മോഡി അധികാരത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാം പ്രധാനമന്ത്രിയായി ബിജെപി നേതാവ് നരേന്ദ്ര ദാമോദര്‍ദാസ് മോഡി അധികാരമേറ്റു. തിങ്കളാഴ്ച സന്ധ്യക്ക് രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ പ്രൗഢമായ ചടങ്ങില്‍ മോഡിയും 45 സഹപ്രവര്‍ത്തകരും സത്യപ്രതിജ്ഞചെയ്തു. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി മോഡിക്കും മന്ത്രിസഭാംഗങ്ങള്‍ക്കും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തെയും വിദേശത്തെയും പ്രമുഖനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഇരുപത്തിനാല് ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള 10 സഹമന്ത്രിമാരും 12 സഹമന്ത്രിമാരും ഉള്‍പ്പെട്ടതാണ് മന്ത്രിസഭ. ഹിമാചല്‍പ്രദേശ്, പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല. ജൂണ്‍ ഒന്നിന് നിലവില്‍വരുന്ന 29-ാമത്തെ സംസ്ഥാനമായ തെലങ്കാനയ്ക്കും പ്രാതിനിധ്യം ഉണ്ടാകില്ല. ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാര്‍- എട്ട്. മന്ത്രിസഭയിലെ ഏഴ് വനിതകളില്‍ ആറുപേര്‍ക്കും&ാറമവെ;ക്യാബിനറ്റ് റാങ്ക്. ഏറ്റവും പ്രായംകൂടിയ മന്ത്രി 75കാരിയായ നജ്മ ഹെപ്തുള്ള. 50 വയസ്സില്‍ താഴെ പ്രായമുള്ള ആറുപേരുണ്ട്.
നിശ്ചയിച്ചതിലും അഞ്ചു മിനിറ്റ് വൈകിയാണ് ചടങ്ങ് ആരംഭിച്ചത്. ദേശീയഗാനാലാപനത്തിനുശേഷം രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോള്‍ സത്യപ്രതിജ്ഞയ്ക്കായി മോഡിയെ ക്ഷണിച്ചു. 6.10ന് മോഡി അധികാരമേറ്റു. തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങും മൂന്നാമതായി സുഷ്മ സ്വരാജും ചുമതലയേറ്റു. കഴിഞ്ഞ ലോക്സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു സുഷ്മ. അമൃത്സറിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അരുണ്‍ ജയ്റ്റ്ലിയാണ് നാലാമതായി ചുമതലയേറ്റത്. എന്‍ഡിഎ ഘടകകക്ഷി നേതാക്കളില്‍ ആദ്യം സത്യപ്രതിജ്ഞചെയ്തത് രാംവിലാസ് പസ്വാന്‍.
രാജ്നാഥ് സിങ്(ആഭ്യന്തരം), അരുണ്‍ ജെറ്റ്ലി(ധനകാര്യം), സുഷ്മ സ്വരാജ്(വിദേശകാര്യം), നിതിന്‍ ഗഡ്കരി (ഉപരിതല ഗതാഗതം, ഷിപ്പിങ്), വെങ്കയ്യ നായിഡു(നഗരവികസനം), സദാനന്ദ ഗൗഡ(റെയില്‍വെ), രവിശങ്കര്‍ പ്രസാദ്(ടെലികോം,പാര്‍ലമെന്ററികാര്യം), സ്മൃതി ഇറാനി(മാനവ വിഭവശേഷി വികസനം), നജ്മ ഹെപ്തുള്ള(ന്യൂനപക്ഷ ക്ഷേമം) എന്നിങ്ങനെയാണ് പ്രധാന വകുപ്പുകള്‍.
സാര്‍ക് അംഗരാജ്യങ്ങളിലെ പ്രസിഡന്റുമാരായ ഹമീദ് കര്‍സായി (അഫ്ഗാനിസ്ഥാന്‍), അബ്ദുള്ള യമീന്‍ (മാലദ്വീപ്), മഹിന്ദ രജപക്സെ (ശ്രീലങ്ക) പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫ് (പാകിസ്ഥാന്‍), ഷെറിങ് തോങ്ബെ (ഭൂട്ടാന്‍), സുശീല്‍ കൊയ്രാള (നേപ്പാള്‍) ബംഗ്ലാദേശ് സ്പീക്കര്‍ ഷിറിന്‍ ഷര്‍മീന്‍ ചൗധരി, മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗൂലം എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ കേന്ദ്രമന്ത്രിമാര്‍, ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, മുഖ്യമന്ത്രിമാര്‍, സിപിഐ എം പിബി അംഗം സീതാറാം യെച്ചൂരി, പാര്‍ടി കേന്ദ്രകമ്മിറ്റി അംഗവും ത്രിപുര ധനമന്ത്രിയുമായ ബാദല്‍ ചൗധരി, വിവിധരാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു. നിരവധി ബോളിവുഡ് താരങ്ങളും സന്ന്യാസിമാരും ചടങ്ങിനെത്തി. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതി സാധ്വി ഋതംബരയും അതിഥിനിരയിലുണ്ടായിരുന്നു. മോഡിയുമായി അടുപ്പമുള്ള കോര്‍പറേറ്റ് പ്രമുഖന്‍ ഗൗതം അദാനിയും പങ്കെടുത്തു.
രാവിലെ മോഡിയും സഹപ്രവര്‍ത്തകരും മഹാത്മാഗാന്ധി സ്മൃതിമണ്ഡപമായ രാജ്ഘട്ടില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് രോഗശയ്യയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയെ വസതിയിലെത്തി സന്ദര്‍ശിച്ചു. രാഷ്ട്രപതി അങ്കണത്തിലെ തുറന്നവേദിയില്‍ ചടങ്ങ് നടത്താന്‍ 5.05നാണ് കാലാവസ്ഥനിരീക്ഷണവകുപ്പ് അനുമതി നല്‍കിയത്. അഞ്ചേകാലോടെ അതിഥികള്‍ എത്തിത്തുടങ്ങി. മൂവായിരത്തോളംപേര്‍ പങ്കെടുത്ത ചടങ്ങ് ഒരുമണിക്കൂര്‍ 20 മിനിറ്റ് നീണ്ടു.
മോഡി ചുമതലയേറ്റു; മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാം പ്രധാനമന്ത്രിയായി ബിജെപി നേതാവ് നരേന്ദ്ര ദാമോദര്‍ദാസ് മോഡി ചുമതലയേറ്റു. രാവിലെ 8.50ന് സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ അഞ്ച് എ ഗേറ്റിലൂടെ ഓഫീസിലെത്തിയ അദ്ദേഹത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വീകരിച്ചു.
ചുമതലയേറ്റശേഷം 20 മിനിറ്റ് ഓഫീസില്‍ ചെലവഴിച്ച പ്രധാനമന്ത്രി തുടര്‍ന്ന് ഹൈദരാബാദ് ഹൗസിലേക്ക് പോയി. സാര്‍ക്ക് രാഷ്ട്രത്തലവന്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമയാണ് മോഡി ആദ്യം കൂടിക്കാഴ്ച നടത്തുക. പകല്‍ 12.10നാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച. നരേന്ദ്ര മോഡി ചുമതലയേറ്റതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി: നരേന്ദ്ര മോഡി
കാബിനറ്റ് മന്ത്രിമാര്‍: രാജ് നാഥ് സിങ്(ആഭ്യന്തരം), അരുണ്‍ ജെറ്റ് ലി(ധനകാര്യം, പ്രതിരോധം, കോര്‍പറേറ്റ് അഫയേഴ് സ്), സുഷമ സ്വരാജ്(വിദേശകാര്യം, പ്രവാസികാര്യം), വെങ്കയ്യനായിഡു(നഗരവികസനം, പാര്‍ലമെന്ററി കാര്യം, ഹൗസിങ്), നിതിന്‍ ഗഡ്കരി(ഗതാഗതം, ഷിപ്പിങ്), രവിശങ്കര്‍ പ്രസാദ്(ഐടി, നിയമം, നീതിന്യായം), അനന്ത്കുമാര്‍(വളം), ഉമാഭാരതി(ജലവിഭവം), ഡോ. ഹര്‍ഷവര്‍ധന്‍(ആരോഗ്യം, കുടുംബക്ഷേമം), രാംവിലാസ് പാസ്വാന്‍(ഭക്ഷ്യം, പൊതുവിതരണം), അനന്ദ് ഗീഥേ(ഹെവി ഇന്‍ഡസ്ട്രീസ്), അശോക് ഗജപതി റാവു(വ്യോമയാനം), ജുവല്‍ ഒറാം(ആദിവാസിക്ഷേമം), സദാനന്ദ ഗൗഡ(റെയില്‍വെ), രാധാമോഹന്‍ സിങ്(കൃഷി), ഹര്‍സിമ്രത് കൗര്‍ബാദല്‍(ഭക്ഷ്യസംസ്കരണം), സ്മൃതി ഇറാനി(മാനവ വിഭവശേഷി), ഗോപിനാഥ് മുണ്ടെ(ഗ്രാമവികസനം, പഞ്ചായത്തീരാജ്), മനേക ഗാന്ധി(വനിത, ശിശുക്ഷേമം), കല്‍രാജ് മിശ്ര(ചെറുകിട വ്യവസായം), നജ്മ ഹെപ്തുള്ള(ന്യൂനപക്ഷക്ഷേമം), നരേന്ദ്ര സിങ് തോമര്‍(ഖനി, ഉരുക്ക്, തൊഴില്‍), താവര്‍ചന്ദ് ഗേലോട്ട്(സാമൂഹിക നീതി).
സ്വതന്ത്രച്ചുമതലയുള്ള സഹമന്ത്രിമാര്‍ പിയൂഷ് ഗോയല്‍(ഊര്‍ജം, കല്‍ക്കരി), ജനറല്‍ വി കെ സിങ്(വിദേശകാര്യം), സന്തോഷ് ഗാങ്വാര്‍(ടെക്സ്റ്റൈല്‍സ്, ജലവിഭവം), ശ്രീപദ് നായിക്(വിനോദ സഞ്ചാരം, സാംസ്കാരികം), ധര്‍മ്മേന്ദ്ര പ്രധാന്‍(പെട്രോളിയം, പ്രകൃതിവാതകം), സര്‍ബാനന്ദ സോനോവാള്‍(സ്പോര്‍ട്സ്, യുവജനകാര്യം), പ്രകാശ് ജാവേദ്കര്‍(വാര്‍ത്താവിതരണം), നിര്‍മ്മല സീതാരാമന്‍(വാണിജ്യം, ധനം, കോര്‍പറേറ്റ് അഫയേഴ്സ്), ജിതേന്ദ്ര സിങ്(ശാസ്ത്രസാങ്കേതികം, പിഎംഒ), റാവു ഇന്ദര്‍ജിത് സിങ്(ആസൂത്രണം, പ്രതിരോധം, സ്റ്റാറ്റിസ്റ്റിക്സ്)
സഹമന്ത്രിമാര്‍ കിരണ്‍റിജു(ആഭ്യന്തരം), റാവുസാഹേബ് ദാനാവേ പാട്ടീല്‍(ഉപഭോക്തൃകാര്യം, പൊതുവിതരണം), ഉപേന്ദ്ര കുശ്വാഹ(ഗ്രാമവികസനം, പഞ്ചായത്തീരാജ്), ജി എം സിദ്ദേശ്വര(വ്യോമയാനം), കൃഷ്ണപാല്‍ ഗുജ്ജര്‍(ഗതാഗതം, ഷിപ്പിങ്), മന്‍സുഖ് ഭായ് ധാന്‍ജിഭായ് കസാവ(ആദിവാസി ക്ഷേമം), മനോജ് സിന്‍ഹ(റെയില്‍വെ), സുദര്‍ശന്‍ ഭഗത്(സാമൂഹിക നീതി), വിഷ്ണുദേവ് സഹായി(ഖനി, ഉരുക്ക്്, തൊഴില്‍), പൊന്‍ രാധാകൃഷ്ണന്‍(ഹെവി ഇന്‍ഡസ്ട്രീസ്), സഞ്ജീവ് കുമാര്‍(കൃഷി, ഭക്ഷ്യസംസ്കരണം), നിഹാല്‍ ചന്ദ്(വളം).
തിങ്കളാഴ്ച സന്ധ്യക്ക് രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ പ്രൗഢമായ ചടങ്ങിലാണ് മോഡിയും 45 സഹപ്രവര്‍ത്തകരും സത്യപ്രതിജ്ഞചെയ്തത്. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി മോഡിക്കും മന്ത്രിസഭാംഗങ്ങള്‍ക്കും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തെയും വിദേശത്തെയും പ്രമുഖനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഹിമാചല്‍പ്രദേശ്, പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല. ജൂണ്‍ ഒന്നിന് നിലവില്‍വരുന്ന 29-ാമത്തെ സംസ്ഥാനമായ തെലങ്കാനയ്ക്കും പ്രാതിനിധ്യം ഉണ്ടാകില്ല. ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാര്‍- എട്ട്. മന്ത്രിസഭയിലെ ഏഴ് വനിതകളില്‍ ആറുപേര്‍ക്കും&ാറമവെ;ക്യാബിനറ്റ് റാങ്ക്. ഏറ്റവും പ്രായംകൂടിയ മന്ത്രി 75കാരിയായ നജ്മ ഹെപ്തുള്ള. 50 വയസ്സില്‍ താഴെ പ്രായമുള്ള ആറുപേരുണ്ട്.
മുതിര്‍ന്ന നേതാക്കളെ മോഡി വെട്ടി
ന്യൂഡല്‍ഹി: എല്‍ കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും മാത്രമല്ല, തലയെടുപ്പുള്ള നിരവധി മുതിര്‍ന്ന നേതാക്കളെയും മന്ത്രിസഭാ രൂപീകരണത്തില്‍ മോഡി തഴഞ്ഞു. എതിര്‍ശബ്ദം പ്രകടിപ്പിക്കുമെന്ന് മോഡി ഭയക്കുന്ന നേതാക്കള്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ടു. മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ, രാജ്യസഭാ ഉപനേതാവായിരുന്ന എസ് എസ് അലുവാലിയ, വാജ്പേയി സര്‍ക്കാരിലെ ആരോഗ്യമന്ത്രി ശത്രുഘ്നന്‍ സിന്‍ഹ, ബിജെപിയുടെ ന്യൂനപക്ഷ മുഖമായ മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരാണ് തഴയപ്പെട്ട പ്രമുഖര്‍.
മോഡിക്യാമ്പിലെ വിശ്വസ്തനായ മുന്‍ വ്യോമയാനമന്ത്രി രാജീവ് പ്രതാപ് റൂഡിക്കും ഇടംകിട്ടിയില്ല. എല്‍ കെ അദ്വാനിയെ എന്‍ഡിഎ കണ്‍വീനര്‍സ്ഥാനം നല്‍കി ഒതുക്കുമെന്നാണ് സൂചന. ലോക്സഭയില്‍ മോഡിക്കടുത്ത് ഇരിപ്പിടവും ഒരുക്കിയേക്കാം. എന്നാല്‍, മുരളി മനോഹര്‍ ജോഷിയുടെ കാര്യം തീരുമാനമായിട്ടില്ല. തെരഞ്ഞെടുപ്പില്‍ രാജ്യത്ത് മോഡിതരംഗമല്ല ബിജെപിതരംഗമാണെന്ന ജോഷിയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മോഡിക്ക് മത്സരിക്കാന്‍വേണ്ടി വാരാണസിയില്‍നിന്ന് നീക്കിയതുമുതല്‍ ജോഷി അസ്വസ്ഥനാണ്. വാജ്പേയി സര്‍ക്കാരില്‍ മാനവവിഭവശേഷിവകുപ്പായിരുന്നു ജോഷിക്ക്.
ബിജെപിയിലെ മോഡി വിരുദ്ധനായ യശ്വന്ത് സിന്‍ഹ ഇക്കുറി മത്സരിച്ചിരുന്നില്ല. എങ്കിലും മുതിര്‍ന്ന നേതാവെന്ന നിലയില്‍ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു. അദ്വാനിയോട് കൂറുപുലര്‍ത്തുന്നു എന്ന കാരണത്താലാണ് എസ് എസ് അലുവാലിയയും തഴയപ്പെട്ടത്. ബംഗാളിലെ ഡാര്‍ജിലിങ് മണ്ഡലത്തില്‍നിന്ന് അലുവാലിയ ജയിച്ചിരുന്നു. അലുവാലിയയെ പരിഗണിക്കേണ്ടിവരുമെന്നതിനാല്‍ രണ്ട് എംപിമാരുള്ള ബംഗാള്‍ മോഡിമന്ത്രിസഭയില്‍ അവഗണിക്കപ്പെട്ടു. രാജ്യസഭയില്‍ ബിജെപി ഉപനേതാവായിരുന്നിട്ടും വീണ്ടും ടിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചതുമുതല്‍ നേതൃത്വവുമായി അലുവാലിയ ഉടക്കിലാണ്. ഡാര്‍ജിലിങ്ങില്‍ ജസ്വന്ത് സിങ്ങിന് സീറ്റ് നിഷേധിക്കാന്‍ തീരുമാനിച്ചപ്പോള്‍ മാത്രമാണ് അലുവാലിയ പരിഗണിക്കപ്പെട്ടത്. കടുത്ത മത്സരത്തെ അതിജീവിച്ച് ജയിച്ചുവന്നിട്ടും മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ടില്ല. മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട ശത്രുഘ്നന്‍ സിന്‍ഹയും മോഡി വിരുദ്ധ ക്യാമ്പിലാണ്. പല ഘട്ടങ്ങളിലും ബിജെപിനേതൃത്വത്തിനെതിരെ ശത്രുഘ്നന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ബിഹാറില്‍ ബിജെപി ഗംഭീര വിജയം നേടിയിട്ടും സിന്‍ഹ തഴയപ്പെട്ടത് മോഡിയുടെ അപ്രീതികൊണ്ടു മാത്രം.
ബിജെപിയുടെ ന്യൂനപക്ഷമുഖമായ മുക്താര്‍ അബ്ബാസ് നഖ്വി രാജ്യസഭാംഗമാണ്. ബിഹാറില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ഷാനവാസ് ഹുസൈന്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ നഖ്വി മന്ത്രിസ്ഥാനം ഉറപ്പാക്കിയിരുന്നു. എന്നാല്‍, അദ്വാനിപക്ഷത്തോട് അടുപ്പംപുലര്‍ത്തുന്ന നഖ്വിക്കു പകരം നജ്മ ഹെപ്തുള്ളയെയാണ് പരിഗണിച്ചത്. ജെഡിയു നേതാവ് സാബിര്‍ അലി തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ നഖ്വി വലിയ എതിര്‍ത്തിരുന്നു. അലിക്ക് ബിജെപി അംഗത്വം നല്‍കിയെങ്കിലും നഖ്വിയുടെ എതിര്‍പ്പുകാരണം തീരുമാനം പിന്‍വലിച്ചു. പ്രചാരണവേളയില്‍ നഖ്വി നടത്തിയ ഇത്തരം പരസ്യ ഇടപെടലുകള്‍ മോഡിക്ക് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. രാജീവ് പ്രതാപ് റൂഡിയെ സംഘടനാരംഗത്ത് സജീവമാകുന്നതിന് ഒഴിവാക്കിയെന്ന ന്യായമാണ് മോഡിക്യാമ്പ് പ്രചരിപ്പിക്കുന്നത്. ഗുജറാത്തിനു സമാനമായി സംഘടനയിലെ എതിരാളികളെയെല്ലാം നിശബ്ദമാക്കിത്തന്നെയാണ് കേന്ദ്രത്തിലും മോഡിയുടെ തുടക്കം.
എം പ്രശാന്ത്
മോഡിക്ക് ചുറ്റും വിധേയര്‍ മാത്രം
ന്യൂഡല്‍ഹി: നരേന്ദ്രമോഡി മന്ത്രിസഭ പതിവ് മന്ത്രിസഭകളില്‍നിന്ന് വ്യത്യസ്തമാകുമെന്ന പ്രചാരണം പാളി. ഏറെയൊന്നും പ്രഗത്ഭരില്ലാത്ത മന്ത്രിസഭയാണ് ചൊവ്വാഴ്ച ചുമതലയേറ്റത്. ടെക്നോക്രാറ്റുകളും വിവിധ വിഷയങ്ങളിലെ വിദഗ്ധരുമാകും മോഡിമന്ത്രിസഭയില്‍ ഉണ്ടാകുക എന്ന മാധ്യമപ്രവചനങ്ങള്‍ തെറ്റി. പരിചയസമ്പന്നരായ അപൂര്‍വം ചിലര്‍ മാത്രമാണ് മോഡിമന്ത്രിസഭയില്‍ ഇടംപിടിച്ചത്്. വാജ്പേയിമന്ത്രിസഭയുമായുള്ള താരതമ്യത്തില്‍ ഏറെ നിറംമങ്ങിയതാണ് മോഡിമന്ത്രിസഭ. അദ്വാനിയും ജോഷിയും യശ്വന്ത്സിന്‍ഹയും ജസ്വന്ത്സിങ്ങും അടക്കമുള്ള പ്രമുഖരാണ് വാജ്പേയിമന്ത്രിസഭയില്‍ അണിനിരന്നത്്. മന്ത്രിമാരുടെ എണ്ണം കുറച്ചതുകൊണ്ടുമാത്രം സദ്ഭരണം സാധ്യമല്ലെന്ന് മന്ത്രിസഭയുടെ ഘടന വ്യക്തമാക്കുന്നു.
മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് മോഡി സ്വീകരിച്ച മാനദണ്ഡം അദ്ദേഹത്തോട് അവര്‍ പുലര്‍ത്തുന്ന വിധേയത്വം മാത്രം. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ അരുണ്‍ ജെയ്റ്റ്ലിയെ മൂന്നാമനായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. അതും രണ്ടു പ്രധാന വകുപ്പുകളില്‍. മോഡിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വത്തിന് വന്‍ പിന്തുണ നല്‍കിയ ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങാണ് മന്ത്രിസഭയിലെ രണ്ടാമന്‍. വാജ്പേയിക്കും അദ്വാനിക്കും ബദലെന്ന രീതിയിലുള്ള കൂട്ടുകെട്ടാണ് മോഡിയുടെയും രാജ്നാഥ്സിങ്ങിന്റെയും. ലോക്സഭയിലെ പ്രതിപക്ഷനേതാവ് സുഷമ സ്വരാജാകട്ടെ മന്ത്രിസഭയില്‍ നാലാം സ്ഥാനക്കാരി മാത്രം. വിദേശമന്ത്രാലയമാണ് സുഷമയ്ക്ക്. സാധാരണ നിലയില്‍ വിദേശകാര്യവകുപ്പ് പ്രധാനമന്ത്രി കാര്യാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ സുഷമയുടെ വകുപ്പിന്റെ യഥാര്‍ഥ നിയന്ത്രണം മോഡിയുടെ കൈകളില്‍തന്നെ. മോഡിയുടെ മറ്റൊരു അടുത്ത അനുയായി നിതിന്‍ ഗഡ്കരിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഗഡ്കരിയുടെ പൂര്‍ത്തി ഇന്‍ഡസ്ട്രീസുമായി ബന്ധപ്പെട്ട് അഴിമതിക്കഥകള്‍ പുറത്തായതിനിടെയാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ പ്രധാന വകുപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയത്.
ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ വെങ്കയ്യനായിഡുവിനെയും അയോധ്യ പ്രസ്ഥാനത്തിന്റെ നേതാവായ ഉമാഭാരതിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. സദ്ഭരണത്തിന് നേതൃത്വം നല്‍കുമെന്നു പറയുന്ന മോഡിയാണ് ഭരണം മോശമായതിന്റെ പേരില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഉമാഭാരതിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. മുസഫര്‍നഗര്‍ കലാപത്തിന് നേതൃത്വം നല്‍കിയ സഞ്ജീവ് ബാലിയാനും മന്ത്രിസഭയില്‍ ഇടംനല്‍കി. ജയിച്ചുവന്നവരില്‍ പരിചയസമ്പന്നര്‍ ഏറെയില്ല. മന്ത്രിസഭയുടെ വലുപ്പം 77ല്‍ നിന്ന് 44 ആയി പരിമിതപ്പെടുത്താനുള്ള കാരണവും ഇതുതന്നെ. വിദ്യാഭ്യാസംപോലുള്ള സുപ്രധാന വകുപ്പ് അഭിനേത്രിയെന്ന നിലയില്‍ സ്ഥാനാര്‍ഥിയാക്കിയ സ്മൃതിക്ക് നല്‍കുന്നത് മോഡിയോടുള്ള വിധേയത്വംകൊണ്ടു മാത്രമാണ്.
ചെറിയ മന്ത്രിസഭയല്ല
ന്യൂഡല്‍ഹി: നരേന്ദ്രമോഡി മന്ത്രിസഭ ഇരുപത് അംഗങ്ങളിലൊതുങ്ങുമെന്ന ബിജെപി അവകാശവാദം പൊളിഞ്ഞു. 24 ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 46 പേര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ സ്വതന്ത്ര ചുമതലയുള്ള 10 സഹമന്ത്രിമാരും 12 സഹമന്ത്രിമാരുമുണ്ട്. ഒരു മാസത്തിനകം മന്ത്രിസഭ വിപുലീകരിക്കുമെന്ന് മോഡിയുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ മന്ത്രിമാരുടെ എണ്ണം അമ്പത് കവിയും. മന്ത്രിസഭയില്‍ ചില സംസ്ഥാനങ്ങള്‍ക്ക് അമിതപ്രാധാന്യം ലഭിച്ചപ്പോള്‍ പല സംസ്ഥാനങ്ങളും പൂര്‍ണമായി അവഗണിക്കപ്പെട്ടു. എല്ലാ സീറ്റിലും ബിജെപിയെ വിജയിപ്പിച്ച രാജസ്ഥാന് ആകെ കിട്ടിയത് ഒരു സഹമന്ത്രിസ്ഥാനം മാത്രം.
ഒന്നിലൊതുക്കി; ശിവസേനയ്ക്ക് പ്രതിഷേധം
ന്യൂഡല്‍ഹി: മന്ത്രിസഭാ രൂപീകരണത്തെച്ചൊല്ലി എന്‍ഡിഎയില്‍ തുടക്കത്തിലേ കല്ലുകടി. ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം മാത്രം നല്‍കിയതില്‍ ശിവസേന പരസ്യമായി പ്രതിഷേധമറിയിച്ചു. 18 എംപിമാരുള്ള ശിവസേന എന്‍ഡിഎയിലെ രണ്ടാമത്തെ ഘടകകക്ഷിയാണ്. ഒന്നിലധികം ക്യാബിനറ്റ് പദവി ശിവസേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനന്ത്ഗീഥെക്ക് മാത്രം മന്ത്രിസ്ഥാനം നല്‍കി മോഡി ശിവസേനയെ ഒതുക്കി. സഹമന്ത്രിസ്ഥാനങ്ങളിലേക്കും പരിഗണിച്ചില്ല. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമുണ്ടെങ്കിലും ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നായിരുന്നു മോഡി അവകാശപ്പെട്ടത്. എന്നാല്‍, പ്രധാന ഘടകകക്ഷികള്‍ക്ക് മാത്രം ഓരോ മന്ത്രിസ്ഥാനം വീതമാണ് നല്‍കിയത്. ആറ് എംപിമാരുള്ള എല്‍ജെപിക്കും നാല് എംപിമാര്‍ മാത്രമുള്ള അകാലിദളിനും ക്യാബിനറ്റ് സ്ഥാനം നല്‍കിയ മോഡി അതേ പരിഗണന മാത്രം ശിവസേനയ്ക്ക് നല്‍കിയതാണ് അവരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുമാത്രം എന്‍ഡിഎയിലേക്ക് വന്ന രാംവിലാസ് പസ്വാന്റെ പാര്‍ടിയെയും ദീര്‍ഘകാലമായി വിശ്വസ്ത ഘടകകക്ഷിയായി തുടരുന്ന തങ്ങളെയും ഒരേ തട്ടില്‍ തൂക്കിയതാണ് ശിവസേനയെ രോഷംകൊള്ളിച്ചത്.
deshabhimani
No comments:
Post a Comment