Friday, March 11, 2011

വിപ്ളവ മനസിന് നിറയൌവനം

കാഞ്ഞങ്ങാട്: മടിക്കൈയുടെ ഇന്നലകളെ ചുവപ്പിച്ച വിപ്ളവമനസിന് നിറയൌവ്വനം. നാരയിലും പരിസരപ്രദേശങ്ങളിലും കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനവും വര്‍ഗ-ബഹുജന സംഘടനകളും വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച സഖാവ് നാര കോരേട്ടന് പ്രായം 89 കഴിഞ്ഞെങ്കിലും മടിക്കൈയുടെ വിപ്ളവചരിതങ്ങള്‍ വിവരിക്കുമ്പോള്‍ യുവത്വത്തിന്റെ പ്രസരിപ്പ്.

കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ പിറന്ന കോരന്‍ ചെറുപ്പത്തിലേ കര്‍ഷകസംഘം പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. ദേശീയ പ്രസ്ഥാനത്തിലും ഇതിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയിലുമെത്തിയ കോരേട്ടന്‍ 1948ലാണ് കമ്യൂണിസ്റ്റ് പാര്‍ടി അംഗമായത്. മടിക്കൈയിലും പരിസരപ്രദേശങ്ങളിലും ജന്മിത്തത്തിനെതിരെ നടന്ന എണ്ണമറ്റ സമരങ്ങളില്‍ മുന്‍നിരക്കാരനായതോടെ ജന്മിമാരുടെയും ഭരണാധികാരികളുടെയും നോട്ടപ്പുളളിയായി.

വിത്തിട്ടവന്‍ വിളകൊയ്യുമെന്ന കര്‍ഷകസംഘം മുദ്രാവാക്യത്തില്‍ ആകൃഷ്ടരായ പാവപ്പെട്ട നിരവധി കൃഷിക്കാര്‍ ജന്മിമാരുടെ വിളചൂഷണത്തിനെതിരെ പ്രതികരിക്കുന്നത് വ്യാപകമായി. ജന്മിമാരാകട്ടെ ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് കൃഷിക്കാരെ ഭീഷണിപ്പെടുത്തുന്നതും പതിവാക്കി. കൃഷിക്കാരെ സഹായിക്കാന്‍ കര്‍ഷകസംഘവും കമ്യൂണിസ്റ്റ് പാര്‍ടിയും രംഗത്തുവന്നതോടെ മടിക്കൈയില്‍ നടന്ന വിളകൊയ്ത്ത് സമരത്തിന്റെ ചുവടുപിടിച്ച് ഹൊസ്ദുര്‍ഗിന്റെ വിവിധ ഭാഗങ്ങളില്‍ സമരം നടന്നു. ബേളൂര്‍ മൂരിക്കടയില്‍ കൃഷി വിളവെടുക്കാന്‍ ഓലക്കര പട്ടേലരും സംഘവുമെത്തുന്നത് തടയാന്‍ മടിക്കൈയില്‍നിന്ന് പുറപ്പെട്ട സംഘത്തെ നയിച്ചത് കോരേട്ടനായിരുന്നു.

ബേളൂര്‍ വിളകൊയ്ത്ത് സമരത്തിന്റെ വിജയകരമായ പരിസമാപ്തി ബേളൂരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് വേഗം കൂട്ടി. കാരക്കോട്ടെ കുരുമുളക് തോട്ടങ്ങളില്‍ ജന്മിമാര്‍ കണ്ണുവച്ചതോടെ കൃഷിക്കാര്‍ മടിക്കൈയിലെ കര്‍ഷകസംഘത്തിന്റെ സഹായം തേടി. ഇവിടെയും കോരേട്ടന്റെ നേതൃത്വത്തില്‍ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ കുരുമുളക് പറിച്ച് കര്‍ഷകര്‍ക്ക് നല്‍കി ജന്മിമാരുടെ കൊള്ള തടഞ്ഞു. നിരോധന കാലത്ത് അതിസാഹസികമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാര്‍ടിയെ സംരക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. സഹപ്രവര്‍ത്തകനായ നാരയിലെ മണിയറ കേളുനായരുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്ന നേതാക്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കിയതിനു പിന്നിലും കോരേട്ടനായിരുന്നു.

ജന്മിമാര്‍ക്കെതിരായ സമരത്തിന്റെ പേരിലും കാരാക്കോട്ട് കുരുമുളക്പറി കേസ്, ബേളൂര്‍ വിളകൊയ്ത്ത് കേസ് എന്നിവയിലും പ്രതിചേര്‍ക്കപ്പെട്ടു. ദേശാഭിമാനിയുടെ തുടക്കം മുതല്‍ വരിക്കാരനായ കോരേട്ടന്‍ ഇന്നും കണ്ണടയില്ലാതെ പത്രം വായിക്കുന്നു. ആദ്യകാലയളവില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന പത്രവായനയുടെ കേള്‍വിക്കാരായി എത്തിയ മണിയറ കേളു നായര്‍, വി അമ്പു, കുഞ്ഞമ്പു ജോത്സ്യര്‍, വാണിയന്‍ കര്‍ത്തമ്പു എന്നിവര്‍ പാര്‍ടിയുടെ ഉശിരന്‍ പ്രവര്‍ത്തകരായി. പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എമ്മില്‍ ഉറച്ചു നിന്നു. കെ എം കുഞ്ഞിക്കണ്ണന്‍, കെ വി രാവുണ്ണി, കെ പി രൈരു, കുരുടില്‍ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ക്കൊപ്പം കോരേട്ടന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മടിക്കൈയുടെ ചുവപ്പിന്റെ ശോഭ കൂട്ടി. അടിയന്തരാവസ്ഥയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂര മര്‍ദനത്തിനിരയാക്കിയ കോരേട്ടന്‍ ആറുമാസം ജയില്‍വാസം അനുഭവിച്ചു. കുടുംബപ്രശ്നങ്ങള്‍, വസ്തു തര്‍ക്കങ്ങള്‍ തുടങ്ങി നാട്ടിലെ സകല സങ്കീര്‍ണ പ്രശ്നങ്ങളും കേരേട്ടനു മുമ്പിലെത്തിയാല്‍ തീര്‍പ്പ് പെട്ടെന്നാകുമായിരുന്നു. 1976 വരെ സിപിഐ എം നാര ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കോരേട്ടന്‍ മടിക്കൈയുടെ സമഗ്ര വികസനത്തിന് വിലപ്പെട്ട സംഭാവന നല്‍കി.
(ടി കെ നാരായണന്‍)

ദേശാഭിമാനി 110311

1 comment:

  1. മടിക്കൈയുടെ ഇന്നലകളെ ചുവപ്പിച്ച വിപ്ളവമനസിന് നിറയൌവ്വനം. നാരയിലും പരിസരപ്രദേശങ്ങളിലും കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനവും വര്‍ഗ-ബഹുജന സംഘടനകളും വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച സഖാവ് നാര കോരേട്ടന് പ്രായം 89 കഴിഞ്ഞെങ്കിലും മടിക്കൈയുടെ വിപ്ളവചരിതങ്ങള്‍ വിവരിക്കുമ്പോള്‍ യുവത്വത്തിന്റെ പ്രസരിപ്പ്.

    ReplyDelete