Saturday, May 12, 2012
കോണ്‍ഗ്രസിനോട് പറയാം: മാ നിഷാദ
വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സംഭവത്തില്‍ സിപിഐ എമ്മിന് ഒരു ബന്ധവുമില്ല എന്ന് പാര്‍ടി അസന്ദിഗ്ധമായി വ്യക്തമാക്കിയതാണ്. സംഭവത്തെ അപലപിക്കുകയും ദുഃഖം പ്രകടിപ്പിക്കുകയുംചെയ്തതാണ്. എന്നാല്‍, അതു കണക്കാക്കാതെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആ കൃത്യം സിപിഐ എമ്മിന്റെമേല്‍ കെട്ടിവച്ച് വമ്പിച്ച മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരവേലയുമായാണ് എതിരാളികള്‍ രംഗത്തിറങ്ങിയത്.ഭ"മാ നിഷാദ" എന്നാണ് സിപിഐ എമ്മിനെ നോക്കി അവര്‍ പറയുന്നത്.
ചന്ദ്രശേഖരന്‍വധം നടന്നയുടനെ, അതിനുപിന്നില്‍ മാര്‍ക്സിസ്റ്റുകാരാണ് എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പ്രഖ്യാപിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയും സംസ്ഥാന ആഭ്യന്തരമന്ത്രിയും അതേ പല്ലവി ആവര്‍ത്തിച്ചു. സംഭവം നടന്ന് അന്വേഷണ ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നതിന് മുന്‍പാണ് സര്‍ക്കാരിനെ നയിക്കുന്നവരുടെ ഈ പ്രഖ്യാപനം. ഇത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള അജന്‍ഡയുടെ ഭാഗമായിരുന്നു. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം നല്‍കല്‍ തന്നെയാണത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ആരോപണം തെളിയിക്കാനുള്ള ഒന്നും ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കപ്പെടുന്ന ആളുകള്‍ക്കൊന്നുംതന്നെ സിപിഐ എമ്മുമായി ഒരു ബന്ധവുമില്ല. സംഭവസ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കിയ ഡിജിപി, ആരുടെയോ സ്വകാര്യ ലാഭത്തിനുവേണ്ടിയാണ് കൊലപാതകമുണ്ടായതെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് വിലയിരുത്താന്‍ ആയിട്ടില്ലെന്നും പ്രസ്താവിച്ചു. ഇത്തരമൊരു നിലപാട് പൊലീസ് തലവന്‍ സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തലയ്ക്കുമുകളില്‍ കയറിയിരുന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊലപാതകത്തിന് രാഷ്ട്രീയംതന്നെയാണ് കാരണം എന്ന് തിരുത്തി. നെയ്യാറ്റിന്‍കരയില്‍ ഇത് പ്രചാരണ വിഷയമാക്കുമെന്ന് പ്രഖ്യാപിക്കാനും അദ്ദേഹം മടിച്ചില്ല. ഉപതെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സിപിഐ എമ്മിനെതിരെ ആരോപണം ഉന്നയിച്ചത് എന്നതിന് ഇതില്‍പ്പരം എന്ത് തെളിവ് വേണം. ചന്ദ്രശേഖരന്‍വധത്തെക്കുറിച്ച് അന്വേഷിച്ച് യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ചുമതല. അത് നിര്‍വഹിക്കാതെ സിപിഐ എമ്മിനെതിരായ രാഷ്ട്രീയപ്രചാരണത്തിന് സംഭവത്തെ ഉപയോഗിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്.
ബഹുജനങ്ങളെ ആശയപരമായും രാഷ്ട്രീയമായും സംഘടനാപരമായും അണിനിരത്തി പാര്‍ടിയെ ബഹുജന വിപ്ലവ പാര്‍ടിയാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സിപിഐ എം ഏര്‍പ്പെട്ടിട്ടുള്ളത്. കൊലപാതകംകൊണ്ട് ഒരു പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ കഴിയില്ല. അതിന്റെ ഏറ്റവും വലിയ തെളിവ് സിപിഐ എം എന്ന പാര്‍ടിതന്നെയാണ്. ഇതിനകം അഞ്ഞൂറിലേറെ പ്രധാനപ്പെട്ട കേഡര്‍മാരെ കേരളത്തില്‍മാത്രം നഷ്ടപ്പെടേണ്ടിവന്ന പാര്‍ടിയാണ് സിപിഐ എം. ഇടതുമുന്നണിയുടെ സംസ്ഥാന കണ്‍വീനറായിരിക്കെയാണ് സഖാവ് അഴീക്കോടന്‍ രാഘവനെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒത്താശയോടുകൂടി കൊലപ്പെടുത്തിയത്. എം എല്‍എ ആയിരിക്കെയാണ് ഏറനാടിന്റെ വീരപുത്രന്‍ കുഞ്ഞാലിയെ കോണ്‍ഗ്രസുകാര്‍ വെടിവച്ചു കൊന്നത്. ഇ പി ജയരാജനെ വെടിവച്ച അക്രമി സംഘത്തെ നിയോഗിച്ചത് അന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്ന കെ സുധാകരനായിരുന്നു. പി ജയരാജന്റെ ഒരു കൈ വെട്ടിയെടുത്തത് ബിജെപിക്കാരാണ്. വെട്ടിയെറിഞ്ഞ കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്താണ് അദ്ദേഹം ഇപ്പോഴും ജീവിക്കുന്നത്. ഇ പി ജയരാജനും പി ജയരാജനും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതു തന്നെ അത്ഭുതമാണ്. മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ നട്ടെല്ല് തകര്‍ന്ന് ശയ്യാവലംബിയായത് കെഎസ്യു- കോണ്‍ഗ്രസ് ആക്രമണത്തിന്റെ ഫലമായാണ്. ഒരു മാസം മുമ്പാണ് ഇടുക്കിയിലെ എസ്എഫ്ഐ ജില്ലാ വൈസ്പ്രസിഡന്റ് അനീഷ് രാജനെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. പാലക്കാട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിനീഷിനെ ബിജെപിക്കാരാണ് മാസങ്ങള്‍ക്ക് മുന്‍പ് കൊലപ്പെടുത്തിയത്. ഇത്തരം അരുംകൊലകള്‍ക്ക് സമീപമാസങ്ങളില്‍തന്നെ വിധേയമാവേണ്ടി വന്ന പാര്‍ടി ഇതിനൊക്കെ പ്രതികാരം എന്ന നിലയില്‍ എവിടെയും മറിച്ച് ഒരു കൊലപാതകം നടത്തിയിട്ടില്ല.
സിപിഐ എം വിട്ടുപോവുന്നവരെ കൊലപ്പെടുത്തുന്നു എന്നും അവര്‍ സംരക്ഷണത്തിനു വേണ്ടിയാണ് കോണ്‍ഗ്രസില്‍ ചേരുന്നത് എന്നും പ്രചരിപ്പിച്ച് സെല്‍വരാജിന്റെ കാലുമാറ്റത്തെ ന്യായീകരിക്കാനാണ് ചന്ദ്രശേഖരന്‍വധത്തെ ഉപയോഗിക്കുന്നത്. സിപിഐ എമ്മിന്് ബന്ധമില്ലാത്ത സംഭവം സിപിഐ എമ്മിന്റെ പേരില്‍ കെട്ടിവച്ച് പ്രചരിപ്പിക്കുന്നത് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്ന് ഇതുവഴിയും വ്യക്തമാക്കപ്പെടുകയാണ്. പാര്‍ടിയില്‍നിന്ന് മാറുക; പുതിയ പാര്‍ടിയുണ്ടാക്കുക; വേറെ പാര്‍ടികളില്‍ ചേരുക- ഇതൊന്നും കേരളത്തില്‍ പുതുമയുള്ളതല്ല.
പാര്‍ടിവിട്ട് മറ്റ് പാര്‍ടിയില്‍ ചേരുന്നവരെ കൊലപ്പെടുത്തുക എന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. കോണ്‍ഗ്രസിന്റെ ചരിത്രം മലയാളത്തില്‍ എഴുതി പ്രസിദ്ധീകരിച്ച ദേശീയ നേതാവായിരുന്ന മൊയാരത്ത് ശങ്കരന്‍ കോണ്‍ഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാര്‍ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ കോണ്‍ഗ്രസുകാരും പൊലീസും തല്ലിക്കൊന്നത്. കൊടുങ്ങല്ലൂര്‍ എംഎല്‍എ ആയിരുന്ന വി കെ അബ്ദുള്‍ഖാദര്‍ എന്ന കോണ്‍ഗ്രസ് നേതാവ് കോണ്‍ഗ്രസിന്റെ മൂല്യച്യുതിയില്‍ മടുത്ത് സിപിഐ എമ്മുമായി സഹകരിച്ചപ്പോഴാണ് 1971ല്‍ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ വെടിവച്ചു കൊന്നത്. രാഷ്ട്രീയ എതിരാളികളെ വകവരുത്തുക എന്നത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയാണ്. അടിയന്തരാവസ്ഥക്കാലത്താണ് കേരളത്തില്‍ ആദ്യമായി രാഷ്ട്രീയ ആക്രമണത്തിന് ബോംബ് ഉപയോഗിക്കാന്‍ തുടങ്ങിയത്. പിണറായിയിലെ പന്തക്കല്‍പ്പാറ ദിനേശ് ബീഡി കമ്പനി തൊഴിലാളികളെ ആക്രമിക്കുകയും കൊളങ്ങരോത്ത് രാഘവനെ ബോംബെറിഞ്ഞ് കൊല്ലുകയുംചെയ്തത് അടിയന്തരാവസ്ഥാഘട്ടത്തില്‍ കോണ്‍ഗ്രസുകാരാണ്. കെ സുധാകരന്റെ നിര്‍ദേശപ്രകാരമാണ് നാല്‍പ്പാടി വാസുവിനെ ഗണ്‍മാന്‍ വെടിവച്ചു കൊന്നത്. കണ്ണൂരില്‍ സേവറി ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരെ ബോംബെറിയുകയും ആ ബോംബേറില്‍ ഹോട്ടല്‍ തൊഴിലാളിയായ നാണു മരിച്ചുവീഴുകയുംചെയ്തത് കോണ്‍ഗ്രസ് ആക്രമണത്തിന്റെ ഭാഗമായാണ്. ചൊവ്വ കോ ഓപ്പറേറ്റീവ് ബാങ്കില്‍ ആക്രമണം നടത്തി വിനോദനെ വെട്ടി കൊല്ലാന്‍ ശ്രമിച്ചത്, കണ്ണൂര്‍ കോ ഓപ്പറേറ്റീവ് പ്രസ് ആക്രമിച്ച് പ്രശാന്തനെ വെട്ടി പരിക്കേല്‍പ്പിച്ചത് എല്ലാം കോണ്‍ഗ്രസുകാരായിരുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായ ആക്രമണപരമ്പര നടത്തിയ കോണ്‍ഗ്രസ് നേതൃത്വം "അരുത് കാട്ടാളാ" എന്ന് ഉദ്ഘോഷിക്കുന്നത് ചരിത്രത്തെയും ജനങ്ങളുടെ ഓര്‍മകളെയും നിഷേധിക്കലാണ്. ഉമ്മന്‍ചാണ്ടിയുടെ ചുറ്റും കൂടിനില്‍ക്കുന്നവര്‍ ഇത്തരം ആക്രമണ പരമ്പരകള്‍ക്ക് നേതൃത്വം കൊടുക്കുന്നവരാണ്; ഇപ്പോഴും ആക്രമണങ്ങള്‍ തുടരുന്നവരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ നിരുത്തരവാദിത്തം മറച്ചുപിടിക്കാനാണ് ഇത്തരം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചന്ദ്രശേഖരന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നു എന്ന് അദ്ദേഹം നേരിട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നാണ് അവര്‍ തന്നെ പറയുന്നത്. എന്നിട്ടും ഒരു സുരക്ഷാ ക്രമീകരണവും ഏര്‍പ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ തയ്യാറായില്ല. പൊലീസ് സംരക്ഷണം സ്വീകരിക്കാന്‍ ചന്ദ്രശേഖരന്‍ തയ്യാറായിരുന്നില്ല എന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
സര്‍ക്കാര്‍സംരക്ഷണം നല്‍കിയപ്പോള്‍ തനിക്കത് വേണ്ട എന്ന് ചന്ദ്രശേഖരന്‍ കത്ത് നല്‍കിയതായി ഒരു വാര്‍ത്തയും പുറത്തു വന്നിട്ടില്ല. ഒരാള്‍ വേണ്ടെന്നു പറഞ്ഞാലും സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്ന സമീപനമാണ് എപ്പോഴും സ്വീകരിക്കാറ്. സുരക്ഷാ ഭീഷണി ഉള്ളവര്‍ക്ക് സംരക്ഷണ കവചം തീര്‍ക്കാനുള്ള ബാധ്യത പൊലീസിന്റേതാണ്. ഈ ബാധ്യത നിര്‍വഹിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസിന് വന്ന വീഴ്ചയാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ചെന്നെത്തിയത്. പൊലീസ് സംരക്ഷണം ഉണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാന്‍ കഴിയുന്ന ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് രക്ഷപ്പെടാന്‍ കഴിയില്ല. ചന്ദ്രശേഖരന് എന്തെങ്കിലും സംഭവിച്ചാല്‍ അത് സിപിഐ എമ്മിന്റെമേല്‍ കെട്ടിവയ്ക്കാമല്ലോ എന്ന ദുഷ്ടലാക്ക് യുഡിഎഫ് സര്‍ക്കാരിന് ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ സാധിക്കുകയുമില്ല. ഈ വസ്തുതകള്‍ വിവേകപൂര്‍വം മനസിലാക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് പറയാം: "മാ നിഷാദ".
കോടിയേരി ബാലകൃഷ്ണന്‍ deshabhimani 120511
Labels:
ഓഞ്ചിയം,
കോണ്‍ഗ്രസ്,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
സര്‍ക്കാര്‍സംരക്ഷണം നല്‍കിയപ്പോള്‍ തനിക്കത് വേണ്ട എന്ന് ചന്ദ്രശേഖരന്‍ കത്ത് നല്‍കിയതായി ഒരു വാര്‍ത്തയും പുറത്തു വന്നിട്ടില്ല. ഒരാള്‍ വേണ്ടെന്നു പറഞ്ഞാലും സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്ന സമീപനമാണ് എപ്പോഴും സ്വീകരിക്കാറ്. സുരക്ഷാ ഭീഷണി ഉള്ളവര്‍ക്ക് സംരക്ഷണ കവചം തീര്‍ക്കാനുള്ള ബാധ്യത പൊലീസിന്റേതാണ്. ഈ ബാധ്യത നിര്‍വഹിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസിന് വന്ന വീഴ്ചയാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ചെന്നെത്തിയത്. പൊലീസ് സംരക്ഷണം ഉണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാന്‍ കഴിയുന്ന ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് രക്ഷപ്പെടാന്‍ കഴിയില്ല. ചന്ദ്രശേഖരന് എന്തെങ്കിലും സംഭവിച്ചാല്‍ അത് സിപിഐ എമ്മിന്റെമേല്‍ കെട്ടിവയ്ക്കാമല്ലോ എന്ന ദുഷ്ടലാക്ക് യുഡിഎഫ് സര്‍ക്കാരിന് ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ സാധിക്കുകയുമില്ല. ഈ വസ്തുതകള്‍ വിവേകപൂര്‍വം മനസിലാക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് പറയാം: "മാ നിഷാദ".
ReplyDelete