ബൊഫോഴ്സ് കോഴക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഒക്ടോവിയ ക്വട്ടറോച്ചിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന സിബിഐയുടെ അപേക്ഷ ഡല്‍ഹി കോടതി സ്വീകരിച്ചു. സിബിഐ അന്വേഷണം എവിടെയും എത്താത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് 70 പേജ് വരുന്ന വിധിന്യായത്തില്‍ ഡല്‍ഹി പ്രത്യേക കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് വിനോദ് യാദവ് പറഞ്ഞു. വിദേശരാജ്യങ്ങളില്‍ വച്ച് ഇന്റര്‍പോള്‍ അറസ്റുചെയ്ത ക്വട്ടറോച്ചിയെ വിട്ടുകിട്ടാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതില്‍ സിബിഐ ബോധപൂര്‍വം അമാന്തം കാട്ടിയാണ് രക്ഷിച്ചത്. ബൊഫോഴ്സ് തോക്കിടപാടില്‍ കോടികള്‍ കോഴവാങ്ങിയ ഇടനിലക്കാരനായിരുന്ന ക്വട്ടറോച്ചിയെ 2003ല്‍ മലേഷ്യയില്‍ നിന്നും 2007ല്‍ അര്‍ജന്റീനയില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയാത്തതും നിയമ നടപടികളിലെ അസാധാരണമായ കാലതാമസവും കേസിനെ ദുര്‍ബലമാക്കിയെന്ന് കോടതി പറഞ്ഞു. കേസന്വേഷണം തുടരുന്നത് ദേശീയ നഷ്ടമാണ്. ഇതിനകം 250 കോടി രൂപ അന്വേഷണത്തിന്ചെലവായെന്നും അതിനാല്‍ ഇനിയും കേസ് നീട്ടിക്കൊണ്ടുപോകുന്നതില്‍ അര്‍ഥമില്ലെന്നും കോടതി പറഞ്ഞു.
സാംപ്രൊഗോട്ടി എന്ന ഇറ്റാലിയന്‍ വളം കമ്പനിയുടെ പ്രതിനിധിയായി ഇന്ത്യയിലെത്തിയ ക്വട്ടറോച്ചി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കുടുംബസുഹൃത്താണ്. രണ്ടു ദശാബ്ദം നീണ്ട കേസില്‍ ഒരിക്കല്‍പോലും ക്വട്ടറോച്ചി ഇന്ത്യയിലെ ഒരു കോടതിയിലും ഹാജരായിരുന്നില്ല. നരസിംഹറാവുവിന്റെ ഭരണകാലത്ത് 1993 ജൂലൈ 28നാണ് ക്വട്ടറോച്ചിയും ഭാര്യയും ഇന്ത്യ വിട്ടത്. കോഴ ഇടപാട് നടന്നപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയും കേസില്‍ പ്രതിയായിരുന്നു. കൊല്ലപ്പെട്ടതിനെതുടര്‍ന്ന് അദ്ദേഹത്തെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. ക്വട്ട്റോച്ചിയെ ഇന്റര്‍പോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍നിന്ന് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ഒഴിവാക്കിയിരുന്നു. 2006ല്‍ ലണ്ടനിലെ അക്കൌണ്ടില്‍ നിന്നു പണം പിന്‍വലിക്കാനും സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ തെളിവില്ലെന്നു പറഞ്ഞ് കേസ് പിന്‍വലിക്കാന്‍ സിബിഐയും തീരുമാനിച്ചത്.
ബൊഫോഴ്സ് കേസ് തേച്ചുമായ്ച്ചുകളയാന്‍ 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ശ്രമമാരംഭിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് 2004 ഫെബ്രുവരിയില്‍ ബൊഫോഴ്സ് കേസില്‍ അഴിമതിവിരുദ്ധ നിയമത്തിനുകീഴിലുള്ള എല്ലാ കുറ്റവും ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ യുപിഎ സര്‍ക്കാര്‍ അപ്പീല്‍ പോയില്ല.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ അജയ് അഗര്‍വാള്‍ അറിയിച്ചു. സിബിഐ ഭരണകക്ഷിയുടെ രാഷ്ട്രീയ ഉപകരണമായി അധഃപതിച്ചതിനാലാണ് കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ക്വട്ടറോച്ചിക്കെതിരെ ആവശ്യത്തിന് തെളിവുകള്‍ സിബിഐക്കുണ്ടായിരുന്നു. എന്നാല്‍, ക്വട്ടറോച്ചിയുമായി അവിഹിതബന്ധമാണ് സിബിഐക്കുള്ളത്. കേസന്വേഷണത്തിന് 250 കോടി രൂപ ചെലവായെന്ന കോടതിയുടെ നിരീക്ഷണം തെറ്റാണ്. അഞ്ചു കോടി രൂപ മാത്രമാണ് ചെലവായതെന്നും മുന്‍ സിബിഐ ഡയറക്ടറെ ഉദ്ധരിച്ച് അജയ് അഗര്‍വാള്‍ പറഞ്ഞു.
ബൊഫോഴ്സ് തോക്കിടപാടില്‍ ക്വട്ടറോച്ചിയും പരേതനായ വിന്‍ഛദ്ദയും കോഴ വാങ്ങിയിരുന്നെന്ന് ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയതിന് തൊട്ടുപിറകെയാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇരുവരും ചേര്‍ന്ന് 41 കോടി രൂപയാണ് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയതെന്ന് ആര്‍ സി ശര്‍മ, ആര്‍ പി തൊലാനി എന്നിവരടങ്ങിയ ട്രിബ്യൂണല്‍ വ്യക്തമാക്കിയിരുന്നു. ബൊഫോഴ്സ് എബി എന്ന സ്വിസ് കമ്പനിയില്‍ നിന്ന് 400 ഹോവിസ്റര്‍ പീരങ്കികള്‍ വാങ്ങിയ 1437 കോടിയുടെ കരാറില്‍ കൈക്കൂലി നല്‍കുക വഴി കോടികളുടെ അധികച്ചെലവുണ്ടായെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.
(വി ബി പരമേശ്വരന്‍)
ദേശാഭിമാനി 050311
ബൊഫോഴ്സ് കേസ് തേച്ചുമായ്ച്ചുകളയാന്‍ 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ശ്രമമാരംഭിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് 2004 ഫെബ്രുവരിയില്‍ ബൊഫോഴ്സ് കേസില്‍ അഴിമതിവിരുദ്ധ നിയമത്തിനുകീഴിലുള്ള എല്ലാ കുറ്റവും ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ യുപിഎ സര്‍ക്കാര്‍ അപ്പീല്‍ പോയില്ല.
ReplyDelete