്യമായാണ്. പിന്നീട് കൊട്ടാരക്കരയില്‍നിന്ന് അദ്ദേഹം നിയമസഭാംഗമായി. രാഷ്ട്രീയ പ്രതിസന്ധികളെത്തുടര്‍ന്ന് 70 ആഗസ്ത് ഒന്നിന് നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ആ നിയമസഭയില്‍ തൊടുപുഴയില്‍നിന്ന് കെ സി സഖറിയ(സ്വതന്ത്രന്‍), കരിമണ്ണുര്‍-എം എം തോമസ്(സ്വതന്ത്രന്‍), ദേവികുളം-എന്‍ ഗണപതി(കോണ്‍ഗ്രസ്), ഉടുമ്പന്‍ചോലയിലും പീരുമേട്ടിലും കെ ടി ജേക്കബ്ബും കെ ഐ രാജനും സീറ്റുകള്‍ നിലനിര്‍ത്തി.

തൊടുപുഴയില്‍നിന്ന് പി ജെ ജോസഫ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത് 1970 സെപ്തംബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പിലാണ്. കോണ്‍ഗ്രസ്-സിപിഐ-ആര്‍എസ്പി-കേരളകോണ്‍ഗ്രസ് സഖ്യം 79 സീറ്റുകള്‍ നേടി അധികാരത്തിലെത്തി. സി അച്യുതമേനോന്‍ ഒക്ടോബര്‍ നാലിന് വീണ്ടും മുഖ്യമന്ത്രിയായി. കേരളത്തിലാദ്യമായി അഞ്ചുവര്‍ഷ കാലവധി തികച്ച നിയമസഭയായിരുന്നത്. തൊടുപുഴയില്‍നിന്ന് പി ജെ ജോസഫ് (കേരള കോണ്‍ഗ്രസ്), കരിമണ്ണൂര്‍-എ സി ചാക്കോ(കെഇസി), ദേവികുളം-ജി വരദന്‍(സിപിഐ എം), ഉടുമ്പന്‍ചോല- സെബാസ്റ്റ്യന്‍ തോമസ് (വി ടി സെബാസ്റ്റ്യന്‍-കേരള കോണ്‍ഗ്രസ്), പീരുമേട്- കെ ഐ രാജന്‍(സിപിഐ എം) എന്നിവരും വിജയിച്ചു. പീരുമേട്ടില്‍ കെ ഐ രാജന്റെ ഹാട്രിക് വിജയമായിരുന്നത്.

ദേശാ‍ഭിമാനി 270211

1 comment:

  1. കേരള നിയമസഭയിലേക്കുള്ള മൂന്നാമത്തെ തെരഞ്ഞെടുപ്പ് 1965 മാര്‍ച്ച് നാലിനായിരുന്നു. 62ല്‍ത്തന്നെ ദ്വയാംഗ മണ്ഡലങ്ങള്‍ ഒഴിവാക്കി പുനര്‍നിര്‍ണ്ണയം നടത്തിയതിനാല്‍ സംസ്ഥാനത്താകെ 133 മണ്ഡലങ്ങളായി. ഇടുക്കിയില്‍ അഞ്ചു മണ്ഡലങ്ങളും. കമ്യൂണിസ്റ്റ് പാര്‍ടിയിലെ പിളര്‍പ്പും മറ്റുംകൊണ്ട് ഒരു കക്ഷിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടിയില്ല. 40 സീറ്റ് നേടിയ സിപിഐ എം ആയിരുന്നു എറ്റവും വലിയ കക്ഷി. മന്ത്രിസഭാ രൂപീകരണത്തിലെ അനിശ്ചിതാവസ്ഥകളെത്തുടര്‍ന്ന് മാര്‍ച്ച് 25ന് സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി.

    ReplyDelete