മാമലക്കണ്ടം: വീട്ടുമുറ്റത്ത് സ്വന്തം മഹീന്ദ്ര ജീപ്പും ഒന്നിടവിട്ട ദിവസങ്ങളില്‍ 7400 രൂപ റബ്ബറില്‍നിന്ന് വരുമാനവും ഉണ്ടെങ്കിലും കുട്ടമ്പുഴ മേട്ടിനാമ്പാറകുടി നെല്ലിപ്പള്ളില്‍ മാരിയപ്പന്‍ കാണിയുടെ വീട്ടില്‍ രണ്ടുമാസം മുമ്പുവരെ വൈദ്യുതിയില്ലായിരുന്നു. പണവും അര്‍ഹതയും ഇല്ലാഞ്ഞിട്ടല്ല. വിളിപ്പാടകലെ ഇളംബ്ളാശേരിക്കുടി ആദിവാസികോളനിയിലും കഥ ഇതുതന്നെ. സന്ധ്യമയങ്ങിയാല്‍ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിനെ ആശ്രയിച്ചിരുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ രണ്ട് ആദിവാസികോളനികള്‍ ഇന്ന് വൈദ്യുതിവിളക്കുകളുടെ വെളിച്ചത്തില്‍ തിളങ്ങുന്നു. ജില്ലാ സമ്പൂര്‍ണവൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ആയിരത്തോളം വീടുകളില്‍ വൈദ്യുതിയെത്തിയ കൂട്ടത്തിലാണ് ആദിവാസിക്കുടികളിലും വെളിച്ചമെത്തിയത്.
വൈദ്യുതിയെത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കാണിക്ക് ഇപ്പോഴും വിശ്വാസമായിട്ടില്ല. ഇത്ര പെട്ടെന്ന് വൈദ്യുതിയെത്തുമെന്ന് സ്വപ്നത്തില്‍പ്പോലും വിശ്വസിച്ചിരുന്നില്ലെന്ന് കാണി പറയുന്നു.
കോളനിയിലെ 114 കുടുംബങ്ങളില്‍ ഇപ്പോള്‍ വൈദ്യുതിയുണ്ട്. പത്തോളം കുടുംബങ്ങള്‍ക്ക് കെഎസ്ഇബിയിലേക്ക് അടയ്ക്കേണ്ട നിസ്സാര തുക കെട്ടിവച്ചാലുടന്‍ വെളിച്ചം കിട്ടും. ഇളംബ്ളാശേരിക്കുടിയിലെ 175 കുടികളില്‍ ഭൂരിഭാഗം വീടുകളുടെ മുന്നിലും വൈദ്യുതിപോസ്റ്റ് എത്തിക്കഴിഞ്ഞു. ഉള്‍ഭാഗത്ത് താമസിക്കുന്നവരുടെ വീടുകളില്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മാമലക്കണ്ടത്ത് വൈദ്യുതിയെ വരവേല്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. ആദിവാസികള്‍ ഉള്‍പ്പെടെ 1200 കുടുംബത്തിന് ഇവിടെ വൈദ്യുതി വേണമായിരുന്നു.
സമ്പൂര്‍ണ വൈദ്യുതീകരണത്തിന് സന്നദ്ധസേവനം നല്‍കാന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ പി എന്‍ കുഞ്ഞുമോന്‍ ചെയര്‍മാനായി നാട്ടുകാര്‍ കര്‍മസമിതിയുണ്ടാക്കി. കെഎസ്ഇബിയുടെ വിവിധ സെക്ഷനില്‍ നിന്ന് അമ്പതോളം ജീവനക്കാരും എത്തി. നാട്ടുകാര്‍ പാകപ്പെടുത്തിയ ഭക്ഷണം കഴിച്ച് ഇവര്‍ കാട്ടിനുള്ളില്‍ താമസിച്ചു. പിണവൂര്‍ക്കുടിയിലെ കിഴുക്കാംതൂക്കായ ഭാഗത്തൂടെയാണ് മാമലക്കണ്ടത്തേക്ക് ലൈന്‍ കൊണ്ടുവന്നത്. അതിനായി പത്തും പതിനാറും പേര്‍ കോക്രീറ്റ് പോസ്റ്റ് തൂക്കിയെടുത്ത് മലകയറി. കാട്ടുവള്ളിയിലും വേരുകളിലും തൂങ്ങിയിറങ്ങി. രണ്ടു മാസത്തിനുള്ളില്‍ 1060 പോസ്റ്റ് സ്ഥാപിച്ചു. 18 കിലോമീറ്ററോളം 11 കെവി ലൈനും 70 കിലോമീറ്ററോളം എല്‍ടി ലൈനും വലിച്ചു. മൂന്ന് ട്രാന്‍സ്ഫോര്‍മറും സ്ഥാപിച്ചു. ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഇതിനകം വൈദ്യുതി നല്‍കി. ഒരിക്കലും കാടും മലയും കയറി വരില്ലെന്നു കരുതിയ വെളിച്ചം ജില്ലയുടെ കിഴക്കേയറ്റത്തെ കൂരകളിലും എത്തിയതിന്റെ ആഹ്ളാദം മാമലക്കണ്ടത്തുകാര്‍ മറച്ചുവയ്ക്കുന്നില്ല.
ഈ ചിരിക്ക് 100 വാട്ട്
മാമലക്കണ്ടം: ഇളംബ്ളാശേരിക്കുടിയില്‍ മലയവിഭാഗത്തില്‍പ്പെട്ട സദാനന്ദന്റെ കൊച്ചു വീടിനു മുന്നില്‍ തിളക്കമുള്ള ഒരു ഇലക്ട്രിക് മീറ്റര്‍. രണ്ട് 60 വാട്ട് ബള്‍ബുകള്‍ തെളിച്ചും കെടുത്തിയും കുട്ടികളുടെ കളി. ഒരിക്കലും എത്തിപ്പിടിക്കാനാവില്ലെന്നു കരുതിയ 'ആഡംബര'മാണ് ഈ നിര്‍ധന ആദിവാസി കര്‍ഷകകുടുംബത്തിന് ജില്ലാ സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെ കൈവന്നത്. സദാനന്ദന്റെ വീട്ടില്‍ വൈദ്യുതിയെത്താന്‍ ചെലവായത് 6000 രൂപ. ഇതില്‍ 185 രൂപമാത്രമാണ് കെഎസ്ഇബിക്ക്. ബാക്കി വയറിങ്, ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്ക്. ബോര്‍ഡിന്റെ നടപടികളും ലളിതം.
35 വര്‍ഷത്തോളമായി കോളനിയില്‍ താമസിക്കുന്ന തങ്ങള്‍ക്ക് എന്നെങ്കിലും വൈദ്യുതി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സദാനന്ദന്റെ മകന്‍ സുഭാഷ് പറഞ്ഞു. ഇത്രയും വേഗത്തില്‍ കിട്ടിയത് വിശ്വസിക്കാനാവുന്നില്ല. ഇപ്പോള്‍ വീട്ടില്‍ അഞ്ച് ബള്‍ബുകള്‍ കത്തുന്നുണ്ട്. കോളനിയില്‍ ലൈന്‍വലിക്കലും വീട്ുവയറിങ്ങും ഇപ്പോഴും തകൃതി. മേല്‍നോട്ടത്തിന് കീരമ്പാറ ഡിവിഷനിലെ സബ് എന്‍ജിനിയര്‍ കെ വി ബേബി. പോസ്റ്റിടാനും ലൈന്‍ വലിക്കാനും കരാറെടുത്തവരെ സഹായിക്കാന്‍ കോളനിയിലെ ചെറുപ്പക്കാരുടെ സന്നദ്ധ സംഘം. വെയിലും മഴയും കാട്ടുമൃഗങ്ങളുടെ ഭീഷണിയും വകവയ്ക്കാതെ ഈ വനമേഖല ഒരു നിശ്ശബ്ദ വെളിച്ചവിപ്ളവം പൂര്‍ത്തിയാക്കുകയാണ്. വൈദ്യുതീകരണ ജോലിക്കിടെ കെഎസ്ഇബിയുടെ ഡ്രൈവര്‍മാരിലൊരാള്‍ കാട്ടില്‍ ആനയുടെ മുന്നില്‍പ്പെട്ടതായി ബേബി പറഞ്ഞു. ഉരുളന്‍തണ്ണിയില്‍നിന്ന് കാട്ടുപാതയിലൂടെ നടന്ന് മാമലക്കണ്ടത്തേക്ക് വരുമ്പോഴാണ് സുധീഷ് എന്ന ഡ്രൈവര്‍ കാട്ടാനക്കു മുന്നില്‍പ്പെട്ടത്. കാട്ടിലുണ്ടായിരുന്നവരുടെ സമയോചിത ഇടപെടല്‍കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ബേബി ഓര്‍ക്കുന്നു.
പണം നല്‍കിയത് എല്‍ഡിഎഫ് പ്രതിനിധികള്‍
മാമലക്കണ്ടം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം പ്രദേശത്തെ വൈദ്യുതീകരണത്തിന് പണം നല്‍കിയത് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ മാത്രം. തദ്ദേശസ്ഥാപനങ്ങളുടെ പണംകൂടി ഉപയോഗിച്ച് ആദ്യഘട്ടം പൂര്‍ത്തിയാക്കി. സംസ്ഥാനസര്‍ക്കാരിന്റെ ജില്ലാ സമ്പൂര്‍ണ വൈദ്യുതീകരണപദ്ധതിയുടെ വരവോടെ മാമലക്കണ്ടത്തെ മുഴുവന്‍ വീട്ടിലും വൈദ്യുതിയെത്തിക്കാനുള്ള പദ്ധതിയും യാഥാര്‍ഥ്യമായി. 2005ല്‍ പഞ്ചായത്ത് സ്ഥാപിച്ച ഹൈഡല്‍ പദ്ധതിയില്‍നിന്ന് നൂറ്റമ്പതോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. വില പ്രതിമാസം 100 രൂപ. ബള്‍ബുകള്‍ മുനിഞ്ഞുകത്തുമെന്നല്ലാതെ മറ്റാവശ്യത്തിനൊന്നും ഈ വൈദ്യുതി ഉപയോഗിക്കാനാവില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാവര്‍ക്കും വൈദ്യുതിയെത്തിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി എന്‍ കുഞ്ഞുമോന്‍ ചെയര്‍മാനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. 1.77 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലയിലെ ജനപ്രതിനിധികളില്‍നിന്ന് പ്രദേശിക വികസനഫണ്ട് ശേഖരിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.
എല്‍ഡിഎഫ് ജനപ്രതിനിധികളായ പി രാജീവ് എംപി (15 ലക്ഷം), മുന്‍ എംപി കെ ചന്ദ്രന്‍പിള്ള (25 ലക്ഷം), കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി (10 ലക്ഷം), കെ രാജേന്ദ്രന്‍ എംഎല്‍എ (10 ലക്ഷം) എന്നിവര്‍ ഫണ്ട് അനുവദിച്ചു. ത്രിതല പഞ്ചായത്തുകളില്‍നിന്ന് 35 ലക്ഷവും കിട്ടി. ഈ പണം ഉപയോഗിച്ച് മേട്ടിനാമ്പറക്കുടി, പട്ടികജാതി കോളനി എന്നിവിടങ്ങള്‍ വൈദ്യുതീകരിച്ചു.
അപ്പോഴാണ് ജില്ലാ സമ്പൂര്‍ണ വൈദ്യുതീകരണപദ്ധതിയുടെ വരവ്. ഉടനെ ആക്ഷന്‍ കമ്മിറ്റി വൈദ്യുതിമന്ത്രിയുമായി ബന്ധപ്പെട്ട് മാമലക്കണ്ടം സമ്പൂര്‍ണ വൈദ്യുതീകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. അസാധ്യമെന്ന് എല്ലാവരും എഴുതിത്തള്ളിയ പദ്ധതിക്ക് അതോടെ ജീവന്‍വച്ചു. അങ്ങനെ ഉദ്യോഗസ്ഥരും ജീവനക്കാരും നാട്ടുകാരും ജനപ്രതിനിധികളും ഒരുമനസ്സോടെ കൈകോര്‍ത്ത ഭഗീരഥപ്രയത്നത്തിനെടുവില്‍ മാമലക്കണ്ടം സമ്പൂര്‍ണ വൈദ്യുതിപ്രഭയിലായി. ഫെബ്രുവരി 19ന് പി രാജീവ് എംപി പദ്ധതി പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലയില്‍ 12,587 പുതിയ കണക്ഷന്‍
കൊച്ചി: ജില്ലയിലെ മുഴുവന്‍ വീട്ടിലും വൈദ്യുതി എത്തിക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയിലൂടെ കെഎസ്ഇബി പൂര്‍ത്തീകരിച്ചത് ശ്രമകരമായ ചരിത്രദൌത്യം. പൊതുജനങ്ങളുടെ സഹകരണത്തോടെയുള്ള ഭഗീരഥ പ്രയത്നത്തിലൂടെയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കിയത്. 12,587 പുതിയ കണക്ഷന്‍ പദ്ധതിയുടെ ഭാഗമായി മാത്രം ജില്ലയില്‍ നല്‍കി. അപേക്ഷ നല്‍കി വയറിങ് നടത്തിയ വീടുകള്‍ക്കാണ് പദ്ധതിപ്രകാരം യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി നല്‍കിയത്. ലൈന്‍ വലിക്കുന്നതിനുള്ള നിയമതടസ്സം ഉള്‍പ്പെടെയുള്ള കേസുകളും പരാതികളും അദാലത്തിലൂടെ പരിഹരിച്ചു.
പദ്ധതിയിലൂടെ ജില്ലയിലെ വടക്കേക്കര, ആലുവ, തൃപ്പൂണിത്തുറ, കുന്നത്തുനാട്, മൂവാറ്റുപുഴ, എറണാകുളം, പള്ളുരുത്തി, മട്ടാഞ്ചേരി മണ്ഡലങ്ങളിലെ വൈദ്യുതീകരണം നേരത്തെ പൂര്‍ണമായിരുന്നു. വൈദ്യുതി ലഭിച്ചവരില്‍ 2309 ഉം പട്ടികജാതി-വര്‍ഗ കുടുംബങ്ങളാണ്. 4131 കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയും. 15 പുതിയ ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിച്ചു. 27.5 കിലോമീറ്ററില്‍ 11 കെവി ലൈനും 325 കിലോമീറ്ററില്‍ ലോ ടെന്‍ഷന്‍ ലൈനും പുതുതായി വലിച്ചു. ആകെ ചെലവായതില്‍ 5.66 കോടി രൂപ വിവിധ ഫണ്ടുകളില്‍നിന്ന് സമാഹരിച്ചു. ബാക്കി 52 ശതമാനത്തോളം കെഎസ്ഇബി കണ്ടെത്തി. ജില്ലയിലാകെ കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ നല്‍കിയത് 2,18,799 കണക്ഷന്‍. ഇതില്‍ 10,007 എണ്ണം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കും 5189 എണ്ണം പട്ടികജാതി-വര്‍ഗ വിഭാഗത്തിനുമാണ്. പുതിയ കണക്ഷനും വോള്‍ട്ടേജ് പ്രശ്നപരിഹാരത്തിനുമായി 2471 പുതിയ ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിച്ചതോടൊപ്പം 1023 കിലോമീറ്റര്‍ 11 കെവി ലൈനും 1900 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനും വലിച്ചു. 450 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നാലരവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയത്.
ദേശാഭിമാനി 080311
വീട്ടുമുറ്റത്ത് സ്വന്തം മഹീന്ദ്ര ജീപ്പും ഒന്നിടവിട്ട ദിവസങ്ങളില്‍ 7400 രൂപ റബ്ബറില്‍നിന്ന് വരുമാനവും ഉണ്ടെങ്കിലും കുട്ടമ്പുഴ മേട്ടിനാമ്പാറകുടി നെല്ലിപ്പള്ളില്‍ മാരിയപ്പന്‍ കാണിയുടെ വീട്ടില്‍ രണ്ടുമാസം മുമ്പുവരെ വൈദ്യുതിയില്ലായിരുന്നു. പണവും അര്‍ഹതയും ഇല്ലാഞ്ഞിട്ടല്ല. വിളിപ്പാടകലെ ഇളംബ്ളാശേരിക്കുടി ആദിവാസികോളനിയിലും കഥ ഇതുതന്നെ. സന്ധ്യമയങ്ങിയാല്‍ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിനെ ആശ്രയിച്ചിരുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ രണ്ട് ആദിവാസികോളനികള്‍ ഇന്ന് വൈദ്യുതിവിളക്കുകളുടെ വെളിച്ചത്തില്‍ തിളങ്ങുന്നു. ജില്ലാ സമ്പൂര്‍ണവൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ആയിരത്തോളം വീടുകളില്‍ വൈദ്യുതിയെത്തിയ കൂട്ടത്തിലാണ് ആദിവാസിക്കുടികളിലും വെളിച്ചമെത്തിയത്.
ReplyDelete