Monday, March 14, 2011

ജപ്പാനിലെ ദുരന്തം

അതിശക്തമായ ഭൂകമ്പവും തുടര്‍ന്നുണ്ടായ ഭീകരമായ സുനാമിയും ജപ്പാനില്‍ കൊടിയ നാശമാണ് വിതച്ചത്. അതിന്റെ നടുക്കം മാറുന്നതിനുമുമ്പ് മറ്റൊരു വിപത്തുകൂടി ജപ്പാനെ ഗ്രസിക്കുകയാണ്. വടക്കന്‍ ജപ്പാനിലെ ഒരു ആണവനിലയത്തിലുണ്ടായ സ്‌ഫോടനവും തുടര്‍ന്നുള്ള ആണവ വികിരണ ചോര്‍ച്ചയും ഭീതിജനകമായ സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തലസ്ഥാനമായ ടോക്യോയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ഫുക്കുഷി ആണവനിലയത്തിലാണ് സ്‌ഫോടനമുണ്ടായത്. ഭൂകമ്പമുണ്ടായപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച ആണവനിലയത്തിലെ റിയാക്ടര്‍ സ്ഥിതി ചെയ്യുന്ന പ്രധാന കെട്ടിടവും പുറംചുമരുകളും ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്നിരുന്നു. തുടര്‍ന്നാണ് സ്‌ഫോടനം നടന്നത്. പ്ലാന്റിലെ ശീതീകരണ ജലം നഷ്ടപ്പെട്ടത് ആണവ വികിരണത്തിനു വഴിവെച്ചു. പ്ലാന്റിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സ്‌ഫോടനം നടന്ന ആണവ നിലയത്തിന് സമീപമുള്ള മറ്റൊരു ആണവ നിലയത്തിന്റെ പ്രവര്‍ത്തനവും തകരാറിലായിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. ആ നിലയത്തില്‍ റേഡിയേഷന്‍ തോത് സാധാരണയുള്ളതിന്റെ ആയിരം മടങ്ങ് ഉയര്‍ന്നിട്ടുണ്ട്.

ഭൂകമ്പവും സുനാമിയും മാത്രമല്ല ആണവ വികിരണം സൃഷ്ടിക്കുന്ന ദുരന്തങ്ങളും ജപ്പാന് പുത്തരിയല്ല. ആറ്റംബോംബ് സ്‌ഫോടനത്തിന്റെ ദുരിതം അനുഭവിക്കുന്ന രാജ്യമാണ് ജപ്പാന്‍. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച ആറ്റംബോംബുകളുടെ കെടുതികള്‍ ആറര ദശാബ്ദങ്ങള്‍ പിന്നിട്ടശേഷവും ജപ്പാന്‍ അനുഭവിക്കുന്നു. അതുകൊണ്ടു തന്നെ ആണവ വികിരണ വിപത്ത് ജനങ്ങളെ ഭയവിഹ്വലരാക്കുന്നു. ജപ്പാനില്‍ 54 ആണവ പ്ലാന്റുകളാണുള്ളത്. വൈദ്യുതിയുടെ മുഖ്യ സ്രോതസായി ജപ്പാന്‍ കാണുന്നത് ആണവ നിലയങ്ങളെയാണ്. ആണവ നിലയങ്ങളുടെ സുരക്ഷിതത്വത്തിന് സാധ്യമായ സംവിധാനങ്ങളെല്ലാമുണ്ട്. ഭൂകമ്പവും സുനാമിയുമുണ്ടാകുമ്പോള്‍ സ്വമേധയാ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായപ്പോള്‍ പത്ത് ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയുണ്ടായി.

ജപ്പാനെ ഗ്രസിച്ച ദുരന്തത്തില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ഭൂകമ്പവും സുനാമിയുമുണ്ടാകുമ്പോള്‍ കരുതല്‍ നടപടികളെടുക്കാന്‍ അതിവിപുലമായ സംവിധാനമുള്ള രാജ്യമാണ് ജപ്പാന്‍. ഇടയ്ക്കിടെ അവിടെ ഭൂകമ്പങ്ങള്‍ പതിവാണ്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടാകുന്നത് പരമാവധി കുറയ്ക്കാന്‍ സഹായകമായ തരത്തിലാണ് വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നത്. ഭൂകമ്പത്തെയും തുടര്‍ന്നുള്ള സുനാമിയെയും കുറിച്ചു മുന്നറിയിപ്പുകള്‍ നല്‍കുന്ന ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങളിലും ജപ്പാന്‍ ഏറെ മുന്നിലാണ്. മുന്നറിയിപ്പുണ്ടായാല്‍ തല്‍ക്ഷണം സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറാന്‍ ജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഭീകരമായ ദുരന്തത്തില്‍ ജീവഹാനി താരതമ്യേന കുറയാനുള്ള പ്രധാന കാരണം ഇതാണ്. 2005 ല്‍ ഇന്ത്യയിലും ശ്രീലങ്കയിലും ഇന്തോനേഷ്യയിലുമുണ്ടായ സുനാമിയിലെ ജീവനാശവുമായി തട്ടിച്ചുനോക്കുമ്പോള്‍ ജപ്പാനിലേതു കുറവാണെന്നു കാണാം. 1700 ല്‍ അധികം പേരാണ് വെള്ളിയാഴ്ചത്തെ സുനാമിയില്‍ മരണമടഞ്ഞത്. മരണനിരക്ക് ഇതിലും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. സുനാമി തിരകളില്‍ കുടുങ്ങിയ നാലു തീവണ്ടികള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ തീവണ്ടികളില്‍ എത്രപേരുണ്ടെന്നു വ്യക്തമായിട്ടുമില്ല.

ഭൂകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ജപ്പാന്റെ അനുഭവം നല്‍കുന്ന ഒരു പാഠം. 2005 ലെ സുനാമിക്കുശേഷമാണ് ഇന്ത്യയില്‍ സുനാമി മുന്നറിയിപ്പു സംവിധാനമുണ്ടാക്കാന്‍ നടപടി തുടങ്ങിയത്. അത് കുറ്റമറ്റതാണെന്നു പറയാനാവില്ല. തീരപ്രദേശങ്ങളില്‍ സുനാമിയെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടിടങ്ങളാണാവശ്യം.

ആണവ നിലയങ്ങളുടെ സുരക്ഷിതത്വമാണ് മറ്റൊരു പ്രശ്‌നം. ഇന്ത്യയില്‍ കല്‍പാക്കം പോലുള്ള ആണവ നിലയങ്ങള്‍ കടലില്‍ നിന്നും അധികം അകലെയല്ല. പുതുതായി ഒട്ടേറെ ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ നടപടികളെടുത്തുവരികയാണ്. ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നത് വന്‍ ദുരന്തങ്ങള്‍ക്ക് ഇടവരുത്തും.

ജപ്പാനില്‍ ദുരന്തമനുഭവിക്കുന്നവരെ സഹായിക്കാന്‍ വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യയും ഇക്കാര്യത്തില്‍ പങ്ക് വഹിക്കണം. ലോകത്തെയാകെ ഗ്രസിച്ച ദുരന്തമായി ജപ്പാനിലെ അപകടത്തെ കാണണം.

ജനയുഗം മുഖപ്രസംഗം 130311

1 comment:

  1. അതിശക്തമായ ഭൂകമ്പവും തുടര്‍ന്നുണ്ടായ ഭീകരമായ സുനാമിയും ജപ്പാനില്‍ കൊടിയ നാശമാണ് വിതച്ചത്. അതിന്റെ നടുക്കം മാറുന്നതിനുമുമ്പ് മറ്റൊരു വിപത്തുകൂടി ജപ്പാനെ ഗ്രസിക്കുകയാണ്. വടക്കന്‍ ജപ്പാനിലെ ഒരു ആണവനിലയത്തിലുണ്ടായ സ്‌ഫോടനവും തുടര്‍ന്നുള്ള ആണവ വികിരണ ചോര്‍ച്ചയും ഭീതിജനകമായ സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തലസ്ഥാനമായ ടോക്യോയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ഫുക്കുഷി ആണവനിലയത്തിലാണ് സ്‌ഫോടനമുണ്ടായത്. ഭൂകമ്പമുണ്ടായപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച ആണവനിലയത്തിലെ റിയാക്ടര്‍ സ്ഥിതി ചെയ്യുന്ന പ്രധാന കെട്ടിടവും പുറംചുമരുകളും ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്നിരുന്നു. തുടര്‍ന്നാണ് സ്‌ഫോടനം നടന്നത്. പ്ലാന്റിലെ ശീതീകരണ ജലം നഷ്ടപ്പെട്ടത് ആണവ വികിരണത്തിനു വഴിവെച്ചു. പ്ലാന്റിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സ്‌ഫോടനം നടന്ന ആണവ നിലയത്തിന് സമീപമുള്ള മറ്റൊരു ആണവ നിലയത്തിന്റെ പ്രവര്‍ത്തനവും തകരാറിലായിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. ആ നിലയത്തില്‍ റേഡിയേഷന്‍ തോത് സാധാരണയുള്ളതിന്റെ ആയിരം മടങ്ങ് ഉയര്‍ന്നിട്ടുണ്ട്

    ReplyDelete