സംസ്ഥാനത്ത് ആരോഗ്യവും വിദ്യാഭ്യാസവും കുടിവെള്ളവും ഉള്‍പ്പെടെ സര്‍ക്കാര്‍ സേവനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കുന്നു. 22 സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നിര്‍ദേശം അടങ്ങിയ പൊതു-സ്വകാര്യ പങ്കാളിത്തനയത്തിന് (പിപിപി നയം) സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപം നല്‍കി. സേവനങ്ങള്‍ക്ക് ഇനി ഫീസും ഈടാക്കും.
സര്‍ക്കാര്‍ ലഭ്യമാക്കുന്ന സേവനങ്ങളും സാധനങ്ങളും തുടര്‍ന്നു നല്‍കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ മാത്രമേ കഴിയൂ എന്ന് ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ പിപിപി നയത്തില്‍ പറയുന്നു. ഇവയ്ക്കായുള്ള നിക്ഷേപത്തിന് സര്‍ക്കാരിന് കഴിയില്ലെന്നാണ് ഒരു ന്യായം. പ്രവാസി മലയാളികള്‍ അടക്കമുള്ളവര്‍ക്ക് നിക്ഷേപ സാഹചര്യമൊരുക്കാനാണ് പിപിപി നയത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന ന്യായവും മുന്നോട്ടുവയ്ക്കുന്നു.
കാര്‍ഷിക അടിസ്ഥാനസൗകര്യ വികസനം, ധാതുമണല്‍ സംസ്കരണം, കുടിവെള്ളം, വ്യാവസായികാവശ്യത്തിനുള്ള വെള്ളം, വിദ്യാഭ്യാസ അനുബന്ധ അടിസ്ഥാനസൗകര്യ വികസനം, മത്സ്യബന്ധനം, വാതകം, ആരോഗ്യ അടിസ്ഥാനസൗകര്യ വികസനം, ഭവന നിര്‍മാണം, വ്യവസായ പാര്‍ക്കുകളും പ്രത്യേക സാമ്പത്തിക മേഖലകളും, വിവര സാങ്കേതികമേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍, ഉള്‍നാടന്‍ ജലഗതാഗതം, ജലസേചനം, ഭൂനവീകരണം, തുറമുഖങ്ങള്‍, ഊര്‍ജം, റോഡും പാലങ്ങളും, ഖരമാലിന്യ സംസ്കരണം, കായിക-വിനോദ അടിസ്ഥാനസൗകര്യം, വിനോദസഞ്ചാരം, ഹോട്ടല്‍, നഗരഗതാഗത സൗകര്യം, മലിനജല സംസ്കരണവും സ്വീവറേജ് സംവിധാനമൊരുക്കലും തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം സ്വകാര്യപങ്കാളിത്തം കൊണ്ടുവരുമെന്ന് നയത്തില്‍ പറയുന്നു.
ദീര്‍ഘകാല നിക്ഷേപം ആവശ്യമാകുന്ന എല്ലാ പദ്ധതിയിലും പിപിപി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തിന്റെ 12-ാം പഞ്ചവത്സരപദ്ധതി സമീപന രേഖയിലാണ് പൊതു-സ്വകാര്യ പങ്കാളിത്തം മുന്നോട്ടുവച്ചത്. ഇതിന് ആനുപാതികമായി പിപിപി നയം രൂപീകരിക്കുകയായിരുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപപ്പെടുത്തിയ പിപിപി നയത്തിന്റെ അന്തിമകരടില്‍ ഇത്തരം പദ്ധതികളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും വില ഈടാക്കുമെന്ന് വ്യക്തമാക്കുന്നു. "പ്രൊവൈഡര്‍ ചാര്‍ജ്" അല്ലെങ്കില്‍ "യൂസര്‍ പേയ്സ്" എന്ന പേരിലായിരിക്കും ഫീസ് ഈടാക്കുക. പുതിയ പദ്ധതികളും നിലവിലുള്ള പദ്ധതികളുടെ പുനഃസ്ഥാപനത്തിനും പിപിപി മാതൃകയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഇതോടെ കുടിവെള്ളത്തിനടക്കം വില കുതിച്ചുയരും. സൗജന്യവിദ്യാഭ്യാസവും ചികിത്സയും ഇല്ലാതാകും. യാത്രാ സൗകര്യത്തിനടക്കം ടോള്‍ വ്യാപകമാകും. പൊതു കായികപരിശീലനസൗകര്യം നിഷേധിക്കപ്പെടും.
സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യമേഖലയാകെ പിപിപിയിലേക്ക് എത്തിക്കുന്ന നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിനുള്ള കളമൊരുക്കലാണ് വിഷന്‍ 676ന്റെ പേരില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും വിവിധ വകുപ്പുകളില്‍ നടത്തുന്ന പദ്ധതി പ്രഖ്യാപനങ്ങള്‍. പിപപി നയം നടപ്പാക്കുന്നത് ത്വരിതപ്പെടുത്താനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ബോര്‍ഡ് എന്ന പേരില്‍ പ്രത്യേക സംവിധാനമുണ്ടാക്കും. ഇതിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ബില്‍ കൊണ്ടുവരും. 20 വര്‍ഷം കാലാവധിയുള്ളതോ 200 കോടിക്കുമുകളില്‍ നിക്ഷേപം ആവശ്യമായതോ ആയ എല്ലാ പദ്ധതികളും പൊതു-സ്വകര്യ പങ്കാളിത്തത്തിലേക്ക് മാറും. ഇവയില്‍നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും പൊതുജനം കൂലിനല്‍കേണ്ടിവരും. ഇനിമുതല്‍ സൗജന്യ പദ്ധതികള്‍ ആരംഭിക്കില്ലെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.
ജി രാജേഷ്കുമാര്‍ deshabhimani
No comments:
Post a Comment