കഴിഞ്ഞദിവസം മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ വന്ന ലേഖനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. ഒരു തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കൊത്തിക്കീറുന്ന നടപടി രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് "ഓതിക്കനെ ഓത്ത് പഠിപ്പിക്കരുത്" എന്ന പേരില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വീക്ഷണം വിലയിരുത്തുന്നു.
രാഹുലിനെ ആക്രമിക്കാന്‍ രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വദിനം തന്നെ തെരഞ്ഞെടുത്തത് ദുരുദ്ദേശപരമാണ്. 16ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ഒരു റോളും ഇല്ലാതിരുന്ന ലീഗ് ഗ്യാലറിയിലിരുന്ന് കളി ഉപദേശിക്കുകയാണെന്ന് പത്രം പരിഹസിക്കുന്നു. കളിക്കളത്തിലെ പ്രതിരോധത്തിനും മുന്നേറ്റത്തിനും കയ്യടിച്ചുപോലും പ്രോത്സാഹിപ്പിക്കാത്തവര്‍ ഗോള്‍വല കുലുങ്ങാത്തതിന്റെപേരില്‍ ക്യാപ്റ്റനെ പഴി പറയുന്നതുപോലെയാണ് പത്രത്തിന്റെ വിമര്‍ശനമെന്ന് വീക്ഷണം പരിഹസിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിരവധി വേനലും വറുതിയും കണ്ട പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വീഴ്ച തിരുത്തി വീണ്ടും തിരികെ വരാന്‍ കോണ്‍ഗ്രസിന് ലീഗിന്റെ എന്‍ട്രന്‍സ് കോച്ചിംഗോ പാര്‍ട്ടി മുഖപത്രത്തിന്റെ ഹോം ട്യൂഷനോ ആവശ്യമില്ല. മുസ്ലിം ജനസംഖ്യ 25 ശതമാനത്തോളമുള്ള പശ്ചിമ ബംഗാളിലും യുപിയിലും ഒരു പഞ്ചായത്ത് അംഗത്തെപോലും ജയിപ്പിക്കാന്‍ ശേഷിയില്ലാത്ത ലീഗ് കേരളമാണ് ഇന്ത്യയെന്ന ധാരണ തിരുത്തണമെന്ന ഉപദേശവും വീക്ഷണം നല്‍കുന്നു.
വ്യക്തികേന്ദ്രീകൃതമല്ലാത്ത ഒരു പാര്‍ട്ടിയെ ചൂണ്ടിക്കാട്ടാന്‍ ലീഗിന് സാധിക്കില്ലെന്നും പാണക്കാട്ടെ ആത്മീയ നേതൃത്വമല്ലേ ലീഗിന് നിത്യഹരിതം പകരുന്നതെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഓതിക്കനെ ഓത്ത് പഠിപ്പിക്കാനും ആശാന് അടവ് പറഞ്ഞുകൊടുക്കാനുമുള്ള പ്രത്യയശാസ്ത്ര സമ്പത്ത് തങ്ങള്‍ക്കില്ലെന്ന് ലീഗിലെ ജ്ഞാനോപദേശകര്‍ മനസിലാക്കണം. വീഴ്ചയിലും വാഴ്ചയിലും കൂടെ നില്‍ക്കുന്നതാണ് മുന്നണി രാഷ്ട്രീയം. ലീഗിന്റെ ഇച്ഛയും നിലപാടുമാണ് മുഖപ്രസംഗത്തിലൂടെ പുറത്തുവന്നതെങ്കില്‍ അത് അത്യന്തം ഖേദകരമാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
deshabhimani
No comments:
Post a Comment