Tuesday, May 27, 2014

ബിജെപിയെ അധികാരത്തിലെത്തിച്ചത് പണത്തിന്റെ കുത്തൊഴുക്കും: പിണറായി

കോട്ടയം: പണത്തിന്റെ കുത്തൊഴുക്ക് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച പ്രധാന ഘടകങ്ങളിലൊന്നാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനപൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം പണാധിപത്യത്തിലേക്ക് വീഴുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. പാര്‍ലമെന്റ് അംഗങ്ങളില്‍ കോടീശ്വരന്മാരുടെ എണ്ണം പെരുകുന്നു. ഇത്തവണ 82 ശതമാനം അംഗങ്ങള്‍ കോടീശ്വരന്മാരാണ്. 282 സീറ്റ് ബിജെപിക്ക് കിട്ടിയ പാര്‍ലമെന്റിലാണ് ഈ സ്ഥിതി. 2004ല്‍ 30 ശതമാനമായിരുന്ന കോടീശ്വരന്മാരുടെ എണ്ണം. "09 ല്‍ 58 ശതമാനമായും കൂടി. പാര്‍ലമെന്റിന്റെ സ്വഭാവം തന്നെ മാറുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഈ കോടീശ്വരന്മാര്‍ക്ക് നാടിന്റെ എന്ത് വികാരമാണ് ഉള്‍ക്കൊള്ളാനാവുക. മതനിരപേക്ഷത, ഫെഡറലിസം, ജനാധിപത്യം ഇതൊന്നും തരിമ്പും ഏശാത്തവരാണ് അധികാരത്തില്‍. ഫെഡറലിസത്തെ തളര്‍ത്തി അധികാരം കേന്ദ്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ആര്‍എസ്എസാണ് ബിജെപിയെ നിയന്ത്രിക്കുന്നത് എന്നകാര്യം ആപത്ശങ്കയോടെയെ മതനിരപേക്ഷ സമൂഹത്തിന് ചിന്തിക്കാനാവൂ. മതനിരപേക്ഷതയും മറ്റും സംരക്ഷിക്കാന്‍ മറ്റ് എല്ലാ ജനവിഭാഗങ്ങളും മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഈ സാഹചര്യം മനസിലാക്കിയുള്ള സൂചനകള്‍ ബിഹാറില്‍ ലാലുപ്രാസാദ് യാദവും നിതീഷ്കുമാറും തമ്മിലുള്ള ചര്‍ച്ചകളിലും മറ്റും ദൃശ്യമാണ്. യുപിയില്‍ സമാജ്വാദി പാര്‍ടിയാകട്ടെ തിരുത്തല്‍ പാതയിലാണ്.

ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താന്‍ ആഗ്രഹിക്കാത്ത കോര്‍പറേറ്റുകളാണ് പ്രാധാനമന്ത്രി നരേന്ദ്ര മോഡിയെ നിയന്ത്രിക്കുന്നതും അധികാരത്തിലെത്തിച്ചതും. മോഡിയെ അധികാരത്തിലെത്തിക്കാനായി കോര്‍പറേറ്റുകള്‍ അവരുടെ മാധ്യമങ്ങളുപയോഗിച്ചും വന്‍പ്രചാരവേല നടത്തി. ഇടതുപക്ഷത്തിന് ദേശീയ തലത്തില്‍ ക്ഷീണം സംഭവിച്ചിട്ടുണ്ട്. ഇതിലും എത്രയൊ വലിയ തകര്‍ച്ച കോണ്‍ഗ്രസിനും മറ്റും സംഭവിച്ചു. എന്നാല്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഇതും മറച്ച് വയ്ക്കുന്നു.

പണത്തിന്റെ കുത്തൊഴുക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അധികാര ദുര്‍വിനിയോഗവും ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് സീറ്റ് കുറയാന്‍ സാഹചര്യമൊരുക്കിയിട്ടുണ്ട്. 44 സീറ്റ് കിട്ടിയ കോണ്‍ഗ്രസിന് 19 ശതമാനം വോട്ടും ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിക്ക് 31 ശതമാനവും മാത്രമാണ് കിട്ടിയത്. മഹാ ഭൂരിപക്ഷം ജനങ്ങളും അവര്‍ക്കെതിരാണ്. കോണഗ്രസും ബിജെപിയും കൂടിയാലും അമ്പത് ശതമാനത്തിലെ എത്തൂ. ഇക്കാര്യങ്ങളും പല മാധ്യമങ്ങളും ജനങ്ങളില്‍നിന്ന് മറയ്ക്കുന്നു. കോണ്‍ഗ്രസ് രണ്ടക്കം കടക്കില്ലെന്നതിലൂന്നി ഇടതുപക്ഷം പ്രചാരണം നടത്തി. എന്നാല്‍ കോര്‍പറേറ്റുകള്‍ നയിക്കുന്ന മാധ്യമങ്ങളുടെ സ്വാധീനത്തില്‍ കുടുങ്ങി ഇക്കാര്യം വിശ്വാസത്തിലെടുക്കാന്‍ പലരും കൂട്ടാക്കിയില്ല. അയഥാര്‍ഥ ചിത്രമാണ് ഇവര്‍ ജനങ്ങളിലെത്തിച്ചത്. ഈ മാധ്യമങ്ങളെ വിശ്വസിച്ചവര്‍ വഞ്ചിക്കപ്പെട്ടു. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് കിട്ടുമെന്ന് കരുതി കേരളത്തിലടക്കം പലരും അവര്‍ക്ക് വോട്ട് ചെയ്തു. കോര്‍പറേറ്റ് നയങ്ങളെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളെ വിശ്വസിച്ചവര്‍ വഞ്ചിതരായെന്ന് ഇനിയെങ്കിലും മനസിലാക്കുമെന്ന് കരുതാം. അഴിമതിയുടെയും ആഗോളവല്‍ക്കരണ നയങ്ങളിലൂന്നിയുള്ള ജനദ്രോഹ ദുര്‍നയങ്ങളുടെ കാര്യത്തിലും ഇരുവരും വ്യത്യസ്തരല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment