Saturday, May 24, 2014

മോഡിക്കെതിരെ പോസ്റ്റ്; യുവാവിനെതിരെ കേസ്

മീററ്റ്/പനാജി: ഫെയ്സ്ബുക്കിലൂടെ നരേന്ദ്രമോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കപ്പല്‍നിര്‍മാണ കമ്പനിയിലെ ജീവനക്കാരനെതിരെ ഗോവ പൊലീസ് കേസെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തില്‍ "മോഡി അധികാരത്തിലെത്തിയാല്‍ വംശഹത്യകള്‍ തുടര്‍ക്കഥയാകുമെന്ന്"- ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുംബൈ സ്വദേശി ദേവു ചോദാങ്കറിനെതിരെയാണ് കേസ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

47,000 അംഗങ്ങളുള്ള "ഗോവ പ്ലസ്" എന്ന ജനപ്രിയ ഗ്രൂപ്പിലാണ് ചോദാങ്കര്‍ പോസ്റ്റിട്ടത്. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് മുന്‍ ചെയര്‍മാന്‍ അതുല്‍ പൈ കെയ്നാണ് ചോദാങ്കറിനെതിരെ പരാതി കൊടുത്തത്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ചോദാങ്കര്‍ ഗോവയിലെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. വിമര്‍ശിക്കുന്നവരെ ബിജെപി കൈയൂക്കിനാല്‍ നേരിടുകയാണെന്ന വിമര്‍ശവുമായി വിവിധ രാഷ്ട്രീയ പാര്‍ടികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.

അതിനിടെ, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രോത്സാഹിപ്പിച്ചതിന് മീററ്റ് സര്‍വകലാശാലയില്‍നിന്ന് 10 കശ്മീരി വിദ്യാര്‍ഥികളെ പുറത്താക്കി. അപമര്യാദയായി പെരുമാറിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ സ്വാമി വിവേകാനന്ദ സുഭാരതി സര്‍വകലാശാലയില്‍നിന്ന് പറഞ്ഞുവിടുന്നത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും നിഷ്കളങ്കരായ ജനങ്ങളെ കൊന്നൊടുക്കയും ചെയ്യുന്ന പാകിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കരുതെന്ന് നേരത്തെ ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയും ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് രണ്ടിന് ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് കളി നടക്കവേ പാക് ടീമിനെ പ്രോത്സാഹിപ്പിച്ചതിനും വിജയിച്ചപ്പോള്‍ സര്‍വകലാശാലാ ഹോസ്റ്റലില്‍ മധുരപലഹാരം വിതരണം ചെയ്തതിനും 67 കശ്മീരി വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍വകലാശാല ചുമതലപ്പെടുത്തിയ അച്ചടക്കസമിതി നടത്തിയ അന്വേഷണത്തില്‍ 10 പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് വൈസ്ചാന്‍സലര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment