കല്‍പ്പറ്റ: ""എനിക്ക് ആശാവര്‍ക്കറായി പ്രവര്‍ത്തിക്കണമെങ്കില്‍ ഭര്‍ത്താവിനോട് കാശ് വാങ്ങേണ്ട അവസ്ഥയാണ്. മൂന്നുമക്കളെ പഠിപ്പിക്കാനും അദ്ദേഹം കൂലിപ്പണിയെടുക്കണം. അതുകൊണ്ടുതന്നെ ഈ സേവനം ഉപേക്ഷിക്കാനാണ് വീട്ടുകാരും ഭര്‍ത്താവും പറയുന്നത്. മാനന്തവാടി അമ്പുകുത്തിയില്‍ താമസിക്കുന്ന എനിക്ക് എന്റെ പ്രവര്‍ത്തനമേഖലയായ പഞ്ചാരക്കൊല്ലിയില്‍ എത്താന്‍ ജീപ്പിനും ഓട്ടോയ്ക്കുമായി അമ്പതുരൂപ വേണം. ഇടവിട്ട ദിവസങ്ങളില്‍ തൊഴിലുറപ്പിന് പോയിട്ടാണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്""- മാനന്തവാടി കുറുക്കന്മൂല പിഎച്ച്സിയിലെ പിലാക്കാവ് സബ്സെന്ററിലെ ആശാ വര്‍ക്കറായ ഷൈനി കണ്ണീരോടെ പറഞ്ഞു.
14 മാസമായി ഓണറേറിയം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ആശാവര്‍ക്കര്‍മാരിലൊരാളാണ് ഷൈനി. ഇവര്‍ മാത്രമല്ല, സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വരുന്ന ആശാവര്‍ക്കര്‍മാരും ദുരിതത്തിലാണ്. 2013 മാര്‍ച്ചിലാണ് ഒടുവില്‍ ഇവര്‍ക്ക് ഓണറേറിയം കിട്ടിയത്. 2012 മുതല്‍ വര്‍ധിപ്പിച്ച ഓണറേറിയം കിട്ടിയില്ല. പലരും കുടുംബാംഗങ്ങളില്‍നിന്നും പണം വാങ്ങിയാണ് ജോലിയെടുക്കുന്നത്. ഒന്നര വര്‍ഷമായി ഓണറേറിയം കിട്ടാത്തതിനാല്‍ പലരും രംഗം വിടുകയാണ്. തുടക്കത്തില്‍ സംസ്ഥാനത്ത് 31,549 ആശാവര്‍ക്കര്‍മാരുണ്ടായിരുന്നു. ഇപ്പോഴത് മുപ്പതിനായിരമായി. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശാ വര്‍ക്കേഴ്സ് ഫെഡറേഷന് (സിഐടിയു) ജൂണ്‍ പത്തിന് നടത്തുന്ന സെക്രട്ടറിയറ്റ് മാര്‍ച്ച് ജീവന്മരണ പോരാട്ടമായിട്ടാണ് ആശമാര്‍ കാണുന്നത്. 500 രൂപയായിരുന്ന ഓണറേറിയം 2012 ഏപ്രിലില്‍ 600 രൂപയും 2013 ഏപ്രിലില്‍ 700 രൂപയുമാക്കിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണത്തെ ബജറ്റില്‍ ആയിരം രൂപയാക്കിയതായും പ്രഖ്യാപനം വന്നു. എന്നാല്‍, ലഭിച്ചുകൊണ്ടിരുന്ന 500 രൂപപോലും വിതരണം ചെയ്തിട്ടില്ല.
ഓണറേറിയം ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞമാസം 11ന് ആശാവര്‍ക്കര്‍മാര്‍ ഡിപിഎം ഓഫീസിനു മുന്നില്‍ സമരം നടത്തിയിരുന്നു. ഉടന്‍ വിതരണം ചെയ്യാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഇതുവരെ അധികൃതര്‍ വാക്കുപാലിച്ചില്ല. പ്രൈമറി ഹെല്‍ത്ത്സെന്ററിന്റെ കീഴിലാണ് ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം. ഗര്‍ഭിണികള്‍ക്ക് സമയാസമയം പ്രതിരോധ കുത്തിവയ്പും മറ്റുമുള്ള പരിചരണം, അഞ്ചുവയസുവരെയുള്ള കുട്ടികളുടെ കുത്തിവയ്പ് എടുപ്പിക്കല്‍, കൗമാരപ്രായക്കാരുടെ ബോധവല്‍ക്കരണം, രോഗശയ്യയില്‍ കിടക്കുന്നവരുടെ പരിചരണം, ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി ചികിത്സിപ്പിക്കുക, പകര്‍ച്ചവ്യാധികളുണ്ടാവുമ്പോള്‍ ക്ലോറിനേഷന് എന്നീ ജോലികളാണ് ചെയ്യുന്നത്. 250 മുതല്‍ 300 വീടുവരെ ഒരാളുടെ പരിധിയില്‍ ഉണ്ടാകും. ബിപിഎല്ലുകാരെ പരിചരിക്കുന്നതിന് ഇവര്‍ക്ക് ഇന്‍സന്റീവ് നല്‍കാറുണ്ട്. എപിഎല്ലുകാരായാല്‍ അതും ലഭിക്കില്ല. ഇത്തരത്തിലുള്ള ഇന്‍സന്റീവ് ലഭിച്ചിട്ടും മാസങ്ങളായി. വയനാട് പോലുള്ള ജില്ലകളിലെ ആദിവാസി മേഖലയില്‍ ഏറെ ദുരിതമനുഭവിച്ചാണ് പ്രവര്‍ത്തനം. കാട്ടുമൃഗങ്ങളെ ഭയന്ന് ജിവന് പണയംവച്ചാണ് ഇവര്‍ കോളനികളിലെത്തുന്നത്.
എം ഷാജി deshabhimani
No comments:
Post a Comment