Monday, March 14, 2011

കോന്നി, കുന്നത്തൂര്‍, അരുവിക്കര

ഇടതുപക്ഷ അടിത്തറ ശക്തമാക്കി കോന്നി

അതിരുകള്‍ പുനര്‍ നിര്‍ണ്ണയിച്ചതോടെ മലയോര മേഖലയായ കോന്നിയില്‍ ഇത്തവണ ഇടതുപക്ഷ അടിത്തറ കൂടുതല്‍ ശക്തമായി. ഇടതുസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ ഇടത് അടിത്തറ ശക്തമായതും കോന്നിയില്‍ എല്‍ ഡി എഫിന് അനുകൂല സാഹചര്യമൊരുക്കുന്നു.

1965ല്‍ ആണ് കോന്നി മണ്ഡലം രൂപീകൃതമാകുന്നത്. അന്ന് വരെ പത്തനംതിട്ടയുടെ ഭാഗമായിരുന്നു കോന്നി. 1965ല്‍ കോണ്‍ഗ്രസ്സിലെ പി ജെ തോമസും 67ല്‍ സി പി ഐയിലെ പന്തളം പിആര്‍ 70ല്‍ വീണ്ടും പി ജെ തോമസ് 80,82 വര്‍ഷങ്ങളില്‍ സി പി എമ്മിലെ വി എസ് ചന്ദ്രശേഖരന്‍പിള്ളയും 87ല്‍ എന്‍ ഡി പിയിലെ ചിറ്റൂര്‍ ശശാങ്കന്‍ നായരും 91ല്‍ സി പി എമ്മിലെ എ പത്മകുമാറുമാണ് വിജയിച്ചത്. 96, 2001, 2006 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിലെ അടൂര്‍ പ്രകാശ് തുടര്‍ച്ചയായി വിജയിച്ചു. സി പി എമ്മിലെ എ പത്മകുമാര്‍, കടമ്മനിട്ട രാമകൃഷ്ണന്‍, വി ആര്‍ ശിവരാജന്‍ എന്നിവരെയാണ് അടൂര്‍ പ്രകാശ് മൂന്ന് കാലയളവിലായി പരാജയപ്പെടുത്തിയത്.  പുതിയ കോന്നി മണ്ഡലത്തില്‍ 13 ഗ്രാമപഞ്ചാ യത്തുകളുണ്ട്്. പഴയ റാന്നിയില്‍ നിന്ന് ചിറ്റാറും സീതത്തോടും പത്തനംതിട്ടയില്‍ നിന്ന ്‌മൈലപ്രയും വള്ളിക്കോടും അടൂരില്‍നിന്ന് ഏനാദിമംഗലം പഞ്ചായത്തും പുതിയ കോന്നി മണ്ഡലത്തില്‍ ചേര്‍ന്നു. മലയാലപ്പുഴ, തണ്ണിത്തോട്, കോന്നി, പ്രമാടം, കലഞ്ഞൂര്‍, അരുവാപ്പുലം എന്നിവ കോന്നിയില്‍ തന്നെ നിലനില്‍ക്കുന്നു. നിലവില്‍ മലയാലപ്പുഴ, തണ്ണിത്തോട്, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരണത്തിലാണ്.  കര്‍ഷകരും കര്‍ഷകതൊഴിലാളികളുമാണ് മണ്ഡലത്തിലെ വോട്ടര്‍മാരിലേറെയും.  കോന്നിയില്‍ 82999  പുരുഷന്‍മാരും 96176 വനിതകളുമുള്‍പ്പെടെ 179175 വോട്ടര്‍മാരാണുള്ളത്. എല്‍ ല്‍ ഡി എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും, മാറിയ രാഷ്ട്രീയ കാലാവസ്ഥയും മണ്ഡലത്തിന്റെ പുതിയ രൂപഘടനയും എല്‍ ഡി എഫിന് ഇടത് കോട്ട നിലനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുന്നത്തൂരില്‍ എന്നും ഇടതുപക്ഷ മനസ്സ്

തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് 1952ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ ദ്വയാംഗ മണ്ഡലമായിരുന്നു. കോണ്‍ഗ്രസിലെ ആദിച്ചനും മാധവന്‍ ഉണ്ണിത്താനും വിജയിച്ചു. ആദിച്ചന് 6744 വോട്ടും മാധവനുണ്ണിത്താന് 4819 വോട്ടും ലഭിച്ചു. ഇരുവര്‍ക്കും യഥാക്രമം 26800 വോട്ടും 26303 വോട്ടുമാണ് ലഭിച്ചത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഗോപാലന്‍നായര്‍ക്ക് 21484 വോട്ടും കൃഷ്ണശാസ്ത്രിക്ക് 20056 വോട്ടും ആര്‍എസ്പിയിലെ രാഘവന്‍പിള്ളയ്ക്ക് 10874 വോട്ടും ലഭിച്ചു. 1954ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലെ പന്തളം പി ആര്‍ മാധവന്‍പിള്ള 5778 വോട്ടിനും ആര്‍എസ്പിയിലെ കെഎസ് കൃഷ്ണശാസ്ത്രി 5666 വോട്ടിനും വിജയിച്ചു. ഇരുവര്‍ക്കും യഥാക്രമം 29283 വോട്ടും 29002 വോട്ടുമാണ് ലഭിച്ചത്.
എതിര്‍സ്ഥാനാര്‍ത്ഥികളായ കോണ്‍ഗ്രസിലെ പി സി ആദിച്ചന് 23505 വോട്ടും, ഭാസ്‌കരന്‍ നായര്‍ക്ക് 23436 വോട്ടും ലഭിച്ചു.

1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്കായിരുന്നു മത്സരം. പന്തളം പി ആര്‍ 12180 വോട്ടും ആര്‍ ഗോവിന്ദന്‍ 11339 വോട്ടിനും വിജയിച്ചു. കോണ്‍ഗ്രസിലെ വേലായുധന്‍ നായര്‍ക്ക് 29389 വോട്ടും സി അച്യുതന് 25982 വോട്ടും ആര്‍എസ്പിയിലെ കെഎസ് കൃഷ്ണശാസ്ത്രിക്ക് 11698 വോട്ടും എന്‍പി ഫിലിപ്പോസ് മുതലാളിക്ക് 8092 വോട്ടും ലഭിച്ചപ്പോള്‍ പിഎസ്പിയിലെ കെ ഗോപാലന്‍നായര്‍ക്ക് 10542 വോട്ടും കൊച്ചുകുഞ്ഞിന് 5136 വോട്ടും ലഭിച്ചു. വിമോചനസമരത്തെ തുടര്‍ന്ന് നടന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസിലെ ജി ചന്ദ്രശേഖരപിള്ള 2170 വോട്ടിനും സിപിഐയിലെ പി സി ആദിച്ചന്‍ 448 വോട്ടിനും വിജയിച്ചു. ഇവര്‍ക്ക് യഥാക്രമം 51101 വോട്ടും 49253 വോട്ടുമാണ് ലഭിച്ചത്. സിപിഐയിലെ പന്തളം പിആര്‍ മാധവന്‍പിള്ളയ്ക്ക് 48921 വോട്ടും പിഎസ്പിയിലെ സി സി പ്രസാദിന് 48805 വോട്ടും ലഭിച്ചു.

1965ല്‍ കേരളാ കോണ്‍ഗ്രസിലെ ടി കൃഷ്ണന്‍ 3437 വോട്ടിന് വിജയിച്ചു. കൃഷ്ണന്‍ 15734 വോട്ടും കോണ്‍ഗ്രസിലെ ടി കേശവന് 12297 വോട്ടും, സ്വതന്ത്രനായ കെ ചന്ദ്രശേഖരശാസ്ത്രിക്ക് 10165 വോട്ടും സിപിഎമ്മിലെ കെ സി നാണുവിന് 9689 വോട്ടുമാണ് ലഭിച്ചത്. 1967ല്‍ സ്വാതന്ത്രനായ കെ ചന്ദ്രശേഖരശാസ്ത്രി 12951 വോട്ടിന് വിജയിച്ചു. ശാസ്ത്രിക്ക് 26510 വോട്ടും കേരളാ കോണ്‍ഗ്രസിലെ  ടി കേശവന് 13559 വോട്ടും ലഭിച്ചു.

1970ല്‍ ആര്‍എസ്പിയിലെ സത്യപാലന്‍ 11480 വോട്ടിന് വിജയിച്ചു. സ്വതന്ത്രനായ ഓണമ്പലം പ്രഭാകരന്‍ 17528 വോട്ടും കേരളാ കോണ്‍ഗ്രസിലെ ടി കൃഷ്ണന് 6203 വോട്ടും ലഭിച്ചു. 1977ല്‍ ആര്‍എസ്പിയിലെ കല്ലട നാരായണനായിരുന്നു വിജയം. നാരായണന്‍ 18244 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. അദ്ദേഹത്തിന് 43347 വോട്ടും സിപിഎമ്മിലെ സി കെ തങ്കപ്പന് 25103 വോട്ടുമാണ് ലഭിച്ചത്.

1980ലും കല്ലട നാരായണനായിരുന്നു വിജയം. ഭൂരിപക്ഷം 10896 വോട്ട്. അദ്ദേഹത്തിന് 40582 വോട്ടും ജനതാപാര്‍ട്ടിയിലെ കോട്ടക്കുഴി സുകുമാരന് 29686 വോട്ടും ലഭിച്ചു.

1982ല്‍ ജനതാ(ജി)യിലെ കോട്ടക്കുഴി സുകുമാരന്‍ 3390 വോട്ടിന് വിജയിച്ചു. അദ്ദേഹത്തിന് 39992 വോട്ടും ആര്‍എസ്പിയിലെ കല്ലട നാരായണന് 36602 വോട്ടും ലഭിച്ചു. 1987ല്‍ ആര്‍എസ്പിയിലെ ടി നാണുമാസ്റ്റര്‍ക്കായിരുന്നു വിജയം. ഭൂരിപക്ഷം 10653 വോട്ട്. മാസ്റ്റര്‍ക്ക് 52447 വോട്ടും കോണ്‍ഗ്രസിലെ കെ കെ ബാലകൃഷ്ണന് 41794 വോട്ടും ലഭിച്ചു.

1991ലും 96ലും ടി നാണുമാസ്റ്ററുടെ വിജയം ആവര്‍ത്തിച്ചു. 91ല്‍ കോണ്‍ഗ്രസിലെ വി ശശിധരനെ 2602 വോട്ടിനും 96ല്‍ കോണ്‍ഗ്രസിലെ വിശാലാക്ഷിയെ 4763 വോട്ടിനുമാണ് മാസ്റ്റര്‍ തോല്‍പ്പിച്ചത്.

2001ല്‍ ആര്‍എസ്പിയിലെ കോവൂര്‍ കുഞ്ഞുമോന്‍ 3486 വോട്ടിന് കോണ്‍ഗ്രസിലെ പന്തളം സുധാകരനെ തോല്‍പ്പിച്ചു. കോവൂരിന് 60827 വോട്ടും സുധാകരന് 57341 വോട്ടും ലഭിച്ചു. 2006ല്‍ കുഞ്ഞുമോന്‍ വീണ്ടും വിജയിയായി. ഭൂരിപക്ഷം 22573 വോട്ട്. കുഞ്ഞുമോന് 65011 വോട്ടും കോണ്‍ഗ്രസിലെ പി രാമഭദ്രന് 42438 വോട്ടും ലഭിച്ചു.

കുന്നത്തൂര്‍ സംവരണ മണ്ഡലത്തില്‍ ശൂരനാട് നോര്‍ത്ത്, സൗത്ത്, പോരുവഴി, കുന്നത്തൂര്‍, ശാസ്താംകോട്ട, മൈനാഗപ്പള്ളി, വെസ്റ്റ് കല്ലട, കരുനാഗപ്പള്ളി താലൂക്കിലെ തഴവ പഞ്ചായത്തും ഉള്‍പ്പെടന്നതായിരുന്നു. പുനര്‍നിര്‍ണയത്തിനുശേഷം കുണ്ടറ മണ്ഡലത്തിലെ ഈസ്റ്റ് കല്ലട, മണ്‍ട്രോതുരുത്ത്, ഇല്ലാതായപ്പോള്‍  നെടുവത്തൂര്‍ മണ്ഡലത്തിലെ പവിത്രേശ്വരവും മുന്‍ മണ്ഡലത്തിലുണ്ടായിരുന്ന ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത്, പോരുവഴി, കുന്നത്തൂര്‍, ശാസ്താംകോട്ട, മൈനാഗപ്പള്ളി, വെസ്റ്റ്കല്ലട എന്നീ പഞ്ചായത്തുകളുമാണ് ഉള്‍പ്പെടുന്നത്.

ആദ്യപോരാട്ടത്തിന് അരുവിക്കര

തിരുവനന്തപുരം: മണ്ഡലം പുനസംഘടനയെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട മണ്ഡലമാണ് അരുവിക്കര നിയോജക മണ്ഡലം. പഴയ ആരന്യാട്, നെടുമങ്ങാട് മണ്ഡലങ്ങളില്‍ നിന്നും ചില ഗ്രാമപഞ്ചായത്തുകള്‍ പുതിയ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കാര്‍ഷികമേഖലക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലങ്ങളില്‍ ഒന്നാണിത്. ഇവിടെ തൊഴിലാളികള്‍ക്കിടയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഉറച്ച് അടിത്തറയാണുള്ളത്. ഇത് ഇക്കുറി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.പുതിയതായി രൂപീകരിക്കപ്പെട്ട ഈ നിയോജകമണ്ഡലത്തില്‍ അരുവിക്കര, ആരന്യാട്, തൊളിക്കോട്, വിതുര, കുറ്റിച്ചല്‍, പൂവച്ചല്‍, വെള്ളനാട്, ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് അരുവിക്കര നിയോജകമണ്ഡലം. ഇതില്‍ വെള്ളനാട്, അരുവിക്കര ഗ്രാമപഞ്ചായത്തുകള്‍ നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ നിന്നും വന്നുചേര്‍ന്നവയാണ്. ബാക്കിയുള്ള പഞ്ചായത്തുകള്‍ പഴയ ആര്യനാട് മണ്ഡലത്തിന്റെ ഭാഗമായിരുന്നു.
ഇവയില്‍ തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകള്‍ എല്‍ ഡി എഫ് ഭരണത്തിലാണ്. മണ്ഡല പുനര്‍നിര്‍ണയവും മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

ജനയുഗം 140311

1 comment:

  1. അതിരുകള്‍ പുനര്‍ നിര്‍ണ്ണയിച്ചതോടെ മലയോര മേഖലയായ കോന്നിയില്‍ ഇത്തവണ ഇടതുപക്ഷ അടിത്തറ കൂടുതല്‍ ശക്തമായി. ഇടതുസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ ഇടത് അടിത്തറ ശക്തമായതും കോന്നിയില്‍ എല്‍ ഡി എഫിന് അനുകൂല സാഹചര്യമൊരുക്കുന്നു.

    ReplyDelete