ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് റദ്ദാക്കുമെന്ന് പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ്. ചൊവ്വാഴ്ച ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജിതേന്ദ്ര സിങ് ഇക്കാര്യം അറിയിച്ചത്.
""സര്‍ക്കാര്‍ ഇതിനുള്ള നടപടി തുടങ്ങി. ബന്ധപ്പെട്ടവരുമായി ഞങ്ങള്‍ ചര്‍ച്ചയിലാണ്. ജമ്മു കശ്മീരിലെ പകുതി മണ്ഡലങ്ങളില്‍ ബിജെപിയാണ് വിജയിച്ചത്. 370-ാം വകുപ്പിന്റെ കാര്യത്തില്‍ ബിജെപി നിലപാടിന്റെ സാധൂകരണമായി ജനവിധിയെ വിലയിരുത്താം""- ജിതേന്ദ്ര സിങ് പറഞ്ഞു.
അധികാരമേറ്റ ആദ്യനാള്‍തന്നെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കിത്തുടങ്ങിയെന്ന് വെളിപ്പെടുത്തുന്നതാണ് സിങ്ങിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിലെ വന്‍ ഭൂരിപക്ഷം ആയുധമാക്കി തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. 370-ാം വകുപ്പ് റദ്ദാക്കുമെന്ന വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രകടനപത്രികയില്‍ ബിജെപി വ്യക്തമാക്കിയിരുന്നു. ഇതിനായി ചര്‍ച്ച നടത്തുമെന്നും പ്രകടനപത്രികയിലുണ്ട്. എന്നാല്‍, കശ്മീരിലെ പ്രധാനപാര്ടികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പു ഘട്ടത്തില്‍ത്തന്നെ 370-ാം വകുപ്പിലെ ബിജെപി നിലപാടിനെ എതിര്‍ത്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ ആറു മണ്ഡലത്തില്‍ മൂന്നിടത്താണ് ബിജെപി ജയിച്ചത്. ഉദ്ദംപുര്‍, ജമ്മു, ലഡാക്ക് എന്നിവയാണ് ബിജെപിക്ക് ലഭിച്ചത്. ലഡാക്കില്‍ 36 വോട്ടിനാണ് ജയം. ശ്രീനഗര്‍, അനന്ത്നാഗ്, ബാരാമുള്ള മണ്ഡലത്തില്‍ പിഡിപിയാണ് ജയിച്ചത്. ഉദ്ദംപുരില്‍ കേന്ദ്രമന്ത്രി ഗുലാംനബി ആസാദിനെ തോല്‍പ്പിച്ചാണ് ജിതേന്ദ്ര സിങ് ലോക്സഭയില്‍ എത്തിയത്. മന്ത്രിസഭയില്‍ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയും ജിതേന്ദ്ര സിങ്ങിനുണ്ട്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തിയതോടെ 370-ാം വകുപ്പ് സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാവുകയാണ്.
വകുപ്പ് റദ്ദാക്കുമെന്ന് കശ്മീരില്‍നിന്നുള്ള കേന്ദ്രമന്ത്രിതന്നെ വ്യക്തമാക്കിയതോടെ കശ്മീര്‍ വീണ്ടും അസ്വസ്ഥമാകുമെന്ന് ഉറപ്പായി. സത്യപ്രതിജ്ഞയ്ക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിനെ ക്ഷണിച്ചത് കശ്മീരിലെ രാഷ്ട്രീയ കക്ഷികള്‍ സ്വാഗതംചെയ്തിരുന്നു. എന്നാല്‍, നവാസ് ഷെറീഫ് മടങ്ങുംമുമ്പുതന്നെ 370-ാം വകുപ്പ് റദ്ദാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു.എന്നാല്‍ പ്രത്യേക പദവി സംബന്ധിച്ച പ്രസ്താവന തിരുത്തുകയാണെന്ന് രാത്രി വൈകി മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. പ്രസ്താവന വിവാദമായതിനെ തുടര്‍ന്നാണ് തിരുത്ത്. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് മന്ത്രി ന്യായീകരിച്ചു.
എം പ്രശാന്ത് ദേശാഭിമാനി
No comments:
Post a Comment