Friday, March 11, 2011

2 രൂപ അരി വിതരണം തടഞ്ഞത് പുനഃപരിശോധിക്കണം

രണ്ടു രൂപ അരിവിതരണം തടഞ്ഞ തീരുമാനം തെരഞ്ഞെടുപ്പ് കമീഷന്‍ പുനഃപരിശോധിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. അരി വിതരണം അട്ടിമറിച്ച യുഡിഎഫ് നിലപാടിനെതിരെ മാര്‍ച്ച് 14ന് ബൂത്തുകളില്‍ പ്രതിഷേധ ധര്‍ണ നടത്താനും എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. രണ്ടു രൂപ അരിവിതരണം അട്ടിമറിച്ചത് കോണ്‍ഗ്രസാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലോടെ വ്യക്തമായെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എപിഎല്‍, ബിപിഎല്‍ വേര്‍തിരിവില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ടു രൂപ നിരക്കില്‍ അരി വിതരണംചെയ്യാന്‍ ഫെബ്രുവരി 23ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പുവിജ്ഞാപനം വന്നത് മാര്‍ച്ച് ഒന്നിനും. മന്ത്രിസഭ തീരുമാനം അനുസരിച്ച് 70 ലക്ഷം കുടുംബത്തിന് രണ്ടു രൂപയ്ക്ക് അരി ലഭിക്കുമായിരുന്നു. ഇതിനുമുമ്പ് 40 ലക്ഷം കുടുംബത്തിനാണ് ഈ നിരക്കില്‍ അരി നല്‍കിയിരുന്നത്. രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി വ്യാപിപ്പിക്കുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷന്‍ ഈ തീരുമാനം സര്‍ക്കാരിനെ അറിയിക്കുന്നതിനുമുമ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് അരിവിതരണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഇതെല്ലാം അരിവിതരണം അട്ടിമറിക്കാന്‍ യുഡിഎഫ് ഗൂഢാലോചന നടത്തിയതിന് തെളിവാണെന്ന് എല്‍ഡിഎഫ് അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫ് സീറ്റ് വിഭജനം 14ന് പൂര്‍ത്തിയാക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. അസംബ്ളി മണ്ഡലം കണ്‍വന്‍ഷനുകള്‍ 22നുള്ളിലും പഞ്ചായത്ത്, ലോക്കല്‍ കണ്‍വന്‍ഷനുകള്‍ 24നകവും ബൂത്ത്തല കണ്‍വന്‍ഷന്‍ 31നുള്ളിലും പൂര്‍ത്തിയാക്കും. പ്രകടനപത്രികയ്ക്ക് രൂപംനല്‍കാന്‍ മന്ത്രി തോമസ് ഐസക്, സി എന്‍ ചന്ദ്രന്‍, പ്രൊഫ. ഡി ശശിധരന്‍, എ കെ ശശീന്ദ്രന്‍, സി കെ നാണു, ജോര്‍ജ് സെബാസ്റ്യന്‍, പി എം ജോയി എന്നിവരടങ്ങിയ സബ്കമ്മിറ്റിയെ നിയോഗിച്ചു. കണ്‍വീനറും കമ്മിറ്റിയില്‍ അംഗമായിരിക്കും. 14ന് ചേരുന്ന എല്‍ഡിഎഫ് യോഗം പ്രകടനപത്രിക അംഗീകരിക്കും. എല്‍ഡിഎഫ് സ്ക്വാഡ് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഏപ്രില്‍ ആദ്യം സ്ഥാനാര്‍ഥികള്‍ മണ്ഡലപര്യടനം നടത്തും. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റികള്‍ 12നും 13നും ചേരും.

സീറ്റ് വിഭജനം സംബന്ധിച്ച് പ്രശ്നമൊന്നും നിലവിലില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. ഏതൊക്കെ സീറ്റുകളില്‍ ഏത് കക്ഷി മത്സരിക്കണമെന്നത് സംബന്ധിച്ച് 14ഓടെ തീരുമാനിക്കും. മുന്നണിക്ക് പുറത്തുള്ള വ്യക്തികളും സംഘടനകളും മുമ്പും സഹകരിച്ചിട്ടുണ്ട്. അത് ഇത്തവണയും തുടരും. എല്‍ഡിഎഫ് നേതാക്കളാണ് മുന്നണിയെ തെരഞ്ഞെടുപ്പില്‍ നയിക്കുക. ആരെയെങ്കിലും മാറ്റുകയോ മറിക്കുകയോ ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല.

ബംഗാളില്‍ ഇടതുപക്ഷ പാര്‍ടികള്‍ മാത്രം അടങ്ങിയ മുന്നണിയാണ്. ഇവിടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ്. രണ്ടും തമ്മില്‍ അതിന്റേതായ വ്യത്യാസമുണ്ടായിരിക്കും. മുഖ്യമന്ത്രിയും പാര്‍ടി സെക്രട്ടറിയും ഒന്നിച്ച് മുന്നണിക്ക് നേതൃത്വംനല്‍കുമെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. സിപിഐ എം എത്ര സീറ്റില്‍ മത്സരിക്കണമെന്നും തീരുമാനിച്ചിട്ടില്ല. പി ശശിക്കെതിരെയുള്ള പരാതി സംബന്ധിച്ച് തീരുമാനം എടുത്താല്‍ അറിയിക്കും. ഇത് സംബന്ധിച്ച് ചില പത്രങ്ങളില്‍ വന്നത് തെറ്റായ വാര്‍ത്തയാണ്. കെ ആര്‍ ഗൌരിയമ്മ അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തകയാണ്. യുഡിഎഫുമായുള്ള പ്രശ്നം സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് ഗൌരിയമ്മ തന്നെയാണ്. അതിനുമുമ്പ് ഇക്കാര്യമൊന്നും ചര്‍ച്ചചെയ്യാനില്ല. നീലലോഹിതദാസിന്റെ സ്ഥാനാര്‍ഥിത്വപ്രശ്നം എല്‍ഡിഎഫിന്റെ മുന്നില്‍ വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

യുഡിഎഫിന്റെ നീചമനോഭാവം പ്രകടമായി: പിണറായി

എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യുന്നത് അട്ടിമറിച്ചതിലൂടെ യുഡിഎഫിന്റെ നീചമനോഭാവം പ്രകടമായെന്ന്സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മറ്റുള്ളവരുടെ വേദനയില്‍ ആനന്ദം കൊള്ളുന്ന സാഡിസ്റുകള്‍ക്കേ ഇങ്ങനെ പെരുമാറാനാകൂ. എല്ലാവര്‍ക്കും ഗുണകരമായ നടപടികള്‍പോലും അട്ടിമറിക്കാനാണ് യുഡിഎഫുകാര്‍ക്ക് താല്‍പ്പര്യം. എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് സി ഉസ്മാന്റെ യാത്രയയപ്പുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

റേഷന്‍കടവഴി എല്ലാവര്‍ക്കും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി വിതരണംചെയ്യാനുള്ള പദ്ധതിയാണ് യുഡിഎഫ് അട്ടിമറിച്ചത്. ഇത്തരക്കാരെയാണോ കേരളത്തിന് ആവശ്യമെന്ന് നാം തീരുമാനിക്കണം. സംസ്ഥാനത്തെ മഹാഭൂരിപക്ഷവും റേഷന്‍കടയില്‍നിന്ന് അരി വാങ്ങുന്നവരാണ്. നേരത്തെ ബിപിഎല്‍ വിഭാഗത്തിന് രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍, സൌജന്യനിരക്കില്‍ അരി ലഭിക്കാന്‍ അര്‍ഹതയുള്ള ബഹുഭൂരിപക്ഷം ഈ മാനദണ്ഡത്തിനു പുറത്തുണ്ടെന്ന് കണ്ടതിനാലാണ് ഇവര്‍ക്കും കുറഞ്ഞ വിലയ്ക്ക് അരി വിതരണംചെയ്യാന്‍ തീരുമാനിച്ചത്. നീചബുദ്ധികള്‍ക്കുമാത്രമേ ഇത് അട്ടിമറിക്കാനാകൂ. എല്ലാ മേഖലയിലെയും ഇന്നത്തെ മുന്നേറ്റം അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇത് നാടിന്റെ പൊതുവായ പിന്നോട്ടടിക്ക് കാരണമാകും.

സംസ്ഥാന സര്‍വീസില്‍ ഒരിക്കലുമില്ലാത്ത നേട്ടങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളിലുണ്ടായത്. ഈ മന്ത്രിസഭ രണ്ടുതവണ ശമ്പളപരിഷ്കരണം നടപ്പാക്കി. മുന്‍കാല അനുഭവം മറിച്ചായിരുന്നു. വനിതാ ജീവനക്കാരടക്കം ജയിലില്‍ പോകേണ്ടിവന്നതും മറക്കാനാകില്ല. സര്‍വീസ്മേഖലയുടെ നാശത്തിന് കാരണമാകാവുന്ന നയങ്ങളെയും എതിര്‍ത്തുതോല്‍പ്പിക്കേണ്ടിവന്നിട്ടുണ്ട്. ജീവനക്കാരെ ശത്രുക്കളായി കാണുന്ന സമീപനവുമുണ്ടായി. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി. ഈ ഭരണത്തിന്റെ തുടര്‍ച്ചയാണ് ആവശ്യമെന്നും പിണറായി പറഞ്ഞു.

2രൂപ അരി തടഞ്ഞതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

നെടുങ്കണ്ടം: മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി നിര്‍ത്തിവയ്ക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശത്തിനെതിരെ ഡിവൈഎഫ്ഐ ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെടുങ്കണ്ടത്ത് പ്രകടനം നടത്തി. രണ്ട് രൂപയ്ക്ക് അരി ലഭിക്കുന്ന എല്ലാ ജനങ്ങളും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നത് സഹിക്കാന്‍ വയ്യാത്ത കോണ്‍ഗ്രസ് നേതൃത്വമാണ് തെരഞ്ഞെടുപ്പ് കമീഷനെ തെറ്റിധരിപ്പിച്ച് സര്‍ക്കാര്‍ നടപടിയ്ക്ക് തടസം സൃഷ്ടിച്ചത്. കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നല്‍കി. ജില്ലാ സെക്രട്ടറി അഡ്വ. ജി ഗോപകൃഷ്ണന്‍, സി ആര്‍ രാജേഷ്, സോജന്‍ ജോസ്, ജോമോന്‍, ബിനീഷ് നിസാം എന്നിവര്‍ നേതൃത്വം നല്‍കി.

2 രൂപയ്ക്ക് അരി: പദ്ധതി തടഞ്ഞതില്‍ സ്ത്രീകളുടെ പ്രതിഷേധപ്രകടനം

തൃശൂര്‍: രണ്ടുരൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തി. ടൌണ്‍-പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നു. യുഡിഎഫിന്റെ തരം താണ രാഷ്ട്രീയക്കളിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ കൂട്ടുനിന്നതിനെതിരായുള്ള ശക്തമായ താക്കീതായി പ്രകടനം മാറി. യോഗത്തില്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ വി നഫീസ, ട്രഷറര്‍ ആര്‍ ബിന്ദു, ഏരിയ സെക്രട്ടറി എം കെ കവിത എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ പടിഞ്ഞാറെ കോട്ട മേഖലാ കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. ആര്‍ ബിന്ദു, പി ഡി ബേബി, ചിത്രലേഖ, പി രാധ, പ്രീതി രവീന്ദ്രന്‍, പി കെ ശാന്ത, രതി പ്രീജ് എന്നിവര്‍ നേതൃത്വം നല്‍കി.

ദേശാ‍ഭിമാനി 110311

1 comment:

  1. രണ്ടു രൂപ അരിവിതരണം തടഞ്ഞ തീരുമാനം തെരഞ്ഞെടുപ്പ് കമീഷന്‍ പുനഃപരിശോധിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. അരി വിതരണം അട്ടിമറിച്ച യുഡിഎഫ് നിലപാടിനെതിരെ മാര്‍ച്ച് 14ന് ബൂത്തുകളില്‍ പ്രതിഷേധ ധര്‍ണ നടത്താനും എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. രണ്ടു രൂപ അരിവിതരണം അട്ടിമറിച്ചത് കോണ്‍ഗ്രസാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലോടെ വ്യക്തമായെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete