രമേശ് ചെന്നിത്തല നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിക്കുകയും ഹൈക്കമാന്റ് അതിന് അനുമതികൊടുക്കുകയും ചെയ്തിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദ മോഹത്തിന് ഒരു വെല്ലുവിളിയാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അഥവാ ഐക്യജനാധിപത്യമുന്നണിക്ക് ഭൂരിപക്ഷമെങ്ങാന്‍ കിട്ടിപ്പോയാല്‍ ആരാണ് മുഖ്യമന്ത്രിയാവേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവുമെന്നതില്‍ സംശയമില്ല.
എന്നാല്‍, കഴിഞ്ഞ 24 വര്‍ഷമായി മല്‍സരിക്കാതിരുന്ന കെപിസിസി പ്രസിഡന്റ് മല്‍സരിക്കാനിറങ്ങിയതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പാര പണിയല്‍ മാത്രമല്ല ലക്ഷ്യമിടുന്നത്. എ കെ ആന്റണിയും കരുണാകരനും തമ്മില്‍ കടുത്ത പോരാട്ടം നടക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കരുണാകരനെ നിര്‍ദ്ദേശിക്കാന്‍ ആന്റണി യാതൊരു മടിയും കാണിച്ചിട്ടില്ല. അതിനുപിന്നില്‍ സാമൂഹിക-സാമുദായിക സമതുലിതാവസ്ഥയുടെ പ്രശ്നവുമുണ്ടായിരുന്നു.
ബിജെപി രാഷ്ട്രീയരംഗത്ത് ഇടപെടാനാരംഭിക്കുകയും എന്‍എസ്എസ് സമദൂര സിദ്ധാന്തം പ്രഖ്യാപിക്കുകയും ചെയ്തതിനുശേഷം സവര്‍ണരില്‍ ഒരു ഭാഗം മാറി ചിന്തിക്കാനാരംഭിച്ചുവെന്നത് ശരിയാണ്. അതേസമയം ഐക്യജനാധിപത്യ മുന്നണിയെ ജയിപ്പിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ക്രിസ്ത്യന്‍ പള്ളി മേധാവിത്വം നടത്തുന്ന ശ്രമം, മലബാറില്‍ മുസ്ളീംലീഗിന്റെ അപ്രമാദിത്വത്തിന് വഴങ്ങിക്കൊടുക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ ദയനീയമുഖം ഇതൊക്കെ യുഡിഎഫ് അണികളായ ഹിന്ദുക്കളില്‍ എതിരായ പ്രതികരണം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ടെന്ന് അറിയാത്തവരല്ല കോണ്‍ഗ്രസ്സുകാര്‍.
ഇതിനേക്കാളൊക്കെ കോണ്‍ഗ്രസ് ഭയപ്പെടുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് കേരളത്തിലെ ജനങ്ങളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള സ്വാധീനമാണ്. രണ്ടു രൂപയുടെ അരി വിതരണം തടയാന്‍ കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുത്തത് കാണിക്കുന്നത് അവരുടെ പരാജയഭീതിയാണ്.
1991ല്‍ ബിജെപിയുമായി കോണ്‍ഗ്രസ് ഒരു അവിശുദ്ധ സഖ്യമുണ്ടാക്കി കോണ്‍ഗ്രസ്സിലെ ഐ വിഭാഗം മല്‍സരിക്കുന്ന 40 മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടു വാങ്ങിച്ചെടുത്തിരുന്ന കാര്യം കെ ജി മാരാര്‍ തന്റെ ആത്മകഥയില്‍ വ്യക്തമാക്കിയിരുന്നു. അന്നത്തെ ആ നാല്‍പതു പേരില്‍ ഒരാളാണ് ഇന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ചെന്നിത്തലയും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കാനുള്ള സാധ്യത ഇപ്പോഴും തള്ളിക്കളയാനാവില്ല. എന്തായാലും 'ഒരു സവര്‍ണ്ണ ഹിന്ദു മുഖ്യമന്ത്രി' ബിജെപിക്ക് അസ്പൃശ്യതയുണ്ടാക്കുന്ന കാര്യമല്ല. അങ്ങനെയൊരു സാധ്യതയുണ്ടെന്ന പ്രതീതി വരുത്തേണ്ടത് ജനപിന്തുണ നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിന്റെ ആവശ്യമായി മാറിയിരിക്കുന്നു.
രമേശ് ചെന്നിത്തല എന്‍എസ്എസ് നേതൃത്വത്തിന് വേണ്ടപ്പെട്ടവനാണെന്ന് എന്‍എസ്എസ് നേതൃത്വം പറഞ്ഞിട്ടില്ലെങ്കിലും ചെന്നിത്തല ശിഷ്യന്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ സമ്പന്നരായ ഹിന്ദു ഇടത്തരക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന 'മൃദുഹിന്ദുത്വ' മനോഭാവത്തെ മുതലെടുക്കാനാണ് ചെന്നിത്തലയുടെ സ്ഥാനാര്‍ത്ഥിത്വംകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഉമ്മന്‍ചാണ്ടി - ചെന്നിത്തല പോരെന്ന പ്രചരണംപോലും മൃദു ഹിന്ദുത്വ വോട്ടുകളെ സ്വാധീനിക്കാനായിട്ടാവും ഉപയോഗപ്പെടുത്തുക.
കെ എ വേണുഗോപാലന്‍ ചിന്ത വാരിക 180311
No comments:
Post a Comment