Monday, March 14, 2011

അഴകുവിടര്‍ത്തി മിസ് കേരള; നേട്ടങ്ങളുമായി 'കാവില്‍'

വിദേശവിപണിയില്‍ അഴകുവിടര്‍ത്തി മിസ് കേരള; നേട്ടങ്ങളുമായി 'കാവില്‍'

കേരളത്തിന്റെ സ്വന്തം മിസ് കേരളയും ബാര്‍ബുകളും പഫര്‍ മത്സ്യങ്ങളും വിദേശത്തെ അക്വേറിയങ്ങളില്‍ അഴകുവിടര്‍ത്തുമ്പോള്‍ സംസ്ഥാനത്തിനൊപ്പം നാട്ടിന്‍പുറത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് വരുമാനമൊരുങ്ങുന്നത്. അലങ്കാരമത്സ്യ വിപണിയിലെ സാധ്യതകള്‍കണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആലുവയ്ക്കു സമീപം കടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി യാഥാര്‍ഥ്യമാക്കിയ കേരള അക്വാവെന്‍ചേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കാവില്‍) എന്ന സ്ഥാപനമാണ് ജനകീയപങ്കാളിത്തത്തോടെ വിദേശനാണ്യം ലഭ്യമാക്കുന്നത്.

പ്രവര്‍ത്തനമാരംഭിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ 15 ലക്ഷം രൂപയുടെ മൂന്നുലക്ഷം മത്സ്യങ്ങളാണ് 'കാവില്‍'വഴി കയറ്റുമതിചെയ്തത്. അമേരിക്ക, ചൈന, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഇപ്പോള്‍ കാവില്‍നിന്നുള്ള മത്സ്യങ്ങളുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഓര്‍ഡറുകള്‍ ഇതിനു പുറമെയാണ്. നിറമീനുകളുടെ ഉല്‍പാദനവും കയറ്റുമതിയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് ജനകീയകൂട്ടായ്മയില്‍ രൂപംകൊണ്ട രാജ്യത്തെ ആദ്യത്തെയും ലോകത്തെ നാലാമത്തെയും അക്വാടെക്നോളജി പാര്‍ക്കാണിത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ 10.34 കോടി രൂപ മുതല്‍മുടക്കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. സ്വദേശിയും ഇറക്കുമതിചെയ്തതുമായ മത്സ്യക്കുഞ്ഞുങ്ങള്‍ സാറ്റലൈറ്റ് ഫാമുകളില്‍ പ്രജനനം നടത്തിയശേഷം ഗാര്‍ഹിക യൂണിറ്റുകള്‍ക്ക് (ഹോംസ്റ്റെഡ്) വളര്‍ത്താന്‍ നല്‍കുകയും ഇവിടെ നിന്നു ശേഖരിച്ച് കടുങ്ങല്ലൂരില്‍ അക്വാപാര്‍ക്കിലെ കയറ്റുമതി ഹബില്‍ എത്തിക്കുകയുംചെയ്യുന്നതാണ് പദ്ധതി. ആയിരം ഹോംസ്റ്റെഡ് യൂണിറ്റുകള്‍ ലക്ഷ്യമിടുന്നതില്‍ ഇതിനകം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, കണ്ണൂര്‍, വയനാട് ജില്ലകളിലായി 500 എണ്ണം പൂര്‍ത്തിയായി. ഒരുലക്ഷം രൂപ ചെലവുവരുന്ന ഗാര്‍ഹിക യൂണിറ്റ് നിര്‍മാണത്തിന് കുടുംബശ്രീ അംഗങ്ങള്‍ക്ക് 50,000 രൂപയുടെയും അല്ലാത്തവര്‍ക്ക് 25,000 രൂപയുടെയും സബ്സിഡിയുമുണ്ട്. കാവിലിന്റെ സ്വന്തം ഇറക്കുമതി യൂണിറ്റ് കെട്ടിടം ചിക്കാഗോയില്‍ നിര്‍മാണത്തിലുമാണ്.

സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി 20 ഏക്കര്‍ വരുന്ന ആറ് സാറ്റലൈറ്റ് ഫാമുകളും കമ്പനിക്കു കീഴിലുണ്ട്. വാള്‍വാലന്‍, എയ്ഞ്ചലുകള്‍, കാര്‍പ്പുകള്‍, വിവിധതരം മോളികള്‍, ഗെപ്പികള്‍, സിക്കിള്‍ഡുകള്‍, വ്യത്യസ്തങ്ങളായ ഗോള്‍ഡന്‍ ഫിഷുകള്‍ തുടങ്ങി 107 തരം മത്സ്യങ്ങളാണ് കാവിലുള്ളത്. കയറ്റുമതി ലക്ഷ്യമിട്ട് 55 ഇനം മത്സ്യങ്ങള്‍ ഇറക്കുമതിയുംചെയ്തു. കടുങ്ങല്ലൂരില്‍ ആറ് കയറ്റുമതി ഹബുകളാണ് കമ്പനിക്കുള്ളത്. ഒരു ഹബില്‍നിന്ന് മൂന്നുലക്ഷം എന്ന തോതില്‍ പ്രതിമാസം 18 ലക്ഷം മത്സ്യം ഇവിടെനിന്ന് കയറ്റുമതിചെയ്യാനാകും. ഉല്‍പാദനം, ഗുണമേന്മ പരിശോധന, കയറ്റുമതി പ്രോത്സാഹനം എന്നിവ ഉറപ്പുവരുത്തുന്ന അക്വാപാര്‍ക്ക് അലങ്കാരമത്സ്യ കയറ്റുമതിയിലെ രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാവില്‍ എംഡി എ ഗോപാലകൃഷ്ണന്‍നായര്‍ പറഞ്ഞു.

മുഖ്യമന്ത്രി ചെയര്‍മാനും ഫിഷറീസ്മന്ത്രി വൈസ് ചെയര്‍മാനുമായുള്ളതാണ് കമ്പനി. അഞ്ചുവര്‍ഷത്തിനകം അലങ്കാരമത്സ്യ കയറ്റുമതിയുടെ ഹബായി ഇന്ത്യ മാറുന്ന സാഹചര്യമാണുള്ളതെന്ന് കാവില്‍ കണ്‍സല്‍ട്ടന്റ് ശ്രീലങ്കന്‍ സ്വദേശിയായ കബില തിസേര പറഞ്ഞു. കാവിലിന്റെ പ്രവര്‍ത്തനംവഴി രാജ്യത്ത് കേരളത്തിനായിരിക്കും ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സിംഗപ്പുരിനുള്ള സ്ഥാനമാണ് കാവില്‍വഴി സംസ്ഥാനം കൈയടക്കുക. കയറ്റുമതിയിലൂടെ ഏതാനും വ്യക്തികള്‍ നേട്ടമുണ്ടാക്കുന്ന പതിവുരീതിയില്‍നിന്നു വിഭിന്നമായി നൂറുകണക്കിന് നിര്‍ധന കുടുംബങ്ങള്‍ക്കാണ് പദ്ധതി തുണയാകുന്നത്. സര്‍ക്കാരിന്റെ ഇഛാശക്തി ഇക്കാര്യത്തില്‍ പ്രകടമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
(ഷഫീഖ് അമരാവതി)

ദേശാഭിമാനി 140311

1 comment:

  1. കേരളത്തിന്റെ സ്വന്തം മിസ് കേരളയും ബാര്‍ബുകളും പഫര്‍ മത്സ്യങ്ങളും വിദേശത്തെ അക്വേറിയങ്ങളില്‍ അഴകുവിടര്‍ത്തുമ്പോള്‍ സംസ്ഥാനത്തിനൊപ്പം നാട്ടിന്‍പുറത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് വരുമാനമൊരുങ്ങുന്നത്. അലങ്കാരമത്സ്യ വിപണിയിലെ സാധ്യതകള്‍കണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആലുവയ്ക്കു സമീപം കടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി യാഥാര്‍ഥ്യമാക്കിയ കേരള അക്വാവെന്‍ചേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കാവില്‍) എന്ന സ്ഥാപനമാണ് ജനകീയപങ്കാളിത്തത്തോടെ വിദേശനാണ്യം ലഭ്യമാക്കുന്നത്.

    പ്രവര്‍ത്തനമാരംഭിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ 15 ലക്ഷം രൂപയുടെ മൂന്നുലക്ഷം മത്സ്യങ്ങളാണ് 'കാവില്‍'വഴി കയറ്റുമതിചെയ്തത്. അമേരിക്ക, ചൈന, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഇപ്പോള്‍ കാവില്‍നിന്നുള്ള മത്സ്യങ്ങളുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഓര്‍ഡറുകള്‍ ഇതിനു പുറമെയാണ്. നിറമീനുകളുടെ ഉല്‍പാദനവും കയറ്റുമതിയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് ജനകീയകൂട്ടായ്മയില്‍ രൂപംകൊണ്ട രാജ്യത്തെ ആദ്യത്തെയും ലോകത്തെ നാലാമത്തെയും അക്വാടെക്നോളജി പാര്‍ക്കാണിത്.

    ReplyDelete