Friday, March 11, 2011

തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം....

തിരുവനന്തപുരം: എല്‍ഡിഎഫ് കരുത്ത് തെളിയിക്കും

തലസ്ഥാന നഗരിയുടെ വിരിമാറിലെ മണ്ഡലങ്ങള്‍ കാലാകാലമായി പേര് പങ്കുവയ്ക്കുകയായിരുന്നു. തിരുവനന്തപുരം ഈസ്റ്, വെസ്റ്, നോര്‍ത്ത് എന്നിങ്ങനെ. ഇത്തവണ പുനര്‍നിര്‍ണയം തിരുവനന്തപുരത്തെ ഏകമണ്ഡലമാക്കി. വെസ്റ്, ഈസ്റ് എന്നീ മണ്ഡലങ്ങളുടെ ഭാഗങ്ങള്‍ ചേര്‍ത്ത് തിരുവനന്തപുരം മണ്ഡലം രൂപീകരിച്ചു. ഇതോടെ തലസ്ഥാന നഗരത്തിന്റെ ഹൃദയമണ്ഡലം എന്ന പദവിയും തിരുവനന്തപുരം മണ്ഡലത്തിന് സ്വന്തം. മുമ്പ് ഈ പദവി ഈസ്റ് മണ്ഡലത്തിനായിരുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ 25 വാര്‍ഡ് പൂര്‍ണമായും മൂന്നുവാര്‍ഡുകളുടെ കുറച്ചുഭാഗവും ചേര്‍ന്നതാണ് തിരുവനന്തപുരം മണ്ഡലം. വെസ്റ് മണ്ഡലത്തിലുണ്ടായിരുന്ന വെട്ടുകാട്, ശംഖുംമുഖം, ചാക്ക, പേട്ട, ശ്രീകണ്ഠേശ്വരം, പാല്‍ക്കുളങ്ങര, വഞ്ചിയൂര്‍, വലിയതുറ, ബീമാപള്ളി, വള്ളക്കടവ്, ബീമാപള്ളി ഈസ്റ്, പൂന്തുറ, മാണിക്യവിളാകം, ഫോര്‍ട്ട്, പെരുന്താന്നി, ശ്രീവരാഹം എന്നീ 16 വാര്‍ഡും ഈസ്റ് മണ്ഡലത്തിലുണ്ടായിരുന്ന പാളയം, ജഗതി, വഴുതക്കാട്, തൈക്കാട്, തമ്പാനൂര്‍, ചാല, മണക്കാട്, കുര്യാത്തി, വലിയശാല, എന്നീ ഒമ്പതുവാര്‍ഡും തിരുവനന്തപുരം മണ്ഡലത്തിലാണ്. മുട്ടത്തറ, പുത്തന്‍പള്ളി, ആറന്നൂര്‍ എന്നീ വാര്‍ഡുകളിലെ ചില ഭാഗങ്ങളും തിരുവനന്തപുരത്ത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഈ വാര്‍ഡുകളിലെ ബാക്കിഭാഗവും വെസ്റ് മണ്ഡലത്തിലുണ്ടായിരുന്ന കമലേശ്വരം വാര്‍ഡ് നേമം മണ്ഡലത്തിലും കണ്ണമ്മൂലയും കുന്നുകുഴിയും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുമാണ്.

മത്സ്യത്തൊഴിലാളികളും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, സ്വകാര്യസ്ഥാപന ജീവനക്കാരും ഇടത്തരം കുടുംബങ്ങളുമാണ് വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷം. അറബിക്കടലും ഭരണസിരാകേന്ദ്രവും നിയമസഭാ സമുച്ചയവും അന്താരാഷ്ട്ര വിമാനത്താവളവും മിസൈല്‍ നിര്‍മാണകേന്ദ്രമായ ബ്രഹ്മോസ്, സെന്‍ട്രല്‍ റെയില്‍വേ സ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍, കെല്‍ടെക്, ചരിത്രപ്രസിദ്ധമായ പത്മനാഭസ്വാമി ക്ഷേത്രം, ഗണപതിക്ഷേത്രം, പാളയത്തെ ക്രിസ്ത്യന്‍-മുസ്ളിം പള്ളികള്‍, യൂണിവേഴ്സിറ്റി കോളേജ്, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കം മണ്ഡലത്തിന് സ്വന്തമാണ്. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 25 വാര്‍ഡുകളില്‍ 11 സീറ്റ് എല്‍ഡിഎഫ് നേടി. നാലിടത്ത് ബിജെപിയാണ്. മണ്ഡലത്തില്‍ കുറച്ചുഭാഗം ചേര്‍ത്തിട്ടുള്ള മുട്ടത്തറ, പുത്തന്‍പള്ളി, ആറന്നൂര്‍ വാര്‍ഡുകളില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. കഴിഞ്ഞതവണ വെസ്റില്‍നിന്ന് വിജയിച്ച വി സുരേന്ദ്രന്‍പിള്ള തുറമുഖ-യുവജനക്ഷേമമന്ത്രിയാണ്. ഈസ്റില്‍ വി ശിവന്‍കുട്ടിയും വിജയിച്ചു. തീരദേശമടക്കമുള്ള പ്രദേശങ്ങളില്‍ വന്‍വികസന പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ നടന്നിട്ടുള്ളത്. ആകെ വോട്ടര്‍മാര്‍ 1,74,392. പുരുഷന്മാര്‍ 84,245. സ്ത്രീകള്‍ 90,147. 148 ബൂത്തുകളാണ് മണ്ഡലത്തില്‍.

ഈ മുന്നേറ്റം ചരിത്രം

കൊല്ലം: ചരിത്രംകുറിച്ച വികസനനേട്ടങ്ങളുമായി കൊല്ലം അസംബ്ളി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ എല്‍ഡിഎഫ് വീണ്ടും എത്തുന്നു. 1951 മുതലുള്ള മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത്രയധികം വികസന-നിര്‍മാണ-ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടന്ന കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ലെന്ന് ആര്‍ക്കും മനസ്സിലാകും. 2006ലെ തെരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന മണ്ഡലത്തിലെ പ്രദേശങ്ങള്‍ക്ക് മാറ്റമുണ്ട്. പഴയ മുനിസിപ്പാലിറ്റി വാര്‍ഡുകളും കിളികൊല്ലൂര്‍, മങ്ങാട് പ്രദേശങ്ങളും ചേര്‍ന്നതായിരുന്നു 2006ലെ മണ്ഡലം. നഗരസഭയിലെ കുരീപ്പുഴ, മുളങ്കാടകം, തേവള്ളി, വടക്കുംഭാഗം, ആശ്രാമം, ഉളിയക്കോവില്‍, പുന്നത്താനം, പുന്നമൂട്, കടപ്പാക്കട, മങ്ങാട്, അറുന്നൂറ്റിമംഗലം, കരിക്കോട്, ചാത്തിനാംകുളം, താമരക്കുളം, പള്ളിത്തോട്ടം, പോര്‍ട്ട്, കച്ചേരി, കൈക്കുളങ്ങര, തങ്കശേരി, പുന്നത്തല, തിരുമുല്ലവാരം ഡിവിഷനുകളും 2006ലെ കുണ്ടറ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന പനയം, തൃക്കരുവ, തൃക്കടവൂര്‍ പഞ്ചായത്തുകളും ചേര്‍ന്നതാണ് നിലവിലുള്ള മണ്ഡലം. 21 കോര്‍പറേഷന്‍ ഡിവിഷനുകളില്‍ 16 എണ്ണം എല്‍ഡിഎഫിനൊപ്പവും അഞ്ചെണ്ണം യുഡിഎഫിനൊപ്പവുമാണ്. പഞ്ചായത്തുകളില്‍ തൃക്കടവൂരും പനയവും എല്‍ഡിഎഫിനും തൃക്കരുവ യുഡിഎഫ് ഭരണത്തിലുമാണ്. തീരദേശ മേഖലയില്‍ വന്‍മുന്നേറ്റമാണ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തിയത്. ഇടത്തരക്കാരും മത്സ്യത്തൊഴിലാളികളും കയര്‍-കശുവണ്ടി തൊഴിലാളികളും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളും നിര്‍ണായകശക്തിയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആശ്വാസ ക്ഷേമആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ഏറെ ലഭിച്ചു.

2006ലെ പന്ത്രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സിഐടിയു പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി കെ ഗുരുദാസന്‍ (സിപിഐ എം) 11439 വോട്ടിന് ബാബുദിവാകരനെ തോല്‍പ്പിച്ച് പുതിയ ചരിത്രമെഴുതി. കഴിഞ്ഞ അഞ്ചുവര്‍ഷവും ജനപ്രതിനിധി എന്ന നിലയില്‍ സംശുദ്ധമായ കരങ്ങളോടെ മണ്ഡലമാകെ പി കെ ഗുരുദാസന്‍ നിറഞ്ഞുനിന്നു. തുറമുഖത്തിന്റെ പൂര്‍ത്തീകരണം, പുതിയ ബീച്ച്, തുറമുഖത്തുനിന്ന് വാടിവരെ നാലുവരിപ്പാത, തങ്കശേരിയില്‍ ബസ്ബേ, ബീച്ച് റോഡില്‍ പുതിയപാലം, പള്ളിത്തോട്ടത്ത് പുതിയ പാലം, കപ്പലണ്ടിമുക്ക് മുനീശ്വരന്‍കോവില്‍ നാലുവരിപ്പാത, നഗരത്തിന്റെ സ്വപ്നപദ്ധതിയായിരുന്ന താലൂക്ക് കച്ചേരി ആശ്രാമം ലിങ്ക് റോഡിന്റെ നിര്‍മാണം, കെഎസ്ആര്‍ടിസി ബസ്സ്റ്റേഷന്‍ നവീകരണം, പുതിയ ബോട്ടുജെട്ടി, ഡിടിപിസി ആസ്ഥാനം, ഹൌസ്ബോട്ട് ടെര്‍മിനല്‍, അഷ്ടമുടി ടൂറിസം സര്‍ക്യൂട്ട്,പുതിയ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആശ്രാമം ഗസ്റ്റ്ഹൌസിന്റെ നവീകരണം ഇങ്ങനെ പൂര്‍ത്തീകരിച്ച പദ്ധതികളേറെ. എസ്പി ഓഫീസ് റെയില്‍വേഗേറ്റില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണം ആരംഭിച്ചത് ഈ അഞ്ചുവര്‍ഷത്തിനിടെയാണ്. അഭിമാനാര്‍ഹമായ നേട്ടങ്ങളുടെ പട്ടിക നിരത്തി വീണ്ടും എല്‍ഡിഎഫിന്റെ വിജയക്കൊടി ഉയര്‍ത്താനുള്ള ആവേശത്തിലാണ് നഗരമണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.
(പി ടി രാജു)

തണലേകുന്ന ചെങ്കൊടി

ചടയമംഗലം: ഭൂലോകം വറ്റിവരണ്ടാലും പ്രളയം സര്‍വനാശം വിതച്ചാലും മാറോട് ചേര്‍ത്തണച്ച ചെങ്കൊടി കൈവിടാതെ കാത്തുസൂക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞ ചൊല്ലിയവര്‍, അടിയാളരായി ജീവിതം നയിച്ചവരെ മനുഷ്യരായി ജീവിക്കാന്‍ പഠിപ്പിച്ച ആശയങ്ങളെയും മൂല്യങ്ങളെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് ജീവിക്കുന്നവരുടെ പിന്‍തലമുറക്കാര്‍, തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഒരിക്കല്‍മാത്രം പറ്റിയ കൈത്തെറ്റ് തിരുത്തിക്കുറിച്ചവര്‍, ഇടതുമുന്നണിയുടെ ഉരുക്കുകോട്ട... വിശേഷണങ്ങള്‍ ഇനിയുമേറെ. കമ്യൂണിസ്റ്റ് ആശയങ്ങളെയും മൂല്യങ്ങളെയും നെഞ്ചിലടുക്കായി സൂക്ഷിച്ച് ജീവിക്കുന്ന ചടയമംഗലം മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇനിയും അധികാരത്തിലെത്തുന്ന ഇടതുമുന്നണിയെ വിജയിപ്പിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

ചിതറ, കുമ്മിള്‍, ഇട്ടിവ, കടയ്ക്കല്‍, നിലമേല്‍, ചടയമംഗലം, ഇളമാട് പഞ്ചായത്തുകള്‍ ചേര്‍ന്നതായിരുന്നു ചടയമംഗലം നിയോജകമണ്ഡലം. മണ്ഡലം പുനര്‍നിര്‍ണയിച്ചതോടെ പുനലൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന അലയമണ്‍ പഞ്ചായത്ത് ചടയമംഗലം മണ്ഡലത്തില്‍ ചേര്‍ത്തു. ഇല്ലാതായ നെടുവത്തൂര്‍ മണ്ഡലത്തില്‍നിന്ന് വെളിനല്ലൂര്‍ പഞ്ചായത്തും ഈ മണ്ഡലത്തില്‍ ചേര്‍ന്നതോടെ ഒമ്പത് പഞ്ചായത്തുകള്‍ ചേര്‍ന്ന മണ്ഡലമായി മാറി. ഇതില്‍ ചിതറ, നിലമേല്‍, ഇളമാട് പഞ്ചായത്തുകള്‍ യുഡിഎഫും ബാക്കി ആറ് പഞ്ചായത്തുകള്‍ എല്‍ഡിഎഫുമാണ് ഭരിക്കുന്നത്.

2006ല്‍ 12-ാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുകോട്ട തിരിച്ചുപിടിക്കാനുള്ള ചരിത്രനിയോഗം ഉണ്ടായത് മുല്ലക്കര രത്നാകരന്. മൂന്നാം തവണയും മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രയാര്‍ ഗോപാലകൃഷ്ണനെ 4653 വോട്ടിന് മുല്ലക്കര രത്നാകരന്‍ പരാജയപ്പെടുത്തി.
(ജയന്‍ ചടയമംഗലം)

വീണ്ടെടുക്കാം നഷ്ടപ്രതാപം


പത്തനാപുരം: നഷ്ടപ്രതാപം വീണ്ടെടുത്ത് ചെങ്കൊടി പാറിക്കാന്‍ തയ്യാറാകുകയാണ് കര്‍ഷകത്തൊഴിലാളികളും തോട്ടം തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന പത്തനാപുരം. ഇടതുപക്ഷത്തിന് ഏറെ വേരോട്ടമുള്ള മണ്ണാണ് പത്തനാപുരം. മദ്രാസ് അസംബ്ളിയില്‍ 1951ല്‍ ഇടതുപക്ഷസ്വതന്ത്രനില്‍ തുടങ്ങി 2006ലെ തെരഞ്ഞെടുപ്പുവരെ ഒമ്പത് തവണയാണ് പത്തനാപുരത്ത് ചെങ്കൊടിപാറിയത്. കഴിഞ്ഞ രണ്ടുതവണ ഇടതുപക്ഷത്തിന് മണ്ഡലം നഷ്ടമായെങ്കിലും ഇവിടത്തെ മണ്ണും മനസ്സും എന്നും ഇടതുപക്ഷപ്രസ്ഥാനത്തിനു വേരോട്ടമുള്ളതാണ്.

കഴിഞ്ഞ പത്തുവര്‍ഷം യുഡിഎഫ് എംഎല്‍എ മണ്ഡലത്തോട് കാട്ടിയ അവഗണന ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പ്രതാപം വീണ്ടെടുക്കാനുള്ള അവസരമാണ്. 2006ല്‍ കേരള കോണ്‍ഗ്രസ് ബിയിലെ കെ ബി ഗണേഷ്കുമാര്‍ സിപിഐയിലെ കെ ആര്‍ ചന്ദ്രമോഹനെ 11,814 വോട്ടിന് പരാജയപ്പെടുത്തി. സംസ്ഥാനസര്‍ക്കാര്‍ പത്തനാപുരം മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനത്തിന് സന്നദ്ധമായ സാഹചര്യത്തില്‍ പോലും എംഎല്‍എയില്‍ നിന്നുണ്ടായ അവഗണന ജനങ്ങളില്‍ ശക്തമായ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്.
(എ ബി അന്‍സാര്‍)

വീണ്ടും ചുവക്കാന്‍ കഥകളിയുടെ നാട്

കൊട്ടാരക്കര: ഒരു നാടിനെയും ജനതയെയും എല്ലാക്കാലവും പറ്റിക്കാനാകില്ലെന്ന പാഠം കീഴൂട്ട് വീട്ടില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ പഠിപ്പിച്ച മണ്ഡലമാണ് കൊട്ടാരക്കര. കഥകളിയ്ക്കു ജന്മം നല്‍കിയ കൊട്ടാരക്കര തമ്പുരാന്റെ നാട്. അതിര്‍ത്തി പുനര്‍നിര്‍ണയത്തിനുശേഷം ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി മാറിക്കഴിഞ്ഞ ഈ മണ്ഡലം ശുഭപ്രതീക്ഷയോടെ വീണ്ടും ജനവിധിയ്ക്കൊരുങ്ങുന്നു. പഴയ മണ്ഡലത്തില്‍നിന്ന് കുളക്കട, മൈലം, ഉമ്മന്നൂര്‍, കൊട്ടാരക്കര പഞ്ചായത്തുകള്‍ നിലനിര്‍ത്തിയും ഇല്ലാതായ നെടുവത്തൂര്‍ മണ്ഡലത്തിലെ നെടുവത്തൂര്‍, എഴുകോണ്‍, കരീപ്ര, വെളിയം പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്തുമാണ് പുതിയ കൊട്ടാരക്കര രൂപംകൊള്ളുന്നത്. ഇതില്‍ ആറ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫും നെടുവത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫും ഭരിക്കുന്നു. കൊട്ടാരക്കര പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചുവെങ്കിലും മറ്റു സ്ഥാനങ്ങളില്‍ മേല്‍ക്കൈ എല്‍ഡിഎഫിനാണ്.

ഒന്നാം നിയമസഭ മുതല്‍ കൊട്ടാരക്കരയില്‍നിന്ന് ജനപ്രതിനിധികള്‍ ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയിലെ ഇ ചന്ദ്രശേഖരന്‍നായരാണ് ആദ്യത്തെ എംഎല്‍എ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ രാമചന്ദ്രന്‍നായര്‍ 8991 വോട്ടിന് ഇ ചന്ദ്രശേഖരന്‍നായരോട് തോറ്റു. എട്ടു തവണ മണ്ഡലത്തില്‍നിന്ന് വിജയിച്ച ആര്‍ ബാലകൃഷ്ണപിള്ളയാണ് കൂടുതല്‍ കാലം കൊട്ടാരക്കരയുടെ ജനപ്രതിനിധിയായത്്. 2006ലെ തെരഞ്ഞെടുപ്പില്‍ ആര്‍ ബാലകൃഷ്ണപിള്ള സിപിഐ എമ്മിലെ അഡ്വ. പി അയിഷാപോറ്റിയോട് 12,087 വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച് ആര്‍ ബാലകൃഷ്ണപിള്ള ജയിലില്‍ കഴിയുന്ന വേളയിലാണ് ഇത്തവണ തെരഞ്ഞെടുപ്പ്. കഴിഞ്ഞ അഞ്ചുവര്‍ഷം വികസന പ്രവൃത്തികളില്‍ വിസ്മയിപ്പിക്കുന്ന മുന്നേറ്റമാണ് കൊട്ടാരക്കരക്കാര്‍ കണ്ടത്. വികസനരംഗത്ത് കേരളത്തിലെ ഏതു മണ്ഡലത്തോടും കിടപിടിക്കാവുന്നത്ര പദ്ധതികള്‍ ഈ കാലയളവില്‍ യാഥാര്‍ഥ്യമായി. ത്രിതല പഞ്ചായത്തുകളിലും ഇടതുപക്ഷക്കൂറ് ഉറപ്പിച്ചു കൊണ്ടാണിപ്പോള്‍ മുന്നേറ്റം.

ദേശാഭിമാനി 110311

1 comment:

  1. തലസ്ഥാന നഗരിയുടെ വിരിമാറിലെ മണ്ഡലങ്ങള്‍ കാലാകാലമായി പേര് പങ്കുവയ്ക്കുകയായിരുന്നു. തിരുവനന്തപുരം ഈസ്റ്, വെസ്റ്, നോര്‍ത്ത് എന്നിങ്ങനെ. ഇത്തവണ പുനര്‍നിര്‍ണയം തിരുവനന്തപുരത്തെ ഏകമണ്ഡലമാക്കി. വെസ്റ്, ഈസ്റ് എന്നീ മണ്ഡലങ്ങളുടെ ഭാഗങ്ങള്‍ ചേര്‍ത്ത് തിരുവനന്തപുരം മണ്ഡലം രൂപീകരിച്ചു. ഇതോടെ തലസ്ഥാന നഗരത്തിന്റെ ഹൃദയമണ്ഡലം എന്ന പദവിയും തിരുവനന്തപുരം മണ്ഡലത്തിന് സ്വന്തം.

    ReplyDelete