തിരൂര്‍: മികവിന്റെ മാതൃകകള്‍ തേടിയുള്ള അന്വേഷണമായ 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയില്‍ കാസര്‍കോട് ജില്ലയിലെ കൂട്ടക്കനി ഗവ. യുപി സ്കൂളിന് ഒന്നാംസ്ഥാനം. കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് രണ്ടാംസ്ഥാനം. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളും മൂന്നാംസ്ഥാനം പങ്കിട്ടു. ഒന്നാംസമ്മാനക്കാര്‍ക്ക് പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും. രണ്ടാം സമ്മാനം നേടിയ സ്കൂളിന് പത്ത് ലക്ഷം രൂപയും മൂന്നാംസമ്മാനക്കാര്‍ക്ക് മൂന്നര ലക്ഷം രൂപയും ലഭിക്കും. കൂട്ടക്കനി എന്തെന്ന ചോദ്യത്തിന് അത് ഞങ്ങളൊക്കെത്തന്നെയാണെന്ന മറുപടിയാണ് കൂട്ടക്കനി സ്കൂളിലെ കുട്ടികള്‍ നല്‍കിയത്.
തിരൂരില്‍നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി. പച്ചപ്പും കുളിര്‍മയും നഷ്ടപ്പെട്ട അവസ്ഥയില്‍ അവ തേടിയുള്ള യാത്രയാണ് 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയതെന്ന് എം ടി പറഞ്ഞു. ചടങ്ങില്‍ ഐടി അറ്റ് സ്കൂള്‍ പ്രോജക്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് സ്വാഗതം പറഞ്ഞു. ജൂറി ചെയര്‍മാന്‍ ആര്‍ വി ജി മേനോന്‍, ജൂറി അംഗങ്ങളായ അക്ബര്‍ കക്കട്ടില്‍, കെ ആര്‍ മീര, പിയൂഷ് ആന്റണി എന്നിവര്‍ സംസാരിച്ചു.
ഹരിത വിദ്യാലയ നിറവില്‍ കൂട്ടക്കനി
പള്ളിക്കര: ഹരിത വിദ്യാലത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ തിളക്കത്തില്‍ കൂട്ടക്കനി ഗവ. യുപി സ്കൂള്‍. ദൂരദര്‍ശനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച സംസ്ഥാനത്തെ മികച്ച ഹരിതവിദ്യാലയത്തെ കണ്ടെത്തുന്നതിനുള്ള റിയാലിറ്റിഷോയിലാണ് ആയിരത്തോളം വിദ്യാലയങ്ങളെ പിന്‍തള്ളി കൂട്ടക്കനി ഗവ. യുപി സ്കൂള്‍ ഒന്നാമതെത്തിയത്. തിങ്കളാഴ്ച തിരൂര്‍ തുഞ്ചന്‍ പറമ്പിലാണ് ഗ്രാന്‍ഡ്ഫൈനല്‍ നടന്നത്.
ഗ്രാമീണ വിദ്യാലയത്തിന്റെ തട്ടകത്തില്‍ രൂപീകരിച്ച പത്തോളം അറിവിന്‍കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന പഠന നിലവാരം ഉയര്‍ത്തുന്നതിലുള്ള പരീക്ഷണങ്ങളും കുട്ടികളുടെ സര്‍ഗാന്മകവും കലാപരവുമായ ശേഷി വളര്‍ത്തിയെടുക്കുന്നതിനുള്ള ശില്‍പശാലകള്‍, നാടിന്റെ പ്രശ്നങ്ങളില്‍ ഇടപെട്ട് വിദ്യാലയത്തെ സാമൂഹ്യ കേന്ദ്രമായി മാറ്റുന്നതിനുള്ള മികവാര്‍ന്ന പ്രവര്‍ത്തനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കൂട്ടക്കനി സ്കൂളിനെ അംഗീകാരത്തിന്റെ നെറുകയിലെത്തിച്ചത്. സമൂഹത്തെ വിദ്യാലയവുമായി അടുപ്പിക്കുകയും രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകരെ വിദ്യാലയ വളര്‍ച്ചയില്‍ പങ്കാളികളാക്കുകയും ചെയ്തു. വീടുകളിലേക്ക് കാല്‍നടയായി സഞ്ചരിച്ച് ആത്മബന്ധം സ്ഥാപിച്ചും കൂട്ടക്കനി കൂട്ടായ്മ എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുമാണ് വിദ്യാലയത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
പ്ളാസ്റ്റിക്കിനെ സ്കൂള്‍ വളപ്പില്‍നിന്ന് പുറത്തേക്ക് തുരത്തിയ ഹരിതസേന മുള കൊണ്ട് നിര്‍മിച്ച വേസ്റ്റ്ബക്കറ്റാണ് ഉപയോഗിക്കുന്നത്. ക്ളാസ് മുറി, ഓഫീസ്, വരാന്ത എന്നിവിടങ്ങളില്‍ സ്ഥാപിക്കാന്‍ മുളകൊണ്ടുള്ള കൂടകള്‍ സ്വന്തമായി നിര്‍മിച്ചു. ഒരുമരം നടുമ്പോള്‍ ഒരു തണല്‍ നടുന്നു എന്ന കവിവാക്യം അന്വര്‍ഥമാക്കി പരിസ്ഥിതിദിനത്തില്‍ ആയിരം സ്നേഹമരങ്ങള്‍ നട്ട് പ്രകൃതി സംരക്ഷണത്തില്‍ പുതിയ അധ്യായം രചിച്ചു. പിറന്നാള്‍ വൃക്ഷ പദ്ധതിക്ക് പുറമെ പിറന്നാളിന് ഒരു ഫലവൃക്ഷം പദ്ധതിയും കുട്ടികളും രക്ഷിതാക്കളും അഭിമാനത്തോടെ ഏറ്റെടുത്തു. സ്കൂളിലെത്തുന്ന വിശിഷ്ട വ്യക്തികള്‍ നടുന്നത് മാവുകളാണ്. വിദഗ്ധ കര്‍ഷകര്‍ വരെ മോഹിക്കുന്ന കാര്‍ഷികവിളകളുടെ തോട്ടവും കൂട്ടക്കനിക്ക് സ്വന്തമാണ്. വാഴ, മരച്ചീനി, നിലക്കടല, ചോളം, പച്ചക്കറി എന്നിവ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്്. എന്റെ പച്ചക്കറി സ്കൂളിലും വീട്ടിലും എന്ന പദ്ധതിയിലൂടെ പച്ചക്കറിയില്‍ ഗ്രാമത്തെ സ്വയം പര്യാപ്തമാക്കാനുള്ള വിത്തുകള്‍ മുഴുവന്‍ വീടുകളിലും ഹരിതസേന എത്തിച്ചു. സ്കൂള്‍ അസംബ്ളി തണലിടങ്ങളിലാകണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം നടപ്പാക്കാന്‍ വള്ളിച്ചെടികള്‍ പന്തലിട്ടു വളര്‍ത്തി ഹരിതപന്തല്‍ തയ്യാറാക്കുന്ന തിരക്കിലാണ് കുട്ടികള്‍. യൂണിഫോമണിഞ്ഞ ശുചിത്വപൊലീസും ഹരിതസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാവലാളായിട്ടുണ്ട്. സ്കൂളിലെ ഔഷധത്തോട്ടം ആയുര്‍വേദ പ്രേമികള്‍ക്ക് അനുഗ്രഹമാണ്. പ്രധാനാധ്യാപകന്‍ എ പവിത്രനും മുന്‍ പ്രധാനാധ്യാപന്‍ കൊടക്കാട് നാരായണനും സ്കൂള്‍ അധ്യാപകരും പിടിഎയും നാട്ടുകാരും ഈ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാന്‍ നേതൃത്വം നല്‍കിയവരാണ്.
(രാജേഷ് മാങ്ങാട്)
അംഗീകാരത്തിന്റെ മികവില്‍ വീണ്ടും രാജാസ്
കോട്ടക്കല്‍: 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയില്‍ കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് രണ്ടാം സ്ഥാനം. സ്കൂളില്‍ നടക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍, സമൂഹപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍, മാതൃകാപ്രവര്‍ത്തനങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് രണ്ടാംസ്ഥാനം ലഭിച്ചത്. 10 ലക്ഷം രൂപയാണ് സമ്മാനം. സ്കൂളിലെ ഹരിതസേനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിനാകെ മാതൃകയായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. ബിടി വഴുതനക്കെതിരെ നാടന്‍ വഴുതനകള്‍ ശേഖരിച്ച് വഴുതനപൂരം നടത്തി. സംസ്ഥാന കൃഷിമന്ത്രി ഇതില്‍ പങ്കാളിയായി.
സ്കൂളിലെ ഹരിതസേനാ കോഡിനേറ്റര്‍ കെ മുജീബ്റഹ്മാന്റെ നേതൃത്വത്തില്‍ പച്ചക്കറികൃഷി, വൃക്ഷസംരക്ഷണം, പച്ചക്കറി വിത്തുകളുടെ വിതരണം, വാഴത്തോട്ടം തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സ്കൂള്‍ ഗ്രൌണ്ടിലെ ജലസ്രോതസ്സ് ഉപയോഗപ്പെടുത്തി കുളം നിര്‍മിച്ച് മത്സ്യകൃഷി നടത്തി. സര്‍ക്കാര്‍ നല്‍കിയ മത്സ്യങ്ങളും നാടന്‍ മത്സ്യങ്ങളും ആമയും എല്ലാം കുളത്തിലുണ്ട്. കൂടാതെ കുളത്തില്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനകം നൂറില്‍പ്പരം വിദ്യാര്‍ഥികള്‍ നീന്തല്‍ പഠിച്ചു. പഠനരംഗത്ത് മാതൃകയായി കുട്ടികള്‍ തന്നെ കുട്ടികളെ പഠിപ്പിക്കുന്ന രീതിയും ഇവിടെ നടപ്പാക്കി. ഇതിലൂടെ വലിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. 10-ാം ക്ളാസിലെ കുട്ടികള്‍ക്കായി രാത്രിയിലും ക്ളാസുകള്‍ സംഘടിപ്പിച്ചത് സ്കൂളിലെ വിജയശതമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇതെല്ലാം സ്കൂളിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന മാതൃകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ്, ഐടി അറ്റ് സ്കൂള്‍, വിക്ടേഴ്സ് ചാനല്‍, സിഡിറ്റ്, എസ്എസ്ഐ എന്നിവരായിരുന്നു 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയുടെ സംഘാടകര്‍.
ദേശാഭിമാനി 010311
മികവിന്റെ മാതൃകകള്‍ തേടിയുള്ള അന്വേഷണമായ 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയില്‍ കാസര്‍കോട് ജില്ലയിലെ കൂട്ടക്കനി ഗവ. യുപി സ്കൂളിന് ഒന്നാംസ്ഥാനം. കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് രണ്ടാംസ്ഥാനം. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളും മൂന്നാംസ്ഥാനം പങ്കിട്ടു. ഒന്നാംസമ്മാനക്കാര്‍ക്ക് പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും. രണ്ടാം സമ്മാനം നേടിയ സ്കൂളിന് പത്ത് ലക്ഷം രൂപയും മൂന്നാംസമ്മാനക്കാര്‍ക്ക് മൂന്നര ലക്ഷം രൂപയും ലഭിക്കും
ReplyDeleteകേരളത്തിലെ മികച്ച സ്കൂളിനെ കണ്ടെത്തുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ദൂരദര്‍ശന്‍ ഐടിഅറ്റ് സ്കൂള്‍, വിക്ടേഴ്സ്, സി.ഡിറ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റിഷോയില്‍ പങ്കെടുത്ത മുണ്ടക്കയം സിഎംഎസ് എല്‍പി സ്കൂളിന് എ ഗ്രേഡും ഒരുലക്ഷം രൂപ പുരസ്കാരവും ലഭിച്ചു. ഓണ്‍ ലൈനായി നല്‍കിയ അപേക്ഷകരില്‍ നിന്നും മികച്ച 124 വിദ്യാലയങ്ങളെയാണ് സംസ്ഥാന അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തത്. അക്കാദമിക നിലവാരം സമൂഹ കൂട്ടായ്മ ശുചിത്വവും പോഷകാഹാരവും അടിസ്ഥാന സൌകര്യ വികസനം എന്നീ ഖേലകളില്‍ മത്സരിച്ച ഈ സ്കൂളിന് 'എ' ഗ്രേഡ് ലഭിച്ചു. മുഴുവന്‍ കുട്ടികളെയും 'എ' ഗ്രേഡ് പഠനനിലവാരത്തിലെത്തിക്കുന്നതിനുവേണ്ടി നടപ്പിലാക്കിയ 'അക്ഷരപ്പെരുമ' എന്ന പ്രത്യേക പഠന പ്രവര്‍ത്തനം കുട്ടികളുടെ വൈജ്ഞാനിക മണ്ഡല വികാസത്തിനായി സ്കൂള്‍ കെട്ടിടത്തില്‍ തയ്യാറാക്കിയ പ്രാദേശിക സംസ്ഥാന ദേശീയ ചരിത്രം ലാം്വജ് ലാബ്, ശാസ്ത്ര മ്യൂസിയം, ഗണിതലാബ് എന്നിവ സമൂഹ പങ്കാളിത്തത്തോടെ സ്വയംപഠനകേന്ദ്രം നിര്‍മിച്ച പുതിയ കെട്ടിടം, ശുചിത്വ പരിപാലനത്തിനായി നടപ്പിലാക്കിയ അടിസ്ഥാന സൌകര്യങ്ങള്‍, സായാഹ്ന ഭക്ഷണമുള്‍പ്പെടെയുള്ള സമ്പൂര്‍ണ പോഷകാഹാരം, സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ മുഴുവന്‍ വിഭാഗത്തെയും കണ്ണിചേര്‍ക്കാനുള്ള ശ്രമം തുടങ്ങിയവയും തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളായിരുന്നു. കെവിന്‍, കാവ്യ, ഫേബ, റോഷ്നി, അലീന, ഡോണ, അമ്മു, ആല്‍ഫിയ, അജ്ന എന്നീ വിദ്യാര്‍ഥികളും അധ്യാപകരായ റൂബിക്കുട്ടി ഏബ്രഹാം, അനിതാ രാജന്‍, സൂസന്‍ വൈ എന്നിവരും എസ്എസ്ജി അംഗമായ ബിന്ദു സി ചെറിയാനും പിടിഎ പ്രസിഡന്റ് എംജി റെജി, വൈസ്പ്രസിഡന്റ് പി കെ മോഹനന്‍,മാതൃസമിതി പ്രസിഡന്റ് ജുമൈല ഷംസുദ്ദീന്‍ എന്നിവരും പ്രഥമാധ്യാപകന്‍ റജിമോന്‍ ചെറിയാനും അടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്. 12ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം എംഎല്‍എ സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും.
ReplyDelete