Thursday, March 3, 2011

പദ്ധതികള്‍ തുടങ്ങി; കടമക്കുടി ഇനി വികസനപാതയില്‍

കടമക്കുടിയില്‍ 'കടന്നാല്‍ കുടുങ്ങി' എന്നായിരുന്നു പണ്ടത്തെ ചൊല്ല്. ഈ ചൊല്ലില്‍നിന്ന് കടമക്കുടി പുറത്തുകടക്കുകയാണ്. ഒന്നല്ല; മൂന്നു പാലങ്ങളിലൂടെ. മെട്രോ നഗരമായി അതിവേഗം വളരുന്ന കൊച്ചിയോട് ഏറ്റവുമടുത്ത ഗ്രാമമായിട്ടും യാത്രാസൌകര്യവും കുടിവെള്ളലഭ്യതയും ഇല്ലാതിരുന്ന കടമക്കുടിക്ക് ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) അനുവദിച്ച മൂന്നു പാലങ്ങളുടെയും ഗോശ്രീ-കടമക്കുടി കുടിവെള്ളപദ്ധതിയുടെയും പിഴല-ചേന്നൂര്‍-ചര്യംതുരുത്ത് റോഡിന്റെയും നിര്‍മാണം മന്ത്രി എസ് ശര്‍മ ഉദ്ഘാടനംചെയ്തു. ദ്വീപ്വാസികളുടെ ചിരകാല സ്വപ്നമായ പിഴല-ചേന്നൂര്‍, ചേന്നൂര്‍-ചര്യംതുരുത്ത്, ചേന്നൂര്‍-കോതാട് പാലങ്ങളാണ് യാഥാര്‍ഥ്യമാവുന്നത്. പുറംലോകവുമായി ബന്ധപ്പെടാന്‍ കടത്തുവള്ളങ്ങളെയും ജങ്കാറുകളെയും ആശ്രയിച്ചിരുന്ന ആയിരങ്ങള്‍ക്ക് പാലങ്ങള്‍ ആശ്വാസമാകും. പിഴല, ചേന്നൂര്‍, ചര്യംതുരുത്ത് നിവാസികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കളമശേരി, ആലുവ, പറവൂര്‍ എന്നിവിടങ്ങളിലേക്ക് റോഡ്മാര്‍ഗം കുറഞ്ഞ സമയത്തിനുള്ളില്‍ എത്താം.

പിഴല-ചേന്നൂര്‍-ചര്യംതുരുത്ത് റോഡ് കൂടി യാഥാര്‍ഥ്യമാകുന്നതോടെ കടമക്കുടിയിലെ അഞ്ചു ദ്വീപുകള്‍ ഒരു ചരടില്‍ കോര്‍ത്ത മുത്തുകള്‍ പോലെയാകും. പിഴലമുതല്‍ ചര്യംതുരുത്ത് പുതുശേരി ജങ്ഷന്‍വരെ രണ്ടു കിലോമീറ്റര്‍ റോഡ് വരുന്നതോടെ പഞ്ചായത്തിന്റെ വികസനപാതയില്‍ നാഴികക്കല്ലാകും. ഒമ്പതു മീറ്റര്‍ വീതിയിലാണ് പുതിയ റോഡ്. റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ പൂര്‍ത്തിയാക്കും. മൂന്നുകോടി രൂപയാണ് ഇതിനു മാറ്റിവച്ചത്. ഭൂമി വിട്ടുകൊടുക്കാനുള്ള സമ്മതപത്രം 2008ല്‍തന്നെ നല്‍കിക്കഴിഞ്ഞു. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡാണ് കണ്‍സള്‍ട്ടന്റ്. പാലങ്ങളുടേത് കിറ്റ്കോയും.

കുടിവെള്ളത്തിനായി വര്‍ഷങ്ങള്‍ പോരാട്ടം നടത്തിയ കടമക്കുടിക്കാര്‍ക്ക് ഏറെക്കുറെ ശാന്തമായ അഞ്ചുവര്‍ഷങ്ങളാണ് കടന്നുപോയത്. ജിഡയുടെ ഫണ്ടില്‍നിന്ന് 68 ലക്ഷം രൂപ ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതി ഫലപ്രദമാണെങ്കിലും ഇത് കടമക്കുടിക്കു മാത്രമായുള്ളതല്ല. കുടമക്കുടിക്കു മാത്രമായി വിഭാവനം ചെയ്തിട്ടുള്ള പുതിയ പദ്ധതിയുടെ അടങ്കല്‍ തുക 16.8 കോടിയാണ്. ഒരുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. മുഖ്യമന്ത്രി ചെയര്‍മാനായ ജിഡ അനേകം പദ്ധതികള്‍ കടമക്കുടിക്ക് അനുവദിച്ചെങ്കിലും ദ്വീപ്വാസികളുടെ ചിരകാല സ്വപ്നമായ മൂലമ്പിള്ളി-ചാത്തനാട് റോഡിന്റെ ഫയല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതികാത്ത് ഡല്‍ഹിയില്‍ ഉറങ്ങുകയാണ്. റോഡ് വന്നാല്‍ കണ്ടലില്ലാത്ത കടമക്കുടിയിലെ കണ്ടല്‍ നശിപ്പിക്കപ്പെടുമെന്നാണ് പ്രധാന ആരോപണം. പൊക്കാളി പാടങ്ങളുടെ നിലനില്‍പ്പിന് റോഡ് ഭീഷണിയാകുമെന്നും കേന്ദ്രം പറയുന്നു. എന്നാല്‍ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയില്‍ പുതുക്കി സമര്‍പ്പിച്ച പദ്ധതിയാണ് അനുമതി കാത്തുകിടക്കുന്നത്. ഇതും ഉടനെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

deshabhimani 020311

No comments:

Post a Comment