Wednesday, March 2, 2011

ബ്രേക്കിങ്ങില്‍ അമളി; തീയതി മാറി

'ബ്രേക്കിങ് ന്യൂസി'നുവേണ്ടിയുള്ള മരണപ്പാച്ചിലില്‍ വാര്‍ത്താചാനലുകള്‍ക്ക് അമളി പിണഞ്ഞു. നിലവിലുള്ള നിയമസഭയുടെ കാലാവധി തീരുന്ന ദിവസം (മെയ് 23) പറഞ്ഞപ്പോള്‍ അത് തെരഞ്ഞെടുപ്പുതീയതിയാണെന്ന് തെറ്റിദ്ധരിച്ച് കേരളത്തിലെ തെരഞ്ഞെടുപ്പ് മെയ് 23നാണെന്ന് ന്യൂസ് ബ്രേക്ക് ചെയ്യുകയായിരുന്നു. ഒരു ചാനല്‍ ഇതെഴുതി കാണിച്ചപ്പോള്‍ മറ്റു ചാനലുകളും അതേവഴി പിന്തുടര്‍ന്നു. ദേശീയ ചാനലുകള്‍ ഇത്തരം ആവേശം കാട്ടാതിരുന്നതുകൊണ്ട് അവര്‍ക്ക് അബദ്ധം പറ്റിയതുമില്ല.

ചൊവ്വാഴ്ച വൈകിട്ട് ആറിന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറേഷി വാര്‍ത്താസമ്മേളനം ആരംഭിച്ചപ്പോള്‍ത്തന്നെ തീയതി ആരാദ്യം അവതരിപ്പിക്കുമെന്ന മത്സരത്തിലായിരുന്നു മലയാളം ചാനലുകള്‍. ആദ്യം തെരഞ്ഞെടുപ്പ് കമീഷണര്‍ പറഞ്ഞത് നിലവിലുള്ള നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്ന തീയതിയായിരുന്നു. എന്നാല്‍, ഇത് കേട്ടപാടെ കാര്യം വ്യക്തമായി കേള്‍ക്കാതെയോ കേട്ടിട്ടാണെങ്കില്‍ത്തന്നെ മനസ്സിലാക്കാതെയോ തെരഞ്ഞെടുപ്പ് മെയ് 23നാണെന്ന് തട്ടിവിടുകയായിരുന്നു. സാമാന്യഗതിയില്‍ ആലോചിച്ചാല്‍ത്തന്നെ തെരഞ്ഞെടുപ്പ് മെയ് 23 വരെ നീണ്ടുപോകില്ലെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. 2006ലെ തെരഞ്ഞെടുപ്പ് മൂന്നുഘട്ടമായി നടന്നപ്പോള്‍ മെയ് മൂന്നിനായിരുന്നു അവസാനഘട്ട തെരഞ്ഞെടുപ്പ്. മെയ് 18ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഈ സ്ഥിതിയില്‍ ഒരു കാരണവശാലും ഇതിനുശേഷമുള്ള തീയതിയിലേക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നീണ്ടുപോകില്ലെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

deshabhimani 020311

1 comment:

  1. 'ബ്രേക്കിങ് ന്യൂസി'നുവേണ്ടിയുള്ള മരണപ്പാച്ചിലില്‍ വാര്‍ത്താചാനലുകള്‍ക്ക് അമളി പിണഞ്ഞു. നിലവിലുള്ള നിയമസഭയുടെ കാലാവധി തീരുന്ന ദിവസം (മെയ് 23) പറഞ്ഞപ്പോള്‍ അത് തെരഞ്ഞെടുപ്പുതീയതിയാണെന്ന് തെറ്റിദ്ധരിച്ച് കേരളത്തിലെ തെരഞ്ഞെടുപ്പ് മെയ് 23നാണെന്ന് ന്യൂസ് ബ്രേക്ക് ചെയ്യുകയായിരുന്നു. ഒരു ചാനല്‍ ഇതെഴുതി കാണിച്ചപ്പോള്‍ മറ്റു ചാനലുകളും അതേവഴി പിന്തുടര്‍ന്നു. ദേശീയ ചാനലുകള്‍ ഇത്തരം ആവേശം കാട്ടാതിരുന്നതുകൊണ്ട് അവര്‍ക്ക് അബദ്ധം പറ്റിയതുമില്ല.

    ReplyDelete