Saturday, March 5, 2011

നിറച്ചുണ്ണാം കീശ ചോരാതെ

മാമന് സംശയമില്ല; പട്ടിണിയില്ലാതെ കഴിയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരണം

മണ്ണാര്‍ക്കാട്: ലോട്ടറിത്തൊഴിലാളികള്‍ക്ക് പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍തന്നെ തുടര്‍ന്നും അധികാരത്തില്‍ വരണമെന്ന് കാദര്‍മുഹമ്മദ് എന്ന 'മാമനും' ഭാര്യ സൈനബയും ഉറപ്പിച്ചുപറയുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ലോട്ടറിക്ഷേമനിധിയില്‍ അംഗങ്ങളായ കാദര്‍മുഹമ്മദിന് പ്രതിമാസം 500രൂപ ലഭിക്കുന്നുണ്ട്. സൈനബക്ക് പെന്‍ഷനു അപേക്ഷ നല്‍കിയിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞ ലോട്ടറി ത്തൊഴിലാളികള്‍ക്ക് ഒറ്റത്തവണ അംഗത്വ അംശാദായം അടയ്ക്കാനുള്ള ആനുകൂല്യത്തിലൂടെയാണ് 'മാമന്‍' ക്ഷേമനിധിയില്‍ 600 രൂപ വിഹിതം അടച്ചുചേര്‍ത്തത് ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങി.

കാദര്‍മുഹമ്മദും ഭാര്യയും അടങ്ങുന്ന കുടുംബം മണ്ണാര്‍ക്കാട് എത്തിയിട്ട് 32 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ മകനോടും ഭാര്യയോടുമൊപ്പം ടിപ്പുനഗറിലെ വാടകവീട്ടിലാണ് താമസം. 13 വര്‍ഷമായി ലോട്ടറി ടിക്കറ്റ് കൊണ്ടുനടന്ന് മണ്ണാര്‍ക്കാടിന്റെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പന നടത്തിയാണ് കുടുംബംപോറ്റുന്നത്. അന്യസംസ്ഥാന ലോട്ടറി വില്‍പ്പന ഉണ്ടായിരുന്നപ്പോഴും സംസ്ഥാന ലോട്ടറി വില്‍പ്പനക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നുതെന്ന് 'മാമന്‍' പറഞ്ഞു. 'മാമനെ'സംബന്ധിച്ച് ലോട്ടറി വില്‍പ്പന ജീവിതമാര്‍ഗംമാത്രമല്ല, പൊതുജന സേവനംകൂടിയാണ്. അന്യസംസ്ഥാന ലോട്ടറി നിരോധിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ഇദ്ദേഹം സന്തുഷ്ടനാണ്. സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് ദിവസേന എന്നതുമാറ്റി ആഴ്ചയിലൊന്ന് എന്ന തോതിലാക്കിയപ്പോള്‍ 'മാമനെ'പ്പോലെയുള്ള ചെറുകിട വില്‍പ്പനക്കാര്‍ക്ക് കമീഷന്‍കൂട്ടി. സംസ്ഥാന ലോട്ടറിടിക്കറ്റ് വില്‍പ്പനയിലൂടെ മാസത്തില്‍ 15,000രൂപയോളം കമീഷനായി ലഭിക്കാറുണ്ടെന്ന് ഈ എഴുപത്താറുകാരന്‍ പറഞ്ഞു.

രണ്ടു രൂപക്ക് അരിയും മെച്ചപ്പെട്ട ജീവിതവും സമ്മാനിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം നാടിന് ആവശ്യമാണ്. ലോട്ടറിത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍സുരക്ഷയും ജീവിതവും ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം അനിവാര്യമാണെന്ന് 'മാമന്‍' തറപ്പിച്ച പറയുന്നു. ഭര്‍ത്താവിന്റെ അഭിപ്രായത്തെ സൈനബയും ശരിവയ്ക്കുന്നു.

അന്തസ്സോടെ ജീവിക്കാം പീടികത്തൊഴിലാളിക്കും

കോട്ടയം: മണര്‍കാട് ഡയഗ്നോസ്റിക് സ്കാന്‍ സെന്ററില്‍ മൈക്രോബയോളജിസ്റായ ജിഷ പുന്നൂസിനും കുടുംബത്തിനും ഇത് ഇരട്ടി മധുരത്തിന്റെ കാലം. വീട്ടിലൊരു കണ്മണി പുതുതായി എത്തിയെന്നു മാത്രമല്ല, പുതിയ അതിഥിയുടെ വരവ് പതിവിനു വിരുദ്ധമായി കടങ്ങള്‍ ഇല്ലാതെയാണ്. സാധാരണ ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ പ്രസവത്തോട് അടുപ്പിച്ച് ജോലി അവസാനിപ്പിക്കും. അല്ലെങ്കില്‍ ശമ്പളമില്ലാതെ മൂന്നുമാസം അവധി. എന്നാല്‍, ഇന്ന് സ്ഥിതിമാറി. അവധിയോടൊപ്പം പ്രസവത്തിനുള്ള സാമ്പത്തികസഹായവും ലഭിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് പഴയ അവസ്ഥയ്ക്ക് മാറ്റം വരുത്തിയതെന്ന് ജിഷ നന്ദിയോടെ ഓര്‍ക്കുന്നു.

വിവാഹം, പ്രസവം, മരണം തുടങ്ങിയ ഘട്ടങ്ങളില്‍ ഉപകരിക്കുംവിധം പീടികത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയതാണ് ജിഷ പുന്നൂസിനും ക്ളാരമ്മ വര്‍ഗീസിനും സോജിതയ്ക്കുമെല്ലാം ആശ്വാസമായത്. പദ്ധതിയുടെ ഭാഗമായി 17,264 രൂപയാണ് ജിഷയ്ക്ക് പ്രസവസഹായം ലഭിച്ചത്. മുണ്ടക്കയം മടുക്ക സ്വദേശിയും ഫാര്‍മസിസ്റുമായ കെ എസ് സോജിതയ്ക്ക് പ്രസവാനുകൂല്യമായി 13,433 രൂപയും ലഭിച്ചു. മകള്‍ക്ക് സ്കോളര്‍ഷിപ് ലഭിച്ച ആഹ്ളാദത്തിലാണ് കോട്ടയം താഴത്തങ്ങാടി കുന്നുംപുറത്ത് ക്ളാരമ്മ വര്‍ഗീസ്. മുത്തൂറ്റ് മര്‍ക്കെന്റൈല്‍ ജീവനക്കാരിയാണ് ക്ളാരമ്മ.

പീടികത്തൊഴിലാളികളുടെ മക്കളില്‍ ഉന്നത പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പുണ്ട്. പത്തുവര്‍ഷം അംശാദായം അടച്ച് 60 വയസ്സ് പൂര്‍ത്തിയാക്കുന്ന പീടികത്തൊഴിലാളികള്‍ക്ക് പെന്‍ഷനുണ്ട്. ശാരീരിക അവശതമൂലം രണ്ടുവര്‍ഷത്തിലധികം ജോലിചെയ്യാനാകാത്ത തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ലഭിക്കും. 15 വര്‍ഷം അംശാദായം അടച്ച് അംഗം മരിച്ചാലും കുടുംബപെന്‍ഷന്‍ ലഭിക്കും. മൂന്നു വര്‍ഷം അംശാദായം അടച്ച സ്ത്രീ അംഗങ്ങള്‍ക്കും അവരുടെ പെണ്മക്കള്‍ക്കും വിവാഹാവശ്യത്തിന് 5000 രൂപ രണ്ടുതവണ നല്‍കും. മൂന്നുവര്‍ഷം അംശാദായം അടച്ചവര്‍ക്ക് ചികിത്സാസഹായം 10,000 രൂപവരെ നല്‍കും. അംഗങ്ങള്‍ക്ക് ആരോഗ്യസുരക്ഷാകാര്‍ഡും സൌജന്യമായി ലഭിക്കും. മൂന്നു വര്‍ഷം അംശാദായം അടച്ച അംഗത്തിനോ കുടുംബത്തിനോ മരണാനന്തര ചെലവ് 1000 രൂപ ലഭിക്കും. സര്‍വീസ് ദൈര്‍ഘ്യം അനുസരിച്ച് മരണാനന്തര സഹായം 20,000 രൂപവരെ നല്‍കും.
പീടികത്തൊഴിലാളികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ജീവിതസുരക്ഷ ഉറപ്പാക്കുന്നതിനാണ് 2007ല്‍ പീടികത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചത്. ക്ഷേമനിധിയില്‍ പ്രതിമാസം 20 രൂപവീതം തൊഴിലാളിയും തൊഴിലുടമയും അടയ്ക്കണം. മൂന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ ഇതുവരെ ക്ഷേമനിധിയില്‍ അംഗങ്ങളായി. ഈ മാതൃകാപദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 16ന് മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനംചെയ്തത്.
(ജോബി ജോര്‍ജ്)

നിറച്ചുണ്ണാം കീശ ചോരാതെ

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനുമുമ്പ് റേഷന്‍കടകളിലേക്ക് ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്ത പൊതുവിതരണ സമ്പ്രദായം പുനഃസ്ഥാപിക്കുകയായിരുന്നു സര്‍ക്കാരിന്റെ ആദ്യദൌത്യം. പെട്രോളിനും ഡീസലിനും അടിക്കടി വിലകൂട്ടി കേന്ദ്രസര്‍ക്കാര്‍ വിപണിയെ പൊള്ളിച്ചപ്പോഴും കേരളം പിടിച്ചുനിന്നു. അരി ഉല്‍പ്പാദിപ്പിക്കുന്ന ആന്ധ്രയിലേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇവിടെ അരി കിട്ടി. ഒടുവില്‍ കൈക്കൊണ്ട തീരുമാനം പലര്‍ക്കും അവിശ്വസനീയമായി. എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും രണ്ടുരൂപയ്ക്ക് അരി! പ്രതിമാസം 10 കിലോ അരിയും രണ്ടു കിലോ ഗോതമ്പുമാണ് 14,235 റേഷന്‍കടയിലൂടെ 70 ലക്ഷം കുടുംബത്തിന് എത്തിക്കുന്നത്. പ്രതിമാസം 27 കോടിയുടെ അധിക ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കേന്ദ്രം കൊണ്ടുവരുന്ന ഭക്ഷ്യ സുരക്ഷാ നിയമം പാസായാല്‍ സംസ്ഥാനത്തിന്റെ ബാധ്യത കുത്തനെ ഉയരും. നഗരങ്ങളിലെ പകുതി കുടുംബങ്ങളും ഗ്രാമങ്ങളിലെ 10 ശതമാനം കാര്‍ഡ് ഉടമകളും പൊതു വിതരണ ശൃംഖലയില്‍നിന്ന് പുറത്താകുമെന്നതാണ് കാരണം.

നിലവില്‍ സംസ്ഥാനത്ത് 40 ലക്ഷം കുടുംബത്തിന് രണ്ടുരൂപ നിരക്കില്‍ അരി നല്‍കുന്നുണ്ട്. എഎവൈ, ബിപിഎല്‍ കുടുംബങ്ങള്‍ക്കു പുറമെ, സാമൂഹ്യമായ പിന്നോക്കാവസ്ഥയുള്ള 41 ജനവിഭാഗത്തെയും ഉള്‍പ്പെടുത്തിയാണ് 40 ലക്ഷം കുടുംബത്തെ രണ്ടു രൂപ അരിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പട്ടികജാതി- വര്‍ഗ കുടുംബങ്ങള്‍, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍, ആശ്രയ പദ്ധതിയില്‍പ്പെട്ട കുടുംബങ്ങള്‍ തുടങ്ങി എപിഎല്‍ വിഭാഗത്തിലെ നിരവധി വിഭാഗങ്ങള്‍ ഇതില്‍പ്പെട്ടിരുന്നു. മുഴുവന്‍ കുടുംബത്തിലേക്കും രണ്ടു രൂപയുടെ അരി എത്തുന്നത് സംസ്ഥാനത്തെ വിലക്കയറ്റം തടയുന്നതില്‍ നിര്‍ണായകമാകും. കേന്ദ്രം 6.20 രൂപയ്ക്കു നല്‍കുന്ന ബിപിഎല്‍ അരി രണ്ടു രൂപയ്ക്ക് വിതരണംചെയ്യുമ്പോള്‍ കിലോയ്ക്ക് 4.20 രൂപ ക്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നു. എപിഎല്‍ കുടുംബങ്ങള്‍ക്കായി 8.90 രൂപയ്ക്ക് കിട്ടുന്ന അരിയും 6.70 രൂപയ്ക്ക് തരുന്ന ഗോതമ്പും രണ്ടു രൂപ നിരക്കില്‍ ജനങ്ങളിലെത്തിക്കാന്‍ യഥാക്രമം 6.90 രൂപയും 4.70 രൂപയും സബ്സിഡി നല്‍കുന്നു.
(ആര്‍ സാംബന്‍)

deshabhimani 050311

1 comment:

  1. ലോട്ടറിത്തൊഴിലാളികള്‍ക്ക് പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍തന്നെ തുടര്‍ന്നും അധികാരത്തില്‍ വരണമെന്ന് കാദര്‍മുഹമ്മദ് എന്ന 'മാമനും' ഭാര്യ സൈനബയും ഉറപ്പിച്ചുപറയുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ലോട്ടറിക്ഷേമനിധിയില്‍ അംഗങ്ങളായ കാദര്‍മുഹമ്മദിന് പ്രതിമാസം 500രൂപ ലഭിക്കുന്നുണ്ട്. സൈനബക്ക് പെന്‍ഷനു അപേക്ഷ നല്‍കിയിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞ ലോട്ടറി ത്തൊഴിലാളികള്‍ക്ക് ഒറ്റത്തവണ അംഗത്വ അംശാദായം അടയ്ക്കാനുള്ള ആനുകൂല്യത്തിലൂടെയാണ് 'മാമന്‍' ക്ഷേമനിധിയില്‍ 600 രൂപ വിഹിതം അടച്ചുചേര്‍ത്തത് ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങി.

    ReplyDelete