Sunday, May 25, 2014

മോഡിക്കെതിരെ പോസ്റ്റ്; നിയമനടപടിയില്‍ പ്രതിഷേധം

പനാജി: നിയുക്ത പ്രധാനമന്ത്രിക്കെതിരെ ഫെയ്സ്ബുക്കില്‍ വിമര്‍ശമുന്നയിച്ച മുംബൈ സ്വദേശിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശസംഘടനകളും രാഷ്ട്രീയപാര്‍ടികളും രംഗത്തുവന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തില്‍ മോഡി അധികാരത്തിലെത്തിയാല്‍ വംശഹത്യകള്‍ തുടര്‍ക്കഥയാകുമെന്ന് ജനപ്രിയ ഗ്രൂപ്പായ ഗോവപ്ലസില്‍ പോസ്റ്റ് ചെയ്ത മുപ്പത്തൊന്നുകാരനായ ദേവു ചോദാങ്കറിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

വിവരസാങ്കേതികവകുപ്പിലെ 66എ വകുപ്പിന്റെ നഗ്നമായ ദുരുപയോഗമാണ് ചോദാങ്കറിനെതിരായ കേസെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസ്, ഗോവ നാഷണലിസ്റ്റ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നീല്‍കാന്ത് ഹലാക്കര്‍, എംഎല്‍എ വിജയ് സര്‍ദേശായ്, സിപിഐ എം, ആം ആദ്മി, സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രതിഷേധപരിപാടികളില്‍ പങ്കെടുത്തു. ചോദാങ്കറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും സംഭവം നടന്നിട്ട് രണ്ടുമാസത്തോളം കഴിഞ്ഞ സ്ഥിതിക്ക് ഇപ്പോള്‍ നടപടി സ്വീകരിക്കുന്നതില്‍ അര്‍ഥമില്ലെന്നും എഎപി ഗോവ അധ്യക്ഷന്‍ വാല്‍മീകി നായക് പറഞ്ഞു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണോ ഗോവയിലെ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് എംഎല്‍എ വിജയ് സര്‍ദേശായ് മാധ്യമങ്ങളോട് പറഞ്ഞു. സ്വതന്ത്രമായ ആശയപ്രകാശനത്തിന് നേരെയുള്ള അസഹിഷ്ണുത അംഗീകരിക്കാനാകില്ലെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ നിലപാട്. തിങ്കളാഴ്ച രാവിലെ ഗോവ ഡിജിപിയെ സന്ദര്‍ശിച്ച് വിഷയം ചര്‍ച്ചചെയ്യുമെന്നും ചോദാങ്കറിനെതിരായ കേസ് ഒഴിവാക്കാന്‍ ആവശ്യപ്പെടുമെന്നും ഇവര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment