Saturday, March 5, 2011

വടകര: ഇടതുപക്ഷത്തോടൊപ്പം അടിയുറച്ച്

തെക്ക് കോട്ടക്കല്‍പ്പുഴ എന്ന് വിളിക്കുന്ന മൂരാട് പുഴ മുതല്‍ വടക്ക് പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിവരെ നീണ്ടുകിടക്കുന്നതാണ് വടകര മണ്ഡലം. കിഴക്ക് നാദാപുരം മണ്ഡലത്തിലെ എടച്ചേരിയും പുതുതായി രൂപംകൊണ്ട കുറ്റ്യാടി മണ്ഡലത്തിലെ വില്യാപ്പള്ളി, മണിയൂര്‍ പഞ്ചായത്തുകളുമാണ്. ഒഞ്ചിയം രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്നത് വടകര കടല്‍ തീരത്തെ പുറങ്കരയിലാണ്. രക്തസാക്ഷി സ്മരണയില്‍ വടകര മണ്ഡലം എന്നും ചുവപ്പന്‍ സ്വപ്നങ്ങളാണ് കണ്ടത്.

മണ്ഡലം രൂപീകരിച്ച 1957ല്‍ ഏവര്‍ക്കും പ്രിയങ്കരനായ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് എം കെ കേളുഏട്ടനാണ് വിജയിച്ചത്. വിമോചന സമരത്തിന്ശേഷം നടന്ന 1960ലെ തെരഞ്ഞെടുപ്പില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി എം കൃഷ്ണന്‍ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ പിന്തുണയോടെ വിജയിച്ചു. 1965ല്‍ കമ്യൂണിസ്റ്റ് പാര്‍ടി പിന്തുണയോടെ പിഎസ്പി സ്ഥാനാര്‍ഥിയായി എം കൃഷ്ണന്‍ വിജയിച്ചു. 1967ല്‍ ഇടതുപക്ഷ മുന്നണിയുടെ പിന്തുണയോടെ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായി എം കൃഷ്ണന്‍ വിജയിച്ചു. 1970ല്‍ ഇടത്മുന്നണി പിന്തുണയോടെ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായി എം കൃഷ്ണന്‍ വീണ്ടും വിജയിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1977ല്‍ ജനതാ പാര്‍ടി നേതാവ് കെ ചന്ദ്രശേഖരന്‍ ഇടതുമുന്നണി പിന്തുണയോടെ വിജയിച്ചു.

1980ല്‍ വലതുപക്ഷത്തേക്ക് പോയ സോഷ്യലിസ്റ്റുകള്‍ കെ ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കി. കമ്യൂണിസ്റ് വിരുദ്ധ ശക്തികളുടെ മുഴുവന്‍ പിന്തുണയും ഉണ്ടായിട്ടും ആയിരത്തില്‍ താഴെ വോട്ടിനാണ് അന്ന് ചന്ദ്രശേഖരന്‍ കഷ്ടിച്ച് ജയിച്ചത്. 1982ല്‍ ഇടതുപക്ഷത്തേക്ക് തിരിച്ച് വന്ന ചന്ദ്രശേഖരന്‍ വീണ്ടും വിജയിച്ചു. 1987ലും 1991ലും ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് പിന്തുണയോടെ വിജയം ആവര്‍ത്തിച്ചു. 1996ല്‍ ജനതാദള്ളിലെ സി കെ നാണു എല്‍ഡിഎഫ് പിന്തുണയോടെ വിജയിച്ചു. 26,984 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം.

2001ലും എല്‍ഡിഎഫ് പിന്തുണയോടെ സി കെ നാണു വിജയം ആവര്‍ത്തിച്ചു. 2006ല്‍ ജനതാദള്ളിലെ എം കെ പ്രേംനാഥ് എല്‍ഡിഎഫ് പിന്തുണയില്‍ വിജയിച്ചു. ഭൂരിപക്ഷം 21,269.

വടകര നഗരസഭയും വില്യാപ്പള്ളി, ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളും ചേര്‍ന്നതായിരുന്നു വടകര മണ്ഡലം. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഫലമായി വില്യാപ്പള്ളി പഞ്ചായത്ത് പുതുതായി രൂപീകരിച്ച കുറ്റ്യാടി മണ്ഡലത്തിലായി. അവശേഷിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ വടകര നഗരസഭയും ചോറോട് പഞ്ചായത്തും എല്‍ഡിഎഫാണ് ഭരിക്കുന്നത്. ഏറാമല, അഴിയൂര്‍, ഒഞ്ചിയം പഞ്ചായത്തുകള്‍ പാര്‍ടി വിരുദ്ധരും യുഡിഎഫും ചേര്‍ന്ന് ഭരിക്കുന്നു. 1,38,949 വോട്ടര്‍മാരാണ് ഏറ്റവും പുതിയ കണക്കനുസരിച്ച് മണ്ഡലത്തിലുള്ളത്. ലോകസഭാ തെരഞ്ഞടുപ്പില്‍ ഇരുപത്തിനാലായിരം വോട്ടിന് മണ്ഡലത്തില്‍ യുഡിഎഫ് മുന്നിലായിരുന്നു. എന്നാല്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പോടെ ഈ വ്യത്യാസം 6500 ആയി കുറഞ്ഞു.

നാളികേരമാണ് പ്രദേശത്തെ പ്രധാന കൃഷി. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ നിലപാടുകള്‍ കാരണം നാളികേര വില ഉയര്‍ന്നത് കര്‍ഷകരില്‍ പ്രതീക്ഷ ഉണര്‍ത്തുന്നു. വടകര നഗരത്തിന്റെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി പൈപ്പ് മാറ്റല്‍ പ്രവൃത്തി ആരംഭിച്ചതും മണ്ഡലം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും എല്‍ഡിഎഫിന് ശുഭാപ്തി വിശ്വാസം നല്‍കുന്നു.
(ടി രാജന്‍)

ദേശാഭിമാനി 040311

1 comment:

  1. തെക്ക് കോട്ടക്കല്‍പ്പുഴ എന്ന് വിളിക്കുന്ന മൂരാട് പുഴ മുതല്‍ വടക്ക് പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിവരെ നീണ്ടുകിടക്കുന്നതാണ് വടകര മണ്ഡലം. കിഴക്ക് നാദാപുരം മണ്ഡലത്തിലെ എടച്ചേരിയും പുതുതായി രൂപംകൊണ്ട കുറ്റ്യാടി മണ്ഡലത്തിലെ വില്യാപ്പള്ളി, മണിയൂര്‍ പഞ്ചായത്തുകളുമാണ്. ഒഞ്ചിയം രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്നത് വടകര കടല്‍ തീരത്തെ പുറങ്കരയിലാണ്. രക്തസാക്ഷി സ്മരണയില്‍ വടകര മണ്ഡലം എന്നും ചുവപ്പന്‍ സ്വപ്നങ്ങളാണ് കണ്ടത്.

    ReplyDelete