Wednesday, March 2, 2011

ലോട്ടറി: കത്തയച്ചെന്നു വരുത്താന്‍ ഗൂഢാലോചന- മുഖ്യമന്ത്രി

ലോട്ടറി കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചെന്ന വാദം ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കിട്ടാത്ത കത്തിനെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് അന്വേഷിച്ചയുടന്‍ ചിദംബരത്തിന്റെ 'കത്ത്' സഹിതം പ്രധാനമന്ത്രിയുടെ ഓഫീസിലെ രാഷ്ട്രീയകാര്യവിഭാഗം ഡയറക്ടറുടെ ഫാക്സ് സന്ദേശം ലഭിച്ചത് ദുരൂഹമാണ്. പ്രധാനമന്ത്രി അന്വേഷണാവശ്യം പൂഴ്ത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിക്ക് മറുപടി അയച്ചിരുന്നു എന്നുമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പുതിയ വാദം പച്ചക്കള്ളമാണെന്ന് ഇതോടെ വ്യക്തമായി. തനിക്ക് ഇങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. നികുതിവകുപ്പിലും വിവരമൊന്നുമില്ല.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഫോണ്‍ ചെയ്ത് അന്വേഷിച്ചപ്പോഴാണ് ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ദുരൂഹനടപടികളെക്കുറിച്ച് കൂടുതല്‍ തെളിവു പുറത്തുവരുന്നത്. വൈകിട്ട് ആറിനുശേഷമാണ് എന്റെ സെക്രട്ടറിക്ക് ഫാക്സ് സന്ദേശം ലഭിക്കുന്നത്. ജനുവരി 24ന് ആഭ്യന്തരമന്ത്രി ചിദംബരം ഇത്തരമൊരു കത്തയച്ചിരുന്നു എന്നു സൂചിപ്പിച്ച് ആ 'കത്തിന്റെ' കോപ്പിയും ഫാക്സ് ചെയ്തിട്ടുണ്ട്. ഡയറക്ടറെക്കൊണ്ട് ആരോ ചെയ്യിച്ചതാണെന്നു വ്യക്തം. അത് പത്രസമ്മേളനം നടത്തിയ നേതാക്കളാണോയെന്ന് സംശയിക്കേണ്ടിവരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി അയച്ച കത്തിലേക്കാണ് അദ്ദേഹം ശ്രദ്ധക്ഷണിക്കുന്നത്. മുഖ്യമന്ത്രി കത്തയച്ചത് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കല്ല, പ്രധാനമന്ത്രിക്കാണ്. വ്യാജ കത്ത് തയ്യാറാക്കുമ്പോള്‍ ഡയറക്ടറുടെ കൈവശം താന്‍ പ്രധാനമന്ത്രിക്കയച്ച കത്തിന്റെ കോപ്പിപോലും ഇല്ലായിരുന്നെന്ന് വ്യക്തം.

കത്ത് പൂഴ്ത്തിയ പ്രധാനമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പത്രസമ്മേളനം എന്നുവേണം കരുതാന്‍. ഈ രീതിയിലുള്ള ഒരു കത്തിടപാട് അസാധാരണമായി തോന്നുന്നു. ജനുവരി 24ന് അയച്ചതാണെന്ന വ്യാജേന എന്തെങ്കിലും ഒരുകടലാസ് അയക്കാന്‍ ഡയറക്ടര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നിരിക്കണം. അല്ലെങ്കില്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ട സിബിഐ അന്വേഷണത്തെക്കുറിച്ചോ ആ കത്തിലെ എന്തെങ്കിലും കാര്യത്തെക്കുറിച്ചോ മിണ്ടാതെ ചിദംബരത്തിന്റെ കത്തുമാത്രം ഫോര്‍വേഡ് ചെയ്തത് എന്തിനുവേണ്ടിയായിരുന്നു? അക്ഷന്തവ്യമായ അനാസ്ഥ മാത്രമല്ല, ഗുരുതരമായ ഗൂഢാലോചനകൂടി നടന്നെന്ന് വ്യക്തമാക്കുന്നതാണ് വൈകിട്ട് ആറിനുശേഷം ഡയറക്ടറില്‍നിന്ന് ലഭിച്ച ഫാക്സ്. ഇതേക്കുറിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മറുപടി പറയണം. സമയം കളയാതെ സിബിഐ അന്വേഷണത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനും ഇരുവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദേശാഭിമാനി 020311

2 comments:

  1. ലോട്ടറി കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചെന്ന വാദം ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കിട്ടാത്ത കത്തിനെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് അന്വേഷിച്ചയുടന്‍ ചിദംബരത്തിന്റെ 'കത്ത്' സഹിതം പ്രധാനമന്ത്രിയുടെ ഓഫീസിലെ രാഷ്ട്രീയകാര്യവിഭാഗം ഡയറക്ടറുടെ ഫാക്സ് സന്ദേശം ലഭിച്ചത് ദുരൂഹമാണ്. പ്രധാനമന്ത്രി അന്വേഷണാവശ്യം പൂഴ്ത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിക്ക് മറുപടി അയച്ചിരുന്നു എന്നുമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പുതിയ വാദം പച്ചക്കള്ളമാണെന്ന് ഇതോടെ വ്യക്തമായി. തനിക്ക് ഇങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. നികുതിവകുപ്പിലും വിവരമൊന്നുമില്ല.

    ReplyDelete
  2. ലോട്ടറി വിഷയത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്. മകന്‍ അരുണ്‍ കുമാര്‍ സി ബി ഐ അന്വേഷണം അട്ടിമറിച്ചൂവെന്ന ആരോപണം അന്വേഷിക്കണമെന്നും വി എസ്.

    ReplyDelete