Saturday, May 24, 2014

ബിജെപി വോട്ടില്‍ വന്‍വര്‍ധനവെന്ന പ്രചാരണം തെറ്റ്: പിണറായി

ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടില്‍ ഭീമമായ വര്‍ധനവുണ്ടായെന്ന പ്രചാരണം ശരിയല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാനകമ്മിറ്റിക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പില്‍ 10.03 ശതമാനം വോട്ട് ബിജെപി നേടിയിട്ടുണ്ട്. ബിജെപിയുടെ വോട്ട് അനുഭവത്തില്‍ കാണാമറയത്ത് നില്‍ക്കുന്ന വോട്ടാണ്. ഇത്തവണ അവര്‍ക്ക് ലഭിച്ച വോട്ട് ശതമാനത്തില്‍ ഭീമമായ വര്‍ധനവുണ്ടായെന്ന പൊതുവായ പ്രതീതിയുണ്ട്. എന്നാല്‍ 2004ല്‍ 12.13 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് എന്ന് കാണണം. അന്ന് ബിജെപി പിന്തുണയോടെ മത്സരിച്ച പി സി തോമസിന്റെ വോട്ട് കൂടി ചേര്‍ന്നതായിരുന്നു അത്. എന്നാല്‍ 12.11 ശതമാനം എന്നത്10.83 ഉമായി താരതമ്യപ്പെടുത്തിയാല്‍ വോട്ട് വിഹിതത്തില്‍ ഗണ്യമായ വര്‍ധനവാകുമോ?.

ബിജെപിയുടെ വോട്ട് എല്ലാ തെരഞ്ഞെടുപ്പിലും മറിച്ച് കൊടുക്കാറുണ്ട്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അത് തടയാന്‍ വലിയ ശ്രമം നടന്നു. പക്ഷേ മറിച്ച് കൊടുത്ത് ശീലിച്ചവര്‍ അതിന്റെ ഭാഗമായ ഗുണങ്ങള്‍ക്ക് വഴങ്ങിക്കൊണ്ട് വോട്ട് മറിയ്ക്കല്‍ തുടര്‍ന്നു. ഓരോ പ്രദേശത്തും എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി വോട്ടിന്റെ നല്ലഭാഗം യുഡിഎഫിന് പോയി. ഇത്തവണയും കേട്ടത് ചിലയിടങ്ങളില്‍ നേരത്തേ കരാര്‍ ഉറപ്പിച്ചു എന്നാണ്. ആര്‍എസ്എസ് ഒക്കെ ഇടപെട്ട് പാടില്ലെന്ന് നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് കേട്ടു.

എന്നിട്ടുപോലും 2004 ലേക്കാള്‍ വോട്ട് ബിജെപിക്ക് കുറഞ്ഞ അഞ്ച് മണ്ഡലങ്ങളുണ്ട്. വടകര, ആലത്തൂര്‍, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണിവ. 2004ല്‍ നിന്ന് ഇത്രയും മണ്ഡലങ്ങളില്‍ ബിജെപി പിന്നോക്കം പോയതാണെങ്കില്‍ ശരി. എന്നാല്‍ ബിജെപി നടത്തിയ പ്രചാരണവും മോഡി ടീം ഉണ്ടാക്കിയ ചലനവും ബിജെപി വോട്ടിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. അതിഭീമമായി ബിജെപി വോട്ട് കൂടി എന്ന് വിലയിരുത്തേണ്ടതില്ല-പിണറായി പറഞ്ഞു.

സംസ്ഥാന തലത്തിലുള്ള പരിശോധന മാത്രമാണ് ഇപ്പോള്‍ നടത്തിയത്. എല്ലാ മണ്ഡലങ്ങളിലും പരിശോധനയുണ്ടാകും. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ നിശിതമായ പരിശോധന തന്നെ നടക്കും. സംസ്ഥാന നേതാക്കള്‍ തന്നെ പങ്കെടുത്ത് യോഗങ്ങള്‍ ചേരുകയും സഖാക്കളുമായി സംസാരിക്കുകയും ചെയ്യും അതിന് സഖാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അമൃതാനന്ദമയി ആശ്രമത്തില്‍ നടന്ന പ്രശ്നങ്ങളില്‍ എടുത്ത നിലപാട് തെരഞ്ഞെടുപ്പില്‍ കൊല്ലത്തും ആലപ്പുഴയിലും ദോഷം ചെയ്തതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. അമൃതാനന്ദമയിക്ക് എല്ലായിടത്തും അനുയായികളുണ്ടല്ലോ. എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം കിട്ടിയ പാലക്കാട് പോലെയുള്ള മണ്ഡലങ്ങള്‍ ഉണ്ടല്ലോ. അവിടെ അവര്‍ക്ക് ആളില്ലെന്ന് പറയാനാവില്ലല്ലോ-അദ്ദേഹം ചൂണ്ടിക്കാട്ടി.

കുണ്ടറ നിയോജകമണ്ഡലത്തില്‍ നിന്ന് എംഎല്‍എ സ്ഥാനം എം എ ബേബി രാജിവെക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും എല്ലാക്കാലത്തും വ്യത്യസ്ത രീതിയിലാണ് ജനങ്ങള്‍ വോട്ട് ചെയതിട്ടുള്ളത്. ലോക്സഭാ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടന്നപ്പോഴും ഇങ്ങനെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് പാര്‍ലമെണ്ട് ഫലം വെച്ച് അങ്ങനെയൊരു നിലപാടെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രേമചന്ദ്രനെപ്പറ്റി നടത്തിയ പരാമര്‍ശം തെറ്റായിപ്പോയി എന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്ന് പിണറായി ചോദയത്തിന് മറുപടി നല്‍കി. അയാള്‍ അര്‍ഹിക്കുന്ന പദം ഉപയോഗിച്ചു എന്നുതന്നെയാണ് ഞങ്ങള്‍ കാണുന്നത്.

ആര്‍എസ് പി മുന്നണി വിട്ടതുകൊണ്ടു മാത്രം തോറ്റു എന്ന നില ഒരു മണ്ഡലത്തിലും ഉണ്ടായിട്ടില്ല. എന്നാല്‍ ആര്‍എസ്പി ഇടതുപക്ഷത്ത് നില്‍ക്കേണ്ട പാര്‍ട്ടിയാണ് . അവര്‍ എന്തുകൊണ്ട് മറുപക്ഷത്തെത്തി എന്ന ചിന്ത ഉണ്ടായിട്ടുണ്ടാകും. കൊല്ലത്തെ തോല്‍വിക്ക് കാരണം ആര്‍എസ്പിയുടെ കൂറുമാറ്റം മാത്രമാണോ അതോ മറ്റെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും.

ആര്‍എംപിയുടെ വോട്ട് യുഡിഎഫിന് മറിഞ്ഞെന്ന് വ്യക്തമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. അല്ലെങ്കില്‍ വടകരയില്‍ ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണച്ചിട്ടും ആര്‍എംപിവോട്ട് എങ്ങനെയാണ് കുറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

deshabhimani

No comments:

Post a Comment