സംസ്ഥാനത്തിന്റെ തനതുവരുമാനം ഇടിഞ്ഞതോടെ ട്രഷറി കാലിയായി. ദൈനംദിനചെലവുകള്‍ വായ്പ എടുത്തുമാത്രം നിര്‍വഹിക്കേണ്ട സ്ഥിതിയാണ്. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ 3200 കോടി രൂപ പൊതുവിപണിയില്‍നിന്ന് വായ്പ എടുക്കേണ്ടിവന്നത് സംസ്ഥാനത്തിന്റെ ദയനീയസ്ഥിതി വ്യക്തമാക്കുന്നു. ബജറ്റിലൂടെ കടുത്ത അധികനികുതി അടിച്ചേല്‍പ്പിച്ചിട്ടും വരുമാനത്തില്‍ വര്‍ധനയില്ല. കുടിശ്ശിക നല്കാത്തതിനാല് കരാറുകാര്‍ ടെന്‍ഡര്‍ ബഹിഷ്കരിക്കുന്നു. പൊതുമരാമത്തുരംഗം പൂര്‍ണമായും സ്തംഭിച്ചു.
ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കുടിശ്ശിക നല്‍കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം അനിശ്ചിതത്വത്തിലായി. ചൊവ്വാഴ്ച 1200 കോടി രൂപകൂടി പൊതുവിപണിയില്‍നിന്ന് വായ്പ എടുക്കും. ഏപ്രില്‍ ഒമ്പതിനും 22നും കടപ്പത്രമിറക്കി ആയിരം കോടി രൂപവീതം സമാഹരിച്ചു. ആസൂത്രണ കമീഷനുമായുള്ള ആദ്യവട്ടചര്‍ച്ചയില്‍ കേരളത്തിന്റെ ഈ വര്‍ഷത്തെ പൊതുവിപണിയില്‍നിന്നുള്ള കടമെടുപ്പുപരിധി 13,500 കോടി രൂപയായിരിക്കുമെന്ന ധാരണയുണ്ട്. വികസന ആവശ്യത്തിനല്ലാതെ ഒരു രൂപപോലും വായ്പ എടുക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രഖ്യാപിച്ചു.
എന്നാല്‍, വായ്പ എടുത്ത 3200 കോടിയില്‍ ഒരു രൂപപോലും പദ്ധതിനിര്‍വഹണത്തിന് ഉപയോഗിച്ചില്ല. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി അടങ്കല്‍ 4674.81 കോടി രൂപയായി സംസ്ഥാന ധനകമീഷന് നിശ്ചയിച്ചു. പത്തുമാസമായി തവണയായി നല്‍കണം. ആദ്യതവണ 333.76 കോടി രൂപ മെയ് ഒന്നുമുതല്‍ അനുവദിച്ചതായി ഉത്തരവിറക്കി. ഇതും ട്രഷറിയില്‍നിന്ന് ചെലവായിട്ടില്ല. കഴിഞ്ഞദിവസം ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണത്തിന്റെ സംസ്ഥാനതല ഏകോപനസമിതി യോഗം വാര്‍ഷികപദ്ധതിയില്‍ ഒരു പുരോഗതിയുമില്ലെന്ന് വിലയിരുത്തി.
പെന്‍ഷന്‍കാരുടെ രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശിക ജൂണില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, ജീവനക്കാരുടെയും അധ്യാപകരുടെയും ജനുവരിമുതലുള്ള ക്ഷാമബത്ത കുടിശ്ശിക ഇനിയും നല്‍കിയിട്ടില്ല. ജൂലൈയില്‍ ക്ഷാമബത്ത നല്‍കുമെന്ന് ഭരണകക്ഷി അനുകൂല ജീവനക്കാരുടെ സമ്മേളനത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. തനതുവരുമാനം ഇടിഞ്ഞതോടെ ഇതും അനിശ്ചിതത്വത്തിലായി. ക്ഷാമബത്ത ഇനത്തില്‍ 2000 കോടിയോളം രൂപയുടെ അധികബാധ്യത ഈ വര്‍ഷം സര്‍ക്കാരിനുണ്ട്. കരാറുകാരുടെ കുടിശ്ശികയില്‍ സര്‍ക്കാര്‍ കോടതിയലക്ഷ്യനടപടി നേരിടുകയാണ്. കരാറുകാര്‍ നിര്‍മാണജോലികള്‍ ഏറ്റെടുക്കുന്നില്ല.
കഴിഞ്ഞവര്‍ഷം ജൂലൈമുതലുള്ള 2700 കോടിയോളം രൂപ കുടിശ്ശികയുണ്ട്. ടെന്‍ഡര്‍ നടപടിയും ബഹിഷ്കരിക്കാനുള്ള ഭരണപക്ഷാനുകൂല കരാറുകാരുടെ തീരുമാനം സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. ഒരു രൂപപോലും നീക്കിവയ്ക്കാതെ ബജറ്റില്‍ പ്രഖ്യാപിച്ച 10,000 കോടിയുടെ പദ്ധതികളും അനിശ്ചിതത്വത്തിലാണ്. ഇതിനിടയിലാണ് മിഷന് 676 എന്ന പേരില്‍ മുഖ്യമന്ത്രിയും സകല മന്ത്രിമാരും എണ്ണിയാലൊടുങ്ങാത്ത പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. ആയിരത്തി അഞ്ഞൂറുകോടി രൂപയുടെ അധികനികുതി ഈ വര്‍ഷം ബജറ്റിലൂടെ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും നികുതിവരുമാനം ഒരു ശതമാനംപോലും വര്‍ധിപ്പിക്കാനായിട്ടില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറയുകയാണ്്. ഇതിനിടയില്‍ പുതിയ പ്ലസ്ടു സ്കൂളുകള്‍ അനുവദിക്കാനുള്ള നീക്കത്തിലൂടെ പ്രതിവര്‍ഷം 800 കോടി രൂപയുടെ ബാധ്യതകൂടി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു.
നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന പ്ലസ്ടു സീറ്റുകളുടെ പുനഃക്രമീകരണത്തിനും സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നുമില്ല. നിയുക്ത കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും. ഇതില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാനവിഹിതം കണ്ടെത്തണം. ഇതില്‍ പരാജയപ്പെട്ടാല്‍ കേന്ദ്രാവിഷ്കൃതപദ്ധതികളും നഷ്ടപ്പെടും.
ജി രാജേഷ്കുമാര്‍ ദേശാഭിമാനി
No comments:
Post a Comment