കോട്ടയം: നരേന്ദ്രമോഡിയല്ല ആര് വിചാരിച്ചാലും കേരള സെക്രട്ടറിയറ്റില്‍ കേന്ദ്ര ഓഫീസ് തുറക്കാന്‍ പോകുന്നില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്ക് എംഎല്‍എ പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം പഴയ പൊലീസ്സ്റ്റേഷന്‍ മൈതാനിയില്‍ "ഭരണം, വികസനം, സാമ്പത്തിക പ്രതിസന്ധി" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യപ്രതിജ്ഞ പോലും കഴിയും മുമ്പേ ബിജെപി എടുത്ത തീരുമാനമാണിത്. സംസ്ഥാന അധികാരം കവരാനുള്ള ഈ നീക്കം പ്രതിപക്ഷം ഒറ്റക്കെട്ടായി ചെറുക്കും. കോണ്‍ഗ്രസും യോജിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ബിജെപിയുടെ നിലപാട് പ്രശ്നമല്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍വഴി നടപ്പാക്കുകയാണ് വേണ്ടത്. അധികാരവികേന്ദ്രീകരണം അട്ടിമറിക്കാനുള്ള നീക്കത്തെ അടിമുടി എതിര്‍ക്കും. ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം ബിജെപിക്ക് മാത്രമായുണ്ട്. ഇത് മുതലാക്കി ഭരണഘടനയുടെ അടിസ്ഥാനശിലകളെ തകര്‍ക്കാന്‍ അവര്‍ മുതിരുമോ എന്നാണറിയേണ്ടത്. മോഡിയുടെ പേരില്‍ നാലു മാസംകൊണ്ട് ഓഹരിവില 25 ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍ വ്യവസായ ഉല്‍പ്പാദനം മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പതനത്തിലാണ്. അതായത് ലാഭം കുറയുന്ന കാലം. എന്നിട്ടും ഓഹരിവില കൂടുന്നു. ഓഹരി വാങ്ങിക്കൂട്ടുന്ന വിദേശ കമ്പനികള്‍ക്കോ സ്വദേശി നിക്ഷേപകര്‍ക്കോ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ താല്‍പ്പര്യമില്ല. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ ഒരു ലക്ഷം കോടി വിദേശപണമാണ് ഇന്ത്യന്‍ ഓഹരികമ്പോളത്തിലേക്ക് ഒഴുകിയത്. ഇവര്‍ക്ക് വേണ്ടത് ലാഭം മാത്രമാണ്. സാമ്പത്തിക വളര്‍ച്ചയും ഇവരുടെ ലക്ഷ്യമല്ല. ഓഹരിദല്ലാളന്മാരുടെ സ്വത്ത് കൂട്ടാന്‍ മാത്രമേ ഇതുപകരിക്കൂ. ഓഹരിവില കൂടിയാല്‍ ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ മുതല്‍മുടക്കില്ല. മോഡി നേരിടുന്ന പ്രതിസന്ധി ഇതാണെന്നും ഐസക്ക് പറഞ്ഞു.
സംസ്ഥാനത്ത് എന്തുകൊണ്ടാണ് ശമ്പളം, ഡി എ, ക്ഷേമപെന്‍ഷനുകള്‍ എന്നിവ നല്‍കാന്‍ സര്‍ക്കാരിന് കടമെടുക്കേണ്ടിവരുന്നതെന്ന് നാം ചിന്തിക്കണം. നികുതിപിരിവ് രണ്ടു വര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ "പൊളിച്ചടുക്കി"യതാണ് അതിന് കാരണം. നികുതി കൂട്ടിയിട്ടും നികുതിവരുമാനം കൂടാത്തത് അഴിമതി നിമിത്തമാണ്. ചെക്ക്പോസ്റ്റ് കടന്നുള്ള കോഴിക്കച്ചവടം ഉത്തമോദാഹരണം. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭ്രാന്തരാക്കുന്ന ഭരണമാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. എംജി മുന്‍ പിവിസി ഡോ. രാജന്‍ വര്‍ഗീസും സംസാരിച്ചു. പിഎച്ച്എം ഇസ്മയില്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ആര്‍ ഭാസ്കരന്‍ പങ്കെടുത്തു. ഇ പ്രേംകുമാര്‍ സ്വാഗതവും കെ സുന്ദര്‍രാജ് നന്ദിയും പറഞ്ഞു. കേരള കലാമണ്ഡലം നൃത്തസന്ധ്യയും അവതരിപ്പിച്ചു.
deshabhimani
No comments:
Post a Comment