കേരളം ഇനി തിരിയുന്നത് എങ്ങോട്ടേക്ക് എന്നതിന് മറുപടിയാണ് പ്രാദേശിക ഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പു ഫലം. ഇനി വരാന്‍പോകുന്ന പ്രാദേശിക ഭരണസമിതിയിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ കേരളീയമനസ്സ് ഇടതുപക്ഷത്തേക്ക് തിരിയുമെന്ന് പ്രാദേശിക തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയെങ്കിലും ലോക്സഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വോട്ട് മുന്നേറ്റം നിലനിര്‍ത്താന്‍ കഴിയില്ലെന്നാണ് ഫലം തെളിയിക്കുന്നത്.
തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെയുള്ള 35 വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ പൊതുമനസ്സ് വിലയിരുത്താനുള്ള സമഗ്രസര്‍വേയായിരുന്നു. ഇതില്‍ രണ്ടു പഞ്ചായത്ത് ഡിവിഷനുകളിലടക്കം 18ലും എല്‍ഡിഎഫ് ജയിച്ചു. 13 സീറ്റേ യുഡിഎഫിന് ജയിക്കാന്‍ കഴിഞ്ഞുള്ളൂ.ശ്രദ്ധേയമായ വസ്തുത യുഡിഎഫിന് 12 സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടുവെന്നതാണ്. അതില്‍ പത്തും പിടിച്ചെടുത്തത് എല്‍ഡിഎഫാണ്. ഇതില്‍ രണ്ടു സ്ഥലങ്ങളിലെ ഫലം പ്രത്യേക പ്രാധാന്യമുള്ളതാണ്. തിരുവനന്തപുരം ജില്ലാപഞ്ചായത്തിലെ നാവായിക്കുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്‍എസ്പി പ്രതിനിധി തോറ്റത് 4812 വോട്ടിനാണ്. കഴിഞ്ഞതവണ എല്‍ഡിഎഫ് പ്രതിനിധിയായി ആര്‍എസ്പി മത്സരിച്ചപ്പോള്‍ 600 വോട്ടിന് ജയിച്ചിരുന്നു. യുഡിഎഫിലേക്ക് ചേക്കേറി കൊല്ലത്ത് ജയിച്ച എം കെ പ്രേമചന്ദ്രന്റെ ജന്മവീട് ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് ഇവിടം. രണ്ടുതവണ പ്രേമചന്ദ്രന്‍ എല്‍ഡിഎഫ് പ്രതിനിധിയായി ജില്ലാപഞ്ചായത്തിനെ പ്രതിനിധാനംചെയ്ത വാര്‍ഡുമാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ ആറ്റിപ്ര വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വാശിയോടെയായിരുന്നു. കഴിഞ്ഞതവണ 197 വോട്ടിന് എല്‍ഡിഎഫ് ജയിച്ച വാര്‍ഡില്‍ ഇത്തവണ 913 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചത്. ബിജെപിക്ക് 825 വോട്ടും യുഡിഎഫിന് 770 വോട്ടുമാണ് കിട്ടിയത്. വി എം സുധീരനും ഒ രാജഗോപാലുമെല്ലാം പ്രചാരണം നടത്തിയ സ്ഥലത്ത് എല്‍ഡിഎഫിന് ലഭിച്ച ഭൂരിപക്ഷംപോലും ബിജെപിയിലെയും കോണ്‍ഗ്രസിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ല. ലോക്സഭാതെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ ബിജെപിക്ക് എണ്ണൂറിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ലോക്സഭാതെരഞ്ഞെടുപ്പില്‍ 12 സീറ്റ് നേടിയത് കണക്കാക്കി നിയമസഭാതെരഞ്ഞെടുപ്പില്‍ മുന്നേറാമെന്ന കിനാവിന് ആയുസ്സുണ്ടാകില്ല. 2009ലെ ലോക്സഭാതെരഞ്ഞെടുപ്പും പിന്നീടുള്ള നിയമസഭാ തെരഞ്ഞെടുപ്പു ഫലവും താരതമ്യം ചെയ്താല്‍ ഇക്കാര്യം വ്യക്തം. അന്ന് നൂറിലധികം മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നില്‍ വന്നത്. എന്നാല്‍, നിയമസഭാതെരഞ്ഞെടുപ്പായപ്പോള്‍ 73 ആയി ചുരുങ്ങി.
2009ല്‍ 13 ലോക്സഭാ സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് എട്ട് സീറ്റില്‍ ഒതുങ്ങിയത് ഉള്‍പ്പെടെയുള്ള പിന്നോട്ടടി കോണ്‍ഗ്രസിലും യുഡിഎഫിലും തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തെച്ചൊല്ലി കോണ്‍ഗ്രസും ലീഗും പരസ്യമായി മുഖപത്രങ്ങളിലൂടെ ഏറ്റുമുട്ടുകയാണ്. ഇതുകൊണ്ടവസാനിപ്പിക്കാതെ കെപിസിസി നേതൃത്വം ലീഗിനെപ്പറ്റി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കുകയും അതേത്തുടര്‍ന്ന് അഹമ്മദ് പട്ടേല്‍ ലീഗ് നേതൃത്വത്തോട് രാഹുല്‍വിരുദ്ധ നീക്കം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയുമാണ്. വോട്ടെടുപ്പില്‍ കടന്നുകൂടാന്‍ ഗണേശനെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മന്ത്രിയാക്കാമെന്ന് വാക്കുകൊടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബാലകൃഷ്ണപിള്ളയുടെ സരിത കത്ത് ഭീഷണിക്കുമുന്നില്‍ വിറകൊള്ളുകയാണ്. മൊഴിയുടെ പകര്‍പ്പ് പിള്ളയുടെ കൈയിലില്ലെന്ന് സരിത പറഞ്ഞതോടെ ഗണേശിനെ മന്ത്രിയാക്കുന്നതില്‍നിന്ന് ഉമ്മന്‍ചാണ്ടി പിന്നോക്കം പാഞ്ഞു. ഭരണമുന്നണിയുടെ ഇത്തരം കുഴപ്പങ്ങളെയും ഏറ്റുമുട്ടലുകളെയും മൂര്‍ച്ഛിപ്പിക്കുന്നതാകും ഉപതെരഞ്ഞെടുപ്പു ഫലം.
ആര്‍ എസ് ബാബു deshabhimani
No comments:
Post a Comment