Friday, March 4, 2011

പിള്ളയ്ക്ക് പിന്‍ഗാമിയാകാന്‍ നീളന്‍ ക്യൂ

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ അവസാന ഭാഗം
ഒന്നാം ഭാഗം അണിയറയില്‍ കളിച്ച ഉമ്മന്‍ചാണ്ടിയും പ്രതിക്കൂട്ടിലേക്ക്

രണ്ടാം ഭാഗം സുധാകരന്‍ തുറന്നുവിട്ട ദുര്‍ഭൂതം

മൂന്നാം ഭാഗം വിദ്യാഭ്യാസ വായ്പ കുംഭകോണം: വെട്ടിച്ചത് 50 കോടി

നാലാം ഭാഗം സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി പ്രതി ഉമ്മന്‍ചാണ്ടി, പറഞ്ഞത് ജേക്കബ്

അഞ്ചാം ഭാഗം കെപിസിസി സെക്രട്ടറിക്ക് കോഴയില്‍ ഡിസ്കൌണ്ട്

ആറാം ഭാഗം റോഡ് തോടായി, ലീഗ് പണപ്പെട്ടി നിറഞ്ഞു

ഏഴാം ഭാഗം അലിയാത്ത ഐസ്ക്രീമും തകര്‍ത്ത പൊതുമേഖലയും 

എട്ടാം ഭാഗം പാലാഴി കടഞ്ഞ് മാണിസാറിന്റെ റബര്‍ വിപ്ളവം

ഒന്‍പതാം ഭാഗം 20 ലക്ഷം ഡോളര്‍ കോഴ വാഗ്ദാനം

പത്താം ഭാഗം കേസെല്ലാം നീളട്ടങ്ങനെ, നീളട്ടെ...

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ പകുതികാലം സംസ്ഥാനം ഭരിച്ച യുഡിഎഫ് മന്ത്രിമാര്‍ നേരിട്ട് കുറ്റക്കാരാണെന്നു കണ്ടെത്തിയ സംഭവങ്ങളില്‍ ചിലതുമാത്രമാണ് പരമ്പരയില്‍ ഇതുവരെ വിവരിച്ചത്. ചിമ്മിനിഡാം നിര്‍മാണത്തിലെ അഴിമതി, പാഠപുസ്തകം സ്വകാര്യപ്രസില്‍ അച്ചടിച്ചതില്‍ നടത്തിയ വെട്ടിപ്പ്, ഇലക്ട്രോണിക് മീറ്റര്‍ ഇടപാട്, സ്കൂള്‍ അനുവദിക്കാന്‍ മതമേലധ്യക്ഷരോട് കൈക്കൂലി ചോദിച്ചത് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കേസുകളില്‍ ഇവരുടെ നേരിട്ടുള്ള പങ്ക് വെളിപ്പെട്ടു. കെ പി വിശ്വനാഥനും കെ സുധാകരനും വനംമന്ത്രിയായിരുന്നപ്പോള്‍ ചന്ദനമാഫിയകള്‍ അനധികൃതമായുണ്ടാക്കിയ മുഴുവന്‍ ചന്ദനത്തൈലവും പൂശിയാലും അഴിമതിയുടെ നാറ്റംമാറില്ല. ഇതിനൊക്കെ പുറമെയാണ് നേരിട്ടും അല്ലാതെയും പങ്കുള്ളതും എന്നാല്‍, പ്രതികളാകാത്തതുമായ നിരവധി അഴിമതികള്‍.

ഇടമലയാര്‍കേസില്‍ തന്നേക്കാള്‍ വലിയ കുറ്റവാളി കെ എം മാണിയാണെന്നാണ് ബാലകൃഷ്ണപിള്ള ആത്മകഥയില്‍ പറഞ്ഞത്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ നടന്ന കള്ളക്കളി ഏറ്റവും ഒടുവില്‍ വിളിച്ചുപറഞ്ഞത് കെ സുധാകരനാണ്. എന്നാല്‍,ഈ ആരോപണങ്ങളെല്ലാം 1993ല്‍ തന്നെ എല്‍ഡിഎഫ് ഉന്നയിച്ചതാണ്. അന്ന് എക്സൈസ് മന്ത്രി രഘുചന്ദ്രബാല്‍ എക്സൈസ് ഗാര്‍ഡ് നിയമനത്തില്‍ നടത്തിയ അഴിമതി 1993 ജൂണ്‍ 25ന് സഭയില്‍ ഉന്നയിച്ചത് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനാണ്. തുടര്‍ന്ന് മന്ത്രി രാജിവച്ചു. അതേദിവസം സ്പിരിറ്റ് രാജാവ് കൃഷ്ണമൂര്‍ത്തിയുമായി മന്ത്രിക്കുള്ള ബന്ധം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത് കെ കൃഷ്ണന്‍കുട്ടിയാണ്. യുഡിഎഫ് കൂടാരത്തില്‍ ചേക്കേറിയ കൃഷ്ണന്‍കുട്ടി ഇപ്പോള്‍ ഈ വിഴുപ്പും പേറേണ്ടി വന്നിരിക്കുന്നു. കുരിയാര്‍കുറ്റി-കാരപ്പാറ അഴിമതിയോട് ഒട്ടിനില്‍ക്കുന്നതാണ് ടി എം ജേക്കബിന്റെ ചിമ്മിനിഡാം അഴിമതി. ചിമ്മിനിഡാം നിര്‍മാണത്തിന് പതിനായിരക്കണക്കിനു ചാക്ക് സിമന്റും ട ണ്‍കണക്കിനു കമ്പിയും എത്തിച്ചത് മോപ്പഡിലും സ്കൂട്ടറിലുമാണ്. കരാറുകാരനടക്കം അഞ്ചുപേരെ വിജിലന്‍സ് കോടതി ശിക്ഷിച്ച ഈ കേസിലും യഥാര്‍ഥ പ്രതി ജേക്കബാണ്.

പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസില്‍ അച്ചടിക്കാതെ സ്വകാര്യ പ്രസിനു നല്‍കിയതില്‍ ലക്ഷങ്ങളുടെ അഴിമതി മുസ്ളിംലീഗ് നേതാവ് നാലകത്ത് സൂപ്പി വിദ്യാഭ്യാസമന്ത്രിയായിരിക്കെയാണ്. വയനാട്ടിലെ മീനങ്ങാടിയില്‍ ബിഎഡ് കോളേജിന് അംഗീകാരം നല്‍കുന്നതിന് മീനങ്ങാടി ഭദ്രാസാനാധിപന്‍ യൂഹാനോന്‍ മാര്‍ പീലക്സിനോസില്‍നിന്ന് കോഴ ചോദിച്ചത് പുറത്തായതിനെത്തുടര്‍ന്നാണ് സൂപ്പിക്ക് രാജിവയ്ക്കേണ്ടി വന്നത്. ആ കേസ് ഇപ്പോഴും കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ നടക്കുകയാണ്.

വയനാട്ടിലെ ആദിവാസികളെ ഡ്രൈവിങ് പഠിപ്പിക്കാന്‍ അന്നത്തെ പട്ടികവര്‍ഗക്ഷേമമന്ത്രി എം എ കുട്ടപ്പന്‍ 51 ലക്ഷം രൂപയാണ് ഒരു സ്വകാര്യ ചാരിറ്റബിള്‍ സ്ഥാപനത്തിനു നല്‍കിയത്. കംപ്യൂട്ടര്‍ വാങ്ങിയതിന് 8.76 കോടി രൂപ, കുടിവെള്ളപദ്ധതിക്ക് പന്ത്രണ്ടരക്കോടി എന്നിങ്ങനെ ഈ കാലയളവില്‍ സന്നദ്ധ സംഘടനകളുടെ പേരില്‍ ആവിയായിപ്പോയി. ഹൈക്കോടതിവിധിപോലും ലംഘിച്ച് പാവപ്പെട്ട പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനെന്ന പേരില്‍ ഒരു കോടി രൂപയുടെ ഗൈഡ് വാങ്ങി കമീഷന്‍ തട്ടാന്‍ നിര്‍ദേശം നല്‍കിയതും കുട്ടപ്പന്‍ മന്ത്രിയായിരിക്കെയാണ്.

കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയായിരിക്കെ 132 കോടി രൂപയ്ക്ക് 28 ലക്ഷം മീറ്റര്‍ വാങ്ങി. ഇതില്‍ 21 ലക്ഷവും ഒരു സ്വകാര്യ കമ്പനിക്കാണ് നല്‍കിയത്. ഇതിനു പിന്നില്‍ നടന്നത് കോടികളുടെ അഴിമതിയാണ്.

അനധികൃത സ്വത്ത് സമ്പാദിച്ചതിന്, ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും അന്നത്തെ ടൂറിസം- ഫിഷറീസ് മന്ത്രിയുമായ കെ വി തോമസിനെതിരെ നടന്ന അന്വേഷണം യുഡിഎഫ് സര്‍ക്കാര്‍ മുക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബിജു സി വള്ളുവനാടനാണ് കെ വി തോമസ് 25 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നു കാണിച്ച് വിജിലന്‍സിന് പരാതി നല്‍കിയത്. വീട്ടുജോലിക്കാരന്റെ ദിവസക്കൂലി ഒരു രൂപ രണ്ടു പൈസ, പ്രതിദിന മൊത്തം ചെലവ് 98 രൂപ എന്നിങ്ങനെ 15 വര്‍ഷത്തെ ചെലവ് കുത്തനെ കുറച്ചു കാണിച്ചാണ് കണക്കില്‍പ്പെടാത്ത സ്വത്ത് നിയമവിധേയമായാണ് സമ്പാദിച്ചതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയത്. ഈ കള്ള റിപ്പോര്‍ട്ടു പ്രകാരവും അരക്കോടിയിലേറെ അനധികൃത സമ്പാദ്യമുണ്ടെന്ന് വ്യക്തമായിട്ടും വിജിലന്‍സ് കേസ് മുക്കി.

കെഎസ്ആര്‍ടിസിയുടെ ബസ് ചേസിസ് ഇടപാടില്‍ 20 കോടി രൂപയുടെ വെട്ടിപ്പാണ് എന്‍ ശക്തന്‍ ഗതാഗതമന്ത്രിയായിരിക്കെ നടന്നത്. 1000 ചേസിസ് വാങ്ങിയപ്പോള്‍ ഓരോന്നിനും 1.40 ലക്ഷംമുതല്‍ 1.60 ലക്ഷം രൂപവരെ അധികമായി നല്‍കി. ഈയിനത്തില്‍ 15 കോടി വെട്ടിച്ചു. ബോഡി നിര്‍മാണം അധികവിലയ്ക്ക് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതിലൂടെ അഞ്ചു കോടി രൂപയുടെ അഴിമതിയും നടന്നു. ഈ കാലയളവില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെ നിയമിക്കുന്നതില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് ശക്തനെതിരെ ലോകായുക്തില്‍ കേസ് നടക്കുന്നുണ്ട്.

ചന്ദനമാഫിയക്ക് വനംമന്ത്രിയുമായി നേരിട്ട് ബന്ധമുണ്ടെന്നു കണ്ടെത്തിയ ഹൈക്കോടതിവിധി വന്നത് 2005 ഫെബ്രുവരി എട്ടിനാണ്. തുടര്‍ന്ന് മന്ത്രി കെ പി വിശ്വനാഥന് രാജിവയ്ക്കേണ്ടി വന്നു. വിശ്വനാഥന്റെ മുന്‍ഗാമിയായിരുന്ന കെ സുധാകരനും ചന്ദന-വനം മാഫിയയുടെ കാവലാളായിരുന്നു. ഇപ്പോള്‍ സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കുന്നത് കണ്ടെന്നു പറഞ്ഞ സുധാകരന്‍ അന്ന് ചന്ദനക്കേസില്‍ പറഞ്ഞത് ഹൈക്കോടതിക്ക് ഇരട്ടമുഖമാണെന്നാണ്. യുഡിഎഫ് ഭരണകാലത്ത് രണ്ടു മന്ത്രിമാരും വനം-ചന്ദനം മാഫിയക്കുവേണ്ടി പരസ്യമായി പ്രവര്‍ത്തിച്ച കാര്യങ്ങളെല്ലാം മറച്ചുവച്ചാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സംഘവും മുഖ്യമന്ത്രിക്കും മകനുമെതിരെ വ്യാജ പ്രചാരണം നടത്തി പുകമറസൃഷ്ടിക്കുന്നത്.

മാവൂര്‍ ഗ്രാസിമിലെ തടിലേലത്തില്‍ നടന്ന കൊള്ളയാണ് സുധാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മറ്റൊരു കേസ്. 1991-96ലാണ് കേരളത്തില്‍ വനം-ചന്ദനമാഫിയ തഴച്ചുവളര്‍ന്നത്. അന്ന് ഉമ്മന്‍ചാണ്ടി ധനമന്ത്രിയും വിശ്വനാഥന്‍ വനംമന്ത്രിയുമായിരുന്നു. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ വീണ്ടും വിശ്വനാഥന്‍ വനംമന്ത്രിയായി തിരിച്ചുവരികയായിരുന്നു. ഇത് യാദൃച്ഛികമല്ല. സംശയത്തിന്റെ മുനകള്‍ നീളുന്നത് ഉമ്മന്‍ചാണ്ടിയിലേക്കുമാണ്. പൈപ്പ് കുംഭകോണക്കേസില്‍ പ്രതിയായ മുന്‍ ജലവിഭവമന്ത്രി എം പി ഗംഗാധരനെയും ഒടുവില്‍ കോണ്‍ഗ്രസ് തിരിച്ചെടുത്തു.

യുഡിഎഫ് നേതാക്കള്‍ നടത്തിയ എണ്ണിയാലൊടുങ്ങാത്ത അഴിമതിയുടെ പരമ്പര ഇവിടെ അവസാനിക്കുന്നില്ല. ഇത് അനന്തമായി നീളും. ഇവരെല്ലാം പിള്ളയ്ക്ക് പിന്‍ഗാമികളാകാന്‍ ക്യൂവിലാണ്.

എം രഘുനാഥ് ദേശാഭിമാനി 040311

2 comments:

  1. യുഡിഎഫ് നേതാക്കള്‍ നടത്തിയ എണ്ണിയാലൊടുങ്ങാത്ത അഴിമതിയുടെ പരമ്പര ഇവിടെ അവസാനിക്കുന്നില്ല. ഇത് അനന്തമായി നീളും. ഇവരെല്ലാം പിള്ളയ്ക്ക് പിന്‍ഗാമികളാകാന്‍ ക്യൂവിലാണ്.

    ReplyDelete
  2. കെഎസ്ആര്‍ടിസിയിലെ സ്ഥലംമാറ്റം, എംപാനല്‍ നിയമനം തുടങ്ങിയവയില്‍ അഴിമതി കാട്ടിയ മുന്‍ യുഡിഎഫ് മന്ത്രിസഭയിലെ ഗതാഗതമന്ത്രി എന്‍ ശക്തന്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ലോകായുക്ത ഉത്തരവിട്ടു. ശക്തനെതിരെ ചട്ടലംഘനത്തിന് നടപടി എടുത്തതുസംബന്ധിച്ച് നല്‍കിയ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലോകായുക്ത നിര്‍ദേശിച്ചു. ശക്തനെതിരെ കെ കെ ദിവാകരന്‍ നല്‍കിയ കേസിലാണ് ഉത്തരവ്. എന്‍ ശക്തന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബാബുരാജേന്ദ്രന്‍നായര്‍, കെഎസ്ആര്‍ടിസി മുന്‍ എംഡി, മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് 2006 നവംബര്‍ 17ന് ലോകായുക്ത കണ്ടെത്തിയിരുന്നു. മൂന്നുമാസത്തിനുള്ളില്‍ തുടര്‍നടപടി സ്വീകരിക്കണമെന്നും ലോകായുക്ത അന്നു നിര്‍ദേശിച്ചു. എന്നാല്‍, ഇതുവരെ എന്തുനടപടി എടുത്തുവെന്ന് ഹര്‍ജിക്കാരനെ അറിയിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ലോകായുക്ത ജസ്റിസ് എം എം പരീത്പിള്ള, ഉപലോകായുക്ത ജസ്റിസ് കെ കെ ദിനേശന്‍ എന്നിവരുടെ ഉത്തരവ്്. 29ന് കേസ് വീണ്ടും പരിഗണിക്കും.

    ReplyDelete