രൂക്ഷമായ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യന്‍ ജനതയുടെ ദുസ്സഹമായ ജീവിതാവസ്ഥയ്ക്കുനേര്‍ക്ക് നടത്തുന്ന സാമ്പത്തിക യുദ്ധപ്രഖ്യാപനമാണ് യുപിഎ മന്ത്രിസഭയുടെ വാര്‍ഷിക പൊതുബജറ്റ്. രാജ്യം നേരിടുന്ന പ്രധാന വിഷയമായ വിലക്കയറ്റത്തെ നേരിടാനുള്ള യുക്തമായ ഒരു പദ്ധതിയും ബജറ്റിലില്ല. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നടപടിയില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴിലില്ലായ്മയെ നേരിടാനുള്ള നീക്കവുമില്ല. കള്ളപ്പണം തിരിച്ചുപിടിക്കാന്‍ പ്രഖ്യാപനമല്ലാതെ കൃത്യമായ ഒരു നടപടി നിര്‍ദേശവുമില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് അങ്ങേയറ്റത്തെ നിര്‍വികാരത പുലര്‍ത്തുന്ന ഒരു മന്ത്രിസഭയ്ക്കു മാത്രമേ ഇത്തരത്തിലൊരു ബജറ്റ് ഈ ഘട്ടത്തില്‍ അവതരിപ്പിക്കാന്‍ കഴിയൂ.
വന്‍കിട കോര്‍പറേറ്റ് സിംഹങ്ങള്‍ക്ക് വാരിക്കോരി ഇളവനുവദിക്കുന്ന അതേ ബജറ്റില്‍ത്തന്നെയാണ് പാവപ്പെട്ടവനുമേല്‍ കൂടുതല്‍ കനത്ത സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്നത്. ഒറ്റ ഉദാഹരണംകൊണ്ടുതന്നെ ഇത് വ്യക്തമാക്കാം. ഒരുവശത്ത് കോര്‍പറേറ്റ് സര്‍ചാര്‍ജ് അഞ്ചുശതമാനമായി കുറച്ചിരിക്കുന്നു; മറുവശത്ത് നൂറ്റിമുപ്പത് അവശ്യ ഉപഭോക്തൃസാധനങ്ങള്‍ക്കുമേല്‍ ഒരു ശതമാനം സെന്‍ട്രല്‍ എക്സൈസ് നികുതി ചുമത്തുകയും ചെയ്തിരിക്കുന്നു. പാവപ്പെട്ടവരെ പിഴിഞ്ഞെടുത്ത് വന്‍കിടക്കാരെ കൊഴുപ്പിക്കുന്ന ഈ നയം ബജറ്റിലുടനീളം പ്രതിഫലിച്ചുനില്‍ക്കുന്നു.
ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണനയങ്ങള്‍ ദുരന്തമാണുണ്ടാക്കിയത് എന്നത് തിരിച്ചറിഞ്ഞിട്ടും അതേ നയം കൂടുതല്‍ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുകയാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ഈ ബജറ്റിലൂടെ. ഈ നയം നടപ്പാക്കിയ ഘട്ടത്തില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം അമ്പത്തിരണ്ടായി ഉയര്‍ന്നു. അതേസമയം, ഒരു ദിവസത്തെ ചെലവിന് 20 രൂപ പോലുംകൈയിലില്ലാത്തവരുടെ സംഖ്യ എണ്‍പതുകോടി കടന്നു. ഈ നയം തിരുത്താന്‍ സന്നദ്ധമല്ല എന്നതിന്റെ പ്രഖ്യാപനംകൂടിയാണ് പുതിയ ബജറ്റ്.
2008-2009ല്‍ 4,14,099 കോടി രൂപയുടെ റവന്യൂ വരുമാനമാണ് വന്‍കിടക്കാര്‍ക്കായി ഈ ഗവണ്‍മെന്റ് എഴുതിത്തള്ളിയത്. 2009-2010ല്‍ 5,02,299 കോടി എഴുതിത്തള്ളി. ഖജനാവിലേക്ക് വരേണ്ടിയിരുന്ന തുകയുടെ 79.54 ശതമാനം നികുതിയിളവുകളായി നല്‍കി കോര്‍പറേറ്റുകളെ സന്തോഷിപ്പിച്ചുകൊണ്ടാണ് യുപിഎ മന്ത്രിസഭ ഇതു ചെയ്തത്. ഖജനാവിലേക്ക് വരേണ്ട തുക വന്‍കിടക്കാരില്‍നിന്ന് പിരിച്ചെടുത്താല്‍ ഭക്ഷ്യ സബ്സിഡി അടക്കമുള്ളവയ്ക്കായി പ്രയോജനപ്പെടുത്താം. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന നില ഒഴിവാക്കാം. പക്ഷേ, രാഷ്ട്രീയ ഇച്ഛാശക്തി കോര്‍പറേറ്റുകള്‍ക്ക് അടിയറവച്ചവരില്‍നിന്ന് അത് പ്രതീക്ഷിക്കേണ്ടതില്ല. ആ കോര്‍പറേറ്റ് പ്രീണനസംസ്കാരമാണ്, ഇപ്പോള്‍ കോര്‍പറേറ്റ് നികുതി സര്‍ചാര്‍ജ് ഏഴര ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി കുറയ്ക്കുന്നതിനും ഉപഭോക്തൃവസ്തുക്കളുടെ നികുതി ബജറ്റ് നിര്‍ദേശത്തിലൂടെ ഉയര്‍ത്തുന്നതിനും പിന്നിലുള്ളത്.
ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, ധനമന്ത്രി പ്രണബ് മുഖര്‍ജിയെ അഭിനന്ദിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ല. അഴിമതിക്കെതിരെ ചെറുവിരല്‍പോലുമനക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല. സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെ നീക്കങ്ങളില്ല. തൊണ്ണൂറുലക്ഷത്തിലേറെ വരുന്ന വിദേശ ബാങ്കുകളിലെ ഇന്ത്യന്‍ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ നിര്‍ദേശങ്ങളില്ല. അപ്പോള്‍ പിന്നെ പ്രധാനമന്ത്രി എങ്ങനെ ധനമന്ത്രിയെ അഭിനന്ദിക്കാതിരിക്കും?
ബജറ്റ് വലിയ ഒരു വിഭവസമാഹരണമേഖലയായി കണ്ടിട്ടുള്ളത് പൊതുമേഖലാസ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കലാണ്. 40,000 കോടി രൂപ അങ്ങനെ സമാഹരിക്കാമെന്നാണ് ബജറ്റ് കണക്കുകൂട്ടുന്നത്. ലാഭത്തില്‍ നടക്കുന്ന ഇന്‍ഷുറന്‍സ് അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ ഇതില്‍പെടും. നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കവാടങ്ങള്‍ കൂടുതല്‍ മലര്‍ക്കെ തുറന്നിടാനാണ് ബജറ്റില്‍ നിര്‍ദേശമുള്ളത്. നിക്ഷേപകാര്യത്തില്‍ 51:49 ശതമാന അനുപാതത്തിന്റ കാര്യം ഇപ്പോള്‍ ധനമന്ത്രി പറയുന്നതേയില്ല എന്നതും ശ്രദ്ധേയമാണ്. ഏറെക്കാലമായി ചര്‍ച്ചചെയ്യുന്ന ഭക്ഷ്യസുരക്ഷാബില്‍ നിയമമാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുന്നുണ്ട്. എന്നാല്‍, അത് നടപ്പാക്കാനുള്ള പണം ബജറ്റില്‍ നീക്കിവച്ചതായി കാണാനില്ല. 2012 മുതല്‍ പ്രത്യക്ഷ നികുതിനിയമം പ്രാബല്യത്തില്‍ വരുമെന്ന് പറയുന്നുണ്ട്. പ്രത്യക്ഷനികുതി വര്‍ധന പരിമിതപ്പെടുത്തി പരോക്ഷനികുതി വര്‍ധനയിലും ബജറ്റുകള്‍ക്കിടയിലുള്ള ഘട്ടത്തിലെ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയുള്ള നിരക്കുവര്‍ധനയിലും കേന്ദ്രീകരിക്കുന്ന രീതി എത്ര കുറയുമെന്നത് കണ്ടറിയണം.
സാങ്കല്‍പ്പിക കാര്യങ്ങളില്‍ അധിഷ്ഠിതമായാണ് ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്. വരുംവര്‍ഷങ്ങളില്‍ നല്ല മണ്‍സൂണ്‍ ഉണ്ടാകുമെന്നും ഭക്ഷ്യോല്‍പ്പാദനം കൂടുമെന്നും ഒമ്പത് ശതമാനം നിരക്കില്‍ സമ്പദ്ഘടന വളരുമെന്നും പണപ്പെരുപ്പനിരക്ക് കുറയുമെന്നും കാര്‍ഷികമേഖല വളര്‍ച്ചാനിരക്ക് 5.4 ശതമാനത്തിലെത്തുമെന്നുമൊക്കെ ധനമന്ത്രി സ്വപ്നം കാണുന്നു. ആഗ്രഹചിന്തകള്‍ക്കുമേല്‍ കെട്ടിപ്പൊക്കിയിട്ടുള്ള ബജറ്റ് എത്രമേല്‍ യാഥാര്‍ഥ്യത്തോടടുത്തുവരും എന്നത് കാണാനിരിക്കുന്നതേയുള്ളൂ. വരുംവര്‍ഷത്തെക്കുറിച്ച് ധനമന്ത്രിക്ക് അത്രയേറെ വിശ്വാസമുണ്ടെങ്കില്‍ സര്‍വീസ് മേഖലയ്ക്കുമേലുള്ള നികുതിവല മുമ്പൊരുകാലത്തുമില്ലാത്തത്ര വിസ്താരത്തില്‍ ഇത്തവണ വീശിയതെന്തിന്? രക്തപരിശോധനയ്ക്കുവരെ സര്‍വീസ് ടാക്സ്! ആരോഗ്യമേഖലയിലെ മിക്കവാറും മുഴുവന്‍ സേവനങ്ങളെയും നികുതിവലയില്‍പെടുത്തിയിരിക്കുകയാണ് മന്ത്രി. ജനങ്ങളുടെ ആരോഗ്യപരിരക്ഷാകാര്യത്തില്‍ കരുതലില്ലാത്ത ഗവണ്‍മെന്റാണിത് എന്നത് എടുത്തുപറയേണ്ട കാര്യമില്ല. ചികിത്സയും ആരോഗ്യപരിപാലനവും കൂടുതല്‍ വിലപിടിച്ചതാകുമെന്നു ചുരുക്കം.
ആദായനികുതിപരിധി 1,60,000 ആയിരുന്നത് 1,80,000 ആയി ഉയര്‍ത്തിയ ബജറ്റ്, ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് നല്‍കാറുള്ള പ്രത്യേക ഇളവ് അവസാനിപ്പിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമില്ല എന്നതാകാം നിലപാട്. ദരിദ്ര ജനവിഭാഗത്തിനുള്ള ചില മേഖലയിലെ സഹായങ്ങള്‍ അവശ്യവസ്തുവായല്ല, പണമായാണത്രെ ഇനി നല്‍കുക. ആനുകൂല്യങ്ങള്‍ ഇടനിലക്കാര്‍ തട്ടിയെടുക്കാനാകും ഇതുമൂലം സാധ്യത തെളിയുക. പൊതുവിതരണസമ്പ്രദായത്തെ പാടെ അവഗണിച്ചതും ബജറ്റിന്റെ രാഷ്ട്രീയസ്വഭാവം എന്തെന്നതിന് തെളിവു തരുന്നുണ്ട്.
കേന്ദ്രബജറ്റ് കേരളത്തെ അതിരൂക്ഷമായി അവഗണിച്ചിരിക്കുന്നു എന്നത് പ്രതിഷേധാര്‍ഹമാണ്. കൊച്ചി മെട്രോ, ഐഐടി തുടങ്ങിയ പ്രഖ്യാപിത പദ്ധതികള്‍ക്കുപോലും പണമില്ല. എഫ്എസിടി അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചിരിക്കുന്നു. കേന്ദ്രനികുതി ഓഹരി വീണ്ടും കുറയുന്നു. ഗള്‍ഫ് നാടുകളിലടക്കം കുഴപ്പങ്ങള്‍ പടരുമ്പോഴും പ്രവാസികള്‍ക്കായി ഒരു പദ്ധതിയുമില്ല. വിമാനനിരക്ക് വര്‍ധനയിലൂടെ പ്രവാസികള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്നു. കേരളം നേരിടുന്ന വലിയ ദുരന്തമായ എന്‍ഡോസള്‍ഫാന്‍ പ്രശ്നം മുന്‍നിര്‍ത്തി കേരളം സമര്‍പ്പിച്ച പാക്കേജിന് അംഗീകാരം നല്‍കിയിട്ടില്ല. പുതിയ പദ്ധതികളില്ല. അനുവദിച്ചവ നടപ്പാക്കാന്‍ വേണ്ട പണവുമില്ല. ചുരുക്കത്തില്‍, കേരളത്തിന്റെ വികസനതാല്‍പ്പര്യങ്ങളെ പാടേ അവഗണിക്കുന്ന ബജറ്റാണിത്. ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെ ഒരുവര്‍ഷവും ഇത്ര കടുത്ത അവഗണന കേരളത്തിനു നേരിടേണ്ടിവന്നിട്ടില്ല. അന്ന് കേരളതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടത്ര ശക്തിയുള്ള ഇടതുപക്ഷത്തിന്റെ പിന്തുണയിലായിരുന്നു ആ ഗവണ്‍മെന്റ് നിലനിന്നിരുന്നത്. എന്നാലിന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍നിന്ന് ജയിച്ച് ലോക്സഭയിലെത്തുകയും അവരില്‍ പലരും കേന്ദ്രമന്ത്രിമാരായിരിക്കുകയും ചെയ്യുമ്പോള്‍ കേരളം അവഗണിക്കപ്പെടുന്നു. ഈ അവഗണനയ്ക്ക് കോണ്‍ഗ്രസ് മറുപടി പറഞ്ഞേ പറ്റൂ.
ദേശാഭിമാനി മുഖപ്രസംഗം 010311
കേന്ദ്രബജറ്റ് കേരളത്തെ അതിരൂക്ഷമായി അവഗണിച്ചിരിക്കുന്നു എന്നത് പ്രതിഷേധാര്‍ഹമാണ്. കൊച്ചി മെട്രോ, ഐഐടി തുടങ്ങിയ പ്രഖ്യാപിത പദ്ധതികള്‍ക്കുപോലും പണമില്ല. എഫ്എസിടി അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചിരിക്കുന്നു. കേന്ദ്രനികുതി ഓഹരി വീണ്ടും കുറയുന്നു. ഗള്‍ഫ് നാടുകളിലടക്കം കുഴപ്പങ്ങള്‍ പടരുമ്പോഴും പ്രവാസികള്‍ക്കായി ഒരു പദ്ധതിയുമില്ല. വിമാനനിരക്ക് വര്‍ധനയിലൂടെ പ്രവാസികള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്നു. കേരളം നേരിടുന്ന വലിയ ദുരന്തമായ എന്‍ഡോസള്‍ഫാന്‍ പ്രശ്നം മുന്‍നിര്‍ത്തി കേരളം സമര്‍പ്പിച്ച പാക്കേജിന് അംഗീകാരം നല്‍കിയിട്ടില്ല. പുതിയ പദ്ധതികളില്ല. അനുവദിച്ചവ നടപ്പാക്കാന്‍ വേണ്ട പണവുമില്ല. ചുരുക്കത്തില്‍, കേരളത്തിന്റെ വികസനതാല്‍പ്പര്യങ്ങളെ പാടേ അവഗണിക്കുന്ന ബജറ്റാണിത്. ഒന്നാം യുപിഎ ഗവണ്‍മെന്റിന്റെ ഒരുവര്‍ഷവും ഇത്ര കടുത്ത അവഗണന കേരളത്തിനു നേരിടേണ്ടിവന്നിട്ടില്ല. അന്ന് കേരളതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടത്ര ശക്തിയുള്ള ഇടതുപക്ഷത്തിന്റെ പിന്തുണയിലായിരുന്നു ആ ഗവണ്‍മെന്റ് നിലനിന്നിരുന്നത്. എന്നാലിന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തില്‍നിന്ന് ജയിച്ച് ലോക്സഭയിലെത്തുകയും അവരില്‍ പലരും കേന്ദ്രമന്ത്രിമാരായിരിക്കുകയും ചെയ്യുമ്പോള്‍ കേരളം അവഗണിക്കപ്പെടുന്നു. ഈ അവഗണനയ്ക്ക് കോണ്‍ഗ്രസ് മറുപടി പറഞ്ഞേ പറ്റൂ.
ReplyDeleteകേന്ദ്രബജറ്റ്: യുഎസ് കോര്‍പറേറ്റുകള്‍ക്ക് ആഹ്ളാദം
ReplyDeleteവാഷിങ്ടണ്‍: പ്രണബ്മുഖര്‍ജി അവതരിപ്പിച്ച കേന്ദ്രബജറ്റിനെ അമേരിക്കന്‍ കോര്‍പറേറ്റ് ലോകം വാഴ്ത്തുന്നു. വിദേശനിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതാണ് ഇന്ത്യന്‍ ബജറ്റ്നിര്‍ദേശങ്ങളെന്ന് യുഎസ്-ഇന്ത്യ ബിസിനസ് കൌണ്‍സില്‍(യുഎസ്ഐബിസി) പ്രസിഡന്റ് റോ സോമേഴ്സ് പറഞ്ഞു. മ്യൂച്ചല്‍ ഫണ്ട് മേഖലയെ വിദേശനിക്ഷേപകര്‍ക്കായി തുറന്നുകൊടുത്തത് അങ്ങേയറ്റം പ്രശംസ അര്‍ഹിക്കുന്ന നടപടിയാണെന്ന് അദ്ദേഹം തുടര്‍ന്നു. ഇന്ത്യയുടെ ധനകമ്പോളത്തില്‍ പങ്കാളിയാകാന്‍ ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ അമേരിക്കന്‍നിക്ഷേപകര്‍ സജ്ജമാണ്. 4600 കോടി ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങാനുള്ള നീക്കവും അമേരിക്കയ്ക്ക് ഗുണകരമാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പ്പനശൃംഖല സ്ഥാപിക്കാനുള്ള തീരുമാനത്തെയും അമേരിക്കന്‍ ബിസിനസുകാര്‍ സ്വാഗതംചെയ്യുന്നുവെന്ന് സോമര്‍ പറഞ്ഞു.