സിവിസി നിയമനം സുപ്രീംകോടതി അസാധുവാക്കി
ന്യൂഡല്‍ഹി: കേന്ദ്ര വിജിലന്‍സ് കമീഷണറായി യുപിഎ സര്‍ക്കാര്‍ പി ജെ തോമസിനെ നിയമിച്ചത് സുപ്രീംകോടതി അസാധുവാക്കി. പാമൊലിന്‍ അഴിമതിക്കേസില്‍ തോമസിനെതിരെ നിലനില്‍ക്കുന്ന കുറ്റപത്രം പരിഗണിക്കാതെ സിവിസിയായി നിയമിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാവിയില്‍ സിവിസി സ്ഥാനത്തേക്ക് ആളുകളെ പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പാലിക്കേണ്ട ഏഴ് കാര്യം കോടതി നിര്‍ദേശിച്ചു. നിരവധി അഴിമതി ആരോപണങ്ങളില്‍ കുരുങ്ങി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും കനത്ത തിരിച്ചടിയാണ് കോടതി വിധി.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ആഭ്യന്തരമന്ത്രി പി ചിദംബരം, പ്രതിപക്ഷനേതാവ് സുഷമസ്വരാജ് എന്നിവരടങ്ങിയ ഉന്നതാധികാരസമിതിയാണ് 2010 സെപ്തംബറില്‍ സിവിസിയായി തോമസിനെ നിയമിച്ചത്. തോമസടക്കം മൂന്ന് ഐഎഎസുകാരുടെ പേരാണ് സമിതി പരിഗണിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തോമസിനു വേണ്ടി വാദിച്ചു. പാമൊലിന്‍ കേസില്‍ പ്രതിയാണെന്നത് ചൂണ്ടിക്കാട്ടി സുഷമ എതിര്‍ത്തു. എന്നാല്‍, പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പ് അവഗണിച്ച് തോമസിന്റെ പേരുതന്നെ പ്രധാനമന്ത്രി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിടുകയായിരുന്നു. തോമസിന്റെ നിയമനത്തെ ചോദ്യംചെയ്ത് സെന്റര്‍ ഫോര്‍ പബ്ളിക്ക് ഇന്ററസ്റ് ലിറ്റിഗേഷനും മുന്‍ തെരഞ്ഞെടുപ്പു കമീഷണര്‍ ജെ എം ലിങ്ദോയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ്ജസ്റിസ് എസ് എച്ച് കപാഡിയ, ജസ്റിസുമാരായ സ്വതന്തര്‍കുമാര്‍, കെ എസ് രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദംകേട്ട് വിധി പുറപ്പെടുവിച്ചത്.
പ്രധാനമന്ത്രി തലവനായ സമിതിയുടെ നിര്‍ദേശം നിയമപരമായി നിലനില്‍ക്കില്ലെന്ന് ചീഫ്ജസ്റിസ് എസ് എച്ച് കപാഡിയ ഉത്തരവില്‍ വ്യക്തമാക്കി. പാമൊലിന്‍ കേസില്‍ തോമസിനെതിരെ 1999ല്‍ കേരള സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതും 2000-04 കാലയളവില്‍ പേഴ്സണല്‍ വകുപ്പ് തോമസിനെതിരെ ആറുവട്ടം അച്ചടക്കനടപടിക്ക് ശുപാര്‍ശ ചെയ്തതും സമിതി പരിഗണിച്ചില്ല. തോമസിന് കേന്ദ്രസര്‍വീസിലേക്ക് വരുന്നതിന് 2008 ഒക്ടോബറില്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ അനുമതി നല്‍കിയതിനാല്‍ അദ്ദേഹത്തെ സിവിസിയായി നിയമിക്കാമെന്ന വാദമാണ് കേന്ദ്രം ഉന്നയിച്ചത്. എന്നാല്‍, പാമൊലിന്‍ കേസ് പരിഗണിക്കാതെ സിവിസി എങ്ങനെയാണ് അനുമതി നല്‍കിയതെന്ന് വിശദീകരിക്കുന്നില്ല. നിയമനം സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമോയെന്ന് പരിഗണിക്കേണ്ടിയിരുന്നു. ബാധിക്കുമെങ്കില്‍ അത്തരമൊരു വ്യക്തിയെ ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നു. വസ്തുതകള്‍ കണക്കിലെടുക്കാതെയുള്ള തീരുമാനം ഔദ്യോഗികതലത്തിലുള്ള ഏകപക്ഷീയതയായി കാണേണ്ടിവരും. വ്യക്തിക്കല്ല, സ്ഥാപനത്തിന്റെ സംശുദ്ധതയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. സിവിസിയുടെ കാര്യത്തില്‍ പൂര്‍ണതോതിലുള്ള പരിശോധന ആവശ്യമാണ്.
സുപ്രീംകോടതി വിധി പാമൊലിന്‍ കേസിലെ ആരോപണങ്ങളെക്കൂടിയാണ് സാധൂകരിക്കുന്നത്. കേസിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും പരിശോധിച്ചശേഷമാണ് ചീഫ് ജസ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പുറപ്പെടുവിച്ചത്. പാമൊലിന്‍ കേസിന്റെ സംഭവപരമ്പരകളെ വിധിയില്‍ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. പാമൊലിന്‍ ഇടപാടില്‍ കേസെടുത്തത് ദുരുദ്ദേശ്യപരമായാണെന്ന വാദം നിലനില്‍ക്കുന്നതല്ല- സുപ്രീംകോടതി പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ പി ജെ തോമസ് രാജിവച്ചെന്ന് നിയമമന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു. എന്നാല്‍, രാജിവാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തോമസിന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് അറിയിച്ചു.
(എം പ്രശാന്ത്)
സിവിസി വിധി രാജിവയ്ക്കേണ്ടത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര വിജിലന്‍സ് കമീഷണര്‍ പി ജെ തോമസിന്റെ നിയമനത്തെ സുപ്രീംകോടതി അസാധുവാക്കിയതോടെ വെട്ടിലാകുന്നത് പ്രധാനമന്ത്രി. ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യതയും ആര്‍ജവവും തകര്‍ക്കാന്‍ പ്രധാനമന്ത്രിതന്നെ കൂട്ടുനിന്നതായി വിധിന്യായം വ്യക്തമാക്കുന്നു. അഴിമതിക്കേസിലെ പ്രതിയെ തന്നെ രാജ്യത്തെ പരമോന്നത അഴിമതി നിരോധന വകുപ്പിന്റെ തലവനായി നിയമിച്ചതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. പ്രധാനമന്ത്രിയുടെ പൂര്‍ണമായ അറിവോടെയാണ് പാമൊലിന്‍ കേസില്‍ പെട്ട തോമസിനെ സിവിസിയായി നിയമിച്ചത്. ഈ പദവിയിലേക്ക് തോമസിന്റെ പേര് പരിഗണിച്ചപ്പോള്‍ത്തന്നെ പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണല്‍ മന്ത്രാലയം തോമസിന്റെ വിവരങ്ങള്‍ തിരക്കിയിരുന്നു. എന്നാല്‍, ഈ വേളയില്‍ത്തന്നെ മറ്റുള്ളവരെ അവഗണിച്ച് പട്ടികയില്‍ ജൂനിയറായ തോമസിന്റെ പേര് നിശ്ചയിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.
കഴിഞ്ഞ സെപ്തംബറില്‍ സിവിസിയെ തെരഞ്ഞെടുക്കുന്ന സമിതി ചേര്‍ന്നപ്പോള്‍ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പി ജെ തോമസിന്റെ നിയമനത്തെ പാമൊലിന്‍ കേസിന്റെ പശ്ചാത്തലത്തില്‍ എതിര്‍ത്തിരുന്നു. കേസിന്റെ വിവരം അറിയാമായിരുന്നെന്നും സമിതിയില്‍ ഇക്കാര്യം ഉയര്‍ന്നുവന്നിരുന്നെന്നും അതില്‍ അംഗമായ ആഭ്യന്തരമന്ത്രി പി ചിദംബരവും പറഞ്ഞിരുന്നു. പ്രോസിക്യൂഷന് അനുമതിക്കായി എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ ആവശ്യം ഉയര്‍ന്നെങ്കിലും തീരുമാനമെടുക്കുകയുണ്ടായില്ല. യുപിഎ സര്‍ക്കാര്‍ വന്നപ്പോഴും ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ല. ഈ വസ്തുത നിലനില്‍ക്കെയാണ് മുന്‍ ടെലികോം സെക്രട്ടറി കൂടിയായ പി ജെ തോമസിനെ സിവിസിയായി നിയമിക്കുന്നത്.
തോമസിന്റെ നിയമനത്തിന് പിന്നില്‍ യുപിഎ സര്‍ക്കാരിന് വ്യക്തമായ അജന്‍ഡയുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. 2 ജി സ്പെക്ട്രം അഴിമതി സര്‍ക്കാരിനെ വേട്ടയാടുന്ന ഘട്ടത്തിലാണ് ഈ നിയമനം. അഴിമതി ഏറ്റവും രൂക്ഷമായ സാഹചര്യത്തില്‍ തന്നെയാണ് അഴിമതിക്കേസില്‍പെട്ടയാളെ അത് തടയാന്‍ ബാധ്യസ്ഥമായ സമിതിയില്‍ പ്രധാനമന്ത്രി നിയമിക്കുന്നത്. അതുകൊണ്ട് തന്നെ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന തെറ്റായ നിയമനരീതി സ്വീകരിച്ച പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രി ചിദംബരത്തിനും ധാര്‍മികമായി അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. സിവിസി നിയമനം സംബന്ധിച്ച കേസ് സുപ്രീംകോടതിയില്‍ എത്തിയ വേളയില്‍ അദ്ദേഹത്തോട് രാജിവയ്ക്കേണ്ടതില്ലെന്ന് ഉപദേശിച്ചതും അഭിഭാഷകന്‍കൂടിയായ ചിദംബരമായിരുന്നു.
കോടതിവിധി കേന്ദ്രത്തിനുള്ള കുറ്റപത്രം: പിബി
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിജിലന്‍സ് കമീഷണര്‍ പി ജെ തോമസിന്റെ നിയമനം അസാധുവാക്കിയ സുപ്രീംകോടതി തീരുമാനം യുപിഎ സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പറഞ്ഞു.
ഉന്നതങ്ങളിലെ അഴിമതിക്കെതിരെ പൊരുതാനോ സിവിസിപോലുള്ള സ്ഥാപനങ്ങളുടെ ആര്‍ജവം കാത്തുസൂക്ഷിക്കാനോ കേന്ദ്രസര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ താല്‍പ്പര്യമില്ലെന്നും സുപ്രീംകോടതിയുടെ വിധിപ്രഖ്യാപനം തെളിയിക്കുന്നതായി പിബി പ്രസ്താവനയില്‍ പറഞ്ഞു. ടെലികോം സെക്രട്ടറിയായിരുന്ന പി ജെ തോമസിനെ നിയമിച്ച രീതിതന്നെ 2ജി സ്പെക്ട്രം അഴിമതിയെ യുപിഎ സര്‍ക്കാര്‍ കൈകാര്യം ചെയ്തതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ടെലികോം നയത്തില്‍ തെറ്റൊന്നുമില്ലെന്നും അത് നടപ്പാക്കിയതില്‍ മാത്രമാണ് പാകപ്പിഴ പറ്റിയതെന്നുമാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. പി ജെ തോമസിന്റെ റെക്കോഡ് പരിശോധിക്കാതെയാണ് ഈ അഭിപ്രായപ്രകടനമെന്നും പിബി പറഞ്ഞു.
സുപ്രീംകോടതി ശരിവയ്ക്കുന്നത് പാമൊലിന്‍ കേസ് ആരോപണങ്ങള്‍
ന്യൂഡല്‍ഹി: സിവിസി നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി പാമൊലിന്‍ കേസിലെ ആരോപണങ്ങളെക്കൂടിയാണ് സാധൂകരിക്കുന്നതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാമൊലിന്‍കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെങ്കിലും കേസിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും പരിശോധിച്ചശേഷമാണ് ചീഫ് ജസ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
പാമൊലിന്‍ കേസിന്റെ സംഭവപരമ്പരകളെ വിധിയില്‍ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. കേസിലെ എട്ടാംപ്രതിയാണ് പി ജെ തോമസ്. ടി എച്ച് മുസ്തഫയാണ് നിലവില്‍ മുഖ്യപ്രതി. ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കേസില്‍ ഉള്‍പ്പെടുത്താതെ തങ്ങളെ പ്രതിയാക്കിയതിനെ മുസ്തഫയും മറ്റൊരു ഉദ്യോഗസ്ഥനും കോടതിയില്‍ ചോദ്യംചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടി പ്രതിയല്ലെങ്കില്‍ തങ്ങളും പ്രതികളല്ലെന്നാണ് ഇവരുടെ വാദം. പാമൊലിന്‍ കേസ് ഗൌരവമുള്ളതാണെന്ന് നേരത്തെ സുപ്രീംകോടതിതന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ജസ്റിസ് എച്ച് എച്ച് കപാഡിയ വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
പാമൊലിന്‍ കേസില്‍ പ്രതിചേര്‍ത്തത് ചോദ്യംചെയ്ത് കരുണാകരന്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടുള്ള 2000 മാര്‍ച്ചിലെ വിധിയാണ് ജസ്റിസ് കപാഡിയ പരാമര്‍ശിച്ചത്. പാമൊലിന്‍ ഇടപാടില്‍ കേസെടുത്തത് ദുരുദ്ദേശ്യപരമായാണെന്ന വാദം നിലനില്‍ക്കുന്നതല്ല. നിയമപരമായ സാങ്കേതികതകളുടെ പേരില്‍ അഴിമതിയെ മൂടിവയ്ക്കുന്ന നിലപാട് ശരിയല്ല. പ്രതികള്‍ക്കെതിരെ ഗൌരവമുള്ള ആക്ഷേപങ്ങളാണുള്ളത്- പഴയ വിധി പരാമര്‍ശിച്ച് സുപ്രീംകോടതി പറഞ്ഞു. കേസില്‍ പ്രശാന്ത് ഭൂഷണാണ് സെന്റര്‍ ഫോര്‍ പബ്ളിക് ഇന്ററസ്റ് ലിറ്റിഗേഷനുവേണ്ടി ഹാജരായത്. തോമസിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലും കേന്ദ്രസര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്സിങ്ങും ഹാജരായി.
പാമൊലിന്‍ കേസ് കെട്ടിച്ചമച്ചതെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിഞ്ഞു
പാമൊലിന്‍ കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം സുപ്രീംകോടതി വിധിയോടെ പൊളിയുന്നു. പി ജെ തോമസിനെ മുഖ്യ വിജിലന്‍സ് കമീഷണറായി നിയമിക്കുമ്പോള്‍ പാമൊലിന്‍ കേസിലെ പങ്കാളിത്തം പരിഗണിക്കണമായിരുന്നു എന്ന് ചീഫ് ജസ്റിസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റെ വിധി ഓര്‍മിപ്പിച്ചു. പാമൊലിന്‍ കേസ് അതീവഗൌരവത്തോടെ കാണേണ്ടതുണ്ടെന്ന് സുപ്രീംകോടതി വിധി ഓര്‍മിപ്പിക്കുന്നു. കേസ് കെട്ടിച്ചമച്ചതെന്നും എല്‍ഡിഎഫിന്റെ രാഷ്ട്രീയക്കളിയാണെന്നും പ്രചരിപ്പിക്കുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇനി എന്തുപറയും.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചതാണ്. പിന്‍വലിക്കാനുള്ള തീരുമാനം മനഃസാക്ഷിക്കനുസൃതമായി എടുത്തതാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നു എന്നുമാണ് ഉമ്മന്‍ചാണ്ടി ഇപ്പോഴും ന്യായീകരിക്കുന്നത്. ഇറക്കുമതി ഇടപാടില്‍ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കാണ് ഉത്തരവാദിത്തമെന്ന് കേസില്‍ പ്രതിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചിരുന്നു. തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയും ഉമ്മന്‍ചാണ്ടിയുടെ പങ്കിലേക്ക് വിരല്‍ചൂണ്ടി. മുസ്തഫയുടെയും സക്കറിയ മാത്യുവിന്റെയും ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സജീവ ചര്‍ച്ചാവിഷയമായത്.
പാമൊലിന്‍ കേസില്‍ പ്രതിയായ ഒരു വ്യക്തിക്ക് രാജ്യത്തെ ഒരു ഉന്നതപദവിയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജനപ്രതിനിധി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കും ഇതു ബാധകമാണ്. കേസിലെ മറ്റു പ്രതികളും ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്തം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് ധാര്‍മികമായ ഉത്തരവാദിത്തം മാത്രമല്ല, ധനപരവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം കൂടിയാണ്. ആരോപണം രാഷ്ട്രീയമാണെന്നും പാമൊലിന്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ഉമ്മന്‍ചാണ്ടിക്ക് ഇനി പറയാനാകില്ല. മുഖ്യ വിജിലന്‍സ് കമീഷണര്‍ക്ക് പാമൊലിന്‍ ഇടപാടിന്റെ പേരില്‍ സ്ഥാനം നഷ്ടപ്പെട്ട സാഹചര്യം ഉമ്മന്‍ചാണ്ടിക്കും ബാധകമാകണം. കേസിന്റെ പ്രാധാന്യത്തെക്കുറിച്ച് തെല്ലെങ്കിലും സംശയമുള്ളവര്‍ക്ക് സുപ്രീംകോടതി വിധി നല്ല മറുപടിയാണ്. കേസിനു പിന്നില്‍ രാഷ്ട്രീയവിദ്വേഷമെന്നു വ്യാഖ്യാനിച്ചു രക്ഷപ്പെടാന്‍ ഇനി ഉമ്മന്‍ചാണ്ടിക്കാവില്ല.
ദേശാഭിമാനി 040311
പാമൊലിന്‍ കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം സുപ്രീംകോടതി വിധിയോടെ പൊളിയുന്നു. പി ജെ തോമസിനെ മുഖ്യ വിജിലന്‍സ് കമീഷണറായി നിയമിക്കുമ്പോള്‍ പാമൊലിന്‍ കേസിലെ പങ്കാളിത്തം പരിഗണിക്കണമായിരുന്നു എന്ന് ചീഫ് ജസ്റിസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റെ വിധി ഓര്‍മിപ്പിച്ചു. പാമൊലിന്‍ കേസ് അതീവഗൌരവത്തോടെ കാണേണ്ടതുണ്ടെന്ന് സുപ്രീംകോടതി വിധി ഓര്‍മിപ്പിക്കുന്നു. കേസ് കെട്ടിച്ചമച്ചതെന്നും എല്‍ഡിഎഫിന്റെ രാഷ്ട്രീയക്കളിയാണെന്നും പ്രചരിപ്പിക്കുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇനി എന്തുപറയും.
ReplyDeleteപാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടിയ ഹര്‍ജിയില്‍ വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എസ് ജഗദീശ് 14നു വിധി പറയും. തുടരന്വേഷണം വേണമെന്ന വിജിലന്‍സ് എസ്പി വി എന്‍ ശശിധരന്റെ റിപ്പോര്‍ട്ടില്‍ വാദം കേട്ട ശേഷമാണ് വിധിപറയാനായി മാറ്റിയത്. തുടരന്വേഷണം ആവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് ഫെബ്രുവരി 26ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പാമൊലിന്‍ ഇടപാടിനെ കുറിച്ച് എല്ലാം അറിയാമെന്ന് അന്നത്തെ ധനമന്ത്രിയും കേസിലെ 23-ാം സാക്ഷിയുമായ ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എസ്പി കോടതിയില്‍ ബോധിപ്പിച്ചു. 2005 ജനുവരി 20ലെ പത്രങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാമൊലിന്‍ ഇറക്കുമതിയുടെ ധനപരമായ ഉത്തരവാദിത്തം ധനമന്ത്രിക്കാണെന്ന് കേസിലെ പ്രതി സഖറിയാ മാത്യു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്നെ പ്രതിയാക്കുകയും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കുകയും ചെയ്തതായി രണ്ടാം പ്രതിയായ മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ പറഞ്ഞിട്ടുണ്ടെന്നും എസ്പി കോടതിയെ ധരിപ്പിച്ചു. കേസില്‍ 2001 മാര്‍ച്ച് 23നു കുറ്റപത്രം നല്‍കിയെങ്കിലും വിവിധ കോടതികളില്‍ സ്റേ ഉണ്ടായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താനായില്ല. കേസ് സംബന്ധമായ ഫയലുകള്‍ പലപ്പോഴും കോടതികളില്‍ ആയിരുന്നതിനാല്‍ ഇപ്പോഴാണ് വിചാരണ ആരംഭിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ വസ്തുതകള്‍ വെളിച്ചത്തുവന്നത്. വിചാരണയുടെ ഏതു ഘട്ടത്തില്‍ വേണമെങ്കിലും തുടരന്വേഷണത്തിന് ഉത്തരവിടാമെന്ന് വിവിധ കോടതികള്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും എസ്പി ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന ആവശ്യം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണെന്ന് ടി എച്ച് മുസ്തഫയുടെ അഭിഭാഷകന്‍ എ അബ്ദുള്‍ കരീം വാദിച്ചു. കേസില്‍ പ്രതിയാക്കാത്തവരെ കുറിച്ച് പരാമര്‍ശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
ReplyDelete