Saturday, May 31, 2014

ഓണറേറിയം ലഭിച്ചിട്ട് 14 മാസം; ആശാ വര്‍ക്കര്‍മാര്‍ ദുരിതത്തില്‍

കല്‍പ്പറ്റ: ""എനിക്ക് ആശാവര്‍ക്കറായി പ്രവര്‍ത്തിക്കണമെങ്കില്‍ ഭര്‍ത്താവിനോട് കാശ് വാങ്ങേണ്ട അവസ്ഥയാണ്. മൂന്നുമക്കളെ പഠിപ്പിക്കാനും അദ്ദേഹം കൂലിപ്പണിയെടുക്കണം. അതുകൊണ്ടുതന്നെ ഈ സേവനം ഉപേക്ഷിക്കാനാണ് വീട്ടുകാരും ഭര്‍ത്താവും പറയുന്നത്. മാനന്തവാടി അമ്പുകുത്തിയില്‍ താമസിക്കുന്ന എനിക്ക് എന്റെ പ്രവര്‍ത്തനമേഖലയായ പഞ്ചാരക്കൊല്ലിയില്‍ എത്താന്‍ ജീപ്പിനും ഓട്ടോയ്ക്കുമായി അമ്പതുരൂപ വേണം. ഇടവിട്ട ദിവസങ്ങളില്‍ തൊഴിലുറപ്പിന് പോയിട്ടാണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്""- മാനന്തവാടി കുറുക്കന്‍മൂല പിഎച്ച്സിയിലെ പിലാക്കാവ് സബ്സെന്ററിലെ ആശാ വര്‍ക്കറായ ഷൈനി കണ്ണീരോടെ പറഞ്ഞു.

14 മാസമായി ഓണറേറിയം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ആശാവര്‍ക്കര്‍മാരിലൊരാളാണ് ഷൈനി. ഇവര്‍ മാത്രമല്ല, സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വരുന്ന ആശാവര്‍ക്കര്‍മാരും ദുരിതത്തിലാണ്. 2013 മാര്‍ച്ചിലാണ് ഒടുവില്‍ ഇവര്‍ക്ക് ഓണറേറിയം കിട്ടിയത്. 2012 മുതല്‍ വര്‍ധിപ്പിച്ച ഓണറേറിയം കിട്ടിയില്ല. പലരും കുടുംബാംഗങ്ങളില്‍നിന്നും പണം വാങ്ങിയാണ് ജോലിയെടുക്കുന്നത്. ഒന്നര വര്‍ഷമായി ഓണറേറിയം കിട്ടാത്തതിനാല്‍ പലരും രംഗം വിടുകയാണ്. തുടക്കത്തില്‍ സംസ്ഥാനത്ത് 31,549 ആശാവര്‍ക്കര്‍മാരുണ്ടായിരുന്നു. ഇപ്പോഴത് മുപ്പതിനായിരമായി. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) ജൂണ്‍ പത്തിന് നടത്തുന്ന സെക്രട്ടറിയറ്റ് മാര്‍ച്ച് ജീവന്മരണ പോരാട്ടമായിട്ടാണ് ആശമാര്‍ കാണുന്നത്. 500 രൂപയായിരുന്ന ഓണറേറിയം 2012 ഏപ്രിലില്‍ 600 രൂപയും 2013 ഏപ്രിലില്‍ 700 രൂപയുമാക്കിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണത്തെ ബജറ്റില്‍ ആയിരം രൂപയാക്കിയതായും പ്രഖ്യാപനം വന്നു. എന്നാല്‍, ലഭിച്ചുകൊണ്ടിരുന്ന 500 രൂപപോലും വിതരണം ചെയ്തിട്ടില്ല.

ഓണറേറിയം ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞമാസം 11ന് ആശാവര്‍ക്കര്‍മാര്‍ ഡിപിഎം ഓഫീസിനു മുന്നില്‍ സമരം നടത്തിയിരുന്നു. ഉടന്‍ വിതരണം ചെയ്യാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഇതുവരെ അധികൃതര്‍ വാക്കുപാലിച്ചില്ല. പ്രൈമറി ഹെല്‍ത്ത്സെന്ററിന്റെ കീഴിലാണ് ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം. ഗര്‍ഭിണികള്‍ക്ക് സമയാസമയം പ്രതിരോധ കുത്തിവയ്പും മറ്റുമുള്ള പരിചരണം, അഞ്ചുവയസുവരെയുള്ള കുട്ടികളുടെ കുത്തിവയ്പ് എടുപ്പിക്കല്‍, കൗമാരപ്രായക്കാരുടെ ബോധവല്‍ക്കരണം, രോഗശയ്യയില്‍ കിടക്കുന്നവരുടെ പരിചരണം, ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി ചികിത്സിപ്പിക്കുക, പകര്‍ച്ചവ്യാധികളുണ്ടാവുമ്പോള്‍ ക്ലോറിനേഷന്‍ എന്നീ ജോലികളാണ് ചെയ്യുന്നത്. 250 മുതല്‍ 300 വീടുവരെ ഒരാളുടെ പരിധിയില്‍ ഉണ്ടാകും. ബിപിഎല്ലുകാരെ പരിചരിക്കുന്നതിന് ഇവര്‍ക്ക് ഇന്‍സന്റീവ് നല്‍കാറുണ്ട്. എപിഎല്ലുകാരായാല്‍ അതും ലഭിക്കില്ല. ഇത്തരത്തിലുള്ള ഇന്‍സന്റീവ് ലഭിച്ചിട്ടും മാസങ്ങളായി. വയനാട് പോലുള്ള ജില്ലകളിലെ ആദിവാസി മേഖലയില്‍ ഏറെ ദുരിതമനുഭവിച്ചാണ് പ്രവര്‍ത്തനം. കാട്ടുമൃഗങ്ങളെ ഭയന്ന് ജിവന്‍ പണയംവച്ചാണ് ഇവര്‍ കോളനികളിലെത്തുന്നത്.

എം ഷാജി deshabhimani

മത്സ്യസമ്പത്തിനു ഭീഷണിയായി ഗോസ്റ്റ് ഫിഷിങ്

കൊല്ലം: കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം രാജ്യത്തിനു നേടിത്തരുന്ന മത്സ്യസമ്പത്തിനു ഭീഷണിയായി ഗോസ്റ്റ് ഫിഷിങ്. മത്സ്യസമ്പത്തിന് ഈ വിധം ഉണ്ടാകുന്ന വന്‍ശോഷണത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകള്‍ നശിച്ചാല്‍ അവ കടലില്‍തന്നെ തൊഴിലാളികള്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഈ വലകള്‍ ഉപരിതലത്തില്‍ ഒഴുകിനടന്ന് മറ്റു മാലിന്യങ്ങളുമായി കൂടിക്കലര്‍ന്ന് അടിത്തട്ടില്‍ അടിയും. ഇവിടേക്ക് ആകര്‍ഷിക്കപ്പെടന്ന മത്സ്യങ്ങള്‍ വലക്കണ്ണികളില്‍ അകപ്പെട്ട് കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനാല്‍ വംശനാശംവരെ പല മത്സ്യഇനങ്ങള്‍ക്കും ഉണ്ടാകുന്നു. കൂടാതെ കടല്‍പാര് എന്നുകരുതി മുട്ടയിടാനും മറ്റും എത്തുന്ന മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതും മത്സ്യസമ്പത്തിനു വന്‍ഭീഷണിയാകുന്നു.

കടല്‍പക്ഷികള്‍, സസ്തനികള്‍, ഞണ്ട്, ആമ എന്നിവയെല്ലാം ഇതില്‍പ്പെട്ട് നശിക്കുന്നുണ്ട്. ഈ വലകളില്‍ കുരുങ്ങിക്കിടക്കുന്ന ഇരകളെ പിടിക്കാനെത്തുന്ന വന്‍മത്സ്യങ്ങളും ഗോസ്റ്റ് ഫിഷിങ്ങിന് ഇരയാകുന്നു. വലകള്‍ നശിക്കുംവരെ ഈ പ്രക്രിയ തുടരുന്നതിനാല്‍ "കടല്‍സ്ഥിതി"തന്നെ തകിടം മറിയുന്നു. ഈ വലകള്‍ പ്രൊപ്പല്ലറില്‍ കുടുങ്ങി ഫിഷിങ് ബോട്ടുകള്‍ തകരുന്നതും പതിവാണ്. ഇങ്ങനെ "ഗോസ്റ്റ് ഫിഷിങ"് വന്‍ വിപത്തായിട്ടും ഇതുസംബന്ധിച്ച പഠനത്തിനോ അവ ഒഴിവാക്കാനുള്ള നടപടികള്‍ക്കോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിദേശരാജ്യങ്ങളില്‍ പലയിടത്തും ഇത് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ 2009ല്‍ നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം 6,40,000 ടണ്‍ വല സമുദ്രത്തില്‍ ഉപേക്ഷിക്കുന്നതായി കണ്ടെത്തി. ഇതുവഴി പതിനായിരക്കണക്കിനു കടല്‍ജീവികള്‍ കൊല്ലപ്പെടുന്നതായും കണ്ടെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ് അക്കാദമി ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം 6.4 മില്യണ്‍ ടണ്‍ മാലിന്യം കടലില്‍ നിക്ഷേപിക്കുന്നതായും വ്യക്തമായി. ചരടും നാരും കൊണ്ട് നിര്‍മിച്ച പരമ്പരാഗത വലകള്‍ക്ക് പകരം ഇപ്പോള്‍ നൈലോണ്‍ വലകളാണ് മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഗില്‍നെറ്റ് വല, എന്റാഗ്ലിങ് വല, ട്രാമര്‍ വല എന്നിവയാണ് ഇവിടെ ഏറെയും ഉപയോഗിക്കുന്നത്. ഇത് 600 വര്‍ഷത്തോളം കടലില്‍ നശിക്കാതെ കിടക്കും. അടുത്തിടെ വൈപ്പിന്‍ എടവനക്കാടുനിന്ന് ഇത്തരത്തില്‍ തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. 32.5 മീറ്റര്‍ നീളമുള്ള വലയില്‍ കുരുങ്ങിയ നിലയിലാണ് ഇതിനെ തീരക്കടലില്‍ കണ്ടത്. ഈ വലയ്ക്കൊപ്പം 24ഇനം വ്യത്യസ്ത വലകള്‍ കൂടിക്കലര്‍ന്നിരുന്നതായി സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഫിഷറീസ് എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് ഡിവിഷന്‍ പ്രിന്‍സിപ്പലുമായ വി കൃപ പറഞ്ഞു.

കേരളതീരത്ത് ഇത്തരത്തിലുള്ള മാലിന്യം സംബന്ധിച്ച ഒരു ഗവേഷണമോ പരിശോധനയോ നടന്നിട്ടില്ല. ഇവ പരിശോധിക്കാനും കടല്‍സമ്പത്ത് സംരക്ഷിക്കാനും നിയമംതന്നെ ആവിഷ്കരിക്കണം. വല കടലില്‍ ഉപേക്ഷിക്കാതെ തിരികെ എത്തിക്കാന്‍ വേണ്ട അവബോധം തൊഴിലാളികളില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. മുള്ളുവേലിയുടെ കമ്പികള്‍, ക്ലാഞ്ഞി, വല എന്നിവ ഉപയോഗിച്ചു നിര്‍മിക്കുന്ന കൃത്രിമപാരുകളും മത്സ്യസമ്പത്തില്‍ വന്‍ ഇടിവുണ്ടാക്കുന്നു. ഈ പാരുകളില്‍ കുടുങ്ങി മൂന്നു ബോട്ടുകള്‍ തകര്‍ന്നതായി ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം എസ് ജെയിംസ് പറഞ്ഞു. തമിഴ്നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കേരളതീരത്ത് ഇവ നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ ജലമലിനീകരണം വ്യാപകമായതാണ് കേരളതീരത്തുനിന്നു ലഭിക്കുന്ന അയല, മത്തി, ചാള, നെത്തോലി, കാരല്‍, മണങ്ങ്, മാന്തല്‍ എന്നീ മത്സ്യങ്ങള്‍ക്കുണ്ടായിട്ടുള്ള രുചിഭേദത്തിനു കാരണമെന്ന് ഫിഷിറീസ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡി സഞ്ജീവഘോഷ് പറഞ്ഞു. മുന്‍കാലങ്ങളില്‍ വ്യാപകമായിരുന്ന ഊളിസ്രാവ്, തേട്, തെരണ്ടി, ചെമ്പല്ലി, കോര എന്നിവയ്ക്ക് വംശനാശം സംഭവിച്ചതായി ആശങ്കയുമുണ്ട്.

പി ആര്‍ ദീപ്തി deshabhimani

എസ്സിഇആര്‍ടി റിപ്പോര്‍ട്ട് തള്ളിക്കളയണം: പരിഷത്ത്

കണ്ണൂര്‍: സ്കൂള്‍ പഠനത്തിനുള്ള പിരിയഡുകളുടെ എണ്ണം കൂട്ടാനും ഉച്ചഭക്ഷണസമയം പകുതിയായി കുറയ്ക്കാനും നിര്‍ദേശിക്കുന്ന എസ്സിഇആര്‍ടി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത് ആവശ്യപ്പെട്ടു.

1997 ല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കിയതുമുതല്‍ ഉന്നയിക്കുന്ന പ്രശ്നമാണ് പീരിയഡുകളുടെ സമയം വര്‍ധിപ്പിക്കണമെന്നത്. പ്രവര്‍ത്തനോന്മുഖമായ ക്ലാസ് മുറികളില്‍ നിലവിലുള്ള പീരിയഡില്‍ നിരന്തരമൂല്യനിര്‍ണയമടക്കമുള്ള പഠനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നത് നിരന്തരം ഉന്നയിക്കുന്ന പ്രശ്നമാണ്. ഈ പ്രശ്നത്തെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുന്നതിനു പകരം പിരിയഡിന്റെ സമയം വെട്ടിക്കുറയ്ക്കുകയും ഉച്ചഭക്ഷണസമയം ഉപയോഗിച്ച് 35മിനിറ്റിന്റെ പുതിയൊരു പീരിയഡ് ചേര്‍ക്കുകയും ചെയ്യുന്നതിനുള്ള തലതിരിഞ്ഞ നിര്‍ദേശമാണ് എസ്സിഇആര്‍ടി മുന്നോട്ടുവച്ചതെന്ന് മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഉച്ചഭക്ഷണ വിതരണവും ഭക്ഷിക്കലും ശുചീകരണ പ്രവര്‍ത്തനങ്ങളും നിലവിലുള്ള ഒരു മണിക്കൂര്‍ കൊണ്ട് പല വിദ്യാലയങ്ങളിലും ബുദ്ധിമുട്ടിയാണ് നിര്‍വഹിക്കുന്നത്. ഉച്ചഭക്ഷണം അരമണിക്കൂറായി വെട്ടിക്കുറച്ച് വിശ്രമത്തിന് അവസരം നല്‍കാതെ കുട്ടികളെ പീഡിപ്പിക്കുന്നത് ക്രൂരതയാണ്. വിദ്യാഭ്യാസ മനഃശാസ്ത്രത്തിന്റെയോ കുട്ടികളുടെ അവകാശങ്ങളുടെയോ ആരോഗ്യ സംരക്ഷണത്തിന്റെ പിന്‍ബലം ഇല്ലാതെ ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങള്‍ പൊതുവിദ്യാഭ്യാസം തുണയായ കേരളത്തിലെ എണ്‍പത് ശതമാനം ജനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണ്. ഇത്തരം വികലനിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസനും ആവശ്യപ്പെട്ടു.

deshabhimani

ഉത്തരകേരളത്തിലേക്ക് വൈദ്യുതിയില്ല; രാവും പകലും വെന്തുരുകുന്നു

കാസര്‍കോട്: ലോഡ്ഷെഡിങ് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമുതല്‍ ജില്ലയിലെ വൈദ്യുതി ബന്ധം വിഛേദിച്ച് കെഎസ്ഇബിയുടെ പകപോക്കല്‍. രണ്ട് ദിവസമായി പകലും രാത്രിയും വൈദ്യുതിയില്ലാതെ ജനങ്ങള്‍ കടുത്ത ദുരിതമനുഭവിക്കുന്നു. ജില്ലയിലെവിടെയും അറ്റകുറ്റപ്പണി നടക്കുന്നതായി അറിയിപ്പില്ല. എന്താണ് കറന്റ് പോകാന്‍ കാരണമെന്ന് അന്വേഷിച്ചാല്‍ കെഎസ്ഇബി ഓഫീസിലിരിക്കുന്നവര്‍ക്ക് വ്യക്തമായ ഉത്തരം പറയാന്‍ പറ്റുന്നില്ല. ജില്ലയിലെ എല്ലാ ഓഫീസിലേക്കും ആളുകള്‍ നിരന്തരം വിളിക്കുന്നതിനാല്‍ ഏറെ സമയം വിളിച്ചാലും ഫോണ്‍ കിട്ടാറില്ല. ഇതുകാരണം ഫോണ്‍ എടുത്തുവച്ചതാണെന്ന ആരോപണവും ജീവനക്കാര്‍ കേള്‍ക്കേണ്ടിവരുന്നുണ്ട്. അരമണിക്കൂര്‍ കറന്റ് വന്നാല്‍ ഒരു മണിക്കൂര്‍ കട്ടാക്കുന്ന രീതിയാണ് രണ്ട് ദിവസമായി ജില്ലയിലെല്ലായിടത്തും. കട്ട് ചിലപ്പോള്‍ ഒന്നര- രണ്ട് മണിക്കൂര്‍വരെ നീളും. രാത്രിയിലും സമാന രീതിയിലാണ് കട്ട്. അസഹനീയ ചൂടാണ് രണ്ടാഴ്ചയായി ജില്ലയില്‍ അനുഭവപ്പെടുന്നത്. അപ്രഖ്യാപിത കറന്റ് കട്ട് ആരംഭിച്ചതോടെ പകലും രാത്രിയും ജനം വെന്തുരുകുകയാണ്.

വ്യാപാരസ്ഥാപനങ്ങളും തൊഴില്‍ ശാലകളുമാണ് ഇതുകാരണം കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ചെറുകിട തൊഴില്‍സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട ഗതികേടിലാണ്. കറന്റ് ഉപയോഗിച്ച് നടത്തുന്ന പണികളൊന്നും ചെയ്യാനാവുന്നില്ല. മാര്‍ബിള്‍, ടൈല്‍സ് ജോലികളും നിലച്ചു. ഈ പണികള്‍ക്ക് തൊഴിലാളികളെ വച്ചവര്‍ക്ക് വലിയ നഷ്ടമാണുണ്ടായത്. വടക്കേ മലബാറിലേക്ക് വൈദ്യുതി വരുന്ന മാടക്കത്തറ സബ്സ്റ്റേഷനില്‍നിന്നുള്ള ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് ട്രാന്‍സ്മിഷന്‍ എക്സക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു. മൂന്നു ദിവസത്തേക്കാണ് ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ചകൂടി അരമണിക്കൂര്‍ ഇടവിട്ട് കട്ടുണ്ടാകുമെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന സൂചന. സംസ്ഥാനം അനുഭവിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമമാണ് അറ്റകുറ്റപ്പണിയുടെ പേരിലുള്ള വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്ന അഭിപ്രായമുണ്ട്. കേന്ദ്രപൂളില്‍നിന്ന് കിട്ടിയിരുന്ന വൈദ്യുതിയില്‍ വലിയ കുറവുണ്ടായി. ആഭ്യന്തര ഉല്‍പാദനവും ഗണ്യമായി കുറഞ്ഞതോടെ ഉത്തരമലബാറിലേക്ക് കൊടുക്കാന്‍ വൈദ്യുതി ഇല്ലാതായതാണ് ഇപ്പോഴത്തെ നിയന്ത്രണത്തിന് കാരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകുമെന്ന ആശങ്കയിലാണ് ജീവനക്കാരും ജനങ്ങളും. പകലും രാത്രിയും വൈദ്യുതി കട്ട് ആരംഭിച്ചതോടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും നിലച്ചു. ഇതോടെ ജനങ്ങള്‍ ചൂടിനൊപ്പം വെള്ളവും കിട്ടാതെ വലയുകയാണ്. മണിക്കൂറുകളോളം മോട്ടോര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ടാങ്കില്‍ ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ സാധിക്കു. അപ്രഖ്യാപിത വൈദ്യുതി മുടക്കം കാരണം പലയിടത്തും അര മണിക്കൂര്‍പോലും മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാവാത്ത അവസ്ഥയാണ്. ഇതുകാരണം നിരവധി കുടുംബങ്ങള്‍ക്ക് പ്രാഥമികാവശ്യത്തിനുപോലും വെള്ളം ലഭിക്കുന്നില്ല.

കേരളം കൂടുതല്‍ ഇരുട്ടിലേക്ക്: ആര്യാടന്‍

കൊച്ചി: കടുത്ത വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്ന്് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രപൂളില്‍നിന്ന് വൈദ്യുതി ഉണ്ടെങ്കിലും ഇത് കേരളത്തിലേക്ക് എത്തിക്കാന്‍ മാര്‍ഗമില്ല. ഇടമണ്‍-കൊച്ചി വൈദ്യുതിലൈന്‍ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. മൈസൂരുവില്‍നിന്നുള്ള ലൈന്‍ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. ഇത്തരം സാഹചര്യങ്ങള്‍ വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. കാറ്റടിച്ചാലും ഇടിവെട്ടിയാലും വൈദ്യുതി പോകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ കേരളം കൂടുതല്‍ ഇരുട്ടിലേക്കു പോകുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ടി എച്ച് മുസ്തഫ സ്വീകരിച്ച സമീപനം തെറ്റാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ്ചെയ്തത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടി പാര്‍ടി സ്വീകരിക്കും. പറയാനുള്ള അഭിപ്രായം പാര്‍ടി ഫോറങ്ങളിലാണ് പറയേണ്ടത്. കെപിസിസി യോഗത്തില്‍ നടന്നത് വിമര്‍ശമല്ല ചര്‍ച്ചകളാണെന്നും ആര്യാടന്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

deshabhimani

ആധാറും എന്‍പിആറും കൂട്ടിയിണക്കുന്നു

ആധാറും എന്‍പിആറും കൂട്ടിയിണക്കാന്‍ മോഡിസര്‍ക്കാര്‍ ആലോചിക്കുന്നു. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) വഴി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടപ്പാക്കിയ ആധാര്‍പദ്ധതി ഏറെ പഴി കേട്ടിരുന്നു. ആഭ്യന്തരമന്ത്രാലയം നടപ്പാക്കുന്ന, നിയമപരമായ പിന്‍ബലമുള്ള എന്‍പിആര്‍ (നാഷണല്‍ പോപ്പുലേഷന്‍ രജിസ്ട്രി) പദ്ധതിയുമായി സാമ്യമുള്ളതാണ് ആധാര്‍. പതിനായിരക്കണക്കിനു കോടി രൂപ ചെലവുള്ള രണ്ടു പദ്ധതിയുടെ ആവശ്യമെന്താണെന്ന ചോദ്യം ശക്തമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇവ യോജിപ്പിച്ചേക്കുമെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമായ സൂചന നല്‍കി.

ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് കഴിഞ്ഞദിവസം നടത്തിയ കൂടിയാലോചനകളില്‍ ഇതും ഉള്‍പ്പെട്ടു. ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടവരുത്തിയ ആധാര്‍പദ്ധതി യുപിഎയുടെ പരാജയകാരണങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. സബ്സിഡികളുടെയും സ്കോളര്‍ഷിപ്പുകളുടെയും വിതരണം ആധാറുമായി ബന്ധിപ്പിച്ചത് ജനങ്ങളെ വലച്ചു. പാചകവാതകസബ്സിഡി വിതരണം ആധാറുമായി ബന്ധിപ്പിച്ചത് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് മരവിപ്പിച്ചിരുന്നു. എന്നാല്‍, നടപ്പാക്കിയതിലെ പാളിച്ചകളാണ് പ്രശ്നമെന്നും അപാകത പരിഹരിച്ച് മുന്നോട്ടുപോകണമെന്നുമുള്ള ശുപാര്‍ശയാണ് ഉദ്യോഗസ്ഥര്‍ പുതിയ സര്‍ക്കാരിന് നല്‍കിയത്. പി ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെ 2010ല്‍ തുടക്കമിട്ട എന്‍പിആര്‍ നിയമപരമായി സാധുതയുള്ളതും രാജ്യവ്യാപകമായി നടപ്പാക്കുന്നതുമാണ്. 1955ലെ ഇന്ത്യന്‍ പൗരത്വനിയമമനുസരിച്ച് എല്ലാ ഇന്ത്യക്കാരും എന്‍പിആറില്‍ രജിസ്റ്റര്‍ചെയ്യാന്‍ ബാധ്യസ്ഥരാണ്. എന്യൂമറേറ്റര്‍മാര്‍ രാജ്യവ്യാപകമായി വീടുതോറും സഞ്ചരിച്ച് വ്യക്തിഗതവിവരങ്ങള്‍ സമ്പാദിച്ചു. ഇതോടൊപ്പം ക്യാമ്പുകള്‍വഴി ജനിതകവിവരങ്ങളും ശേഖരിച്ച് ഓരോരുത്തര്‍ക്കും 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്‍കുകയുംചെയ്യും. ആസൂത്രണ കമീഷന്റെ നിയന്ത്രണത്തില്‍ 2009ല്‍ ആരംഭിച്ച യുഐഡിഎഐ നടപ്പാക്കുന്ന ആധാര്‍ നിര്‍ബന്ധമായി എടുക്കേണ്ടതില്ലെന്നാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍, പടിപടിയായി സര്‍ക്കാര്‍സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ മാനദണ്ഡമാക്കി. ജനിതക വിവരം ആധാര്‍ രജിസ്ട്രേഷന്‍ സമയത്തും ശേഖരിക്കുന്നുണ്ട്. ആധാര്‍ നിയമപരമാക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ദേശീയ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി ബില്ലിനെ (2000) ധനമന്ത്രാലയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ചില്ല. ആധാര്‍ എന്ന ആശയംതന്നെ സ്വീകാര്യമല്ലെന്നാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്.

ലക്ഷ്യം സംബന്ധിച്ച് വേണ്ടത്ര വ്യക്തതയില്ലാതെയും നിര്‍വഹണരീതിയുടെ കാര്യത്തില്‍ ദിശാബോധമില്ലാതെയുമാണ് നടപ്പാക്കുന്നത്. വിവരശേഖരണം നടത്താന്‍ രാജ്യവ്യാപകമായി ആറ് ഏജന്‍സികളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവ തമ്മില്‍ ഏകോപനമില്ല. വിവരശേഖരണപ്രവര്‍ത്തനങ്ങള്‍ ഇരട്ടിക്കാനും അനാവശ്യചെലവുകള്‍ക്കും ഇത് കാരണമാകുന്നു. ആധാര്‍ വിവരശേഖരത്തിന് അമേരിക്കന്‍ ചാരസംഘടന സിഐഎക്ക് നിക്ഷേപപങ്കാളിത്തമുള്ള മോംഗോ ഡിബി എന്ന സ്ഥാപനവുമായി കരാറുണ്ടാക്കിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കുന്നു. ഇതിനകം 16 സംസ്ഥാനങ്ങളില്‍നിന്നായി 60 കോടി ആളുകളെ ആധാര്‍പദ്ധതിയില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് യുഐഡിഎഐ വെബ്സൈറ്റില്‍ അവകാശപ്പെടുന്നത്.

സാജന്‍ എവുജിന്‍ deshabhimani

കാത്തലിക് മാനേജ്മെന്റുകളുമായി കരാര്‍ ഒപ്പിട്ടു; എസ്സി, എസ്ടി ഫീസ് 8000 രൂപ കൂട്ടി

കാത്തലിക് മാനജ്മെന്റുകളുടെ 12 എന്‍ജിനിയറിങ് കോളേജുകളില്‍ പ്രവേശനത്തിന് സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി കരാര്‍ ഒപ്പിട്ടു. വര്‍ഷംതോറും കരാര്‍ പുതുക്കുന്ന രീതിക്ക് പകരം മൂന്നുവര്‍ഷത്തേക്കാണ് പുതിയ കരാര്‍. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഫീസില്‍ പ്രതിവര്‍ഷം 8000 രൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഫീസിനൊപ്പം നല്‍കേണ്ട| ഒരുലക്ഷം രൂപയുടെ നിക്ഷേപം നല്‍കാനാവില്ലെന്ന് ധനവകുപ്പ് നിലപാടെടുത്തതോടെയാണ് പലിശയിനത്തില്‍ പ്രതിവര്‍ഷം 8000 രൂപ ഫീസിനൊപ്പം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്‍ആര്‍ഐ ക്വോട്ട ഒഴികെയുള്ള 85 ശതമാനം സീറ്റുകളിലും 75,000 രൂപ വാര്‍ഷികഫീസും ഒരുലക്ഷം രൂപ തിരികെ നല്‍കേണ്ട നിക്ഷേപവും സ്വീകരിക്കാമെന്നാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി സര്‍ക്കാര്‍ ധാരണയിലെത്തിയത്. സര്‍ക്കാര്‍ മെറിറ്റിലുള്ള വിദ്യാര്‍ഥികള്‍ക്കും ഫീസിളവില്ല. 15 ശതമാനം എന്‍ആര്‍ഐ ക്വോട്ടയില്‍ 75,000 രൂപ ഫീസും ഒറ്റത്തവണ 8000 ഡോളറും നല്‍കണം. ഈ തുക തിരികെ നല്‍കില്ല.

കാത്തലിക് എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഫാഫിലിപ്പ് ഞര്‍ലക്കാടും ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഷെരീഫുമാണ് കരാറിലൊപ്പിട്ടത്. എണ്‍പത്തഞ്ച് ശതമാനം സീറ്റുകളിലേക്കും പ്രവേശനപരീക്ഷാ കമീഷണറുടെ ലിസ്റ്റില്‍ നിന്നാകും പ്രവേശനമെന്നും പ്രത്യേക പ്രവേശന പരീക്ഷ നടത്തില്ലെന്നും കാത്തലിക് മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു. എന്‍ആര്‍ഐ ക്വോട്ടയിലേക്ക് പ്രവേശനത്തിന് എന്‍ട്രന്‍സ് എഴുതേണ്ടതില്ല. സ്വാശ്രയ എന്‍ജിനിയറിങ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള 105 കോളേജുകളില്‍ 42,000 രൂപയാണ് പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ്. നിക്ഷേപത്തുക ഈടാക്കുന്നുമില്ലെന്നിരിക്കെയാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ അനാവശ്യ നിര്‍ബന്ധത്തിന് വഴങ്ങി സര്‍ക്കാര്‍ ലക്ഷങ്ങളുടെ അധികബാധ്യതയുണ്ടാക്കിയത്.

deshabhimani

40 ശതമാനം സ്കൂളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍

സംസ്ഥാനത്ത് ആദായകരമല്ലാത്ത പൊതുവിദ്യാലയങ്ങളുടെ എണ്ണം 5137 ആയി ഉയര്‍ന്നു. ഒരു വര്‍ഷത്തിനകം 523 സ്കൂള്‍ കൂടി ഈ പട്ടികയിലേക്ക് കൂപ്പുകുത്തിയതോടെ പൊതുവിദ്യാലയങ്ങളില്‍ 40 ശതമാനത്തിലേറെയും അടച്ചുപൂട്ടല്‍ ഭീഷണിയിലുമായി. 12,644 പൊതുവിദ്യാലയങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാത്രം 1201 സ്കൂളാണ് നഷ്ടത്തിലായത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗിക കണക്കാണ് ഇത്.

മൂന്നു വര്‍ഷത്തിനിടെ അഞ്ഞൂറോളം അണ്‍എയ്ഡഡ് സിബിഎസ്ഇ സ്കൂളുകള്‍ക്കും 2500 സ്റ്റേറ്റ് സിലബസ് അണ്‍എയഡ്ഡ് സ്കൂളുകള്‍ക്കും അംഗീകാരം നല്‍കിയതാണ് പൊതുവിദ്യാലയങ്ങളെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചത്. സംസ്ഥാനത്ത് 3936 സ്കൂളായിരുന്നു നഷ്ടപ്പട്ടികയില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ഥികള്‍ കുറഞ്ഞ ഈ സ്കൂളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും നിലവാരമുയര്‍ത്തുന്നതിനുമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിജയം കണ്ടതാണ്. എന്നാല്‍, ഭരണമാറ്റത്തോടെ പഴയപടിയായി. മാത്രമല്ല, കൂടുതല്‍ സ്കൂള്‍ ഈ പട്ടികയിലായി.

5,137 ആദായകരമല്ലാത്ത സ്കൂളില്‍ 2,413 സര്‍ക്കാര്‍ സ്കൂളും 2,724 എയ്ഡഡ് സ്കൂളുമാണ് ഉള്ളത്. ഒരു ഡിവിഷനില്‍ ശരാശരി 25ല്‍ താഴെ കുട്ടികളുള്ള സ്കൂളുകളെയാണ് അനാദായകരമായി വിശേഷിപ്പിക്കുന്നത്. തമിഴ്, കന്നട മീഡിയം പഠിപ്പിക്കുന്ന സ്കൂളുകളില്‍ ഇത് 15 കുട്ടികളാണ്. 2,577 സ്കൂളില്‍ 50ല്‍ താഴെ കുട്ടികള്‍ മാത്രമാണ് പഠിക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയ കണക്ക്. ഇതില്‍ 1,217 സര്‍ക്കാര്‍ സ്കൂളും 1,360 എയ്ഡഡ് സ്കൂളുമാണ്. ഒരു വിദ്യാര്‍ഥിപോലുമില്ലാത്ത 12 സ്കൂളും സംസ്ഥാനത്തുണ്ട്. പത്തില്‍ താഴെ കുട്ടികളുള്ള 109 എണ്ണമുണ്ട്. നാല് സ്കൂളില്‍ ഒരു കുട്ടി മാത്രമാണ് ഉള്ളത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആദായകരമല്ലാത്ത സ്കൂള്‍ ഉള്ളതായി കണ്ടെത്തിയത്- 502. കുറവ് വയനാട്ടിലാണ്- 79. 499 സ്കൂളുള്ള കോഴിക്കോടാണ് രണ്ടാംസ്ഥാനത്ത്. തിരുവനന്തപുരം- 402, കൊല്ലം- 337, ആലപ്പുഴ- 378, കോട്ടയം- 486, ഇടുക്കി- 224, എറണാകുളം- 466, തൃശൂര്‍- 357, പാലക്കാട്- 304, മലപ്പുറം- 183, കോഴിക്കോട്- 499, വയനാട്- 79, കണ്ണൂര്‍- 731, കാസര്‍കോട്- 189 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

സര്‍ക്കാര്‍ മേഖലയില്‍ ആദായകരമല്ലാത്ത സ്കൂളുകള്‍ കൂടുതല്‍ തിരുവനന്തപുരത്തും (281) എയ്ഡഡ് മേഖലയില്‍ കണ്ണൂരിലും (585)ആണ്. കൂടുതലും എല്‍പി വിഭാഗത്തിലാണ്. പാഠപുസ്തകം മുതല്‍ യൂണിഫോം വരെ സൗജന്യമാക്കി. പഠനിലവാരം ഉയര്‍ത്താന്‍ പ്രത്യേക ശ്രദ്ധ നല്‍കി. സര്‍ക്കാര്‍ മാറിയതോടെ ഇവയെല്ലാം തകിടംമറിച്ചെന്ന് മാത്രമല്ല ദൂരപരിധി ലംഘിച്ച് സര്‍ക്കാര്‍ സ്കൂളുകളുടെ മുറ്റത്തുപോലും അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അനുമതി നല്‍കി. കഴിഞ്ഞവര്‍ഷം അവയ്ക്കെല്ലാം കൂട്ടത്തോടെ അംഗീകാരവും നല്‍കി. പുതിയ അധ്യയനവര്‍ഷം മുതല്‍ വിദ്യാഭ്യാസ അവകാശനിയമപ്രകാരം കേന്ദ്ര/സംസ്ഥാന അംഗീകാരങ്ങളില്‍ ഒന്നെങ്കിലും ഇല്ലാതെ ഒരു വിദ്യാലയവും പ്രവര്‍ത്തിപ്പിക്കരുതെന്നുണ്ട്. ഈ നിയമത്തിന്റെ മറപറ്റിയാണ് അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കെല്ലാം പ്രവര്‍ത്തനാനുമതി നല്‍കിയത്. ഒരു മാനദണ്ഡവും പാലിക്കാത്ത 627 സ്കൂളിന് വിദ്യാഭ്യാസവകുപ്പ് അംഗീകാരം നിഷേധിച്ചിരുന്നു. എന്നാല്‍, ഇവയ്ക്കും അംഗീകാരം നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. മിഷന്‍ 676ല്‍ ഈ സ്കൂളുകളുടെ അംഗീകാരത്തെക്കുറിച്ചും സൂചനയുണ്ട്.

deshabhimani

പ്രതിരോധമേഖലയില്‍ 100% വിദേശനിക്ഷേപം

പ്രതിരോധമേഖലയില്‍ നൂറുശതമാനവും നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഔദ്യോഗിക നടപടി തുടങ്ങി. വാണിജ്യ-വ്യവസായമന്ത്രാലയം ഇതുസംബന്ധിച്ച് മന്ത്രിസഭായോഗത്തിനുള്ള കുറിപ്പ് തയ്യാറാക്കി. അടുത്ത മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചേക്കും. എല്ലാമേഖലകളിലും 49 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കാനുള്ള നീക്കത്തിനു പിന്നാലെയാണ് പ്രതിരോധ രംഗത്തെ നൂറു ശതമാനം നിക്ഷേപ നീക്കം. ആര്‍എസ്എസ് പിന്തുണയോടെയാണ് മോഡി സര്‍ക്കാര്‍ നവസാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നത്.

"ഞങ്ങള്‍ സാമ്പത്തിക മൗലികവാദികളല്ല" എന്നാണ് എഫ്ഡിഐയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസ് ദേശീയ നിര്‍വാഹകസമിതി അംഗം രാം മാധവിന്റെ മറുപടി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തികനയം രാജ്യത്തിന് ഗുണം ചെയ്യുമെന്നും രാം മാധവ് പറഞ്ഞു.

രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പ്രതിരോധമേഖലയില്‍ എഫ്ഡിഐ അനുവദിച്ചിരുന്നില്ല. എന്നാല്‍, യുപിഎ സര്‍ക്കാര്‍ ഇത് 26 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതാണ് നൂറുശതമാനമാക്കുന്നത്. ഇക്കാര്യം അധികാരമേറ്റെടുത്തശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും വ്യക്തമാക്കിയിരുന്നു.

പ്രതിരോധമേഖലയുടെ മരവിപ്പ് മറികടക്കാന്‍ വിദേശനിക്ഷേപമല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ബിജെപിയുടെ നിലപാട്. തീരുമാനം എത്രയുംവേഗം നടപ്പാക്കിയെടുക്കുക എന്ന തന്ത്രമാണ് ജെയ്്റ്റ്ലിക്ക് ധനമന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെ ചുമതലകൂടി നല്‍കാന്‍ മോഡിയെ പ്രേരിപ്പിച്ചത്. ഇരുമന്ത്രാലയവും തന്റെ കീഴിലായതിനാല്‍ തടസ്സമില്ലാതെ ജെയ്റ്റ്ലിക്ക് മുന്നോട്ടുപോകാം. പ്രതിരോധമേഖലയില്‍ ഉടന്‍തന്നെ ആവശ്യമായ തീരുമാനങ്ങള്‍ എടുത്തശേഷം അദ്ദേഹത്തെ മാറ്റാനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആലോചിക്കുന്നത്.

എല്ലാ മേഖലയിലും 49 ശതമാനം എഫ്ഡിഐ അനുവദിക്കണമെന്ന് ധനമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍,സബര്‍ബന്‍ ഇടനാഴി, അതിവേഗപാത, തുറമുഖം, ഖനം, കെട്ടിടനിര്‍മാണം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാകും ഇത്. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നികുതി ഇളവുകള്‍ നല്‍കാനുള്ള നീക്കവുമുണ്ട്. റോഡ്, ഊര്‍ജം, തുറമുഖപദ്ധതികളില്‍ നികുതിരഹിത ബോണ്ടുകളും ഇറക്കാനും മോഡിസര്‍ക്കാര്‍ പദ്ധതിയിടുന്നു. ഈ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടു ദിവസത്തിനകം റിസര്‍വ് ബാങ്കിന് അയക്കുകയും ചെയ്തു. പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം സംഘടിപ്പിക്കാന്‍ പ്രത്യേക കമ്പനി രൂപീകരിക്കണമെന്നും ധനവകുപ്പ് ശുപാര്‍ശ ചെയ്യുന്നു. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കേന്ദ്രവ്യോമയാനമന്ത്രി അശോക് ഗജപതി പറഞ്ഞിരുന്നു.

deshabhimani

Friday, May 30, 2014

സിഎന്‍എന്‍ - ഐബിഎന്‍ റിയലന്‍സ് സ്വന്തമാക്കി

പ്രമുഖ ദേശീയ ചാനലായ സിഎന്‍എന്‍- ഐബിഎന്‍ റിലയന്‍സ് സ്വന്തമാക്കി. ചാനല്‍ നടത്തിപ്പുകാരായ നെറ്റ് വര്‍ക്ക്18 ഗ്രൂപ്പിനെ 4000 കോടി രൂപക്കാണ് റിലയന്‍സ് ഏറ്റെടുത്തത്. ഇതോടെ ഐബിഎന്‍7, കളേഴ്സ്, സിഎന്‍ബിസി 18, സിഎന്‍ബിസി ആവാസ് തുടങ്ങിയ ചാനലുകള്‍ റിലയന്‍സിന്റെതാകും.

ഏറ്റെടുക്കലിനെ തുടര്‍ന്ന് സിഎന്‍എന്‍ ഐബിഎന്നിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായിയും സാഗരിക ഘോഷും രാജിവക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ ആദ്യത്തോടെ അവധിയില്‍ പ്രവേശിക്കുന്ന ഇരുവരും ജൂണ്‍ 30 ഓടെ രാജവെക്കുമെന്നും സൂചന. രാജിവെക്കുന്ന ഇരുവരേയും കാത്ത് ഫോക്കസ് ടിവിയില്‍ നിന്നടക്കം നിരവധി അവസരങ്ങളാണിരിക്കുന്നത്. സാഗരിക അവസരങ്ങളിലൊന്ന് ഉടനെ സ്വീകരിക്കുമെന്ന് പറയുന്നു. എന്നാല്‍ രാജ്ദ്വീപ് തന്റെ പുസ്തക രചനക്കായി ഒരു വര്‍ഷത്തോളം ചാനല്‍ ജോലിയില്‍നിന്ന് വിട്ടുനിന്നേക്കാണ് സാധ്യത.

ചാനല്‍ 18 മാനേജിംഗ് ഡയറക്ടര്‍ രാഘവ് ബാല്‍, സിഇഒ ബി സായ് കുമാര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അജയ് ചാക്കോ എന്നിവര്‍ ഇതിനകം രാജിവെച്ചു. ചാനല്‍18 ഏറ്റെടുക്കലിലൂടെ മണികണ്‍ട്രോള്‍.കോം, ഐബിഎന്‍ ലൈവ് കോം, ഫസ്റ്റ് പോസ്റ്റ്കോം,ക്രിക്കറ്റ് നെക്സറ്റ്.ഇന്‍, ബുക്മൈഷോ.കോം, ഹോംഷോപ്18.കോം എന്നീ വെബ് സൈറ്റുകളും റിലയന്‍സിന്റെ നിയന്ത്രണത്തിലാവും.കഴിഞ്ഞ ദിവസം ചേര്‍ന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ബോര്‍ഡ് യോഗമാണ് ഏറ്റെടുക്കലിന് അനുമതി നല്‍കിയത്.

deshabhimani

ആന്റോ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ്

കോട്ടയം: പത്തനംതിട്ട എം പി ആന്റോ ആന്റണിയെ രൂക്ഷ ഭാഷയില്‍ പരിഹസിച്ച് കൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ബ്ലോഗ്. "മുള്ളിന് കീഴില്‍ നടക്കാന്‍ ഭയപ്പെടുന്ന പുറത്തു പുണ്ണുള്ള കൊടിച്ചി" എന്നാണ് ബ്ലോഗ് ലേഖനത്തിന്റെ തലക്കെട്ട്.

ആന്റോ ആന്റണിയെ പേരെടുത്ത് പറയാതെയാണ് ജോര്‍ജിന്റെ ലേഖനം പുരോഗമിക്കുന്നത്. ഡോബര്‍മാന്‍, അല്‍സേഷ്യന്‍ തുടങ്ങിയ ഇനങ്ങള്‍ക്കിടയില്‍ കൊടിച്ചി എന്ന ഓമനപ്പേരില്‍ ജനിച്ചവന്‍. മറ്റൊരു പണിക്കും കൊള്ളാത്തവന്‍ എന്ന ചീത്തപ്പേരു മാറ്റാനായി സഹജീവി സേവനത്തിന് വെളുത്ത വസ്ത്രം ധരിച്ച് രാഷ്ട്രീയത്തിലിറങ്ങിയവന്‍ എന്നിങ്ങിനെയാണ് ബ്ലോഗ് കുറിപ്പില്‍ ആന്റോ ആന്റണിക്ക് ജോര്‍ജ് നല്‍കുന്ന വിശേഷണങ്ങള്‍.

ഇടനിലപ്രാപ്തി മാത്രമുള്ള, വടവാതൂരിലെ എച്ചില്‍ കൂനയില്‍ നിന്നുപോലും ഒരെല്ലിന്‍ കഷണം ആഗ്രഹിക്കാന്‍ കഴിയാത്തയാളുടെ സഹോദരങ്ങള്‍ കണ്ണടച്ചു തുറക്കും മുന്‍പ് കോടീശ്വരന്മാരായെന്നും ഈരാറ്റുപേട്ടയിലും കഞ്ഞിക്കുഴിയിലുമെല്ലാം കൂറ്റന്‍ ബംഗ്ലാവുകള്‍ സ്വന്തമാക്കിയെന്നും ആറന്മുള വിമാനത്താവളത്തിന്റെ പേരിലും കോടികള്‍ സമ്പാദിച്ചുവെന്നുമൊക്കെയാണ് ബ്ലോഗ് കുറിപ്പിലെ മറ്റ് ആരോപണങ്ങള്‍.

തനിക്ക് വധഭീഷണിയുണ്ടെന്ന ആന്റോ ആന്റണിയുടെ പരാതിയിന്‍മേല്‍ അദ്ദേഹത്തിനേര്‍പ്പെടുത്തിയ പൊലീസ് കാവലിനേയും ജോര്‍ജ് ലേഖനത്തില്‍ പരിഹസിക്കുന്നു. എല്‍കെജി പിള്ളേര്‍ പോലും കല്ലെടുത്ത് എറിയാന്‍ അറയ്ക്കുന്നവനും വധഭീഷണി എന്നാണ് പരിഹാസം. കൊടിച്ചി മൂത്ത നവീന ആഢ്യന്‍ ക്രമസമാധാന പരിപാലകനെ നോക്കി മുരണ്ടുവെന്നും എന്തിനും ഏതിനും ഇടനില നിന്ന് വാലു കാലിനിടയില്‍ തിരുകി ഓരിയിട്ട് മോങ്ങാനുള്ള അസുലഭ വിരുത് ഏറ്റെന്നും പറഞ്ഞാണ് ബ്ലോഗ് കുറിച്ച് ജോര്‍ജ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞദിവസം നടന്ന കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തില്‍ പി സി ജോര്‍ജിനെതിരെ ആന്റോ ആന്റണി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പത്തനംതിട്ടയില്‍ തന്നെ തോല്‍പ്പിക്കാനായി ജോര്‍ജ് ശ്രമിച്ചെന്നും വീട്ടിലേക്ക് ഓടിവന്ന പേ പിടിച്ച നായയെപ്പോലെയാണ് ജോര്‍ജ് പെരുമാറുന്നതെന്നുമായിരുന്നു ആന്റോ ആന്റണിയുടെ വിമര്‍ശനം. ഇതിന് മറുപടിയായാണ് ജോര്‍ജിന്റെ ബ്ലോഗ്.

deshabhimani

എല്ലാ മേഖലയിലും 49 ശതമാനം വിദേശനിക്ഷേപത്തിന് നീക്കം

ചെറുകിടമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തെ (എഫ്ഡിഐ) എതിര്‍ക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയ ബിജെപി സര്‍ക്കാര്‍, എല്ലാ മേഖലയിലും എഫ്ഡിഐ അനുവദിക്കാനൊരുങ്ങുന്നു. 49 ശതമാനം എഫ്ഡിഐ എല്ലാ മേഖലയിലും അനുവദിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. വിദേശനിക്ഷേപകരെ ആകര്‍ഷിക്കാനും സാമ്പത്തികമാന്ദ്യം മറികടക്കാനും സാധിക്കുമെന്ന ന്യായമുയര്‍ത്തിയാണ് ഇത്.

കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും മുന്‍കൂര്‍ അനുമതി നേടാതെ എഫ്ഡിഐ അനുവദിക്കാമെന്നാണ് ധനമന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. ബിജെപി നേതൃത്വത്തിന്റെകൂടി അനുമതി കിട്ടിയാല്‍ ഇത് നടപ്പാക്കും. ഇന്ത്യന്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കമ്പനികളാണെങ്കില്‍ ചുരുക്കം ചില മേഖലകളില്‍ ഒഴിച്ച് മറ്റിടത്തെല്ലാം വിദേശനിക്ഷേപം നടത്താന്‍ സാധിക്കും. ഏതെല്ലാം മേഖലയിലാണ് നിക്ഷേപം എന്ന് വ്യക്തമാക്കാന്‍ ധനമന്ത്രാലയം തയ്യാറായിട്ടില്ലെങ്കിലും പ്രതിരോധം, റെയില്‍വേ, ഇ-വ്യാപാരം, വാര്‍ത്താവിനിമയം എന്നീ മേഖലകളിലാകും കൂടുതല്‍ നിക്ഷേപത്തിന് അനുമതി നല്‍കുക. വ്യാപാരമേഖലയില്‍ എഫ്ഡിഐ അനുവദിക്കില്ലെന്ന് ബിജെപി തെരഞ്ഞെടുപ്പു ഘട്ടത്തില്‍ വാഗ്ദാനം നല്‍കിയിരുന്നു. വാണിജ്യമന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമനും ഇക്കാര്യം വ്യക്തമാക്കി. ഇത് വിദേശനിക്ഷേപകരിലുണ്ടാക്കിയ ആശങ്ക ഓഹരിവിപണിയില്‍ പ്രതിഫലിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് തന്ത്രപരമായ നയം സ്വീകരിക്കാന്‍ ധനമന്ത്രാലയത്തെയും സര്‍ക്കാരിനെയും പ്രേരിപ്പിച്ചത്.

ഏക ബ്രാന്‍ഡ് ചില്ലറമേഖലയില്‍ നിലനില്‍ക്കുന്ന അതേ തരത്തില്‍ ബഹുബ്രാന്‍ഡ് ചില്ലറവ്യാപാരവും തുറന്നുകിട്ടണമെന്നാണ് വിദേശകമ്പനികളുടെ ആവശ്യം. ഈ ആവശ്യം പൂര്‍ണമായി അംഗീകരിച്ചാല്‍ വലിയ പ്രക്ഷോഭത്തെ നേരിടേണ്ടി വരും. ഇക്കാര്യം മുന്നില്‍ കണ്ടാണ് ധനമന്ത്രാലയത്തിന്റെ നീക്കം. എല്ലാ മേഖലകളിലും 49 ശതമാനം നിക്ഷേപത്തിന് അവസരമൊരുക്കിയാല്‍ വിദേശ കുത്തകകളുടെ ഇഷ്ടക്കേട് ഒഴിവാക്കാമെന്നും കണക്കു കൂട്ടുന്നു.

സുജിത് ബേബി deshabhimani

2 ഡസന്‍ മന്ത്രിമാര്‍ കൂടി

തന്റേത് ചെറിയ മന്ത്രിസഭയായിരിക്കുമെന്ന പ്രഖ്യാപനത്തിനു വിരുദ്ധമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നീങ്ങുന്നു. ജൂണ്‍ 15നുശേഷം ഇരുപത്തിനാലോളം പുതിയ മന്ത്രിമാരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. ഇവരില്‍ ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഉണ്ടാകും. ജൂണ്‍ നാലുമുതല്‍ 11 വരെ പതിനാറാം ലോക്സഭയുടെ പ്രഥമസമ്മേളനം ചേരും. അതിനുശേഷമായിരിക്കും മന്ത്രിസഭാ വികസനം. പുതിയ പ്രതിരോധമന്ത്രിവരും. ശിവസേനയ്ക്കും തെലുഗുദേശത്തിനും കൂടുതല്‍ ക്യാബിനറ്റ് മന്ത്രിമാരെ ലഭിക്കും.

പ്രധാനമന്ത്രിയടക്കം 46 മന്ത്രിമാരാണ് ഇപ്പോഴുള്ളത്. രണ്ടാം യുപിഎ മന്ത്രിസഭയുടെ അംഗബലം 77 ആയിരുന്നു. വികസനത്തിനുശേഷം മോഡിമന്ത്രിസഭയ്ക്ക് അംഗസംഖ്യയുടെ കാര്യത്തില്‍ യുപിഎ മന്ത്രിസഭയുമായി ചെറിയ വ്യത്യാസം മാത്രമായിരിക്കും. "ചെറിയ സര്‍ക്കാര്‍, നല്ല ഭരണം" എന്നതാണ് തന്റെ സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് മോഡി പ്രഖ്യാപിച്ചിരുന്നു. ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം 20ല്‍ ചുരുക്കുമെന്നും അവകാശപ്പെട്ടു. എന്നാല്‍ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം 24 ആയി. സ്വതന്ത്ര ചുമതലയുള്ള 10 സഹമന്ത്രിമാരെയും നിയോഗിച്ചു. എന്നിട്ടും ബിജെപി കൂടുതല്‍ സീറ്റ് നേടിയ രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ നാമമാത്രമായ പ്രാതിനിധ്യമേ ലഭിച്ചുള്ളു. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഒറ്റമന്ത്രിപോലുമില്ല. 18 എംപിമാരുള്ള ശിവസേന ഒരു മന്ത്രിയെമാത്രം ലഭിച്ചതില്‍ കടുത്ത അതൃപ്തിയിലാണ്. അവരുടെ മന്ത്രി ആനന്ദ് ഗീഥെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകാതെ പ്രതിഷേധിക്കുകയുംചെയ്തു. കൂടുതല്‍ സ്ഥാനം വാഗ്ദാനം ചെയ്തശേഷമാണ് ഗീഥെ ചുമതലയേറ്റത്.

തെലുഗുദേശവും കൂടുതല്‍ ക്യാബിനറ്റ് മന്ത്രിമാരെ പ്രതീക്ഷിക്കുന്നു. എന്‍ഡിഎയിലുള്ള 29 ഘടകകക്ഷികളില്‍ 11 കക്ഷികള്‍ക്കാണ് ലോക്സഭയില്‍ പ്രാതിനിധ്യം. ഇവര്‍ക്കെല്ലാം പങ്കാളിത്തം നല്‍കാന്‍ മോഡി നിര്‍ബന്ധിതനാവുകയാണ്. മന്ത്രിസ്ഥാനം ലഭിക്കാതെ അസംതൃപ്തരായി നില്‍ക്കുന്ന ബിജെപി എംപിമാരുടെ കാര്യവും പരിഗണിക്കണം. അരുണ്‍ ജയ്റ്റ്ലിക്ക് ധനകാര്യവും പ്രതിരോധവും കോര്‍പറേറ്റുകാര്യവും പോലുള്ള മൂന്ന് വകുപ്പുകള്‍ ഒന്നിച്ചു നല്‍കിയത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. രാജ്യം സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പൂര്‍ണസമയ ധനമന്ത്രി വേണമെന്ന ആവശ്യം ബിജെപിയില്‍ ശക്തമാണ്.

വകുപ്പ് വിഭജനത്തില്‍ മറ്റ് പരാതികളും ഉയര്‍ന്നിട്ടുണ്ട്. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത തര്‍ക്കവിഷയമാക്കിയ കോണ്‍ഗ്രസ് നടപടിയോട് വിയോജിക്കുന്നവര്‍പോലും മാനവവിഭവശേഷിവികസന മന്ത്രാലയം താരതമ്യേന മുതിര്‍ന്ന നേതാവിനെ ഏല്‍പ്പിക്കേണ്ടതായിരുന്നു എന്ന പക്ഷക്കാരാണ്. ഈ സാഹചര്യത്തിലാണ് വിപുലമായ മന്ത്രിസഭാ വികസനത്തിന് കളമൊരുങ്ങുന്നത്.

ജൂണ്‍ നാലിന് ആരംഭിക്കുന്ന ലോക്സഭ സമ്മേളനത്തില്‍ ആദ്യത്തെ രണ്ടു ദിവസം എംപിമാരുടെ സത്യപ്രതിജ്ഞയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പ്രൊടേം സ്പീക്കറായി പ്രവര്‍ത്തിക്കും. ആറിന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. രാജ്യസഭാ സമ്മേളനം ഒന്‍പതിന് ആരംഭിക്കും. അന്നേദിവസം ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും. 10നും 11നും രാഷ്ട്രപതിയുടെ പ്രസംഗത്തിനുമേലുള്ള ചര്‍ച്ച നടക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യനായിഡു അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. ജൂലൈയില്‍ ബജറ്റ് സമ്മേളനം ചേരും.

സാജന്‍ എവുജിന്‍ deshabhimani

Thursday, May 29, 2014

പാനൂരില്‍ ആര്‍എസ്എസ് കൊലവിളി തുടരുന്നു

പാനൂര്‍: വിളക്കോട്ടൂരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം. കരിങ്കല്‍തൊഴിലാളി ആര്യപ്പള്ളിയില്‍ വര്‍ഗീസി (46)നെ ഇരുമ്പ്വടികൊണ്ട് അടിയേറ്റ പരിക്കോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വര്‍ഗീസിനെ ചൊവ്വാഴ്ച രാത്രി പത്തോടെ വിളക്കോട്ടൂര്‍ ലഡാക്കില്‍വച്ചാണ് 12അംഗ സംഘം ആക്രമിച്ച് പരിക്കേല്‍പിച്ചത്. കൊലവിളിമുഴക്കിയെത്തിയ സംഘം തടഞ്ഞുനിര്‍ത്തിയശേഷം അടിച്ചുവീഴ്ത്തുകയായിരുന്നു. ബിജെപി വിട്ടവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന്റെ വിരോധമാണ് അക്രമത്തിന് പിന്നില്‍.

വര്‍ഷങ്ങളായി പ്രദേശത്ത് താമസിച്ച് ജോലിചെയ്യുന്നയാളാണ് വര്‍ഗീസ്. ബിജെപിക്ക് വിധേയമായി നില്‍കാനാവില്ലെങ്കില്‍ നാടും വീടും ഉപേക്ഷിച്ച് പോകാനാണ് കല്‍പന. സെന്‍ട്രല്‍ പൊയിലൂരിനടുത്ത കച്ചേരിമ്മല്‍ ആര്‍എസ്എസ് ഭീഷണിയെതുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ വീടും നാടും ഉപേക്ഷിച്ചിരുന്നു. ഏച്ചിലാട്ട്ചാലില്‍ ബുഷ്റ, സമീറ എന്നിവരുടെ കുടുംബമാണ് ആര്‍എസ്എസ്സിന്റെ നിരന്തരഭീഷണിയെ തുടര്‍ന്ന് വീടുപേക്ഷിച്ച് പോയത്. ഇതിന് പിറകെയാണ് ക്രിസ്ത്യന്‍സമുദായത്തില്‍പെട്ട തൊഴിലാളിയും ആക്രമിക്കപ്പെട്ടത്. പൊലീസിന്റെ നിഷ്ക്രിയത്വമാണ് അക്രമികള്‍ക്ക് വളമാകുന്നത്.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ പ്രദേശത്തെ ആര്‍എസ്എസ്സുകാര്‍ മുസ്ലിം, ക്രിസ്ത്യന്‍ സമുദായത്തിനും സിപിഐ എമ്മിനും നേരെ വ്യാപക അക്രമമാണ് അഴിച്ചുവിടുന്നത്. ചെറുവാഞ്ചേരിയില്‍ സിപിഐ എം ഓഫീസും എ കെ ജി സ്മാരക ക്ലബ്ബും ആര്‍എസ്എസുകാര്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ പത്തായക്കുന്നില്‍ നിരന്തരം ബോംബ്സ്ഫോടനം നടത്തി ഭീകരത സൃഷ്ടിച്ചു. ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ബ്രണ്ണന്‍കോളേജില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥികളെയടക്കം ആക്രമിച്ചു. അക്രമപരമ്പരയില്‍ ഒടുവിലത്തേതാണ് പാനൂര്‍ വിളക്കോട്ടൂരിലേത്. പരിക്കേറ്റ വര്‍ഗീസിനെ സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന്‍ സന്ദര്‍ശിച്ചു.

മോഡിയിസത്തിന്റെ പരീക്ഷണശാലയാക്കുന്നു: പി ജയരാജന്‍

തലശേരി: പാനൂരിനെ മോഡിയിസത്തിന്റെ പരീക്ഷണശാലയാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പൊയിലൂര്‍, ചെറുവാഞ്ചേരി മേഖലകളില്‍ നിരന്തരമായ അക്രമമാണ്. സ്വന്തം വീടുകളില്‍ താമസിക്കാന്‍ പോലും ന്യൂനപക്ഷവിഭാഗങ്ങളെ അനുവദിക്കുന്നില്ല. പൊലീസാകട്ടെ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നു. അക്രമത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിളക്കോട്ടൂരിലെ വര്‍ഗീസിനെ സന്ദര്‍ശിച്ച ശേഷംമാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ്-ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിക്കാന്‍ വരുന്നവരെ ലക്ഷ്യമിട്ടുള്ള അക്രമമാണിത്. ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ചെറുവാഞ്ചേരിയില്‍ സിപിഐ എം ഓഫീസും എ കെ ജി സ്മാരകവും തകര്‍ത്തിരുന്നു. പൊയിലൂര്‍ മേഖലയില്‍ മുസ്ലിംസമുദായം താമസിക്കുന്ന വീടുകള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. അവരോട് പാകിസ്ഥാനിലേക്ക് പോകാനാണ് കല്‍പന. ബിജെപി അധികാരത്തില്‍ വന്നതോടെയാണിതെല്ലാം ആരംഭിച്ചത്. താമസസ്ഥലത്തുനിന്ന് ന്യൂനപക്ഷ ജനവിഭാഗങ്ങളെ അടിച്ചോടിക്കുകയാണ്. എന്നിട്ടും പൊലീസ് അനങ്ങുന്നില്ല. വീടുകള്‍ ഉപേക്ഷിച്ചവര്‍ എസ്പിക്കും കലക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് എസ്പി പറയുന്നത്. അക്രമത്തിന് ഇരയാവുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പൊലീസ് തയ്യാറാകണം. അക്രമത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിന്റെ ഭാഗമായി 31ന് പാനൂരില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ സത്യഗ്രഹം നടത്തും. അക്രമികളെ ഒറ്റപ്പെടുത്തണമെന്നും പി ജയരാജന്‍ അഭ്യര്‍ഥിച്ചു.

deshabhimani

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന് റേഷന്‍ പുനഃസ്ഥാപിക്കണം: ഹൈക്കോടതി

കൊച്ചി: കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിന് അനുവദിച്ചിരുന്ന റേഷന്‍വിഹിതം വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍നടപടി ഹൈക്കോടതി സ്റ്റേചെയ്തു. വെട്ടിക്കുറച്ച അരിയും ഗോതമ്പും പുനഃസ്ഥാപിക്കാനും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാക്യഷ്ണന്‍, ജസ്റ്റിസ് കെ എബ്രഹാം മാത്യു എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. റേഷന്‍വിഹിതം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അധികൃതര്‍ ബുദ്ധിമുട്ടുന്നതായി ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി അഡ്വ. സത്യപ്രിയ ഈശ്വരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. കോടതി ഉത്തരവുപ്രകാരം മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ച അമിക്കസ്ക്യൂറി ആശുപത്രിസൂപ്രണ്ട് ഡോ. രവികുമാര്‍, ഡയറ്റീഷ്യന്‍ എസ് പി ഷാനിദ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

മാസംതോറും 7,550 കിലോഗ്രാം വീതമുണ്ടായിരുന്ന അരി മൂവായിരവും 2500 വീതമുണ്ടായിരുന്ന ഗോതമ്പ് 1000 കിലോയുമാക്കി വെട്ടിക്കുറച്ചതായി കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് ഓഫീസറുടെ കത്ത് അമിക്കസ്ക്യൂറി കോടതിയില്‍ ഹാജരാക്കി. ഓരോരുത്തര്‍ക്കും അരി, ഗോതമ്പ് എന്നിവ യഥാക്രമം 3.5, 1.5 കിലോഗ്രാംവീതം നല്‍കിയാല്‍മതിയെന്ന് ചൂണ്ടിക്കാട്ടി അന്തേവാസികളുടെ എണ്ണം കണക്കാക്കിയാണ് വിഹിതം വെട്ടിക്കുറച്ചത്. അതേസമയം 476 പേര്‍ക്കുമാത്രം സൗകര്യമുള്ള ആശുപത്രിയില്‍ 617 പേര്‍ കഴിയുന്നതായും ഓരോരുത്തര്‍ക്കും 14 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും മാസംതോറും ഭക്ഷണത്തിനായി ആവശ്യമുണ്ടെന്നും ഡയറ്റീഷ്യന്‍ അറിയിച്ചു. മുമ്പ് കിട്ടിക്കൊണ്ടിരുന്നതുതന്നെ മതിയാകാത്ത സാഹചര്യത്തിലാണ് ഉള്ളത് മൂന്നിലൊന്നാക്കിയത്. ഇപ്പോള്‍ രണ്ടുനേരംപോലും ഭക്ഷണം നല്‍കാനാവാത്ത അവസ്ഥയാണ്. ഭരണഘടനാപരമായും മനുഷ്യാവകാശപരമായും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ കോടതി എത്രയുംവേഗം വിഹിതം പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടു.

deshabhimani

മദ്രസ വിദ്യാഭ്യാസ ഫണ്ട് തിരിമറി അന്വേഷിക്കണം: വിഎസ്

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച മദ്രസ വിദ്യാഭ്യാസഫണ്ട് തിരിമറി നടത്തിയതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് സംസ്ഥാനത്തെ അംഗീകൃത മദ്രസകളില്‍ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള സ്കീം ഫോര്‍ പ്രൊവൈഡിങ്ങ് ക്വാളിറ്റി എഡ്യൂക്കേഷന്‍ ഇന്‍ മദ്രസ(എസ് പി ക്യു ഇ എം) പദ്ധതിപ്രകാരം ഇതുവരെ അനുവദിച്ച 58 കോടി രൂപയാണ് തിരിമറി നടത്തിയതായി ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.

2013-14 വര്‍ഷം 36 കോടി കൂടി വിതരണം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യോഗ്യതയില്ലാത്ത മദ്രസകള്‍ വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്തതായാണ് വിവരാവകാശപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. ഭൗതിക വിദ്യാഭ്യാസം നല്‍കുന്നതും മുഴുവന്‍സമയ മൂന്ന് അധ്യാപകരും ഓരോ വിഷയത്തിനും പത്ത് കുട്ടികളുമായി മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും , വഖഫ് ബോര്‍ഡ്, മദ്രസ ബോര്‍ഡ്, നിയോസ് എന്നിവയില്‍ രജിസ്ട്രേഷന്‍ ഉള്ളതുമായ മദ്രസകള്‍ക്കു മാത്രമേ ഈ പദ്ധതിപ്രകാരം ഫണ്ട് കൈപ്പറ്റാനാവൂ.

ഈ മാനദണ്ഡങ്ങളുള്ള ഒരു മദ്രസ പോലും സംസ്ഥാനത്തില്ലെന്നാണ് ഇതിനകം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളൊന്നും ഇല്ലാത്ത മദ്രസകള്‍ക്കാണ് സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് കോടിക്കണക്കിന് രൂപ അനധികൃതമായി നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ 2013-14 വര്‍ഷത്തെ ഫണ്ട് വിതരണം നിര്‍ത്തിവയ്ക്കണമെന്നും ഇതിനകം നടന്നിട്ടുള്ള ഫണ്ടുതിരിമറി സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തണമെന്നും വി എസ് ആവശ്യപ്പെട്ടു.

deshabhimani

ചന്ദ്രശേഖരന്‍ വധക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. സിബിഐ ജോയിന്റ് ഡയറക്ടര്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.

സംസ്ഥാന പൊലീസ് അന്വേഷിച്ച കേസില്‍ പ്രതികളെ കണ്ടെത്തുകയും കോടതി വിധി പ്രസ്താവിക്കുകയും ചെയ്തു. സാക്ഷികളെയെല്ലാം വിസ്തരിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ കേസിന്റെ ഗൂഢാലോചന മാത്രം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് കത്തില്‍ സിബിഐ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണക്കള്ളക്കടത്തു കേസില്‍ അറസ്റ്റിലായ ഫയാസിന് ചന്ദ്രശേഖരന്‍ വധവുമായി ബന്ധമില്ലെന്നും സിബിഐ വ്യക്തമാക്കി.

deshabhimani

30 ശതമാനം മന്ത്രിമാര്‍ ക്രിമിനല്‍ കേസുള്ളവര്‍

നരേന്ദ്രമോഡി മന്ത്രിസഭയില്‍ 30 ശതമാനംപേരും നിലവില്‍ ക്രിമിനല്‍ കേസ് നേരിടുന്നവര്‍. പ്രധാനമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച ദ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്കാ (എഡിആര്‍)ണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, സാമുദായികകലാപം സൃഷ്ടിക്കല്‍, തെരഞ്ഞെടുപ്പ് ചട്ടലംഘനം തുടങ്ങിയവയാണ് 30 ശതമാനം മന്ത്രിമാര്‍ നേരിടുന്ന കേസുകള്‍. ഇരുസഭയിലെയും അംഗങ്ങള്‍ അല്ലാത്തതിനാല്‍ പ്രകാശ് ജാവ്ദേക്കര്‍, നിര്‍മല സീതാരാമന്‍ എന്നിവരുടെ വിവരങ്ങള്‍ എഡിആര്‍ പരിശോധിച്ചിട്ടില്ല. 44 മന്ത്രിമാരില്‍ 40 പേരും കോടീശ്വരന്മാരാണെന്നും എഡിആര്‍ വെളിപ്പെടുത്തുന്നു.

ക്യാബിനറ്റ് മന്ത്രിയായ ഉമാഭാരതിയുടെ പേരില്‍ കൊലപാതകശ്രമത്തിനും സാമുദായിക അസന്തുലിതാവസ്ഥ സൃഷ്ടിക്കലിനും തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും കേസ് നിലനില്‍ക്കുന്നുണ്ട്. ഗ്രാമ വികസനമന്ത്രി ഗോപിനാഥ് മുണ്ടെയുടെ പേരില്‍ തട്ടിക്കൊണ്ടുപോകല്‍ കേസാണുള്ളത്. നാല്‍പ്പത് മന്ത്രിമാര്‍ (91 ശതമാനം) ശരാശരി 13.47 കോടിയുടെ സ്വത്തുള്ളവരാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെയാണ് മുന്നില്‍. 113 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ഭക്ഷ്യ സംസ്കരണമന്ത്രി ഹര്‍സിമ്രത്കൗര്‍ (108 കോടി), ഗോപിനാഥ് മുണ്ടെ (38 കോടി), മേനകഗാന്ധി (37 കോടി), പിയോഷ് ഗോയല്‍ (30 കോടി) എന്നിവരാണ് തൊട്ടുപിന്നില്‍.

രഘുറാം രാജന്‍ തുടര്‍ന്നേക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍സ്ഥാനത്ത് രഘുറാം രാജന്‍ തുടരാന്‍ സാധ്യത. അമേരിക്കന്‍ പൗരനും അന്താരാഷ്ട്ര നാണ്യനിധിയില്‍ (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധനുമായിരുന്ന രഘുറാം രാജനെ യുപിഎ സര്‍ക്കാര്‍ മന്‍മോഹന്‍സിങ്ങിന്റെ താല്‍പ്പര്യപ്രകാരമാണ് റിസര്‍വ്ബാങ്ക് തലവനാക്കിയത്. രഘുറാംരാജന്റെ നയങ്ങളോട് ബിജെപിയില്‍ ഒരുവിഭാഗത്തിന് വിയോജിപ്പുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ധനമന്ത്രിയായി ചുമതലയേറ്റ അരുണ്‍ ജെയ്റ്റ്ലിയുമായി ചര്‍ച്ച നടത്തിയ രഘുറാം രാജന്‍ താന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണറായി തുടരുമെന്ന വ്യക്തമായ സൂചന നല്‍കി. ജെയ്റ്റ്ലി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ രഘുറാം രാജന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

വളര്‍ച്ചയും പണപ്പെരുപ്പവും സന്തുലനത്തോടെ കൊണ്ടുപോകുകയെന്ന ദൗത്യമാണ് സര്‍ക്കാരും റിസര്‍വ്ബാങ്കും ഏറ്റെടുത്തിരിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം രഘുറാംരാജന്‍ പറഞ്ഞു. പലിശനിരക്കുകള്‍ കുറയ്ക്കുന്നതിനെ ബിജെപിയില്‍ ഒരുവിഭാഗം പിന്തുണയ്ക്കുന്നു. അതേസമയം, രഘുറാംരാജന്‍ റിസര്‍വ്ബാങ്ക് മേധാവിയായശേഷം നിരക്കുകള്‍ കുറച്ചിട്ടില്ല. മൂന്നു പ്രാവശ്യം വര്‍ധിപ്പിക്കുകയുംചെയ്തു. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുകയെന്ന നിലപാടാണ് റിസര്‍വ്ബാങ്ക് പിന്തുടരുന്നത്. വളര്‍ച്ച വീണ്ടെടുക്കുന്നതിനോടൊപ്പം പണപ്പെരുപ്പം നിയന്ത്രിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നിരക്ക് കുറയ്ക്കുകയെന്ന വിപണിയുടെ മുറവിളിയോട് ജെയ്റ്റ്ലിയും തല്‍ക്കാലം അനുകൂലമായി പ്രതികരിക്കില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ അഡ്വക്കറ്റ് ജനറല്‍ ജി ഇ വഹന്‍വതിയും സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനും കഴിഞ്ഞദിവസം രാജിസമര്‍പ്പിച്ചിരുന്നു.

deshabhimani

സ്ത്രീചൂഷണത്തിനെതിരെ പ്രതിരോധം ഉയരണം- സുധ സുന്ദരരാമന്‍

തൃശൂര്‍: സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയാന്‍ സംഘടിതരും അസംഘടിതരുമായ എല്ലാ വിഭാഗം സ്ത്രീകളും ഒന്നിച്ച് പ്രതിരോധം ഉയര്‍ത്തണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ വൈസ്പ്രസിഡന്റ് സുധ സുന്ദരരാമന്‍ പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വനിതാശില്‍പ്പശാലയും കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പുതിയ വെല്ലുവിളികളാണ് സ്ത്രീകള്‍ ഇന്ന് നേരിടേണ്ടിവരുന്നത്. കൂട്ടായ പ്രതികരണങ്ങള്‍ കൊണ്ടാണ് ഇതിനെ നേരിടേണ്ടത്. ജനാധിപത്യവേദികളില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ സ്ത്രീകള്‍ പ്രാപ്തരല്ലെന്നാണ് വാദം ഉയര്‍ന്നത്. അര്‍ഹമായ സ്ഥാനം നല്‍കാനും തയ്യാറായില്ല. ഈ വാദം ഉയര്‍ത്തിയവര്‍ സ്ത്രീ പ്രാതിനിധ്യം മുസ്ലീം-ക്രിസ്ത്യന്‍, പിന്നോക്ക-പട്ടികജാതിവര്‍ഗ സ്ത്രീകള്‍ എന്നാക്കണമെന്ന സ്ഥിതിയായി. സ്വാതന്ത്ര്യാനന്തരം സ്ത്രീക്ക് സമൂഹത്തില്‍ കിട്ടുന്ന സ്ഥാനത്തിന് ഇനിയും മാറ്റമുണ്ടായിട്ടില്ല. സ്വകാര്യവല്‍ക്കരണം പൊതുമേഖലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന നിലയുമാണ്. വളര്‍ച്ചയെക്കുറിച്ച് ഊറ്റം കൊള്ളുന്നവര്‍ അതില്‍ സ്ത്രീയുടെ വിഹിതം എത്രയെന്ന് പറയുന്നില്ല. സമൂഹത്തിലേക്ക് ഇറങ്ങിവരുന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. എന്നാല്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍തന്നെയാണ് അതിന് കാരണക്കാരെന്ന നിലയിലേക്ക് സ്ത്രീസുരക്ഷാപ്രശ്നംപോലും വളച്ചൊടിക്കപ്പെടുന്നു. സ്ത്രീധനം സ്ത്രീക്ക് ആവശ്യമില്ലെന്ന് പറയാന്‍ തയ്യാറാകണമെന്നും തുല്യസ്വത്തവകാശമാണ് സ്ത്രീക്ക് വേണ്ടതെന്നും സുധ സുന്ദരരാമന്‍ പറഞ്ഞു.

കെജിഒഎ സംസ്ഥാന പ്രസിഡന്റ് ടി കെ സുഭാഷ് അധ്യക്ഷനായി. ഡോ. ടി കെ ആനന്ദി മുഖ്യപ്രഭാഷണം നടത്തി. കെജിഒഎ സംസ്ഥാന വനിതാ കണ്‍വീനര്‍ ഡോ. വി രമാകുമാരി ചര്‍ച്ചാരേഖ അവതരിപ്പിച്ചു. എ ജി രാധാമണി, കെ ശിവകുമാര്‍, പ്രൊഫ. കാവുമ്പായി ബാലകൃഷ്ണന്‍, മേരി തോമസ് എന്നിവര്‍ സംസാരിച്ചു. ഡോ. കെ ടി ശ്രീലതകുമാരി സ്വാഗതവും ഡോ. ഇ ടി ബിന്ദു നന്ദിയും പറഞ്ഞു. ബുധനാഴ്ച നടന്ന വിവിധ ശില്‍പ്പശാലകളില്‍ പ്രൊഫ. ടി എ ഉഷാകുമാരി, രമാദേവി, എസ് ലീലാവതി, ടി ആര്‍ ചന്ദ്രദത്ത് എന്നിവര്‍ അധ്യക്ഷരായി. മീരാസുമം, എസ് സരസ്വതി, ഡോ. കെ ടി ശ്രീലത, മറിയം ജോണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

deshabhimani

പുതിയ മെഡിക്കല്‍ കോളേജുകളെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു

സംസ്ഥാനത്ത് പത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍കൂടി തുടങ്ങുമെന്ന പ്രഖ്യാപനം സ്വാശ്രയ ലോബിയുടെ സമ്മര്‍ദത്തില്‍ സര്‍ക്കാര്‍തന്നെ അട്ടിമറിക്കുന്നു. വേണ്ടസൗകര്യം ഒരുക്കാതെ വിദഗ്ധ സംഘത്തെക്കൊണ്ട് ഇവ പരിശോധിപ്പിക്കുന്നത് കോളേജ് തുടങ്ങുന്നതിനെതിരായ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് അറിഞ്ഞുതന്നെയെന്ന് വ്യക്തം. ഇടുക്കിയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) സംഘം സജ്ജീകരണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി. അവിടെ കോളേജ് തുടങ്ങാന്‍ സജ്ജമായിട്ടില്ലെന്ന് റിപ്പോര്‍ട്ടും നല്‍കി. പ്രാഥമിക സംവിധാനം പോലും ഏര്‍പ്പെടുത്താതെ എംസിഐ സംഘത്തെ ക്ഷണിച്ച സര്‍ക്കാര്‍ തന്നെയാണ് ഇതിന് ഉത്തരവാദി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സംഘത്തെ വിളിച്ചുവരുത്തിയതും എതിര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തന്ത്രമാണെന്നാണ് ആരോപണം. മറ്റു കോളേജുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതും അനിശ്ചിതത്വത്തിലാണ്. സ്വാശ്രയ ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് സര്‍ക്കാരിന്റെ ഈ ഒത്തുകളി.

ഇടുക്കി ചെറുതോണിയില്‍ പഴയ ഡിഎംഒ ഓഫീസിന്റെ നാലു മുറികളാണ് എംസിഐ സംഘത്തിന് മെഡിക്കല്‍ കോളേജിന്റെ ആസ്ഥാനമായി കാണിച്ചത്. പ്രിന്‍സിപ്പിലായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എം എ രവീന്ദ്രനെ അടിയന്തരമായി ചുമതലപ്പെടുത്തുകയും ചെയ്തു. ഒരു മുറിയും പ്രിന്‍സിപ്പലും നാലു ക്ലര്‍ക്കുമാരുമായുള്ള "മെഡിക്കല്‍ കോളേജ്" സംവിധാനത്തെ എംസിഐ സംഘം പരിഹാസ്യത്തോടെയാണ് കണ്ടത്. തൃശൂര്‍ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് ഡെന്റല്‍ കോളേജ് തുടങ്ങാത്തതും സ്വാശ്രയ ലോബിക്കുവേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. രണ്ടു സ്വകാര്യ ഡെന്റല്‍ കോളേജുകളുള്ള തൃശൂരിനെ ഒഴിവാക്കി ആലപ്പുഴയിലാണ് ഡെന്റല്‍ കോളേജ് അനുവദിച്ചത്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും മുമ്പാണ് വിദഗ്ധ സംഘത്തെ ക്ഷണിച്ച് പരിശോധന നടത്തിയതും. അതേസമയം അനുമതിക്കായി സംസ്ഥാനത്ത് ആറു സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തി വരികയാണ്. ഇതിന് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുന്നുമുണ്ട്. സ്വാശ്രയ മേഖലയില്‍ കോളേജുകള്‍ തുടങ്ങുന്നതിന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ആരോഗ്യ സര്‍വകലാശാല കര്‍ക്കശമാക്കിയപ്പോള്‍ അതിനെ എതിര്‍ത്ത സര്‍ക്കാര്‍, ഇതിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച സര്‍വകലാശാലാ ഡീന്‍ ഡോ. കെ പ്രവീണ്‍ലാലിനെ കൊച്ചി സഹകരണ കോളേജ് പ്രിന്‍സിപ്പലായി മാറ്റുകയും ചെയ്തു.

വി എം രാധാകൃഷ്ണന്‍ deshabhimani

സ്പോര്‍ട്സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കി കായികനയം

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ കായികനയമെന്ന് ആക്ഷേപം. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും അര്‍ജുന അവാര്‍ഡ് ജേതാവുമായ പത്മിനി തോമസ് അടക്കം കായികമേഖലയിലെ പ്രമുഖര്‍ പുതിയ കായികനയത്തെ അംഗീകരിക്കാനാവില്ലെന്ന് തുറന്നടിച്ചു. കരടുനയം തയ്യാറാക്കി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിച്ച സര്‍ക്കാര്‍ അതിനെയൊക്കെ പ്രഹസനമാക്കി കായികനയംനടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തിനുതന്നെ മാതൃകയായി 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കായികനയം അട്ടിമറിച്ച് ഉദ്യോഗസ്ഥകേന്ദ്രീകൃതമായ നയമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുക. ഇതിലൂടെ ജനാധിപത്യസ്ഥാപനമായ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അവകാശ അധികാരങ്ങള്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കവുമുണ്ടാകും. ഇതിനെതിരെ സ്പോര്‍ടസ് കൗണ്‍സില്‍ ജനറല്‍ബോഡിയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് തലസ്ഥാനത്തു ചേര്‍ന്ന സ്പോര്‍ട്സ് പോളിസി റിവ്യൂ മീറ്റിങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റടക്കം പുതിയ നയത്തിനെതിരെ രംഗത്തെത്തിയത്.

സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഇന്നുള്ള അധികാരങ്ങളൊന്നും എടുത്തുമാറ്റാന്‍ പാടില്ലെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തിയിട്ടുള്ളതെന്നും റിവ്യു മീറ്റിങ് ഉദ്ഘാടനംചെയ്ത് പത്മിനി തോമസ് പറഞ്ഞു. കരടുനയം തയ്യാറാക്കിയ സമയത്ത് കായികരംഗത്തുള്ള ആരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നില്ലെന്ന് വിവിധ അസോസിയേഷന്‍ ഭാരവാഹികളും സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളും ചൂണ്ടിക്കാട്ടി. കരടുനയം സെമിനാറിലൂടെയും മറ്റും ചര്‍ച്ചയ്ക്കു വിധേയമാക്കിയെങ്കിലും ഉന്നയിക്കപ്പെട്ട നിര്‍ദേശങ്ങളൊന്നുപോലും സര്‍ക്കാര്‍ സ്വീകരിച്ചില്ല. കേരളം ആതിഥേയത്വം വഹിക്കാന്‍പോകുന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി നിര്‍മിക്കുന്ന സ്റ്റേഡിയം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥകേന്ദ്രിതമായ പുതിയൊരു ഏജന്‍സി രൂപീകരിക്കുമെന്ന് നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. കായികരംഗത്ത് സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് കൗണ്‍സിലിന് ഇതോടെ പ്രസക്തി നഷ്ടപ്പെടും. എല്‍ഡിഎഫ് സര്‍ക്കാരാണ് ദേശീയ ഗെയിംസ് കേരളത്തില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ കായികരംഗത്ത് അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ ദേശീയ ഗെയിംസ് വഴി കൂടുതല്‍ അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പുതിയ നയം നടപ്പാക്കിയാല്‍ അടിസ്ഥാനസൗകര്യങ്ങളുടെ നിയന്ത്രണം സ്വകാര്യ ഏജന്‍സിക്കുവരെ നല്‍കാന്‍ ഇടയുണ്ടെന്നും ലാഭംമാത്രമായിരിക്കും പിന്നീട് ലക്ഷ്യം വയ്ക്കുകയെന്നും റിവ്യൂമീറ്റിങ്ങില്‍ അഭിപ്രായമുയര്‍ന്നു.

വി ഡി ശ്യാംകുമാര്‍ deshabhimani

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി റദ്ദാക്കി

ചെന്നൈ/പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം നല്‍കിയ പാരിസ്ഥിതികാനുമതി ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കി. പദ്ധതിപ്രദേശത്തെ മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനവും നിര്‍ത്താന്‍ വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പിനോട് ട്രിബൂണല്‍ ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കെജിഎസ് ഗ്രൂപ്പ് അനുമതി വാങ്ങിയത്. ഒരുവര്‍ഷത്തോളം നടന്ന വാദത്തിനൊടുവില്‍ ജസ്റ്റിസ് എം ചൊക്കലിംഗം, വിദഗ്ധ സമിതിയംഗം ആര്‍ നാഗേന്ദ്രന്‍ എന്നിവരടങ്ങിയ ട്രിബ്യൂണലിന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. വിമാനത്താവളത്തിനുവേണ്ടി വഴിവിട്ട് നീങ്ങിയ സംസ്ഥാന സര്‍ക്കാരിന് ട്രിബ്യൂണലിന്റെ ഉത്തരവ് കനത്ത ആഘാതമായി.

പാരിസ്ഥിതികാഘാതം പഠിച്ച എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് അതിനുള്ള അംഗീകാരം ഇല്ലെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. വിമാനത്താവളത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എല്ലാ വാദങ്ങളും തള്ളി. സിപിഐ എമ്മും സിപിഐയും ആറന്മുള പൈതൃകഗ്രാമ സംരക്ഷണ സമിതിയുമാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്.

2013ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എന്‍ഒസിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‍കിയത്. വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ പ്രദേശത്തെ പരിസ്ഥിതിയെ അത് ആഴത്തില്‍ ബാധിക്കുമെന്നും ഇത് മാരകമായ ഭവിഷ്യത്തുകള്‍ക്ക് വഴിവയ്ക്കുമെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. കെജിഎസ് ഗ്രൂപ്പ് ഇക്കാര്യത്തില്‍ ഗൗരവമായ ഒരു പഠനവും നടത്തിയിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി പദ്ധതിപ്രദേശത്തെ നെല്‍പ്പാടത്തെക്കുറിച്ചോ കുന്നുകളെക്കുറിച്ചോ അവര്‍ സൂചിപ്പിക്കുകപോലും ചെയ്തില്ലെന്നും കുറ്റപ്പെടുത്തി.

വിമാനത്താവളവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടിയത് മാനദണ്ഡം ലംഘിച്ചാണ്. 30 ദിവസത്തെ നോട്ടീസ് നല്‍കി രണ്ട് ദിനപത്രങ്ങളില്‍ പരസ്യം ചെയ്തു വേണം അഭിപ്രായം തേടാന്‍. രണ്ടുതവണ മാറ്റിയ അഭിപ്രായംതേടല്‍ 2004 മെയ് 15നാണ് നടന്നത്. പദ്ധതിപ്രദേശത്തിന് ഏറ്റവും അടുത്തായിരിക്കണം പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടേണ്ടിയിരുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതുജനാഭിപ്രായം തേടിയത് കലക്ടറേറ്റില്‍ നോട്ടീസ് പതിച്ച് അവിടെത്തന്നെയായിരുന്നു. വിമാനത്താവളത്തിന് വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റാണ്. ആക്ഷേപങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്ന അന്തിമ റിപ്പോര്‍ട്ട് വിദഗ്ധസമിതി സമര്‍പ്പിച്ചില്ല. പദ്ധതിനിര്‍മാണത്തിന് ട്രിബ്യൂണല്‍ കഴിഞ്ഞവര്‍ഷം സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. കെജിഎസ് ഗ്രൂപ്പിന് നല്‍കിയ 500 ഏക്കര്‍ ഭൂമി വ്യാവസായികാവശ്യത്തിന് ഉപയോഗിക്കാമെന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും സ്റ്റേ ചെയ്തിരുന്നു. പദ്ധതിപ്രദേശത്തിന്റെ 80 ശതമാനവും നെല്‍പ്പാടമാണെന്നും ഇത് മണ്ണിട്ട് നികത്തുന്നതോടെ പ്രദേശത്തെ ഭക്ഷ്യശൃംഖലയടക്കം തകരുമെന്നും 2013 മാര്‍ച്ചില്‍ ജൈവവൈവിധ്യ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് വകവയ്ക്കാതെയാണ് പദ്ധതിക്ക് സര്‍ക്കാര്‍ എന്‍ഒസി നല്‍കിയത്.

രണ്ടായിരം കോടിയാണ് പദ്ധതിയുടെ മുതല്‍മുടക്ക്. കെജിഎസ് ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ് കമ്പനിയായ കെജിഎസ് ഡെവലപ്പേഴ്സ് റിലയന്‍സ് അംബാനി ഗ്രൂപ്പിന് 15 ശതമാനം പങ്കാളിത്തമുള്ള കമ്പനിയാണ്. ഇതിനാലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കമ്പനിക്കുവേണ്ടി ശക്തമായി നിലകൊണ്ടതെന്നും ആരോപണമുയര്‍ന്നിരുന്നു.

സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി പി പ്രസാദ്, കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ കെ റോയിസണ്‍, ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതിക്കുവേണ്ടി കുമ്മനം രാജശേഖരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീരംഗനാഥ് എന്നിവരാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. ഇവര്‍ക്കുവേണ്ടി അഭിഭാഷകരായ അശോക് ചെറിയാന്‍, രഞ്ജിത് തമ്പാന്‍, ജേക്കബ് പി അലക്സ്, കൃഷ്ണരാജ്, ഹരീഷ് വാസുദേവ് എന്നിവര്‍ ഹാജരായി.

വിമാനത്താവള വിരുദ്ധ ഏകോപന സമിതി 107 ദിവസമായി ആറന്മുളയില്‍ നടത്തിവന്ന സത്യഗ്രഹം ട്രിബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. ഭാവി പരിപാടി അടുത്ത ദിവസം യോഗം ചേര്‍ന്ന് തീരുമാനിക്കും.

പുറത്തായത് കടുത്ത നിയമലംഘനം

പത്തനംതിട്ട: വിമാനത്താവള പദ്ധതിയുടെ മറവില്‍ ആറന്മുളയില്‍ അരങ്ങേറിയത് കടുത്ത നിയമലംഘനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തതെല്ലാം വഴിവിട്ട നടപടികള്‍. ഇതിനെല്ലാം പ്രചോദനമായത് പണത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും പിന്‍ബലം. ഹരിത ട്രിബ്യൂണലിന്റെ വിധിയിലൂടെ ഇക്കാര്യങ്ങളാണ് പുറത്ത്വന്നത്. 2014 ഡിസംബറില്‍ ആദ്യ വിമാനം പറന്നുയരുമെന്ന് കെജിഎസ് ഗ്രൂപ്പ് പ്രഖ്യാപിച്ചത് വഴിവിട്ട അനുമതികളുടെ പിന്‍ബലത്തിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പത്ത് ശതമാനം ഓഹരി കൂടി എടുത്തതോടെ അന്താരാഷ്ട്ര വിമാനത്താവളത്തിനാവശ്യമായ എല്ലാ അനുമതിയും ലഭിച്ചുവെന്നാണ് അവര്‍ പറഞ്ഞത്.

കൊച്ചി ആസ്ഥാനമായ സതേണ്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള ഐഎന്‍എസ് ഗരുഡയുടെ ഫ്ളൈയിങ് സോണില്‍ വരുന്ന പ്രദേശമാണ് ആറന്മുള. ആ സാഹചര്യത്തില്‍ വിമാനത്താവളത്തിന് അനുമതി നല്‍കാനാവില്ലെന്ന് 2011 ആഗസ്ത് നാലിന് അന്നത്തെ വ്യോമയാന മന്ത്രി വയലാര്‍ രവി രാജ്യസഭയില്‍ പ്രഖ്യാപിച്ചതുമാണ്. ഈ പാത പിന്തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമെല്ലാം അനുമതി നിഷേധിച്ചത്. ആ നിരോധനങ്ങളെയെല്ലാം കെജിഎസ് ഗ്രൂപ്പ് മറികടന്നത് അത്ഭുതകരമായ വേഗത്തിലാണ്. 5000 കോടിയുടെ ആസ്തി തങ്ങള്‍ക്കുണ്ടെന്നാണ് കെ കുമരന്‍, ജിജി ജോര്‍ജ്, പി ഷണ്‍മുഖം എന്നിവര്‍ ഉടമകളായ കെജിഎസ് കമ്പനി അവകാശപ്പെടുന്നത്. ഇതില്‍ 15 ശതമാനം റിലയന്‍സിന്റേതാണെന്നും അവര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

റോബര്‍ട് വധേരയ്ക്ക് വിമാനത്താവളകമ്പനിയുമായി ബന്ധമുണ്ടെന്നും ഇക്കാരണത്താല്‍ സോണിയാഗാന്ധിക്ക് പ്രത്യേക താല്പര്യമുണ്ടെന്നും ആരോപണമുയര്‍ന്നു. ഇത് ശരിവെക്കുന്ന രൂപത്തിലാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍, പത്തനംതിട്ട എംപി ആന്റോ ആന്റണി, ആറന്മുള എംഎല്‍എ അഡ്വ. കെ ശിവദാസന്‍ നായര്‍ എന്നിവര്‍ വിമാനത്താവളത്തിനുവേണ്ടി ചാവേറുകളെ പോലെ നിലകൊണ്ടത്. ഇതിനിടയിലാണ് വിമാനത്താവള ഭൂമിയില്‍ 232 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നു കണ്ടെത്തിയത്. ആദ്യ ഉടമയായ ഏബ്രഹാം കലമണ്ണിന്റെ കൈയില്‍നിന്ന് 263.72 ഏക്കറാണ് കെജിഎസ് വിലയ്ക്കുവാങ്ങിയത്. എന്നാല്‍, മിച്ചഭൂമി കണ്ടെത്തിയതോടെ കെജിഎസിന്റെ കൈയില്‍ അവശേഷിച്ചത് 31.7 ഏക്കര്‍ സ്ഥലം മാത്രമായിരുന്നു. ഇതോടെ നിയമങ്ങള്‍ ലംഘിച്ച് ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടു.

ആറന്മുളയില്‍ കെജിഎസ് ഗ്രൂപ്പ് നിയമം ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടിയതു സംബന്ധിച്ച് കോഴഞ്ചേരി അഡീഷണല്‍ തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചു. എന്നാല്‍, കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 2013 മാര്‍ച്ച് 10ന് ഇത് മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇതോടെ ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടല്‍ ശക്തമായി. ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും ഡെപ്യൂട്ടി കലക്ടറുമായിരുന്ന അബ്ദുള്‍ സമദിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. പിന്നാലെ കലക്ടറെയും സ്ഥലംമാറ്റി. നിയമവിരുദ്ധ നടപടികള്‍ സാധൂകരിക്കാന്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതിചെയ്യാനും സര്‍ക്കാര്‍ ശ്രമിച്ചു. വിവിധഭാഗങ്ങളില്‍ നിന്നുയര്‍ന്ന എതിര്‍പ്പ് അവഗണിച്ച് വിമാനത്താവളകമ്പനിക്കുവേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ കള്ളക്കളിക്ക് ട്രിബൂണല്‍ ഉത്തരവ് കനത്ത തിരിച്ചടിയായി.

സണ്ണി മാര്‍ക്കോസ് deshabhimani

രോഷത്തോടെ കശ്മീര്‍

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വ്യാപകപ്രതിഷേധം. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുമെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ്ങിന്റെ പ്രഖ്യാപനത്തിനെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സംസ്ഥാന രാഷ്ട്രീയകക്ഷികളും ശക്തമായി രംഗത്തെത്തി. പ്രസ്താവന ദുര്‍വ്യാഖ്യാനംചെയ്തെന്ന് മന്ത്രി പിന്നീട് നിലപാട് തിരുത്തിയെങ്കിലും ജമ്മു കശ്മീരിനെ പ്രത്യേകമായി കാണേണ്ടതില്ലെന്നാണ് ആര്‍എസ്എസ് വക്താവ് രാം മാധവ് ട്വിറ്ററില്‍ പ്രതികരിച്ചത്. "ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ജമ്മു കശ്മീര്‍ പിതൃസ്വത്തായാണോ ഒമര്‍ കരുതുന്നത്?"-രാം മാധവ് ചോദിച്ചു.

ജമ്മു കശ്മീരിനെയും രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗത്തെയും ഭരണഘടനാപരമായി ബന്ധിപ്പിക്കുന്നത് 370-ാം വകുപ്പാണെന്ന് ഒമര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വകുപ്പ് എടുത്തുകളയുന്നത് ജമ്മു കശ്മീരിനെ വീണ്ടും ഒറ്റപ്പെടുത്തും. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി നിലനില്‍ക്കുന്നത് ഈ വകുപ്പിന്റെ മാത്രം അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കണമെന്ന് ഒമര്‍ പറഞ്ഞു. ജിതേന്ദ്രസിങ്ങിന്റെ പ്രസ്താവന വന്നയുടന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ അടിയന്തര കോര്‍ കമ്മിറ്റി യോഗം ഒമറിന്റെ വസതിയില്‍ ചേര്‍ന്നു. 370-ാം വകുപ്പ് ദുര്‍ബലമാക്കാനുള്ള ഏതു നീക്കവും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് യോഗശേഷം നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് അലി മുഹമ്മദ് സാഗര്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തെ വര്‍ഗീയവിഭജനം കൂടുതല്‍ ആഴത്തിലാക്കുമെന്ന് പിഡിപി അധ്യക്ഷ മഹ്ബൂബ മുഫ്തി പറഞ്ഞു. 370-ാം വകുപ്പിനെ ശക്തിപ്പെടുത്താനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന അനാവശ്യവും അസ്വീകാര്യവുമാണെന്ന് ശ്രീനഗറില്‍ ചേര്‍ന്ന അവാമി മുത്താഹിത നമസ് (എഎംഎം) യോഗം അഭിപ്രായപ്പെട്ടു. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി, ഹക്കീം മുഹമ്മദ് യാസീന്‍, ഷേക് അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ റഷീദ് കാബൂളി, അബ്ദുള്‍ റഹ്മാന്‍ തക്രൂ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മോഡിയും നവാസ് ഷെരീഫും തമ്മില്‍ നടത്തിയ ചര്‍ച്ച നല്ല തുടക്കമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

370-ാം വകുപ്പിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് തീരുമാനം എടുക്കരുതെന്നും ഭരണഘടനാസ്രഷ്ടാക്കള്‍ ഉയര്‍ത്തിപ്പിടിച്ച ധാര്‍മികബാധ്യതകള്‍ മാനിക്കണമെന്നും സിപിഐ അഭിപ്രായപ്പെട്ടു. 370-ാം വകുപ്പ് റദ്ദാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചു. 370-ാം വകുപ്പ് ഇല്ലാതായാല്‍ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയ പ്രക്രിയതന്നെ അസാധുവാകുമെന്ന് ഭരണഘടനാവിദഗ്ധന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ ബി ഖാനും ഇതിനോട് യോജിച്ചു.

deshabhimani

തസ്തിക നിര്‍ണയത്തില്‍ 12000 അധ്യാപകര്‍ പുറത്തേക്ക്

തിരു: സംസ്ഥാനത്തെ സ്കൂളുകളില്‍ തസ്തികനിര്‍ണയം പൂര്‍ത്തിയായപ്പോള്‍ 12,000 അധ്യാപകര്‍ അധികമെന്ന് സര്‍ക്കാര്‍. 1:45 എന്ന പഴയ അനുപാതത്തില്‍ 37 ലക്ഷം വിദ്യാര്‍ഥികളുടെയും ആകെയുള്ള 1.62 ലക്ഷം അധ്യാപകരുടെയും അനുപാതം എടുത്ത് തസ്തിക നിര്‍ണയിച്ചതോടെയാണ് 12,000 അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത്. ഇവര്‍ക്ക് ശമ്പളം അനുവദിക്കാന്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. തസ്തികയിലില്ലാത്ത അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ നിലവില്‍ വകുപ്പില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു.

അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇതുവരെ തസ്തികനിര്‍ണയം നടത്തിയിരുന്നില്ല. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം അട്ടിമറിച്ച് തസ്തികനിര്‍ണയം നടത്തിയതാണ് ഇത്രയധികം അധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കിയത്. വിദ്യാഭ്യാസ അവകാശനിയമത്തില്‍ കേരളത്തിന് ഏക ഗുണമാകുമായിരുന്ന 1:30, 1:35 അധ്യാപക- വിദ്യാര്‍ഥി അനുപാതം നടപ്പാക്കിയിരുന്നെങ്കില്‍ അധ്യാപകരെയും പൊതുവിദ്യാഭ്യാസത്തെയും സംരക്ഷിക്കാമായിരുന്നു. അധ്യാപകപാക്കേജില്‍ പുതിയ അനുപാതം നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും സര്‍ക്കാര്‍ പിന്തിരിഞ്ഞു. പുറത്താകുന്ന അധ്യാപകര്‍ക്ക് ജൂണ്‍മുതല്‍ ശമ്പളവും നല്‍കാന്‍ കഴിയില്ല. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഡിപിഐ അവകാശപ്പെട്ടാലും തസ്തികയിലില്ലാത്ത അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും എഇഒമാര്‍ക്കും കഴിയില്ല. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് വേണ്ടിവരും. ഇതിന് ധനവകുപ്പ് അനുമതി നല്‍കാനും ഇടയില്ല. അധ്യാപകര്‍ കൂട്ടത്തോടെ പുറത്താകുന്നത് സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റിക്കും.

ചില വിദ്യാഭ്യാസ ഉപജില്ലകളില്‍ 400 അധ്യാപകര്‍ക്കുവരെ ജോലി നഷ്ടപ്പെടും. പിന്നോക്ക പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും കൂട്ടത്തോടെ പൂട്ടിയിടേണ്ട അവസ്ഥയുണ്ടാകും. ശമ്പളം ഉറപ്പാക്കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസമേഖല നിശ്ചലമാക്കുമെന്ന് യോഗത്തില്‍ അധ്യാപക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നേതാക്കള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി പറയാന്‍ ഡിപിഐക്ക് കഴിഞ്ഞില്ല.

deshabhimani

ഏകജാലകം കൂട്ടക്കുഴപ്പത്തില്‍

തിരു: പ്ലസ് വണ്‍ പ്രവേശനത്തിന് മൂന്നാംദിവസവും ആര്‍ക്കും അപേക്ഷിക്കാനായില്ല. എസ്എസ്എല്‍സി ജയിച്ച നാലരലക്ഷം വിദ്യാര്‍ഥികളും സിബിഎസ്ഇ സിലബസില്‍നിന്ന് മാറുന്ന ഒരുലക്ഷത്തോളം പേരും ഓണ്‍ലൈന്‍ രജിസ്ട്രേഷനായി നാടാകെയുള്ള ഇന്റര്‍നെറ്റ് കഫേകള്‍ക്കുമുന്നില്‍ കാത്തുകിടക്കേണ്ട അവസ്ഥയാണ്. പ്രശ്നം പരിഹരിക്കാന്‍ ബുധനാഴ്ചയും ഹയര്‍സെക്കന്‍ഡറി അധികാരികള്‍ ശ്രമിച്ചില്ല. നിലവിലുള്ള സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാതെ പ്രശ്നപരിഹാരമുണ്ടാകില്ലെന്ന് വ്യക്തമാണ്.

നിലവില്‍ ഒരേസമയം 1500 പേര്‍ക്കുമാത്രമേ ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൈറ്റ് ഉപയോഗിക്കാനാകൂ. എന്നാല്‍, ഇപ്പോള്‍ മണിക്കൂറില്‍ 6000 മുതല്‍ 7000 പേര്‍ മാത്രമാണ് ഓണ്‍ലൈന്‍ അപേക്ഷയ്ക്കായി വെബ്സൈറ്റ് തുറക്കാന്‍ ശ്രമിക്കുന്നത്. ഇതുകാരണം ആര്‍ക്കും അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല. ഗ്രാമനഗരഭേദമെന്യേ സൈറ്റ് ലഭിക്കുന്നില്ല. തിരക്കുകുറഞ്ഞാല്‍ ശരിയാകും ഇനിയും സമയമുണ്ടല്ലോ എന്നു മാത്രമാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് നല്‍കുന്ന മറുപടി. ജൂണ്‍ 12വരെ അപേക്ഷിക്കാമെങ്കിലും ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് പ്രോസ്പെക്ട്സ്പോലും നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. സ്കൂളുകളില്‍ പ്രോസ്പെക്ടസ് ലഭിക്കുമെന്നറിയിച്ചിരുന്നെങ്കിലും അച്ചടി തുടങ്ങിയിട്ടേയുള്ളൂ.

ശാരീരികവെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയ്ക്കുമുമ്പ് നടത്തേണ്ടുന്ന കൗണ്‍സലിങ്ങും ഇതുവരെ നടത്തിയിട്ടില്ല. പ്രാക്ടിക്കല്‍ ഉള്ള സയന്‍സ് വിഷയങ്ങളില്‍ ഇവര്‍ക്ക് അപേക്ഷിക്കണമെങ്കില്‍ അധ്യാപകരും ഡോക്ടറും അടങ്ങുന്ന സംഘം കൗണ്‍സലിങ് നല്‍കി സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചേ അപേക്ഷിക്കാനാകൂ. കൗണ്‍സലിങ് ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ഐടി വികസനത്തിന്റെപേരില്‍ സര്‍ക്കാര്‍ മേനി നടിക്കുന്ന തലസ്ഥാന നഗരത്തില്‍പോലും ബുധനാഴ്ച ആര്‍ക്കും അപേക്ഷിക്കാനായില്ല. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിയോഗിക്കപ്പെട്ട ഹെല്‍പ്പ് ലൈന്‍ സെന്ററുകളില്‍പോലും വെബ്സൈറ്റ് തുറക്കാന്‍ കഴിഞ്ഞില്ല.

സംസ്ഥാനത്ത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ഐസിടി സെല്‍ പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലാണ്. സെല്ലില്‍ ലാന്‍ഡ്ലൈനിലും അധികാരികളുടെ മൊബൈലിലും വിളിച്ചാല്‍ കിട്ടില്ല. മേലുദ്യോഗസ്ഥരോട് ചോദിച്ചാല്‍ "ട്രാഫിക് ബ്ലോക്കില്‍പെട്ടാല്‍ ബ്ലോക്ക് മാറാതെ പോകാനാകുമോ" എന്ന മറുപടിയാണ് ലഭിക്കുന്നത്.

deshabhimani

Wednesday, May 28, 2014

നവഉദാരസാമ്പത്തിക നിലപാടിന് അടിവരയിട്ട് മോഡി മന്ത്രിമാര്‍

സാമ്പത്തിക അച്ചടക്കത്തിനും പണപ്പെരുപ്പ നിയന്ത്രണത്തിനുമാണ് ഊന്നലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വെല്ലുവിളികള്‍ വ്യക്തമാണ്. സാമ്പത്തിക വളര്‍ച്ചാ തോത് പുനസ്ഥാപിക്കണം. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തണം. ധനിയന്ത്രണത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. പ്രതിരോധ വകുപ്പിന്റെ അധികചുമതലയുമുണ്ട് ജെയ്റ്റ്ലിക്ക്. മന്ത്രിസഭാ വിപുലീകരണംവരെ ഇത് ഇടക്കാല ചുമതല മാത്രമാണെന്ന് ജെയ്റ്റ്ലി അറിയിച്ചു.

ജിഡിപി വളര്‍ച്ച ഏറ്റവും മോശമായ ഘട്ടത്തില്‍ വന്‍ വെല്ലുവിളിയാണ് ജെയ്റ്റ്ലിക്ക്്. രണ്ടുമാസത്തിനകം ബജറ്റ് അവതരിപ്പിക്കേണ്ടതും ബാധ്യതയാണ്. ധന അച്ചടക്കത്തില്‍ ഊന്നുമെന്ന ജെയ്റ്റ്ലിയുടെ വാക്കുകള്‍ സബ്സിഡി വെട്ടിക്കുറയ്ക്കല്‍പോലുള്ള യുപിഎ സര്‍ക്കാര്‍നയങ്ങള്‍ തുടരുമെന്നതിന്റെ സൂചനയാണ്. കോര്‍പറേറ്റുകള്‍ക്ക് ആഹ്ലാദം നല്‍കുന്നതാണ് വാര്‍ത്താവിനിമയ- ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണവും. നിയമവകുപ്പും രവിശങ്കറിനാണ്. ടെലികോം കമ്പനികള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നികുതി ചുമത്തുന്നതുപോലുള്ള നടപടികള്‍ ഉണ്ടാവില്ലെന്ന് രവിശങ്കര്‍ വ്യക്തമാക്കി. യുപിഎ കാലത്ത് ടെലികോം കുത്തകയായ വൊഡഫോണിന് വലിയ നികുതി ബാധ്യത മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയിരുന്നു. ഹച്ചിന്‍സണ്‍ കമ്പനി ഏറ്റെടുത്ത ഇനത്തില്‍ രണ്ടായിരം കോടി നികുതി അടയ്ക്കാനാണ് യുപിഎ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിദേശത്ത് നടന്ന ഇടപാടാണെന്ന് വാദിച്ച് വൊഡഫോണ്‍ സര്‍ക്കാരിന് നികുതി നല്‍കിയിരുന്നില്ല. ഇടപാട് വിദേശത്തായാലും കൈമാറ്റംചെയ്യപ്പെടുന്നത് രാജ്യത്തെ സ്വത്താണെങ്കില്‍ നികുതി അടയ്ക്കണമെന്ന നിയമഭേദഗതി കൊണ്ടുവന്നാണ് ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി വൊഡഫോണില്‍നിന്ന് നികുതി ഈടാക്കിയത്. ഇതിനെതിരെ കോര്‍പറേറ്റ് ലോകം വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പ്രസ്താവനയിലൂടെ കോര്‍പറേറ്റ് അനുകൂല സന്ദേശമാണ് രവിശങ്കര്‍ പ്രസാദ് നല്‍കുന്നത്.

ഇന്ത്യക്ക് ആവശ്യം നിക്ഷേപമാണ്. നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാവാന്‍ പാടില്ല. സ്ഥിരതയുള്ള സാമ്പത്തികനയവും നിയമസംവിധാനവുമാണ് അവര്‍ ആഗ്രഹിക്കുന്നത്. നിക്ഷേപവിശ്വാസം വീണ്ടെടുക്കുന്നതിനാണ് മുന്‍ഗണന. വാജ്പേയി സര്‍ക്കാര്‍ അറിയപ്പെട്ടത് ഹൈവേകള്‍ നിര്‍മിച്ചതിലൂടെയാണ്. ബ്രോഡ്ബാന്‍ഡ് ഹൈവേകളിലൂടെയാകും മോഡിസര്‍ക്കാര്‍ അറിയപ്പെടുക- രവിശങ്കര്‍ പറഞ്ഞു.

പ്രതികരിക്കാതെ ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: പെട്രോള്‍- ഡീസല്‍ വില കുറയ്ക്കുന്നത് സംബന്ധിച്ച് ഉറപ്പു നല്‍കാതെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പാവപ്പെട്ടവര്‍ക്ക് അനുകൂലമായ നയമാകും സ്വീകരിക്കുകയെന്ന് പറഞ്ഞ പ്രധാന്‍ ഇന്ധനവില കുറയ്ക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.

റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കുംവിധം പ്രകൃതിവാതകവില ഇരട്ടിയാക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിക്കുമോയെന്ന ചോദ്യത്തിനും പ്രധാന്‍ മറുപടി പറഞ്ഞില്ല. പെട്രോളിയം മേഖലയില്‍ ഒട്ടനവധി പ്രശ്നങ്ങളുണ്ട്. എല്ലാ കാര്യങ്ങളും പഠിച്ചശേഷം പ്രതികരിക്കാം- പ്രധാന്‍ അറിയിച്ചു. പെട്രോളിയം വകുപ്പിന്റെ സ്വതന്ത്ര ചുമതലയാണ് പ്രധാന്. വിലക്കയറ്റം തടയുകയാണ് മുഖ്യലക്ഷ്യമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. പൊതുവിതരണം മെച്ചപ്പെടുത്തും. ധാന്യസംഭരണത്തിന് മതിയായ സംവിധാനമൊരുക്കും. ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്ന അവസ്ഥയുണ്ടാവില്ല. ഒരാഴ്ചയ്ക്കകം ഇക്കാര്യങ്ങളില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പരമാവധി ആനുകൂല്യങ്ങള്‍ക്കായി ശ്രമിക്കും- പാസ്വാന്‍ പറഞ്ഞു. റെയില്‍വേ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും റെയില്‍മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആശയങ്ങള്‍ എന്തൊക്കെയെന്ന് ആരായും. മാര്‍ഗരേഖ എങ്ങനെയാകുമെന്ന് വിശദീകരിക്കുന്നതിന് പത്തുദിവസത്തെ സാവകാശം വേണം. റെയില്‍ സുരക്ഷ പ്രധാന വിഷയമാണെന്നും ഗൗഡ പറഞ്ഞു.

ബീജാപ്പുരിലും അഹമ്മദാബാദിലും കലാപം

ബീജാപ്പുര്‍: ഗുജറാത്ത് കലാപത്തിന്റെ രക്തക്കറ പേറുന്ന നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ ബീജാപ്പുരിലും അഹമ്മദാബാദിലും വര്‍ഗീയകലാപം. അഹമ്മദാബാദില്‍ ഇരുമതവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഞായറാഴ്ച രാത്രിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഉത്തര കര്‍ണാടകത്തില്‍ ബീജാപ്പുര്‍ ടൗണില്‍ തിങ്കളാഴ്ച വൈകിട്ട് ബിജെപിക്കാര്‍ വിജയാഹ്ലാദപ്രകടനത്തിനിടെ അഴിഞ്ഞാടുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് നടന്നയുടന്‍ ബീജാപ്പുര്‍ ടൗണില്‍ മുന്‍ കേന്ദ്രമന്ത്രി ബസവനഗൗഡ പട്ടീല്‍ യട്ട്നാലിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ബിജെപിക്കാര്‍ തെരുവിലിറങ്ങി. ആഹ്ലാദപ്രകടനത്തിനിടെ എല്‍ബിഎസ് പച്ചക്കറി മാര്‍ക്കറ്റിന് സമീപം കാവിധാരികള്‍ കണ്ണില്‍കണ്ടവരുടെ മുഖത്തെല്ലാം ചായം പൂശുകയായിരുന്നു. എന്നാല്‍, മുസ്ലിം മതക്കാരായ പച്ചക്കറി കച്ചവടക്കാരില്‍ ചിലര്‍ തങ്ങളുടെ മുഖത്ത് ചായം തേക്കുന്നത് എതിര്‍ത്തതോടെ വാക്കുതര്‍ക്കമായി. തര്‍ക്കം നിമിഷങ്ങള്‍ക്കകം കലാപത്തിന് വഴിമാറുകയായിരുന്നു. നിമിഷനേരത്തിനകം പച്ചക്കറി മാര്‍ക്കറ്റ് തകര്‍ക്കപ്പെട്ടു. പരിക്കേറ്റ 15 പേരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധിചൗക്ക് പൊലീസ് സ്റ്റേഷന്റെ തൊട്ടുമുന്നിലാണ് കലാപകാരികള്‍ അഴിഞ്ഞാടിയത്. അക്രമികള്‍ കടകളും മറ്റും തകര്‍ക്കുമ്പോഴും പൊലീസ് കാഴ്ചക്കാരായി നിന്നു. കലാപകാരികള്‍ പൊലീസ് സ്റ്റേഷനു നേരെയും അക്രമം അഴിച്ചുവിട്ടു. രണ്ടു മണിക്കൂര്‍ തെരുവുയുദ്ധത്തിന് ശേഷമാണ് പൊലീസ് ലാത്തിവീശി അക്രമം നിയന്ത്രണവിധേയമാക്കിയത്.

നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ബിജാപ്പുര്‍ എസ്പി രാംനിവാസ് സെപാട്ട് അറിയിച്ചു. കലാപത്തിനുശേഷം അപ്രത്യക്ഷനായ ബസവനഗൗഡയെ കണ്ടെത്തുന്നതിനായി 6 പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഗൗഡ കലാപത്തിന് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസ്. അഹമ്മദാബാദില്‍ ഇരുമതക്കാരും ഇടകലര്‍ന്നുജീവിക്കുന്ന ചേരിയില്‍ വിവാഹ ചടങ്ങിനോടനുബന്ധിച്ചാണ് ഞായറാഴ്ച രാത്രി കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ പൊലീസ് ഡ്രൈവര്‍ക്കും മറ്റു ചിലര്‍ക്കും പരിക്കേറ്റു. മൂന്നു വാഹനവും രണ്ടു കടയും തകര്‍ത്തു. വിവാഹവീടിന് സമീപമുള്ള മാടക്കടയില്‍ നിന്ന് യുവാക്കളില്‍ ചിലര്‍ എതിര്‍ത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കലാപത്തിലേക്ക് എത്തിയത്. പൊലീസ് കണ്ണീര്‍വാതകം ഉള്‍പ്പെടെ പ്രയോഗിച്ചാണ് കലാപം നിയന്ത്രിച്ചത്. ഗോധ്ര സംഭവത്തിനു ശേഷം ശാന്തമായിരുന്ന ഇവിടെ 12 വര്‍ഷത്തിനു ശേഷമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

മോഡി സ്തുതി പാഠപുസ്തകത്തിലേക്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോഡി ആരാണെന്നതും അദ്ദേഹത്തിന്റെ ഗുണഗണങ്ങളും സ്കൂള്‍ വിദ്യാര്‍ഥികള്‍ മനഃപാഠമാക്കേണ്ടിവരും. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരാണ് മോഡി സ്തുതികള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ഇതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തില്‍ എത്തിയ സാഹചര്യത്തിലാണ് മൂന്നും നാലും ക്ലാസിലെ പാഠപുസ്തകത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത്. മോഡിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന പാഠഭാഗങ്ങളില്‍ ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള ചരിത്രങ്ങള്‍ മൂടിവയ്ക്കപ്പെടുകയും ചെയ്യും.

ജീവിച്ചിരിക്കുന്ന ഒരു മഹാന്റെ ജീവചരിത്രമാണ് പഠിക്കുന്നതെന്നും അത് അവര്‍ക്ക് പ്രചോദനമാകുമെന്നുമാണ് വിദ്യാഭ്യാസമന്ത്രി പരാസ് ജയിന്‍ പ്രതികരിച്ചത്. മോഡിയുടെ ജീവിതം പ്രചോദനമാണെന്നത് നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സാധാരണ കുടുംബത്തില്‍ ജനിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയായി വളര്‍ന്നത് എങ്ങനെയെന്ന് വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളുടെയും രാജാക്കന്മാരുടെയും ചരിത്രം പാഠപുസ്തകത്തില്‍ പഠിപ്പിക്കുന്നതുപോലെ തന്നെയാണ് മോഡി പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്നും വിദ്യാഭ്യാസമന്ത്രി അവകാശപ്പെട്ടു. ജീവചരിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി ഉടന്‍ വിജ്ഞാപനം ഇറക്കുമെന്ന് പരാസ് ജയിന്‍ അറിയിച്ചു. മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അനുമതി കിട്ടിയാലുടന്‍ വിജ്ഞാപനം പുറപ്പെടുവിക്കും.

തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാണ്. ബിജെപി രാഷ്ട്രീയമര്യാദകളും കീഴ്വഴക്കങ്ങളും ലംഘിക്കുകയാണെന്ന് മറ്റ് രാഷ്ട്രീയ പാര്‍ടികള്‍ കുറ്റപ്പെടുത്തി. ജീവിച്ചിരിക്കുന്ന വ്യക്തിയെ ചരിത്രപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്ന കീഴ്വഴക്കമില്ലെന്ന് പ്രതിപക്ഷനേതാവ് സത്യദേവ് കട്ടാര കുറ്റപ്പെടുത്തി. സിലബസില്‍ ഭഗവത്ഗീത ഉള്‍പ്പെടുത്തിയത് ഈയിടെ വിവാദമായിരുന്നു. സ്കൂളുകളിലും മദ്രസകളിലും ഉള്‍പ്പെടെ ഭഗവത്ഗീത പഠിക്കാനായിരുന്നു തീരുമാനം. ന്യൂനപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു. മോഡിയുടെ ജീവചരിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ആരും പ്രതിഷേധിക്കില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി അവകാശപ്പെടുന്നത്.

deshabhimani

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കും

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കുമെന്ന് പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ്. ചൊവ്വാഴ്ച ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജിതേന്ദ്ര സിങ് ഇക്കാര്യം അറിയിച്ചത്.

""സര്‍ക്കാര്‍ ഇതിനുള്ള നടപടി തുടങ്ങി. ബന്ധപ്പെട്ടവരുമായി ഞങ്ങള്‍ ചര്‍ച്ചയിലാണ്. ജമ്മു കശ്മീരിലെ പകുതി മണ്ഡലങ്ങളില്‍ ബിജെപിയാണ് വിജയിച്ചത്. 370-ാം വകുപ്പിന്റെ കാര്യത്തില്‍ ബിജെപി നിലപാടിന്റെ സാധൂകരണമായി ജനവിധിയെ വിലയിരുത്താം""- ജിതേന്ദ്ര സിങ് പറഞ്ഞു.

അധികാരമേറ്റ ആദ്യനാള്‍തന്നെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കിത്തുടങ്ങിയെന്ന് വെളിപ്പെടുത്തുന്നതാണ് സിങ്ങിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിലെ വന്‍ ഭൂരിപക്ഷം ആയുധമാക്കി തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. 370-ാം വകുപ്പ് റദ്ദാക്കുമെന്ന വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രകടനപത്രികയില്‍ ബിജെപി വ്യക്തമാക്കിയിരുന്നു. ഇതിനായി ചര്‍ച്ച നടത്തുമെന്നും പ്രകടനപത്രികയിലുണ്ട്. എന്നാല്‍, കശ്മീരിലെ പ്രധാനപാര്‍ടികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പു ഘട്ടത്തില്‍ത്തന്നെ 370-ാം വകുപ്പിലെ ബിജെപി നിലപാടിനെ എതിര്‍ത്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ ആറു മണ്ഡലത്തില്‍ മൂന്നിടത്താണ് ബിജെപി ജയിച്ചത്. ഉദ്ദംപുര്‍, ജമ്മു, ലഡാക്ക് എന്നിവയാണ് ബിജെപിക്ക് ലഭിച്ചത്. ലഡാക്കില്‍ 36 വോട്ടിനാണ് ജയം. ശ്രീനഗര്‍, അനന്ത്നാഗ്, ബാരാമുള്ള മണ്ഡലത്തില്‍ പിഡിപിയാണ് ജയിച്ചത്. ഉദ്ദംപുരില്‍ കേന്ദ്രമന്ത്രി ഗുലാംനബി ആസാദിനെ തോല്‍പ്പിച്ചാണ് ജിതേന്ദ്ര സിങ് ലോക്സഭയില്‍ എത്തിയത്. മന്ത്രിസഭയില്‍ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയും ജിതേന്ദ്ര സിങ്ങിനുണ്ട്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തിയതോടെ 370-ാം വകുപ്പ് സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാവുകയാണ്.

വകുപ്പ് റദ്ദാക്കുമെന്ന് കശ്മീരില്‍നിന്നുള്ള കേന്ദ്രമന്ത്രിതന്നെ വ്യക്തമാക്കിയതോടെ കശ്മീര്‍ വീണ്ടും അസ്വസ്ഥമാകുമെന്ന് ഉറപ്പായി. സത്യപ്രതിജ്ഞയ്ക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിനെ ക്ഷണിച്ചത് കശ്മീരിലെ രാഷ്ട്രീയ കക്ഷികള്‍ സ്വാഗതംചെയ്തിരുന്നു. എന്നാല്‍, നവാസ് ഷെറീഫ് മടങ്ങുംമുമ്പുതന്നെ 370-ാം വകുപ്പ് റദ്ദാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു.എന്നാല്‍ പ്രത്യേക പദവി സംബന്ധിച്ച പ്രസ്താവന തിരുത്തുകയാണെന്ന് രാത്രി വൈകി മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് തിരുത്ത്. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് മന്ത്രി ന്യായീകരിച്ചു.

എം പ്രശാന്ത് ദേശാഭിമാനി

Tuesday, May 27, 2014

ഒഡീഷയിലും ആന്ധ്രയിലും പോരാട്ടഭൂമികളില്‍ സിപിഐ എം വിജയം

ഭുവനേശ്വര്‍: ഒഡീഷയിലും ആന്ധ്രാപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടഭൂമികളില്‍ സിപിഐ എമ്മിന് അഭിമാനകരമായ വിജയം. രണ്ടിടത്തും കാര്യമായ സഖ്യകക്ഷികളില്ലാതെ മത്സരിച്ച പാര്‍ട്ടിക്ക് ഗിരിവര്‍ഗ സംവരണ മണ്ഡലങ്ങളിലാണ് വിജയം നേടാനായത്.

ഒഡീഷയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇതില്‍ ബോനായ് മണ്ഡലത്തിലാണ് സിപിഐ എമ്മിലെ ലക്ഷ്മണ്‍ മുണ്ട വിജയിച്ചത്. പോസ്കോ കമ്പനിക്ക് ഖനത്തിനും ഉരുക്ക് നിര്‍മ്മാണശാല ആരംഭിക്കാനുമായി മൂവായിരം ഹെക്ടര്‍ വനഭൂമി നല്‍കാനുള്ള നീക്കത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയ പ്രദേശമാണിത്. സമര നേതാവ് കൂടിയായ മുണ്ട മുന്‍ എംഎല്‍എ കൂടിയാണ്്. ബിജു ജനതാദളിലെ ദയാനിധി കിസാനെ 1818 വോട്ടിനാണ് മുണ്ട പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാംസ്ഥാനത്താണ്.

ആകെ 12 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിച്ചത്. ലക്ഷ്മണ്‍ മുണ്ട 2004ലും നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. ഗിരിവര്‍ഗമേഖലയിലെ ഒട്ടേറെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സമരങ്ങള്‍ നടത്തിയിട്ടുള്ള മുണ്ട മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ നിരാഹാരം ശ്രദ്ധേയമായിരുന്നു.

ആന്ധ്രയില്‍ ഗിരിവര്‍ഗ സംവരണ മണ്ഡലമായ ഭദ്രാചലത്തിലാണ് സിപിഐ എം വിജയിച്ചത്. തെലങ്കാനയില്‍ ഉള്‍പ്പെട്ട ഇവിടം സീമാന്ധ്രയില്‍ ചേര്‍ക്കണമെന്ന ആവശ്യം തര്‍ക്കമായി നില്‍ക്കുകയാണ്. സമരങ്ങളുടെ നേതൃനിരയില്‍ നിന്നുതന്നെയാണ്് സിപിഐഎം സ്ഥാനാര്‍ത്ഥി സുന്നം രാജയ്യ ഇവിടെ വിജയിച്ചത്. തെലുഗുദേശം സ്ഥാനാര്‍ത്ഥിയെ 1815 വോട്ടിനാണ് രാജയ്യ തോല്‍പ്പിച്ചത്. ഖമ്മം ജില്ലയില്‍പെട്ട ഭദ്രാചലത്ത് സിപിഐ എം നേതൃത്വത്തില്‍ ഏറെ ഗിരിവര്‍ഗ സമരങ്ങള്‍ നടന്നിട്ടുണ്ട്.

deshabhimani

മോഡിക്ക് ചുറ്റും വിധേയര്‍ മാത്രം

മോഡി അധികാരത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാം പ്രധാനമന്ത്രിയായി ബിജെപി നേതാവ് നരേന്ദ്ര ദാമോദര്‍ദാസ് മോഡി അധികാരമേറ്റു. തിങ്കളാഴ്ച സന്ധ്യക്ക് രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ പ്രൗഢമായ ചടങ്ങില്‍ മോഡിയും 45 സഹപ്രവര്‍ത്തകരും സത്യപ്രതിജ്ഞചെയ്തു. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി മോഡിക്കും മന്ത്രിസഭാംഗങ്ങള്‍ക്കും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തെയും വിദേശത്തെയും പ്രമുഖനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഇരുപത്തിനാല് ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള 10 സഹമന്ത്രിമാരും 12 സഹമന്ത്രിമാരും ഉള്‍പ്പെട്ടതാണ് മന്ത്രിസഭ. ഹിമാചല്‍പ്രദേശ്, പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല. ജൂണ്‍ ഒന്നിന് നിലവില്‍വരുന്ന 29-ാമത്തെ സംസ്ഥാനമായ തെലങ്കാനയ്ക്കും പ്രാതിനിധ്യം ഉണ്ടാകില്ല. ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാര്‍- എട്ട്. മന്ത്രിസഭയിലെ ഏഴ് വനിതകളില്‍ ആറുപേര്‍ക്കും&ാറമവെ;ക്യാബിനറ്റ് റാങ്ക്. ഏറ്റവും പ്രായംകൂടിയ മന്ത്രി 75കാരിയായ നജ്മ ഹെപ്തുള്ള. 50 വയസ്സില്‍ താഴെ പ്രായമുള്ള ആറുപേരുണ്ട്.

നിശ്ചയിച്ചതിലും അഞ്ചു മിനിറ്റ് വൈകിയാണ് ചടങ്ങ് ആരംഭിച്ചത്. ദേശീയഗാനാലാപനത്തിനുശേഷം രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോള്‍ സത്യപ്രതിജ്ഞയ്ക്കായി മോഡിയെ ക്ഷണിച്ചു. 6.10ന് മോഡി അധികാരമേറ്റു. തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങും മൂന്നാമതായി സുഷ്മ സ്വരാജും ചുമതലയേറ്റു. കഴിഞ്ഞ ലോക്സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു സുഷ്മ. അമൃത്സറിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അരുണ്‍ ജയ്റ്റ്ലിയാണ് നാലാമതായി ചുമതലയേറ്റത്. എന്‍ഡിഎ ഘടകകക്ഷി നേതാക്കളില്‍ ആദ്യം സത്യപ്രതിജ്ഞചെയ്തത് രാംവിലാസ് പസ്വാന്‍.

രാജ്നാഥ് സിങ്(ആഭ്യന്തരം), അരുണ്‍ ജെറ്റ്ലി(ധനകാര്യം), സുഷ്മ സ്വരാജ്(വിദേശകാര്യം), നിതിന്‍ ഗഡ്കരി (ഉപരിതല ഗതാഗതം, ഷിപ്പിങ്), വെങ്കയ്യ നായിഡു(നഗരവികസനം), സദാനന്ദ ഗൗഡ(റെയില്‍വെ), രവിശങ്കര്‍ പ്രസാദ്(ടെലികോം,പാര്‍ലമെന്ററികാര്യം), സ്മൃതി ഇറാനി(മാനവ വിഭവശേഷി വികസനം), നജ്മ ഹെപ്തുള്ള(ന്യൂനപക്ഷ ക്ഷേമം) എന്നിങ്ങനെയാണ് പ്രധാന വകുപ്പുകള്‍.

സാര്‍ക് അംഗരാജ്യങ്ങളിലെ പ്രസിഡന്റുമാരായ ഹമീദ് കര്‍സായി (അഫ്ഗാനിസ്ഥാന്‍), അബ്ദുള്ള യമീന്‍ (മാലദ്വീപ്), മഹിന്ദ രജപക്സെ (ശ്രീലങ്ക) പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫ് (പാകിസ്ഥാന്‍), ഷെറിങ് തോങ്ബെ (ഭൂട്ടാന്‍), സുശീല്‍ കൊയ്രാള (നേപ്പാള്‍) ബംഗ്ലാദേശ് സ്പീക്കര്‍ ഷിറിന്‍ ഷര്‍മീന്‍ ചൗധരി, മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗൂലം എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ കേന്ദ്രമന്ത്രിമാര്‍, ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, മുഖ്യമന്ത്രിമാര്‍, സിപിഐ എം പിബി അംഗം സീതാറാം യെച്ചൂരി, പാര്‍ടി കേന്ദ്രകമ്മിറ്റി അംഗവും ത്രിപുര ധനമന്ത്രിയുമായ ബാദല്‍ ചൗധരി, വിവിധരാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു. നിരവധി ബോളിവുഡ് താരങ്ങളും സന്ന്യാസിമാരും ചടങ്ങിനെത്തി. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതി സാധ്വി ഋതംബരയും അതിഥിനിരയിലുണ്ടായിരുന്നു. മോഡിയുമായി അടുപ്പമുള്ള കോര്‍പറേറ്റ് പ്രമുഖന്‍ ഗൗതം അദാനിയും പങ്കെടുത്തു.

രാവിലെ മോഡിയും സഹപ്രവര്‍ത്തകരും മഹാത്മാഗാന്ധി സ്മൃതിമണ്ഡപമായ രാജ്ഘട്ടില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് രോഗശയ്യയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയെ വസതിയിലെത്തി സന്ദര്‍ശിച്ചു. രാഷ്ട്രപതി അങ്കണത്തിലെ തുറന്നവേദിയില്‍ ചടങ്ങ് നടത്താന്‍ 5.05നാണ് കാലാവസ്ഥനിരീക്ഷണവകുപ്പ് അനുമതി നല്‍കിയത്. അഞ്ചേകാലോടെ അതിഥികള്‍ എത്തിത്തുടങ്ങി. മൂവായിരത്തോളംപേര്‍ പങ്കെടുത്ത ചടങ്ങ് ഒരുമണിക്കൂര്‍ 20 മിനിറ്റ് നീണ്ടു.

മോഡി ചുമതലയേറ്റു; മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാം പ്രധാനമന്ത്രിയായി ബിജെപി നേതാവ് നരേന്ദ്ര ദാമോദര്‍ദാസ് മോഡി ചുമതലയേറ്റു. രാവിലെ 8.50ന് സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ അഞ്ച് എ ഗേറ്റിലൂടെ ഓഫീസിലെത്തിയ അദ്ദേഹത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വീകരിച്ചു.

ചുമതലയേറ്റശേഷം 20 മിനിറ്റ് ഓഫീസില്‍ ചെലവഴിച്ച പ്രധാനമന്ത്രി തുടര്‍ന്ന് ഹൈദരാബാദ് ഹൗസിലേക്ക് പോയി. സാര്‍ക്ക് രാഷ്ട്രത്തലവന്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമയാണ് മോഡി ആദ്യം കൂടിക്കാഴ്ച നടത്തുക. പകല്‍ 12.10നാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച. നരേന്ദ്ര മോഡി ചുമതലയേറ്റതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി: നരേന്ദ്ര മോഡി

കാബിനറ്റ് മന്ത്രിമാര്‍: രാജ് നാഥ് സിങ്(ആഭ്യന്തരം), അരുണ്‍ ജെറ്റ് ലി(ധനകാര്യം, പ്രതിരോധം, കോര്‍പറേറ്റ് അഫയേഴ് സ്), സുഷമ സ്വരാജ്(വിദേശകാര്യം, പ്രവാസികാര്യം), വെങ്കയ്യനായിഡു(നഗരവികസനം, പാര്‍ലമെന്ററി കാര്യം, ഹൗസിങ്), നിതിന്‍ ഗഡ്കരി(ഗതാഗതം, ഷിപ്പിങ്), രവിശങ്കര്‍ പ്രസാദ്(ഐടി, നിയമം, നീതിന്യായം), അനന്ത്കുമാര്‍(വളം), ഉമാഭാരതി(ജലവിഭവം), ഡോ. ഹര്‍ഷവര്‍ധന്‍(ആരോഗ്യം, കുടുംബക്ഷേമം), രാംവിലാസ് പാസ്വാന്‍(ഭക്ഷ്യം, പൊതുവിതരണം), അനന്ദ് ഗീഥേ(ഹെവി ഇന്‍ഡസ്ട്രീസ്), അശോക് ഗജപതി റാവു(വ്യോമയാനം), ജുവല്‍ ഒറാം(ആദിവാസിക്ഷേമം), സദാനന്ദ ഗൗഡ(റെയില്‍വെ), രാധാമോഹന്‍ സിങ്(കൃഷി), ഹര്‍സിമ്രത് കൗര്‍ബാദല്‍(ഭക്ഷ്യസംസ്കരണം), സ്മൃതി ഇറാനി(മാനവ വിഭവശേഷി), ഗോപിനാഥ് മുണ്ടെ(ഗ്രാമവികസനം, പഞ്ചായത്തീരാജ്), മനേക ഗാന്ധി(വനിത, ശിശുക്ഷേമം), കല്‍രാജ് മിശ്ര(ചെറുകിട വ്യവസായം), നജ്മ ഹെപ്തുള്ള(ന്യൂനപക്ഷക്ഷേമം), നരേന്ദ്ര സിങ് തോമര്‍(ഖനി, ഉരുക്ക്, തൊഴില്‍), താവര്‍ചന്ദ് ഗേലോട്ട്(സാമൂഹിക നീതി).

സ്വതന്ത്രച്ചുമതലയുള്ള സഹമന്ത്രിമാര്‍ പിയൂഷ് ഗോയല്‍(ഊര്‍ജം, കല്‍ക്കരി), ജനറല്‍ വി കെ സിങ്(വിദേശകാര്യം), സന്തോഷ് ഗാങ്വാര്‍(ടെക്സ്റ്റൈല്‍സ്, ജലവിഭവം), ശ്രീപദ് നായിക്(വിനോദ സഞ്ചാരം, സാംസ്കാരികം), ധര്‍മ്മേന്ദ്ര പ്രധാന്‍(പെട്രോളിയം, പ്രകൃതിവാതകം), സര്‍ബാനന്ദ സോനോവാള്‍(സ്പോര്‍ട്സ്, യുവജനകാര്യം), പ്രകാശ് ജാവേദ്കര്‍(വാര്‍ത്താവിതരണം), നിര്‍മ്മല സീതാരാമന്‍(വാണിജ്യം, ധനം, കോര്‍പറേറ്റ് അഫയേഴ്സ്), ജിതേന്ദ്ര സിങ്(ശാസ്ത്രസാങ്കേതികം, പിഎംഒ), റാവു ഇന്ദര്‍ജിത് സിങ്(ആസൂത്രണം, പ്രതിരോധം, സ്റ്റാറ്റിസ്റ്റിക്സ്)

സഹമന്ത്രിമാര്‍ കിരണ്‍റിജു(ആഭ്യന്തരം), റാവുസാഹേബ് ദാനാവേ പാട്ടീല്‍(ഉപഭോക്തൃകാര്യം, പൊതുവിതരണം), ഉപേന്ദ്ര കുശ്വാഹ(ഗ്രാമവികസനം, പഞ്ചായത്തീരാജ്), ജി എം സിദ്ദേശ്വര(വ്യോമയാനം), കൃഷ്ണപാല്‍ ഗുജ്ജര്‍(ഗതാഗതം, ഷിപ്പിങ്), മന്‍സുഖ് ഭായ് ധാന്‍ജിഭായ് കസാവ(ആദിവാസി ക്ഷേമം), മനോജ് സിന്‍ഹ(റെയില്‍വെ), സുദര്‍ശന്‍ ഭഗത്(സാമൂഹിക നീതി), വിഷ്ണുദേവ് സഹായി(ഖനി, ഉരുക്ക്്, തൊഴില്‍), പൊന്‍ രാധാകൃഷ്ണന്‍(ഹെവി ഇന്‍ഡസ്ട്രീസ്), സഞ്ജീവ് കുമാര്‍(കൃഷി, ഭക്ഷ്യസംസ്കരണം), നിഹാല്‍ ചന്ദ്(വളം).

തിങ്കളാഴ്ച സന്ധ്യക്ക് രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ പ്രൗഢമായ ചടങ്ങിലാണ് മോഡിയും 45 സഹപ്രവര്‍ത്തകരും സത്യപ്രതിജ്ഞചെയ്തത്. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി മോഡിക്കും മന്ത്രിസഭാംഗങ്ങള്‍ക്കും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തെയും വിദേശത്തെയും പ്രമുഖനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഹിമാചല്‍പ്രദേശ്, പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല. ജൂണ്‍ ഒന്നിന് നിലവില്‍വരുന്ന 29-ാമത്തെ സംസ്ഥാനമായ തെലങ്കാനയ്ക്കും പ്രാതിനിധ്യം ഉണ്ടാകില്ല. ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാര്‍- എട്ട്. മന്ത്രിസഭയിലെ ഏഴ് വനിതകളില്‍ ആറുപേര്‍ക്കും&ാറമവെ;ക്യാബിനറ്റ് റാങ്ക്. ഏറ്റവും പ്രായംകൂടിയ മന്ത്രി 75കാരിയായ നജ്മ ഹെപ്തുള്ള. 50 വയസ്സില്‍ താഴെ പ്രായമുള്ള ആറുപേരുണ്ട്.

മുതിര്‍ന്ന നേതാക്കളെ മോഡി വെട്ടി

ന്യൂഡല്‍ഹി: എല്‍ കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും മാത്രമല്ല, തലയെടുപ്പുള്ള നിരവധി മുതിര്‍ന്ന നേതാക്കളെയും മന്ത്രിസഭാ രൂപീകരണത്തില്‍ മോഡി തഴഞ്ഞു. എതിര്‍ശബ്ദം പ്രകടിപ്പിക്കുമെന്ന് മോഡി ഭയക്കുന്ന നേതാക്കള്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ടു. മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ, രാജ്യസഭാ ഉപനേതാവായിരുന്ന എസ് എസ് അലുവാലിയ, വാജ്പേയി സര്‍ക്കാരിലെ ആരോഗ്യമന്ത്രി ശത്രുഘ്നന്‍ സിന്‍ഹ, ബിജെപിയുടെ ന്യൂനപക്ഷ മുഖമായ മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരാണ് തഴയപ്പെട്ട പ്രമുഖര്‍.

മോഡിക്യാമ്പിലെ വിശ്വസ്തനായ മുന്‍ വ്യോമയാനമന്ത്രി രാജീവ് പ്രതാപ് റൂഡിക്കും ഇടംകിട്ടിയില്ല. എല്‍ കെ അദ്വാനിയെ എന്‍ഡിഎ കണ്‍വീനര്‍സ്ഥാനം നല്‍കി ഒതുക്കുമെന്നാണ് സൂചന. ലോക്സഭയില്‍ മോഡിക്കടുത്ത് ഇരിപ്പിടവും ഒരുക്കിയേക്കാം. എന്നാല്‍, മുരളി മനോഹര്‍ ജോഷിയുടെ കാര്യം തീരുമാനമായിട്ടില്ല. തെരഞ്ഞെടുപ്പില്‍ രാജ്യത്ത് മോഡിതരംഗമല്ല ബിജെപിതരംഗമാണെന്ന ജോഷിയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മോഡിക്ക് മത്സരിക്കാന്‍വേണ്ടി വാരാണസിയില്‍നിന്ന് നീക്കിയതുമുതല്‍ ജോഷി അസ്വസ്ഥനാണ്. വാജ്പേയി സര്‍ക്കാരില്‍ മാനവവിഭവശേഷിവകുപ്പായിരുന്നു ജോഷിക്ക്.

ബിജെപിയിലെ മോഡി വിരുദ്ധനായ യശ്വന്ത് സിന്‍ഹ ഇക്കുറി മത്സരിച്ചിരുന്നില്ല. എങ്കിലും മുതിര്‍ന്ന നേതാവെന്ന നിലയില്‍ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു. അദ്വാനിയോട് കൂറുപുലര്‍ത്തുന്നു എന്ന കാരണത്താലാണ് എസ് എസ് അലുവാലിയയും തഴയപ്പെട്ടത്. ബംഗാളിലെ ഡാര്‍ജിലിങ് മണ്ഡലത്തില്‍നിന്ന് അലുവാലിയ ജയിച്ചിരുന്നു. അലുവാലിയയെ പരിഗണിക്കേണ്ടിവരുമെന്നതിനാല്‍ രണ്ട് എംപിമാരുള്ള ബംഗാള്‍ മോഡിമന്ത്രിസഭയില്‍ അവഗണിക്കപ്പെട്ടു. രാജ്യസഭയില്‍ ബിജെപി ഉപനേതാവായിരുന്നിട്ടും വീണ്ടും ടിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചതുമുതല്‍ നേതൃത്വവുമായി അലുവാലിയ ഉടക്കിലാണ്. ഡാര്‍ജിലിങ്ങില്‍ ജസ്വന്ത് സിങ്ങിന് സീറ്റ് നിഷേധിക്കാന്‍ തീരുമാനിച്ചപ്പോള്‍ മാത്രമാണ് അലുവാലിയ പരിഗണിക്കപ്പെട്ടത്. കടുത്ത മത്സരത്തെ അതിജീവിച്ച് ജയിച്ചുവന്നിട്ടും മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ടില്ല. മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട ശത്രുഘ്നന്‍ സിന്‍ഹയും മോഡി വിരുദ്ധ ക്യാമ്പിലാണ്. പല ഘട്ടങ്ങളിലും ബിജെപിനേതൃത്വത്തിനെതിരെ ശത്രുഘ്നന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ബിഹാറില്‍ ബിജെപി ഗംഭീര വിജയം നേടിയിട്ടും സിന്‍ഹ തഴയപ്പെട്ടത് മോഡിയുടെ അപ്രീതികൊണ്ടു മാത്രം.

ബിജെപിയുടെ ന്യൂനപക്ഷമുഖമായ മുക്താര്‍ അബ്ബാസ് നഖ്വി രാജ്യസഭാംഗമാണ്. ബിഹാറില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ഷാനവാസ് ഹുസൈന്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ നഖ്വി മന്ത്രിസ്ഥാനം ഉറപ്പാക്കിയിരുന്നു. എന്നാല്‍, അദ്വാനിപക്ഷത്തോട് അടുപ്പംപുലര്‍ത്തുന്ന നഖ്വിക്കു പകരം നജ്മ ഹെപ്തുള്ളയെയാണ് പരിഗണിച്ചത്. ജെഡിയു നേതാവ് സാബിര്‍ അലി തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ നഖ്വി വലിയ എതിര്‍ത്തിരുന്നു. അലിക്ക് ബിജെപി അംഗത്വം നല്‍കിയെങ്കിലും നഖ്വിയുടെ എതിര്‍പ്പുകാരണം തീരുമാനം പിന്‍വലിച്ചു. പ്രചാരണവേളയില്‍ നഖ്വി നടത്തിയ ഇത്തരം പരസ്യ ഇടപെടലുകള്‍ മോഡിക്ക് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. രാജീവ് പ്രതാപ് റൂഡിയെ സംഘടനാരംഗത്ത് സജീവമാകുന്നതിന് ഒഴിവാക്കിയെന്ന ന്യായമാണ് മോഡിക്യാമ്പ് പ്രചരിപ്പിക്കുന്നത്. ഗുജറാത്തിനു സമാനമായി സംഘടനയിലെ എതിരാളികളെയെല്ലാം നിശബ്ദമാക്കിത്തന്നെയാണ് കേന്ദ്രത്തിലും മോഡിയുടെ തുടക്കം.

എം പ്രശാന്ത്

മോഡിക്ക് ചുറ്റും വിധേയര്‍ മാത്രം

ന്യൂഡല്‍ഹി: നരേന്ദ്രമോഡി മന്ത്രിസഭ പതിവ് മന്ത്രിസഭകളില്‍നിന്ന് വ്യത്യസ്തമാകുമെന്ന പ്രചാരണം പാളി. ഏറെയൊന്നും പ്രഗത്ഭരില്ലാത്ത മന്ത്രിസഭയാണ് ചൊവ്വാഴ്ച ചുമതലയേറ്റത്. ടെക്നോക്രാറ്റുകളും വിവിധ വിഷയങ്ങളിലെ വിദഗ്ധരുമാകും മോഡിമന്ത്രിസഭയില്‍ ഉണ്ടാകുക എന്ന മാധ്യമപ്രവചനങ്ങള്‍ തെറ്റി. പരിചയസമ്പന്നരായ അപൂര്‍വം ചിലര്‍ മാത്രമാണ് മോഡിമന്ത്രിസഭയില്‍ ഇടംപിടിച്ചത്്. വാജ്പേയിമന്ത്രിസഭയുമായുള്ള താരതമ്യത്തില്‍ ഏറെ നിറംമങ്ങിയതാണ് മോഡിമന്ത്രിസഭ. അദ്വാനിയും ജോഷിയും യശ്വന്ത്സിന്‍ഹയും ജസ്വന്ത്സിങ്ങും അടക്കമുള്ള പ്രമുഖരാണ് വാജ്പേയിമന്ത്രിസഭയില്‍ അണിനിരന്നത്്. മന്ത്രിമാരുടെ എണ്ണം കുറച്ചതുകൊണ്ടുമാത്രം സദ്ഭരണം സാധ്യമല്ലെന്ന് മന്ത്രിസഭയുടെ ഘടന വ്യക്തമാക്കുന്നു.

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് മോഡി സ്വീകരിച്ച മാനദണ്ഡം അദ്ദേഹത്തോട് അവര്‍ പുലര്‍ത്തുന്ന വിധേയത്വം മാത്രം. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ അരുണ്‍ ജെയ്റ്റ്ലിയെ മൂന്നാമനായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. അതും രണ്ടു പ്രധാന വകുപ്പുകളില്‍. മോഡിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വത്തിന് വന്‍ പിന്തുണ നല്‍കിയ ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങാണ് മന്ത്രിസഭയിലെ രണ്ടാമന്‍. വാജ്പേയിക്കും അദ്വാനിക്കും ബദലെന്ന രീതിയിലുള്ള കൂട്ടുകെട്ടാണ് മോഡിയുടെയും രാജ്നാഥ്സിങ്ങിന്റെയും. ലോക്സഭയിലെ പ്രതിപക്ഷനേതാവ് സുഷമ സ്വരാജാകട്ടെ മന്ത്രിസഭയില്‍ നാലാം സ്ഥാനക്കാരി മാത്രം. വിദേശമന്ത്രാലയമാണ് സുഷമയ്ക്ക്. സാധാരണ നിലയില്‍ വിദേശകാര്യവകുപ്പ് പ്രധാനമന്ത്രി കാര്യാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ സുഷമയുടെ വകുപ്പിന്റെ യഥാര്‍ഥ നിയന്ത്രണം മോഡിയുടെ കൈകളില്‍തന്നെ. മോഡിയുടെ മറ്റൊരു അടുത്ത അനുയായി നിതിന്‍ ഗഡ്കരിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഗഡ്കരിയുടെ പൂര്‍ത്തി ഇന്‍ഡസ്ട്രീസുമായി ബന്ധപ്പെട്ട് അഴിമതിക്കഥകള്‍ പുറത്തായതിനിടെയാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ പ്രധാന വകുപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയത്.

ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ വെങ്കയ്യനായിഡുവിനെയും അയോധ്യ പ്രസ്ഥാനത്തിന്റെ നേതാവായ ഉമാഭാരതിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. സദ്ഭരണത്തിന് നേതൃത്വം നല്‍കുമെന്നു പറയുന്ന മോഡിയാണ് ഭരണം മോശമായതിന്റെ പേരില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഉമാഭാരതിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. മുസഫര്‍നഗര്‍ കലാപത്തിന് നേതൃത്വം നല്‍കിയ സഞ്ജീവ് ബാലിയാനും മന്ത്രിസഭയില്‍ ഇടംനല്‍കി. ജയിച്ചുവന്നവരില്‍ പരിചയസമ്പന്നര്‍ ഏറെയില്ല. മന്ത്രിസഭയുടെ വലുപ്പം 77ല്‍ നിന്ന് 44 ആയി പരിമിതപ്പെടുത്താനുള്ള കാരണവും ഇതുതന്നെ. വിദ്യാഭ്യാസംപോലുള്ള സുപ്രധാന വകുപ്പ് അഭിനേത്രിയെന്ന നിലയില്‍ സ്ഥാനാര്‍ഥിയാക്കിയ സ്മൃതിക്ക് നല്‍കുന്നത് മോഡിയോടുള്ള വിധേയത്വംകൊണ്ടു മാത്രമാണ്.

ചെറിയ മന്ത്രിസഭയല്ല

ന്യൂഡല്‍ഹി: നരേന്ദ്രമോഡി മന്ത്രിസഭ ഇരുപത് അംഗങ്ങളിലൊതുങ്ങുമെന്ന ബിജെപി അവകാശവാദം പൊളിഞ്ഞു. 24 ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 46 പേര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ സ്വതന്ത്ര ചുമതലയുള്ള 10 സഹമന്ത്രിമാരും 12 സഹമന്ത്രിമാരുമുണ്ട്. ഒരു മാസത്തിനകം മന്ത്രിസഭ വിപുലീകരിക്കുമെന്ന് മോഡിയുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ മന്ത്രിമാരുടെ എണ്ണം അമ്പത് കവിയും. മന്ത്രിസഭയില്‍ ചില സംസ്ഥാനങ്ങള്‍ക്ക് അമിതപ്രാധാന്യം ലഭിച്ചപ്പോള്‍ പല സംസ്ഥാനങ്ങളും പൂര്‍ണമായി അവഗണിക്കപ്പെട്ടു. എല്ലാ സീറ്റിലും ബിജെപിയെ വിജയിപ്പിച്ച രാജസ്ഥാന് ആകെ കിട്ടിയത് ഒരു സഹമന്ത്രിസ്ഥാനം മാത്രം.

ഒന്നിലൊതുക്കി; ശിവസേനയ്ക്ക് പ്രതിഷേധം

ന്യൂഡല്‍ഹി: മന്ത്രിസഭാ രൂപീകരണത്തെച്ചൊല്ലി എന്‍ഡിഎയില്‍ തുടക്കത്തിലേ കല്ലുകടി. ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം മാത്രം നല്‍കിയതില്‍ ശിവസേന പരസ്യമായി പ്രതിഷേധമറിയിച്ചു. 18 എംപിമാരുള്ള ശിവസേന എന്‍ഡിഎയിലെ രണ്ടാമത്തെ ഘടകകക്ഷിയാണ്. ഒന്നിലധികം ക്യാബിനറ്റ് പദവി ശിവസേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനന്ത്ഗീഥെക്ക് മാത്രം മന്ത്രിസ്ഥാനം നല്‍കി മോഡി ശിവസേനയെ ഒതുക്കി. സഹമന്ത്രിസ്ഥാനങ്ങളിലേക്കും പരിഗണിച്ചില്ല. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമുണ്ടെങ്കിലും ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നായിരുന്നു മോഡി അവകാശപ്പെട്ടത്. എന്നാല്‍, പ്രധാന ഘടകകക്ഷികള്‍ക്ക് മാത്രം ഓരോ മന്ത്രിസ്ഥാനം വീതമാണ് നല്‍കിയത്. ആറ് എംപിമാരുള്ള എല്‍ജെപിക്കും നാല് എംപിമാര്‍ മാത്രമുള്ള അകാലിദളിനും ക്യാബിനറ്റ് സ്ഥാനം നല്‍കിയ മോഡി അതേ പരിഗണന മാത്രം ശിവസേനയ്ക്ക് നല്‍കിയതാണ് അവരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുമാത്രം എന്‍ഡിഎയിലേക്ക് വന്ന രാംവിലാസ് പസ്വാന്റെ പാര്‍ടിയെയും ദീര്‍ഘകാലമായി വിശ്വസ്ത ഘടകകക്ഷിയായി തുടരുന്ന തങ്ങളെയും ഒരേ തട്ടില്‍ തൂക്കിയതാണ് ശിവസേനയെ രോഷംകൊള്ളിച്ചത്.

deshabhimani

യൂറോപ്യന്‍ തെരഞ്ഞെടുപ്പ്: തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ക്ക് വിജയം

ലണ്ടന്‍: യൂറോപ്യന്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഏകീകൃത യൂറോപ്പ് വിരുദ്ധ പാര്‍ടികള്‍ക്ക് വമ്പിച്ച വിജയം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേര്‍പ്പെട്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി നിലകൊള്ളുമെന്ന മുദ്രാവാക്യവുമായി മത്സരിച്ച തീവ്ര വലതുപക്ഷ പാര്‍ട്ടികളായ ബ്രിട്ടനിലെ യുണൈറ്റഡ് കിംഗ്ഡം ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടിയും (യുകെഐപി) ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ടും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ന്യൂനപക്ഷ വംശജര്‍ക്കെതിരെയും ഐക്യയൂറോപ് സങ്കല്‍പ്പത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന യു കെഐപി ബ്രിട്ടന്റെ 100 വര്‍ഷത്തെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായി പ്രധാന ഭരണ പ്രതിപക്ഷ പാര്‍ടികളെ പിറകിലാക്കി വിജയിച്ചു. ഫ്രാന്‍സിലും ഇതു തന്നെയാണ് അവസ്ഥ. ഇയു വിന്റെ സ്ഥാപക രാഷ്ട്രങ്ങളില്‍ ഒന്നായ ഫ്രാന്‍സില്‍ നിന്നുതന്നെ ഐക്യയൂറോപ്പിനെതിരെയുള്ള വിധിയെഴുത്തുണ്ടായത് യൂറോപ്യന്‍ യൂണിയന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുമെന്നു നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തിക മാന്ദ്യത്തിനെതിരെയും തൊഴിലാളി വിരുദ്ധ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്കുമെതിരെയുള്ള വിധിയെഴുത്തുകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. യൂറോപ്പിലാകമാനം സര്‍ക്കാര്‍ വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോള്‍ അത് മുതലാക്കുവാന്‍ പ്രധാന പ്രതിപക്ഷ പാര്‍ടികള്‍ക്കായില്ല. അതിന്റെ നേട്ടമുണ്ടാക്കിയത് തീവ്രവലതുപക്ഷ പാര്‍ടികളാണ്. പക്ഷെ ജര്‍മനിയിലെ ആഞ്ജെല മൈക്കലിന്റെ പാര്‍ടിയും പോര്‍ച്ചുഗലിലെ സോഷ്യലിസ്റ്റ് പാര്‍ടിയും ഈ തരംഗത്തിനെതിരെ പിടിച്ചുനിന്നു.

1952ല്‍ ആറു രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച് നിലവില്‍ 28 അംഗ രാജ്യങ്ങളുമായി ശക്തമായ രാഷ്ട്രീയ സാമ്പത്തിക ശക്തിയായി വളരുന്ന യൂറോപ്യന്‍ യൂണിയന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ് ഈ തെരഞ്ഞെടുപ്പു ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

തോമസ് പുത്തിരി deshabhimani

സ്ത്രീസുരക്ഷയ്ക്ക് സാമൂഹ്യമുന്നേറ്റം അനിവാര്യം: ജഗ്മതി സഗ്വാന്‍

കോട്ടയം: സാമൂഹ്യ പരിഷ്കരണത്തിലൂടെ മാത്രമേ സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കൂ എന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജഗ്മതി സഗ്വാന്‍ (ഹരിയാന) അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം സ്ത്രീ സുരക്ഷയില്‍ വ്യത്യസ്തമായിരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും അവര്‍ പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ ഭ"സ്ത്രീ സുരക്ഷ, സാമൂഹ്യ ഇടപെടലിന്റെ അനിവാര്യത" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് സ്ത്രീകളെ തന്നെ കുറ്റം പറയുന്ന രാഷ്ട്രീയ നേതൃത്വമാണ് ഇന്ത്യയില്‍ അധികാരത്തില്‍ വന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇനിയും ലോക്സഭ പാസാക്കാത്ത വനിതാ സംവരണ ബില്‍ നിയമമാക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് സഗ്വാന്‍ പറഞ്ഞു. ഗാര്‍ഹിക പീഡന നിയമത്തെക്കുറിച്ച് സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തണം. സമൂഹത്തില്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്മയും സാമ്പത്തിക അസന്തുലിതാവസ്ഥയും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്നും സഗ്വാന്‍ പറഞ്ഞു. സ്ത്രീ സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് പുരുഷന്‍മാരെയാണ് പഠിപ്പിക്കേണ്ടത് എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകയായ കെ കെ ഷാഹിന പറഞ്ഞു. കേരളത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ വ്യാപ്തി വര്‍ധിച്ചുവരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് സെമിനാറില്‍ പങ്കെടുത്ത അഡ്വ. ടി ഗീനാകുമാരി അഭിപ്രായപ്പെട്ടു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍ അധ്യക്ഷനായി. യൂണിയന്‍ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ സെമിനാറില്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അജയന്‍ കെ മേനോന്‍ സ്വാഗതവും യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സുജാത കൂടത്തിങ്കല്‍ നന്ദിയും പറഞ്ഞു.

തൊഴിലാളികളും സംഘടനകളും ജാഗരൂകരാവുക: എളമരംകരീം

കോട്ടയം: കോട്ടയം: കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തൊഴിലാളികളും തൊഴിലാളി സംഘടനകളും സന്നദ്ധമാകണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. മാമ്മന്‍ മാപ്പിള ഹാളില്‍ കേരള എന്‍ജിഒ യൂണിയന്‍ 51ാം സംസ്ഥാന സമ്മേളന വേദിയില്‍ "പുതിയ സാഹചര്യത്തിലെ കടമകള്‍" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാഷ്ട്രങ്ങളുടെ പരമാധികാരത്തെ തന്നെ ആഗോളവല്‍ക്കരണം നിഷേധിക്കുന്നു. ആഗോള മൂലധന താല്‍പര്യം സംരക്ഷിക്കുന്നവരായി ഭഭരണകൂടങ്ങള്‍ മാറി. ഇന്ത്യയിലെ ഭഭരണ, രാഷ്ട്രീയ നേതൃത്വവും പൂര്‍ണമായും അന്താരാഷ്ട്ര ധനമൂലധനത്തിന് കീഴടങ്ങി. ഇന്ത്യയിലെ ഭഭരണ സിരാകേന്ദ്രങ്ങളിലെ നിര്‍ണ്ണായക സ്ഥാനങ്ങളെല്ലാം ഐഎംഎഫ്, ലോക ബാങ്ക് എന്നിവിടങ്ങളില്‍ നിന്നെല്ലാം പിരിഞ്ഞുവന്ന ഉദ്യോഗസ്ഥരാണ് കയ്യടക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കിയ ഇന്ത്യയിലെ ഭരണ, രാഷ്ട്രീയ നേതൃത്വത്തിനെതിരെ അതിശക്തമായ ജനവികാരമുണര്‍ന്നു. തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക നയങ്ങളില്‍ നിന്നും വ്യത്യസ്തമല്ലാത്ത ബിജെപിയെ അധികാരത്തില്‍ കൊണ്ടുവരാനുള്ള ആസൂത്രിത ശ്രമമാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ നടത്തിയത്. അതു കൊണ്ടു തന്നെ അന്താരാഷ്ട്ര ധനമൂലധനത്തിന്റെ നയങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ മോഡി സര്‍ക്കാരിനാകില്ല. ഈ സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമായ ഉദാരവല്‍ക്കരണ നയങ്ങള്‍ സ്വീകരിക്കുകയും സ്വാഭാവികമായും ഇത്തരം നയങ്ങളെ ചെറുക്കാന്‍ തയ്യാറാകുന്ന തൊഴിലാളി സംഘടനകള്‍ക്കെതിരെ കടുത്ത കടന്നാക്രമണങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യും. തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് തൊഴില്‍ അന്തരീക്ഷം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ തൊഴിലുടമകള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അതിശക്തമായ പ്രചാരണ, പ്രക്ഷോഭഭ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പിഎച്ച്എം ഇസ്മയില്‍ അധ്യക്ഷനായി. കെ സുന്ദര്‍രാജ് സ്വാഗതം പറഞ്ഞു.

deshabhimani

ബിജെപിയെ അധികാരത്തിലെത്തിച്ചത് പണത്തിന്റെ കുത്തൊഴുക്കും: പിണറായി

കോട്ടയം: പണത്തിന്റെ കുത്തൊഴുക്ക് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച പ്രധാന ഘടകങ്ങളിലൊന്നാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനപൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം പണാധിപത്യത്തിലേക്ക് വീഴുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. പാര്‍ലമെന്റ് അംഗങ്ങളില്‍ കോടീശ്വരന്മാരുടെ എണ്ണം പെരുകുന്നു. ഇത്തവണ 82 ശതമാനം അംഗങ്ങള്‍ കോടീശ്വരന്മാരാണ്. 282 സീറ്റ് ബിജെപിക്ക് കിട്ടിയ പാര്‍ലമെന്റിലാണ് ഈ സ്ഥിതി. 2004ല്‍ 30 ശതമാനമായിരുന്ന കോടീശ്വരന്മാരുടെ എണ്ണം. "09 ല്‍ 58 ശതമാനമായും കൂടി. പാര്‍ലമെന്റിന്റെ സ്വഭാവം തന്നെ മാറുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഈ കോടീശ്വരന്മാര്‍ക്ക് നാടിന്റെ എന്ത് വികാരമാണ് ഉള്‍ക്കൊള്ളാനാവുക. മതനിരപേക്ഷത, ഫെഡറലിസം, ജനാധിപത്യം ഇതൊന്നും തരിമ്പും ഏശാത്തവരാണ് അധികാരത്തില്‍. ഫെഡറലിസത്തെ തളര്‍ത്തി അധികാരം കേന്ദ്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ആര്‍എസ്എസാണ് ബിജെപിയെ നിയന്ത്രിക്കുന്നത് എന്നകാര്യം ആപത്ശങ്കയോടെയെ മതനിരപേക്ഷ സമൂഹത്തിന് ചിന്തിക്കാനാവൂ. മതനിരപേക്ഷതയും മറ്റും സംരക്ഷിക്കാന്‍ മറ്റ് എല്ലാ ജനവിഭാഗങ്ങളും മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഈ സാഹചര്യം മനസിലാക്കിയുള്ള സൂചനകള്‍ ബിഹാറില്‍ ലാലുപ്രാസാദ് യാദവും നിതീഷ്കുമാറും തമ്മിലുള്ള ചര്‍ച്ചകളിലും മറ്റും ദൃശ്യമാണ്. യുപിയില്‍ സമാജ്വാദി പാര്‍ടിയാകട്ടെ തിരുത്തല്‍ പാതയിലാണ്.

ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താന്‍ ആഗ്രഹിക്കാത്ത കോര്‍പറേറ്റുകളാണ് പ്രാധാനമന്ത്രി നരേന്ദ്ര മോഡിയെ നിയന്ത്രിക്കുന്നതും അധികാരത്തിലെത്തിച്ചതും. മോഡിയെ അധികാരത്തിലെത്തിക്കാനായി കോര്‍പറേറ്റുകള്‍ അവരുടെ മാധ്യമങ്ങളുപയോഗിച്ചും വന്‍പ്രചാരവേല നടത്തി. ഇടതുപക്ഷത്തിന് ദേശീയ തലത്തില്‍ ക്ഷീണം സംഭവിച്ചിട്ടുണ്ട്. ഇതിലും എത്രയൊ വലിയ തകര്‍ച്ച കോണ്‍ഗ്രസിനും മറ്റും സംഭവിച്ചു. എന്നാല്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഇതും മറച്ച് വയ്ക്കുന്നു.

പണത്തിന്റെ കുത്തൊഴുക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അധികാര ദുര്‍വിനിയോഗവും ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് സീറ്റ് കുറയാന്‍ സാഹചര്യമൊരുക്കിയിട്ടുണ്ട്. 44 സീറ്റ് കിട്ടിയ കോണ്‍ഗ്രസിന് 19 ശതമാനം വോട്ടും ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിക്ക് 31 ശതമാനവും മാത്രമാണ് കിട്ടിയത്. മഹാ ഭൂരിപക്ഷം ജനങ്ങളും അവര്‍ക്കെതിരാണ്. കോണഗ്രസും ബിജെപിയും കൂടിയാലും അമ്പത് ശതമാനത്തിലെ എത്തൂ. ഇക്കാര്യങ്ങളും പല മാധ്യമങ്ങളും ജനങ്ങളില്‍നിന്ന് മറയ്ക്കുന്നു. കോണ്‍ഗ്രസ് രണ്ടക്കം കടക്കില്ലെന്നതിലൂന്നി ഇടതുപക്ഷം പ്രചാരണം നടത്തി. എന്നാല്‍ കോര്‍പറേറ്റുകള്‍ നയിക്കുന്ന മാധ്യമങ്ങളുടെ സ്വാധീനത്തില്‍ കുടുങ്ങി ഇക്കാര്യം വിശ്വാസത്തിലെടുക്കാന്‍ പലരും കൂട്ടാക്കിയില്ല. അയഥാര്‍ഥ ചിത്രമാണ് ഇവര്‍ ജനങ്ങളിലെത്തിച്ചത്. ഈ മാധ്യമങ്ങളെ വിശ്വസിച്ചവര്‍ വഞ്ചിക്കപ്പെട്ടു. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് കിട്ടുമെന്ന് കരുതി കേരളത്തിലടക്കം പലരും അവര്‍ക്ക് വോട്ട് ചെയ്തു. കോര്‍പറേറ്റ് നയങ്ങളെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളെ വിശ്വസിച്ചവര്‍ വഞ്ചിതരായെന്ന് ഇനിയെങ്കിലും മനസിലാക്കുമെന്ന് കരുതാം. അഴിമതിയുടെയും ആഗോളവല്‍ക്കരണ നയങ്ങളിലൂന്നിയുള്ള ജനദ്രോഹ ദുര്‍നയങ്ങളുടെ കാര്യത്തിലും ഇരുവരും വ്യത്യസ്തരല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

deshabhimani

ബ്രിട്ടനില്‍ തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു; ജൂണ്‍ 5ന് ധര്‍ണ

ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലാളി സംഘടനകള്‍ സര്‍ക്കാരിനെതിരെയുള്ള സമരം ശക്തമാക്കുന്നു, ജൂണ്‍ 5 നു ദേശവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. യുകെയിലെ ഏറ്റവും വലിയ പൊതുമേഖല തൊഴിലാളി യൂണിയന്‍ പ്രസ്ഥാനമായ യൂനിസന്‍ ആണ് രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സമരത്തിന്റെ ഭാഗമായി തൊഴിലിടങ്ങളില്‍ രാവിലെയും ഉച്ചക്കും വൈകിട്ടും പ്രതിഷേധ ധര്‍ണകളും മറ്റു പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.

പണിമുടക്കിന് അംഗങ്ങളുടെ പിന്തുണ അറിയുന്നതിന് വേണ്ടിയുള്ള നടപടികള്‍ തുടങ്ങാനും യൂനിസന്‍ തീരുമാനിച്ചു. അതിനുള്ള പ്രാചാരണ പരിപാടികളുടെ ഭാഗമായാണ് 5നു ദേശവ്യാപകമായി ധര്‍ണകളും റാലികളും സംഘടിപ്പിച്ചിട്ടുള്ളത്. ബ്രിട്ടനില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊതുമേഖലയില്‍ വേതന വര്‍ധനവ് ഏറെക്കുറെ മരവിപ്പിച്ചിരിക്കുകയാണ്.

2010 മുതലുള്ള കണക്കെടുത്താല്‍ പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനത്തില്‍ 12-15% കുറവ് സംഭവിച്ചിട്ടുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സേവനങ്ങളെ സ്വകാര്യ മേഖലക്ക് വിറ്റുതുലക്കുന്ന സാമ്പത്തിക പരിഷ്ക്കാരങ്ങളാണ്   നടപ്പിലാക്കുന്നത്. ആരോഗ്യ മേഖലയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 5 ബില്ല്യന്‍ പൗണ്ടിന്റെ ( 50,000 കോടി രൂപ) സേവനങ്ങളാണ് സ്വകാര്യ മേഖലയ്ക്കുവേണ്ടി തുറന്നു കൊടുത്തത്. ഇപ്പോള്‍ സൗജന്യമായി നല്‍കിവരുന്ന പല സേവനങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരം കൂടിയാണ് പല തൊഴില്‍ യൂണിയനുകളും ഇപ്പോള്‍ നടത്തുന്നത്.

സമരം വിജയിപ്പിക്കേണ്ടത് പൊതുമേഖല തൊഴിലാളികളുടെ മാത്രമല്ല മറിച്ചു എല്ലാ ജനവിഭാഗങ്ങളുടെയും ഉത്തരവാദിത്വമാണെന്ന് യൂനിസന്റെ ജനറല്‍ സെക്രട്ടറി ടെയവ് പ്രെന്റിസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

മറ്റു പ്രധാന യൂണിയനുകളും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ സമരത്തിലാണ്. ബ്രിട്ടനിലെ മറ്റൊരു പ്രധാന യൂണിയനായ യുനൈട്ട് നിലവിലുള്ള ഭരണകക്ഷിയുടെ ദേശീയ കോണ്‍ഫറ?സ് നടക്കുന്നിടത്തേക്ക് 50,000 പേരുടെ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചാണ് അവരുടെ സമര പരിപാടികള്‍ ശക്തമാക്കിയിരിക്കുന്നത്.

തോമസ് പുത്തിരി deshabhimani

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഇത്തവണയും അവതാളത്തില്‍

സ്വാശ്രയ പ്രൊഫഷണല്‍ മേഖലയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പും നിക്ഷിപ്ത താല്‍പ്പര്യവുംമൂലം സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം അനിശ്ചിതത്വത്തില്‍. വിവിധ മാനേജ്മെന്റുകളോട് സര്‍ക്കാരിന്റെ വ്യത്യസ്ത സമീപനം പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള നാലു മെഡിക്കല്‍ കോളേജുകളുടെ കാര്യത്തില്‍ ഒരുനയവും ന്യൂനപക്ഷ പദവിയുള്‍പ്പെടെയുള്ള 12 സ്വകാര്യ മെഡിക്കല്‍ കോളേജുകളുള്ള കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് അസോസിയേഷനോട് മറ്റൊരു നയവുമാണ് സര്‍ക്കാരിന്്.

സ്വാശ്രയ കോളേജുകളിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവേശനം ആഗസ്തിലാണ് തുടങ്ങിയത്. ഇക്കുറിയും വൈകുമെന്ന് ഉറപ്പായി. കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്മെന്റ് ഫെഡറേഷനുമായി അവരുടെ താല്‍പ്പര്യപ്രകാരം സര്‍ക്കാര്‍ രഹസ്യധാരണയിലെത്തിയതാണ് മറു വിഭാഗത്തെ പ്രകോപിപ്പിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍, അമല, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍, പുഷ്പഗിരി കോളേജുകളാണ് ഫെഡറേഷനു കീഴിലുള്ളത്. അമ്പതുശതമാനം സീറ്റ് സര്‍ക്കാര്‍ മെറിറ്റില്‍ ഈ നാലു കോളേജുകളിലും പ്രവേശിപ്പിക്കുമെങ്കിലും മാനേജ്മെന്റ് സീറ്റിലും മെറിറ്റ് സീറ്റിലും ഒരേ ഫീസാകും. മെറിറ്റ്-മാനേജ്മെന്റ് സീറ്റുകളില്‍ നാലുലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റില്‍ പത്തുലക്ഷം രൂപയുമാണ് ഈ വര്‍ഷം ഫീസ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഫെഡറേഷന്‍ വക്താവ് ടി ജെ ഇഗ്നേഷ്യസ് അറിയിച്ചു. എന്നാല്‍, ക്രിസ്ത്യന്‍ മാനേജ്മെന്റുകളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒത്തുകളി നടത്തുകയാണെന്നും ക്രോസ് സബ്സിഡി ഇല്ലാതെ എല്ലാവര്‍ക്കും ഒരേ ഫീസ് നിശ്ചയിച്ചത് സ്വാശ്രയ കരാറിന്റെ അടിത്തറ തകര്‍ക്കുമെന്നും കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഒരു വിഭാഗവുമായി രഹസ്യചര്‍ച്ച നടത്തി മെറിറ്റ്-മാനേജ്മെന്റ് സീറ്റുകളില്‍ ഒരേ ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ ന്യൂനപക്ഷ പദവിയുള്ള കോളേജുകളുടെ പ്രതിനിധികള്‍ പങ്കെടുത്തില്ല.

ഫെഡറേഷന്റെ കീഴിലെ കോളേജുകളില്‍ കഴിഞ്ഞവര്‍ഷം അമ്പതുശതമാനം സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ ബിപിഎല്‍ വിഭാഗത്തിന് 25,000 രൂപയും എപിഎല്‍ വിഭാഗക്കാര്‍ക്ക് ഒന്നരലക്ഷവും മാനേജ്മെന്റ് സീറ്റില്‍ ഏഴുലക്ഷം രൂപയും വാങ്ങാനായിരുന്നു അനുമതി. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകാര്‍ക്ക് എല്ലാ സീറ്റിലും നാലുലക്ഷം രൂപ നിശ്ചയിച്ച് തങ്ങള്‍ക്ക് ഏഴുലക്ഷം രൂപ ഫീസ് നിശ്ചയിച്ചാല്‍ നിലവാരമുള്ള കുട്ടികളെല്ലാം അപ്പുറത്തുപോകുമെന്നും ഇത് അന്യായമാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. ക്രോസ് സബ്സിഡി സമ്പ്രദായം എല്ലാ കോളേജുകള്‍ക്കും ബാധകമാക്കി കാലാനുസൃതമായ ഫീസ് വര്‍ധന അംഗീകരിച്ചാലേ സര്‍ക്കാരുമായി സഹകരിക്കൂ എന്ന് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വിവിധ മാനേജ്മെന്റുകളോടുള്ള സര്‍ക്കാരിന്റെ വ്യത്യസ്ത സമീപനം തിരുത്തണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി അഭിപ്രായപ്പെട്ടു.

വി എം രാധാകൃഷ്ണന്‍ deshabhimani

മുസഫര്‍നഗര്‍ കലാപം നയിച്ചതിന് മന്ത്രിപദം സമ്മാനം

ഗുജറാത്ത് വംശഹത്യയുടെ രക്തക്കറയുള്ള മോഡി നയിക്കുന്ന മന്ത്രിസഭയില്‍ മുസഫര്‍നഗര്‍ കലാപത്തിന് നേതൃത്വം നല്‍കിയ സഞ്ജീവ് കുമാര്‍ ബാലിയാനും. മുസഫര്‍നഗര്‍ കലാപം സൃഷ്ടിച്ച വര്‍ഗീയധ്രുവീകരണം ഉത്തര്‍പ്രദേശില്‍ നേടിക്കൊടുത്ത വിജയത്തിനുള്ള സമ്മാനമായാണ് സഞ്ജീവ് ബാലിയാന്റെ മന്ത്രിപദം.

മുസഫര്‍ നഗറില്‍ കലാപം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ആഗസ്ത് 31ന് ജാട്ട് മഹാപഞ്ചായത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗമാണ് സഞ്ജീവ് ബാലിയാനെ 27 ദിവസം ജയിലിലിലടയ്ക്കാന്‍ കാരണമായത്. കലാപത്തില്‍ ഈ വെറ്ററിനറി ഡോക്ടറുടെ പങ്കാളിത്തമാണ് അദ്ദേഹത്തെ മുസഫര്‍നഗറില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം വികസനമല്ല, ഹിന്ദു ആത്മാഭിമാനമാണ് പ്രധാനമെന്ന് പ്രസംഗിച്ച ബാലിയാന്‍ 4.1 ലക്ഷം വോട്ടിന് സിറ്റിങ്് എംപി ബിഎസ്പിയിലെ ഖാദിര്‍ റാണയെ തോല്‍പ്പിച്ചു.

മുസഫര്‍നഗര്‍ കലാപത്തിലൂടെ സൃഷ്ടിച്ച വര്‍ഗീയധ്രുവീകരണം ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് പശ്ചിമ യുപിയിലെ ബിജ്നോറിലും ഖൈരാനയിലും സീറ്റ് നല്‍കിയത്. ഖൈരാനയില്‍ ഹുക്കും സിങ്ങും ബിജ്നോറില്‍ ഭാരതേന്ദുസിങ്ങും രണ്ടു ലക്ഷത്തില്‍പ്പരം വോട്ടിന് ജയിച്ചു. ബിജ്നോറില്‍ ആദ്യം പ്രഖ്യാപിച്ച രാജേന്ദ്രസിങ്ങിനെ മാറ്റിയാണ് ഭാരതേന്ദുസിങ്ങിനെ മത്സരിപ്പിച്ചത്. പശ്ചിമ യുപിയിലെ 25 സീറ്റിലും ബിജെപി ജയിച്ചു.

വി ബി പരമേശ്വരന്‍ deshabhimani