ജനാധിപത്യത്തിലേയ്ക്കും ഐക്യ കേരളത്തിലേയ്ക്കുമുള്ള മുന്നേറ്റം 3
ഒന്നാം ഭാഗം , രണ്ടാം ഭാഗം
1957 ഏപ്രില്‍ 5 വെള്ളിയാഴ്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി. ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയും സി അച്യുതമേനോന്‍, കെ സി ജോര്‍ജ്, ടി വി തോമസ്, കെ ആര്‍ ഗൗരി, കെ പി ഗോപാലന്‍, ജോസഫ് മുണ്ടശ്ശേരി, വി ആര്‍ കൃഷ്ണയ്യര്‍, ഡോ ഏ ആര്‍ മേനോന്‍, പി കെ ചാത്തന്‍മാസ്റ്റര്‍, ടി ഏ മജീദ് എന്നിവര്‍ മന്ത്രിമാരുമായുള്ള 11 അംഗ മന്ത്രിസഭയാണ് നിലവില്‍ വന്നത്. പൊതുഭരണം, നിയമസമാധാനം, പ്ലാനിംഗ് എന്നിവയായിരുന്നു മുഖ്യമന്ത്രിയുടെ വകുപ്പുകള്‍. പില്‍ക്കാലത്ത് നിയമസമാധാനത്തിന്റെ ചുമതല മുഖ്യമന്ത്രിയില്‍ നിന്ന് വി ആര്‍ കൃഷ്ണയ്യരിലേയ്ക്കും കൃഷ്ണയ്യരില്‍ നിന്ന് അച്യുതമേനോനിലേയ്ക്കും മാറ്റി. ധനകാര്യം, കൃഷി, മൃഗസംരക്ഷണം എന്നിവ സി അച്യുതമേനോനിലും ഭക്ഷ്യം, പൊതുവിതരണം, വനം എന്നിവ കെ സി ജോര്‍ജിലും വ്യവസായം കെ പി ഗോപാലനിലും തൊഴില്‍, ട്രാന്‍സ്‌പോര്‍ട്ട്, നഗരസഭകള്‍ എന്നിവ ടി വി തോമസിലും പ്രാദേശിക സ്വയംഭരണം, പിന്നോക്കക്ഷേമം എന്നിവ ചാത്തന്‍ മാസ്റ്ററിലും പൊതുമരാമത്ത് ടി ഏ മജീദിലും എക്‌സൈസ്, റവന്യു എന്നിവ കെ ആര്‍ ഗൗരിയിലും വിദ്യാഭ്യാസം, സഹകരണം, ഫിഷറീസ് എന്നിവ ജോസഫ് മുണ്ടശ്ശേരിയിലും നിയമം, ജലസേചനം, വിദ്യുച്ഛക്തി എന്നിവ വി ആര്‍ കൃഷ്ണയ്യരിലും ആരോഗ്യം ഏ ആര്‍ മേനോനിലും നിക്ഷിപ്തമായിരുന്നു. ആര്‍ ശങ്കരനാരായണന്‍ തമ്പി പ്രഥമ സ്പീക്കറും കെ ഒ അയിഷാബായി ഡപ്യൂട്ടി സ്പീക്കറുമായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ നിയമസഭയിലെ പ്രോട്ടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട റോസമ്മ പുന്നൂസ് ആണ് സാമാജികര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ആദ്യ നിമിഷങ്ങള്‍ മുതല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ തുടങ്ങി. കുടികിടപ്പുകാരെ ആട്ടിപ്പുറത്താക്കാന്‍ ഭൂവുടമകള്‍ക്കും ജന്മികള്‍ക്കും അവകാശമില്ലെന്ന സുപ്രധാനമായ ഉത്തരവുണ്ടായി. ജനങ്ങളില്‍ പ്രത്യാശ വളരാന്‍ തുടങ്ങി. ഇത് കോണ്‍ഗ്രസുകാരെയും ഇതര കമ്മ്യൂണിസ്റ്റ് വിരുദ്ധരെയും അങ്കലാപ്പിലാക്കി. പാര്‍ട്ടി അധികാരമേറ്റെടുത്തതിന്റെ മൂന്നാം ദിവസം തന്നെ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന ശ്രീമന്നാരായണന്‍ കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും സെല്‍ഭരണമാണ് നടമാടുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വരാനിരിക്കുന്ന ദുഷ്പ്രചരണങ്ങളുടെയും അക്രമസമരത്തിന്റെയും ആമുഖമെഴുത്തായിരുന്നു അത്. തുടര്‍ന്നങ്ങോട്ട് വിദ്യാഭ്യാസ ബില്ലും കാര്‍ഷിക പരിഷ്‌കരണ നിയമവും മുന്‍നിര്‍ത്തി കോണ്‍ഗ്രസും ചില മത സാമൂദായിക ശക്തികളും കൈകോര്‍ത്തുപിടിച്ച് ആസൂത്രിത നീക്കങ്ങള്‍ ആരംഭിച്ചു. പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയ കേരളത്തിന് അനിവാര്യമായ ദീര്‍ഘകാല പരിഷ്‌കാരങ്ങള്‍ക്കും നടപടികള്‍ക്കുമാണ് ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുന്‍കൈയെടുത്തത്. എന്നാല്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയും ജനങ്ങളുടെ മതപരവും സാമുദായികവുമായ വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുകയുമാണ് കമ്മ്യൂണിസ്റ്റ് വിരോധികള്‍ ചെയ്തത്. കാര്‍ഷിക പരിഷ്‌കരണത്തിന്റെയും വിദ്യാഭ്യാസ ബില്ലിന്റെയും പ്രസക്തി എത്രമാത്രമായിരുന്നുവെന്നും അതിനെതിരായി നടന്ന വിമോചന സമരത്തിന്റെ അര്‍ഥതലങ്ങള്‍ എന്തായിരുന്നുവെന്നും കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇത്തരമൊരു പരമ്പരയില്‍ വിശദീകരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.
എന്തു തന്നെയായാലും ജനങ്ങളില്‍ ഒരു വിഭാഗത്തെ ഇളക്കിവിട്ട് അക്രമം അഴിച്ചുവിടുകയായിരുന്നു വിമോചന സമരശക്തികള്‍. ഒടുവില്‍ ജനാധിപത്യവ്യവസ്ഥയ്ക്കുമേല്‍ കളങ്കം ചാര്‍ത്തിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു സി പി ഐ സര്‍ക്കാരിനെ 1959 ജൂലൈ 31 ന് പിരിച്ചുവിട്ടു. ഇന്ത്യയില്‍ ആദ്യമായി 356-ാം വകുപ്പുപയോഗിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചുവിട്ടത് കേരളത്തിലാണ്. ആറുമാസം കേരളത്തില്‍ രാഷ്ട്രപതി ഭരണമായിരുന്നു. 1960 ഫെബ്രുവരി ഒന്നിന് പൊതു തിരഞ്ഞെടുപ്പ് നടന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്കു തന്നെ ജനങ്ങളെ അഭിമുഖീകരിച്ചു. എന്നാല്‍ കോണ്‍ഗ്രസ്, പി എസ് പി, മുസ്ലീംലീഗ്, ആര്‍ എസ് പി എന്നിവര്‍ മുന്നണിയായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നേരിട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആകെയുള്ള 102 ഏകാംഗ മണ്ഡലങ്ങളിലും 12 ദ്വയാംഗ മണ്ഡലങ്ങളിലുമായി 108 പാര്‍ട്ടി സ്ഥാനാര്‍ഥികളെയും 16 സ്വതന്ത്രരെയും അവതരിപ്പിച്ചു. ആകെയുള്ള 126 ല്‍ 124 സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ് മുന്നണി 126 ലും സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചു.
കോണ്‍ഗ്രസ് 80 സീറ്റുകളിലും പി എസ് പി 33 ലും മുസ്ലീംലീഗ് 12 ലും മത്സരിച്ചു. ഒരു സ്വതന്ത്രനുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് 63 സീറ്റും ലീഗിന് 11 ഉം പി എസ് പിക്ക് 20 സീറ്റും ലഭിച്ചു. സി പി ഐ 29 സീറ്റുകളിലും സ്വതന്ത്രര്‍ മൂന്ന് സീറ്റുകളിലും വിജയിച്ചു.
ഒരു മുന്നണിയെയും അവരുടെ ദുഷ്പ്രചരണങ്ങളെയും മതസാമുദായിക ശക്തികളുടെ സംഘടിതമായ ആക്രമണത്തെയുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 60 ലെ തിരഞ്ഞെടുപ്പില്‍ നേരിട്ടത്. 1957 ലേതിനേക്കാള്‍ കുറഞ്ഞ സീറ്റുകളേ 60 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചുള്ളൂ എന്നത് യാഥാര്‍ഥ്യം തന്നെ. എന്നാല്‍ വോട്ടിന്റെ നിലവാരത്തില്‍ നല്ല തോതില്‍ വര്‍ധനവുണ്ടായി. 1957 ലെ തിരഞ്ഞെടുപ്പില്‍ സി പി ഐയ്ക്ക് 20,59,547 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ 1960 ലെ തിരഞ്ഞെടുപ്പില്‍ 35,50,136 ആയി ഉയര്‍ന്നു. 14 ലക്ഷത്തിലധികം വോട്ടിന്റെ വര്‍ധനവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായി. പല നിയോജകമണ്ഡലങ്ങളിലും പാര്‍ട്ടിയുടെ വോട്ട് ഏഴ് ശതമാനം വരെ വര്‍ധിച്ചു. സീറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും ജനപിന്തുണ സാരമായ നിലയില്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
കോണ്‍ഗ്രസ്-പി എസ് പി-ലീഗ് സഖ്യത്തിന്റെ സര്‍ക്കാര്‍ 1960 ഫെബ്രുവരി 22 ന് അധികാരമേറ്റെടുത്തു. 63 സീറ്റ് ലഭിച്ച കോണ്‍ഗ്രസിനായിരുന്നില്ല മുഖ്യമന്ത്രിപദം. 20 സീറ്റുണ്ടായിരുന്ന പി എസ് പിയുടെ നേതാവ് പട്ടം താണുപിള്ളയാണ് മുഖ്യമന്ത്രിയായത്. തിരുകൊച്ചി സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണം പോലെ തന്നെ അനൈക്യത്തിന്റെയും കുതികാല്‍വെട്ടിന്റെയും ഭരണനേതൃത്വമായിരുന്നു 60 ല്‍ നിലവില്‍ വന്നത്. പട്ടം താണുപിള്ളയും കോണ്‍ഗ്രസ് നേതാവ് ആര്‍ ശങ്കറും തമ്മില്‍ മാത്രമായിരുന്നില്ല. ആര്‍ ശങ്കറും പി ടി ചാക്കോയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയും കെ പി സി സി നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും അനുദിനം മൂര്‍ച്ഛിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 1962 സെപ്തംബര്‍ 26 ന് പട്ടം താണുപിള്ള മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. അദ്ദേഹത്തെ പഞ്ചാബ് ഗവര്‍ണറാക്കിക്കൊണ്ടാണ് ആര്‍ ശങ്കര്‍ തന്റെ മുഖ്യമന്ത്രിപദമോഹം സഫലീകരിച്ചത്.
വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 130311

ReplyDelete