Tuesday, March 1, 2011

പ്രധാനമന്ത്രി പ്രഖ്യാപിച്ചതും കേരളത്തിനില്ല

പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ച പദ്ധതികളടക്കം അനുവദിക്കാതെ കേന്ദ്രബജറ്റില്‍ കേരളത്തോട് പൂര്‍ണ അവഗണന. കേരളം തുടര്‍ച്ചയായി ആവശ്യപ്പെടുന്ന കൊച്ചി മെട്രോയും ഐഐടിയും വീണ്ടും അവഗണിക്കപ്പെട്ടു. തോട്ടവിളകള്‍ക്കുള്ള സഹായവും കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതവും വെട്ടിക്കുറച്ചു. ശമ്പളവര്‍ധന അടക്കം നടപ്പാക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വായ്പയെടുക്കാനുള്ള അനുമതി നല്‍കണമെന്ന ആവശ്യവും പരിഗണിച്ചില്ല. പൊതുവിതരണ സംവിധാനത്തിന് പ്രത്യേകസഹായം, സംസ്ഥാനപാതകളുടെ വികസനത്തിന് 1000 കോടി സഹായം, പാമോയിലിനു സമാനമായി വെളിച്ചെണ്ണയ്ക്കും സബ്സിഡി, കൊല്ലം ആസ്ഥാനമായി കശുവണ്ടിബോര്‍ഡ് തുടങ്ങി സംസ്ഥാനത്തിന്റെ മറ്റാവശ്യങ്ങളും തഴയപ്പെട്ടു.

മലപ്പുറം അലിഗഢ് സര്‍വകലാശാലാ കേന്ദ്രത്തിന് 50 കോടിയും വയനാട്ടിലെ പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്ക് 100 കോടിയും ധനസഹായം അനുവദിച്ചതാണ് കേരളത്തിന് ആശ്വാസമായ പ്രഖ്യാപനങ്ങള്‍.

എണ്ണപ്പനക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതികേരളത്തിലെ നാളികേര കര്‍ഷകള്‍ക്ക് തിരിച്ചടിയാകും. 60,000 ഹെക്ടര്‍ സ്ഥലത്തുകൂടി എണ്ണപ്പനക്കൃഷി വ്യാപിപ്പിക്കുന്നതിന് 300 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത് വെളിച്ചെണ്ണവില ഇടിയാന്‍ വഴിയൊരുക്കും. പാമോയിലിനുള്ള ലിറ്ററിന് 15 രൂപ സബ്സിഡി വെളിച്ചെണ്ണയ്ക്കും അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്രം തള്ളിയത്. റബര്‍ അടക്കമുള്ള കേരളത്തിലെ തോട്ടവിളകള്‍ക്കും കടുത്ത അവഗണനയാണ്. കേന്ദ്രത്തിന്റെ വിലസ്ഥിരതാ നിധിയില്‍ കുരുമുളകും ഏലവും ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചില്ല. തേയില ബോര്‍ഡിനുള്ള ബജറ്റ് വിഹിതം 660 കോടിയില്‍നിന്ന് 439 കോടിയായും റബര്‍ബോര്‍ഡിന്റെ വിഹിതം 100 കോടിയില്‍നിന്ന് 99 കോടിയായും കുറച്ചു. സുഗന്ധവ്യഞ്ജന ബോര്‍ഡിന്റെ വിഹിതമാകട്ടെ 339 കോടിയില്‍നിന്ന് 106.91 കോടിയായി കുറച്ചു. കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൌണ്‍സിലിന് കഴിഞ്ഞ ബജറ്റില്‍ അഞ്ചുകോടി അനുവദിച്ച സ്ഥാനത്ത് ഇക്കുറി പണം ഇല്ല. തേയിലമേഖലയ്ക്കുള്ള വികസനനിധിക്കും ഒന്നും അനുവദിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം 32 ലക്ഷം അനുവദിച്ച വിലസ്ഥിരതാ നിധിയിലേക്ക് 13 ലക്ഷംമാത്രമാണ് നീക്കിയിരിക്കുന്നത്.

കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അവസ്ഥയും സമാനമാണ്. എച്ച്എംടിക്ക് കഴിഞ്ഞ ബജറ്റില്‍ 351 കോടി അനുവദിച്ച സ്ഥാനത്ത് പുതിയ ബജറ്റില്‍ ഒന്നുമില്ല. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന്റെ വിഹിതം 12.34 കോടിയില്‍നിന്ന് 8.50 കോടിയായി കുറച്ചു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റിന് ഡ്രെഡ്ജിങ്ങിന് 157 കോടി കഴിഞ്ഞ വര്‍ഷം അനുവദിച്ചപ്പോള്‍ ഈ വര്‍ഷം ഒന്നുമില്ല. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് കഴിഞ്ഞ വര്‍ഷം 72 കോടി സബ്സിഡി അനുവദിച്ചപ്പോള്‍ ഈ വര്‍ഷം ഒരു ലക്ഷം രൂപയാണ് സബ്സിഡി. ഫാക്ടിന് 90 കോടി കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച സ്ഥാനത്ത് ഈ ബജറ്റില്‍ 60.74 കോടിയായി കുറഞ്ഞു. കൊച്ചി മെട്രോയോടൊപ്പം പരിഗണിക്കപ്പെട്ട ബംഗളൂരു, ചെന്നൈ മെട്രോകള്‍ക്ക് വലിയ സഹായമാണ് പ്രഖ്യാപിച്ചത്. ബംഗളൂരുവിന് 1500 കോടിയും ചെന്നൈക്ക് 2160 കോടിയുമാണ് അനുവദിച്ചത്. നേരത്തെ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി മെട്രോയ്ക്ക് 2635 കോടിയും അനുവദിച്ചു.

അടുത്തിടെ കേരളം സന്ദര്‍ശിച്ചപ്പോഴും ഐഐടി അനുവദിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ബജറ്റില്‍ ഒരു പരാമര്‍ശവുമുണ്ടായില്ല. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ റീജണല്‍ സെന്ററാക്കുന്നതിന് ധനസഹായം, ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, റീജണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് തുടങ്ങി മറ്റാവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ തഴഞ്ഞ കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളാണ്. കേരളത്തിന്റെ മറ്റാവശ്യങ്ങളും പരിഗണിച്ചില്ല.

സംസ്ഥാനത്തെ വളം-ഊര്‍ജ നിലയങ്ങളുടെ പ്രവര്‍ത്തനാവശ്യത്തിനായി മുന്‍ഗണനാടിസ്ഥാനത്തില്‍ വാതകം നല്‍കുക, നാഫ്തയുടെ വിലവര്‍ധന കണക്കിലെടുത്ത് ഫാക്ടിന് 450 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിക്കുക, ഫാക്ടില്‍ യൂറിയ പ്ളാന്റിനായി 685 കോടി അനുവദിക്കുക, കൊച്ചിന്‍ റിഫൈനറിയില്‍ 15,000 കോടിയുടെ പെട്രോകെമിക്കല്‍ പദ്ധതി, ആയിരം കോടി മുടക്കി എച്ച്ഒസിഎല്ലിന്റെ ശേഷി വര്‍ധന, സംസ്ഥാനപാതകളുടെ നിലവാരവര്‍ധനയ്ക്ക് ആയിരം കോടിയുടെ ധനസഹായം, കയര്‍-കൈത്തറി മേഖലയ്ക്ക് റിബേറ്റ് അനുവദിക്കുക, കേരളത്തിന്റെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ റബര്‍ റീപ്ളാന്റിങ്, തെങ്ങ് പുനഃകൃഷി, ദരിദ്രര്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതികള്‍, തൊണ്ടുശേഖരണം തുടങ്ങിയ തൊഴിലുകളെ കൂടി ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് അവഗണിക്കപ്പെട്ടത്.
(എം പ്രശാന്ത്)

കാര്‍ഷികമേഖലയ്ക്ക് അവഗണന

കാര്‍ഷികമേഖലയുടെ പതനം ആസന്നമാക്കുന്നു രണ്ടാം യുപി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്. കൃഷിഭൂമിയുടെ വിസ്തൃതിയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കാതെ ഭക്ഷ്യപ്രതിസന്ധി മറികടക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടുന്ന സര്‍ക്കാര്‍ അതിന് കാര്യമായൊന്നും വകയിരുത്തിയിട്ടില്ല. ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുമെന്ന് വ്യക്തമാക്കുമ്പോഴും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ല. പകരം ഭക്ഷ്യസബ്സിഡി 27 കോടി രൂപ വെട്ടിക്കുറയ്ക്കുകയുംചെയ്തു. കര്‍ഷക ആത്മഹത്യ നിത്യസംഭവമാവുമ്പോള്‍ കടം എഴുതിത്തള്ളല്‍ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയും പൊലിഞ്ഞു. പകരം പലിശ നാലു ശതമാനമാക്കി. ഒരുവര്‍ഷത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്കു മാത്രമാണ് ഈ ഇളവ്. കടക്കെണിയില്‍പ്പെട്ടവര്‍ക്ക് ഇത് അസാധ്യം. വായ്പ തീര്‍ക്കാന്‍ ബ്ളേഡ്മാഫിയയെ ആശ്രയിക്കുന്ന സ്ഥിതിയും ഉണ്ടാകും. വായ്പ കൃത്യമായി അടയ്ക്കുന്ന ധനിക കര്‍ഷകര്‍ക്കേ ഇത് പ്രയോജനപ്പെടൂ.

വളം സബ്സിഡിയെന്ന സങ്കല്‍പ്പംതന്നെ തകര്‍ക്കുന്നതാണ് സബ്സിഡി നേരിട്ട് നല്‍കുമെന്ന പ്രഖ്യാപനം. ഇത് നടപ്പാകുന്നതോടെ വളം സബ്സിഡി ബിപിഎല്ലിന് മാത്രമാവും. ഫലത്തില്‍ വളം സബ്സിഡിതന്നെ ഇല്ലാതാകും. ബിപിഎല്‍ വിഭാഗത്തില്‍ ഉള്ളതില്‍ ഏറെയും കര്‍ഷകത്തൊഴിലാളികളാണ്. സ്വന്തം കൃഷിഭൂമിയുള്ളവര്‍ ബഹുഭൂരിപക്ഷവും എപിഎല്ലിലാണ്. സബ്സിഡി നിഷേധിക്കപ്പെടുന്നതിനാല്‍ ഉയര്‍ന്നവിലയ്ക്ക് വളം വാങ്ങേണ്ടിവരും. സംസ്ഥാന സര്‍ക്കാരിന്റെ ബിപിഎല്‍ പട്ടികയില്‍നിന്ന് ഏറെ ചെറുതാണ് കേന്ദ്രം അംഗീകരിക്കുന്ന പട്ടിക എന്നതും പ്രശ്നം സൃഷ്ടിക്കും.

വായ്പാപരിധി 50,000 കോടി ഉയര്‍ത്തി 3.75 ലക്ഷം കോടിയാക്കിയെന്ന പ്രഖ്യാപനം കര്‍ഷകര്‍ക്ക് വലിയ നേട്ടമായാണ് കഴിഞ്ഞവര്‍ഷം ധനമന്ത്രി അവതരിപ്പിച്ചത്. ഇക്കൊല്ലം ഇത് 4.75 ലക്ഷം കോടിയാക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍, കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനംകൊണ്ട് എന്തെങ്കിലും മുന്നേറ്റം ഉണ്ടായോ എന്ന് വ്യക്തമാക്കിയിട്ടില്ല. കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നത് കൂടുതല്‍ ഉദാരമാക്കണമെന്ന് ബാങ്കുകളോട് അഭ്യര്‍ഥിക്കാനല്ലാതെ വ്യക്തവും കര്‍ശനവുമായി നിര്‍ദേശം നല്‍കാന്‍ തയ്യാറായിട്ടില്ല. മറ്റെല്ലാ മേഖലയിലുമെന്നപോലെ കാര്‍ഷികരംഗത്തും കേരളത്തോടുള്ള അവഗണന ബജറ്റില്‍ തെളിഞ്ഞുകാണാം. ആസിയന്‍ കരാറിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്ന കേരളത്തിനായി പ്രത്യേക പദ്ധതികളോ സാമ്പത്തിക സഹായമോ പ്രഖ്യാപിച്ചില്ല. പാമോയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 60000 ഹെക്ടറില്‍ എണ്ണപ്പനകൃഷി വ്യാപിപ്പിക്കാന്‍ 300 കോടി നീക്കിവച്ചു. എന്നാല്‍, തെങ്ങുകൃഷിക്കായി പുതിയ ധനസഹായമോ പദ്ധതിയോ ഒന്നുമില്ല.
(വിജേഷ് ചൂടല്‍)

പൊതുമേഖല വിറ്റഴിക്കല്‍ ശക്തമായി തുടരും

യുപിഎ സര്‍ക്കാരിന്റെ പ്രധാന നയമായ പൊതുമേഖല ഓഹരി വില്‍പ്പന ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്ഡിഐ)ത്തിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കാന്‍ തീരുമാനിച്ചു. പൊതുമേഖല വിറ്റഴിക്കലിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ആറ് പൊതുമേഖലകളുടെ ഓഹരിവില്‍പ്പനയില്‍ 50 ലക്ഷത്തോളം പേര്‍ ഓഹരികള്‍ വാങ്ങാനെത്തിയെന്ന് പ്രണബ് പറഞ്ഞു.

ഓഹരിവില്‍പ്പനയിലൂടെ നാല്‍പ്പതിനായിരം കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, 2010-11 സാമ്പത്തികവര്‍ഷം ഇതു വഴി 22,144 കോടി രൂപയാണ് സമാഹരിക്കാനായത്. നാല്‍പ്പതിനായിരം കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് 2011-12 സാമ്പത്തികവര്‍ഷം ഓഹരിവില്‍പ്പന ശക്തമായി തുടരും. വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണി കുടുതല്‍ തുറന്നു കൊടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാണ്. നിലവില്‍, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യില്‍ രജിസ്റര്‍ചെയ്ത വിദേശ സ്ഥാപന നിക്ഷേപകര്‍ക്കും അവരുടെ ഉപസ്ഥാപനങ്ങള്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും മാത്രമാണ് മ്യൂച്വല്‍ഫണ്ട് പദ്ധതികളില്‍ നിക്ഷേപിക്കാന്‍ അനുമതി. എന്നാല്‍, ഇനി എല്ലാ വിദേശ നിക്ഷേപകരെയും സെബിയുടെ അംഗീകാരമുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കും. ഇതുവഴി ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക് വിദേശനിക്ഷേപം ഒഴുകുമെന്ന് പ്രണബ് പറഞ്ഞു.

കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ ഉടന്‍

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് ബാങ്ക് ഇടപാടിനുള്ള ലൈസന്‍സ് അനുവദിക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ബാങ്കിങ് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിസര്‍വ് ബാങ്ക് പരിഗണിക്കുകയാണ്. ഇതിനായി ബാങ്കിങ് റെഗുലേഷന്‍ നിയമത്തില്‍ ചില ഭേദഗതി റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്കിങ് ലൈസന്‍സിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കും. കൂടുതല്‍ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങള്‍ ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലയില്‍ നടപ്പാക്കുമെന്ന് പ്രണബ് ബജറ്റിനിടെ പ്രഖ്യാപിച്ചു.

സ്വകാര്യമേഖലയിലെ ചില പണമിടപാട് സ്ഥാപനങ്ങള്‍ക്ക് ബാങ്ക് ഇടപാടിനുള്ള ലൈസന്‍സ് അനുവദിക്കുമെന്ന് പ്രണബ് കഴിഞ്ഞ ബജറ്റില്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്‍ഷുറന്‍സ് നിയമം(ഭേദഗതി)ബില്‍ 2008, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍(ഭേദഗതി)ബില്‍ 2009, പരിഷ്കരിച്ച പെന്‍ഷന്‍ ഫണ്ട് നിയന്ത്രണ, വികസന അതോറിറ്റി ബില്‍, ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2011, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(സബ്സിഡയറി ബാങ്ക്സ് നിയമങ്ങള്‍) ഭേദഗതി ബില്‍ 2009 തുടങ്ങിയവ പാസാക്കി നടപ്പാക്കാന്‍ ശ്രമം ഊര്‍ജിതമാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 'കമ്പനി നിയമം 2009' ഈ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. സത്യം തട്ടിപ്പിന്റെ സാഹചര്യത്തിലാണ് അമ്പത് വര്‍ഷം പഴക്കമുള്ള കമ്പനി നിയമം പരിഷ്കരിക്കാന്‍ തീരുമാനിച്ചത്. പുതിയ നിയമപ്രകാരം കമ്പനികള്‍ക്ക് ഭരണപരമായ കടുത്ത നിയന്ത്രണം ഉണ്ടാകും. ഒപ്പം ഓഹരിയുടമകള്‍ക്ക് കൂടുതല്‍ ജനാധിപത്യ അവകാശങ്ങളും ലഭിക്കും.

130 ഇനങ്ങള്‍ കൂടി നികുതിവലയില്‍

രാജ്യത്തെ നികുതി സംവിധാനം ചരക്ക്-സേവന നികുതി (ജിഎസ്ടി) യിലേക്ക് മാറുന്നതിന്റെ ഭാഗമായി 130 ഉപഭോക്തൃവസ്തുക്കള്‍ക്ക് എക്സൈസ് തീരുവ ചുമത്താന്‍ ബജറ്റ് നിര്‍ദേശം. നിലവില്‍ 100 സാധനം എക്സൈെസ് തീരുവയില്‍ നിന്നും മൂല്യവര്‍ധിത നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മൂല്യവര്‍ധിത നികുതി ചുമത്തപ്പെട്ടതും എക്സൈസ് നികുതി ഒഴിവാക്കപ്പെട്ടതുമായ സാധനങ്ങള്‍ 370 എണ്ണമാണ്. ഇതില്‍ 130 ഉപഭോക്തൃവസ്തുക്കളുടെ എക്സൈസ് തീരുവ ഇളവ് പിന്‍വലിച്ചുകൊണ്ട് അവയ്ക്ക് ഒരു ശതമാനം തീരുവ ചുമത്തും. ജിഎസ്ടി നിലവില്‍ വരുന്നതോടെ ബാക്കി 140 സാധനംകൂടി നികുതിവലയിലാകുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇറക്കുമതി തീരുവയിലും എക്സൈസ് തീരുവയിലും വരുത്തിയ മാറ്റങ്ങളിലൂടെ 7300 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്നും മുഖര്‍ജി പറഞ്ഞു.

എക്സൈസ് തീരുവ പുതുതായി ചുമത്തുമ്പോള്‍ ഉല്‍പ്പാദകര്‍ക്ക് സെന്‍വാറ്റ് ക്രെഡിറ്റ് സൌകര്യം ലഭ്യമാവില്ല. അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനങ്ങള്‍ക്കും പുതുതായുള്ള തീരുവ ബാധകമാകില്ല. വിലയേറിയ ലോഹങ്ങള്‍ക്കും രത്നങ്ങള്‍ക്കും നികുതി ഉണ്ടാവില്ല. സ്വര്‍ണം, വെള്ളി, വിലയേറിയ ലോഹങ്ങള്‍ എന്നിവ ബ്രാന്‍ഡ് നെയിമില്‍ വില്‍ക്കുകയാണെങ്കില്‍ നികുതി ചുമത്തും. മിക്കവാറും സംസ്ഥാനങ്ങള്‍ വാറ്റിന്റെ കുറഞ്ഞനിരക്ക് നാലില്‍ നിന്ന് അഞ്ചു ശതമാനമാക്കിയതിന്റെ ചുവടുപിടിച്ച് എക്സൈസ് നികുതിയുടെ കുറഞ്ഞനിരക്ക് നാലില്‍ നിന്ന് അഞ്ചാക്കി. ബ്രാന്‍ഡഡ് റെഡിമേഡ് വസ്ത്ര ഉല്‍പ്പാദകര്‍ക്കുമേല്‍ പത്തുശതമാനം തീരുവ ചുമത്തി. ഈ വിഭാഗത്തിന് നിലവില്‍ സെന്‍വാറ്റ് ക്രെഡിറ്റ് ലഭ്യമാകണമെങ്കില്‍ ലെവി നല്‍കണമായിരുന്നു. ഈ ലെവിയാണ് പത്തുശതമാനം തീരുവയാക്കി മാറ്റിയത്. എന്നാല്‍, റിട്ടെയ്ല്‍ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ പ്രകാരം വസ്ത്രം തയ്ച്ചുനല്‍കുന്നവര്‍ക്ക് ഇത് ബാധകമല്ല. ചെറുകിട വ്യവസായ യൂണിറ്റുകളിലെ ഉല്‍പ്പന്നങ്ങളെയും തീരുവയില്‍ നിന്ന് ഒഴിവാക്കി.

കൃത്യമായി തിരിച്ചടച്ചാല്‍ 3% പലിശയിളവ്

കാര്‍ഷിക വായ്പ യഥാസമയം അടയ്ക്കുന്നവര്‍ക്ക് മൂന്നുശതമാനം പലിശയിളവു നല്‍കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തിരിച്ചടവ് കൃത്യമായി നടത്തുന്നവര്‍ക്ക് വാര്‍ഷികപലിശ യഥാര്‍ഥത്തില്‍ നാലുശതമാനമാകും. ചെറുകിട കര്‍ഷകര്‍ക്കുള്ള ഹ്രസ്വകാല വായ്പയുടെ പലിശനിരക്ക് നിലവിലുള്ള ഏഴുശതമാനം അടുത്ത സാമ്പത്തികവര്‍ഷവും തുടരും. അടുത്ത സാമ്പത്തികവര്‍ഷം കാര്‍ഷികവായ്പ 4,75,000 കോടി രൂപയായി വര്‍ധിപ്പിക്കും. നടപ്പുവര്‍ഷത്തില്‍ ഇത് 3,75,000 കോടിയാണ്. ഒരുലക്ഷം കോടിയുടെ വര്‍ധന. ചെറുകിട ഇടത്തരം കര്‍ഷകര്‍ക്കുള്ള വായ്പ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കും. കാര്‍ഷിക വായ്പാതോത് വര്‍ധിപ്പിക്കുന്നതിന് നബാര്‍ഡിന്റെ മൂലധനാടിത്തറ വര്‍ധിപ്പിക്കും. ഇതിന് ഘട്ടംഘട്ടമായി സര്‍ക്കാര്‍ 3000 കോടി രൂപ നല്‍കും. ഇതോടെ നബാര്‍ഡിന്റെ അടച്ചുതീര്‍ത്ത മൂലധനം 5000 കോടി രൂപയാകും. കര്‍ഷകര്‍ക്ക് ഹ്രസ്വകാല വയ്പകള്‍ നല്‍കുന്നതിനായി 10000 കോടി രൂപ കൂടി നബാര്‍ഡിന് നല്‍കും.

ഭക്ഷ്യ എണ്ണയുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിന് എണ്ണപ്പനക്കൃഷി വ്യാപിപ്പിക്കും. 60,000 ഹെക്ടറില്‍ എണ്ണപ്പനക്കൃഷി വ്യാപിപ്പിക്കുന്നതിന് 300 കോടി രൂപ വകയിരുത്തി. ഇപ്പോള്‍ ആഭ്യന്തര ആവശ്യത്തിന്റെ 50 ശതമാനം മാത്രമാണ് ഭക്ഷ്യ എണ്ണയുടെ ഉല്‍പ്പാദനം. കാര്‍ഷികോല്‍പ്പാദന-വിപണനരംഗത്തെ പ്രതിസന്ധി മറികടക്കാന്‍ 2011-12 സാമ്പത്തികവര്‍ഷത്തില്‍ രാഷ്ട്രീയ കൃഷി വികാസ് യോജനഫണ്ട് 7,860 കോടിയായി ഉയര്‍ത്തും. നടപ്പുവര്‍ഷത്തില്‍ ഇത് 6,755 കോടി രൂപയാണ്. കൃഷിയിലും കൃഷി അധിഷ്ഠിത വ്യവസായങ്ങളിലും സ്വകാര്യനിക്ഷേപം കൊണ്ടുവരും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം ഈ രംഗത്തെ വികസനത്തെ ബാധിച്ചിട്ടുണ്ട്. പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാല്‍, ഇറച്ചി, മത്സ്യം, കോഴി എന്നിവയുടെ വിലയില്‍ 70 ശതമാനം വരെ വര്‍ധനയുണ്ടായി. പഴം-പച്ചക്കറി ഉല്‍പ്പാദനത്തില്‍ വര്‍ധനയുള്ളപ്പോഴും പലയിടത്തും അവശ്യാനുസരണം ഇവ ലഭിക്കുന്നില്ല. ശരിയായ സംഭരണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഉല്‍പ്പാദിപ്പിക്കുന്ന പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും 40 ശതമാനത്തോളം നശിച്ചുപോകുകയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ അടുത്ത സാമ്പത്തികവര്‍ഷം 30 മെഗാഫുഡ് പാര്‍ക്ക് ആരംഭിക്കും. നടപ്പുസാമ്പത്തിക വര്‍ഷം 15 എണ്ണത്തിന് അനുമതി നല്‍കി. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിനു കീഴില്‍ 107 കോള്‍ഡ് സ്റോറേജ് അനുവദിച്ചു. ഉല്‍പ്പാദനവും വിപണനവും തമ്മിലുള്ള ബന്ധം കാര്യക്ഷമമാക്കുന്നതിനുള്ള ക്ളസ്ററുകള്‍ക്ക് 300 കോടി രൂപ വകയിരുത്തി.

ദേശാഭിമാനി 010311

1 comment:

  1. പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ച പദ്ധതികളടക്കം അനുവദിക്കാതെ കേന്ദ്രബജറ്റില്‍ കേരളത്തോട് പൂര്‍ണ അവഗണന. കേരളം തുടര്‍ച്ചയായി ആവശ്യപ്പെടുന്ന കൊച്ചി മെട്രോയും ഐഐടിയും വീണ്ടും അവഗണിക്കപ്പെട്ടു. തോട്ടവിളകള്‍ക്കുള്ള സഹായവും കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതവും വെട്ടിക്കുറച്ചു. ശമ്പളവര്‍ധന അടക്കം നടപ്പാക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വായ്പയെടുക്കാനുള്ള അനുമതി നല്‍കണമെന്ന ആവശ്യവും പരിഗണിച്ചില്ല. പൊതുവിതരണ സംവിധാനത്തിന് പ്രത്യേകസഹായം, സംസ്ഥാനപാതകളുടെ വികസനത്തിന് 1000 കോടി സഹായം, പാമോയിലിനു സമാനമായി വെളിച്ചെണ്ണയ്ക്കും സബ്സിഡി, കൊല്ലം ആസ്ഥാനമായി കശുവണ്ടിബോര്‍ഡ് തുടങ്ങി സംസ്ഥാനത്തിന്റെ മറ്റാവശ്യങ്ങളും തഴയപ്പെട്ടു.

    ReplyDelete