ആലപ്പുഴ: രാജ്യത്തുടനീളം ഒരേ നികുതി എന്നപേരില്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന ജിഎസ്ടി (ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ്) സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. അര്‍ഹമായ നികുതി പിരിക്കാതെ ചെലവ് ചുരുക്കാനുള്ള നീക്കം ജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുംമേല്‍ പുതിയ ഭാരം അടിച്ചേല്‍പ്പിക്കും.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ 22-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സാമ്പത്തിക തകര്‍ച്ചയും പെന്‍ഷനും എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വാറ്റിനുപകരം പുതിയ നികുതി സംവിധാനം നടപ്പാക്കുന്നതോടെ സംസ്ഥാനത്തിന്റെ വില്‍പ്പന നികുതി വരുമാനം കുത്തനെ ഇടിയും. മറ്റ് സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച് ഇവിടെ വില്‍ക്കുന്ന ഒരു ചരക്കിനും ഇനിമുതല്‍ നികുതി ലഭിക്കില്ല. ജിഎസ്ടി അനുസരിച്ച് എവിടെയാണോ ഉല്‍പ്പാദനം നടക്കുന്നത് അവിടെ എല്ലാ നികുതിയും നല്‍കണം.
ഇത് സംസ്ഥാന സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കും. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നാലും ധനസ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടാകില്ല. പ്രതിവര്‍ഷം 2.5 ലക്ഷം കോടിരൂപയാണ് മുതലാളിമാര്‍ക്ക് നികുതി ഇളവ് നല്‍കുന്നത്. ഇതില്‍നിന്ന് ഒരുലക്ഷം കോടി പിരിച്ചെടുത്താല്‍ രാജ്യത്തെ സാമ്പത്തിക പ്രതിന്ധി മറികടക്കാം. എന്നാല്‍ സബ്സിഡി വെട്ടിക്കുറച്ച് ജനങ്ങളുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാനാണ് നീക്കം. രാജ്യത്തിന്റെ സമ്പത്ത് മുതലാളിമാര്‍ക്ക് സൗജന്യമായി നല്‍കുന്നതാണ് ഇവരുടെ നയം. നികുതി വരുമാനം കുറഞ്ഞതാണ് സംസ്ഥാനത്തെ ഇത്രയും വലിയ പതനത്തില്‍ എത്തിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഷംതോറും 20 ശതമാനം നികുതി വര്‍ധിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 12 ശതമാനമായിരുന്നത് ഇപ്പോള്‍ പത്തില്‍താഴെയായി കുറഞ്ഞു. നികുതി വരുമാനം വര്‍ധിപ്പിക്കാതെ ശമ്പളവും പെന്‍ഷനും അടക്കം നല്‍കാന്‍ കടമെടുക്കുകയാണ്. 2000 കോടി രൂപ ഇതിനകം കടമെടുത്ത സര്‍ക്കാര്‍ 1200 കോടിയുടെ വായ്പയ്ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. ധനകാര്യ വര്‍ഷാരംഭത്തില്‍തന്നെ ഇത്രയും കടംവരുത്തിയ സര്‍ക്കാര്‍ വര്‍ഷാന്ത്യത്തില്‍ ഗുരുതര പ്രതിസന്ധിയിലാകും. വികസന പ്രവര്‍ത്തനങ്ങളാകെ നിശ്ചലമാകും. ശമ്പളവും പെന്‍ഷനും അടക്കം മുടങ്ങും. പുതിയ പെന്‍ഷന്‍ പദ്ധതിയനുസരിച്ച് എത്ര കൊടുക്കണം എന്നുമാത്രമേ പറയുന്നുള്ളൂ.
പെന്‍ഷന്‍ കിട്ടുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. ട്രഷറികളെ ബാങ്കുകളുടെ മാതൃകയില്‍ പരിഷ്കരിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ എടിഎം കൗണ്ടറുകള്‍ സ്ഥാപിച്ചാല്‍ സര്‍ക്കാരിന് ട്രഷറി പൂട്ടേണ്ടി വരില്ല. വാഹന നികുതി 5 വര്‍ഷത്തെ ഒന്നിച്ച് ഇടാക്കുന്നത് വരും വര്‍ഷങ്ങളിലെ സാമ്പത്തികസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani
No comments:
Post a Comment