Saturday, May 24, 2014

എല്‍ഡിഎഫിന് വോട്ടും സീറ്റും കൂടി

ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2009 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടും സീറ്റും വര്‍ധിപ്പിക്കാനായി എന്നി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാനകമ്മിറ്റിക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2009ല്‍ വിജയിച്ച നാല് സീറ്റുകള്‍ വിജയിക്കാനും ഒപ്പം പുതിയ നാല് സീറ്റ് വിജയിക്കാനും എല്‍ഡിഎഫിന് കഴിഞ്ഞു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് എല്‍ഡിഎഫിന് 4,93,143 വോട്ട് കുടുതല്‍ ലഭിച്ചു. അതേസമയം യുഡിഎഫിന് 1,10,503 വോട്ട് കുറയുകയാണുണ്ടായത്. എല്‍ഡിഎഫിന് 40.17 ശതമാനം വോട്ടും യുഡിഎഫിന് 42.02 ശതമാനം വോട്ടുമാണ് ലഭിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായിരുന്നു അഞ്ച് സ്വതന്ത്രരില്‍ 2 പേര്‍ വിജയിച്ചു. പത്തനംതിട്ടയിലും പൊന്നാനിയിലും യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കായി.പൊതുവെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സ്വീകരിക്കപ്പെട്ടിരുന്നു. ജനങ്ങള്‍ക്കിടയില്‍ യുഡിഎഫ് ഒറ്റപ്പെട്ട സമയത്താണ് തെരഞ്ഞെടുപ്പ് വന്നത്. മന്ത്രിമാരുടെ അഴിമതിയും സദാചാരവിരുദ്ധ പ്രവൃത്തിയും എല്ലാം യുഡിഎഫിന് എതിരായിരുന്നു. കോടതിപോലും മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ആ ഘട്ടത്തിലും എല്‍ഡിഎഫ് ഒറ്റക്കെട്ടായിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ആര്‍എസ്പി കോണ്‍ഗ്രസിന്റെ ഉപജാപത്തെ തുടര്‍ന്ന് യുഡിഎഫ് പാളയത്തിലെത്തിയത്. അത് മാറ്റിയാല്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആര്‍എസ്പി പോയ സാഹചര്യം കൂടി കണക്കിലെടുത്ത് വലിയ പ്രചാരണമാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ നടത്തിയത്. കൂടാതെ ഗൗരിയമ്മയുടെ ജെഎസ്എസും സിഎംപിയും എല്‍ഡിഎഫിനുവേണ്ടി പ്രവര്‍ത്തിച്ചു. ഗൗരിയമ്മയുടെ പ്രചാരണം വളരെ ആവേശം നല്‍കുന്നതുമായിരുന്നു. അതുപോലെ ഫോര്‍വേര്‍ഡ് ബ്ലോക്ക്, ഐഎന്‍എല്‍, റെഡ് ഫ്ളാഗ് എന്നീ പാര്‍ടികളും എല്‍ഡിഎഫിനായി പ്രവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

കോണ്‍ഗ്രസിനും ബിജെപിക്കും ശക്തമായ ബദല്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് എല്‍ഡിഎഫ് എടുത്ത് പറഞ്ഞിരുന്നത.്് യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും ബിജെപിയുടെ വര്‍ഗീയ കാഴ്ചപാടുകളും തുറന്നുകാട്ടിയിരുന്നു . എന്നാല്‍ ഏറെ മാധ്യമങ്ങളും ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. കുത്തക മാധ്യമങ്ങള്‍ക്ക് അവരവരുടേതായ താല്‍പര്യങ്ങളുണ്ടാകാം. എന്നാല്‍ മറ്റ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ ചിന്തിച്ചത് എന്തുകൊണ്ടാണെന്ന് അറിയുന്നില്ല. അവര്‍ യുഡിഎഫിനെ വിജയിപ്പിക്കാനാണ് ശ്രമിച്ചത്.തെരഞ്ഞെടുപ്പിനിടയില്‍ മോഡി സര്‍ക്കാര്‍ വരുമെന്ന പ്രതീതിയുമുണ്ടാക്കി. ജനം ശരിയായ തീരുുമാനമെടുക്കരുതെന്ന നിര്‍ബന്ധം മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു.

കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ രണ്ടക്കത്തിലൊതുങ്ങുമെന്നും മോഡിയെ തടയാന്‍ കോണ്‍ഗ്രസിനാകില്ലെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാണിച്ചിരുന്നു. മതന്യൂനപക്ഷ വിഭാഗങ്ങള്‍ ഇത്തവണ ഒരേ നിലപാടല്ല എല്ലാ മണ്ഡലത്തിലും സ്വീകരിച്ചത്. ചാലക്കുടിയിലും ഇടുക്കിയിലും ക്രൈസ്തവ ന്യൂനപക്ഷം എല്‍ഡിഎഫിനൊപ്പം നിന്നു. തൃശൂരില്‍ കോണ്‍ഗ്രസും സഭാ നേതൃത്വവും തമ്മിലുള്ള പ്രശ്നങ്ങളും എല്‍ഡിഎഫിനെ തുണച്ചു.

എന്നാല്‍ ജാതി സംഘടനകള്‍ കാശുണ്ടാക്കാനുള്ള മാര്‍ഗമായി തെരഞ്ഞെടുപ്പിനെ കണ്ടു. കോടിക്കണക്കിന് രൂപ തെരഞ്ഞെടുപ്പിന് ചിലവഴിച്ചവര്‍ ഇവിടെയുണ്ടല്ലോ. ഇത്തരക്കാര്‍ക്ക് വോട്ട് മറിച്ചതിനുള്ള പ്രത്യക്ഷ തെളിവുകള്‍ ഉണ്ട്. ചിലയിടങ്ങളില്‍ ബിജെപിക്കും ഇവര്‍ സഹായം നല്‍കി. ആപല്‍ക്കരമായ പണത്തിന്റെ കുത്തൊഴുക്ക് ജനാധിപത്യത്തെ പരാജയപ്പെടുത്തി.

തെരഞ്ഞെടുപ്പില്‍ മുഖ്യകക്ഷികള്‍ക്ക് പുറമെ മല്‍സരിച്ച മറ്റുള്ളവര്‍ക്ക് 6.43 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിക്കപ്പെടേണ്ടതാണ്. തീവ്രമതസംഘടനയുടെ സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടുനേടാനായിട്ടുണ്ട്. കൂടാതെ നോട്ടക്ക് ലഭിച്ചവോട്ടുകള്‍ കേരളത്തില്‍ അരാഷ്ട്രീയത വളര്‍ന്ന് വരുന്നതിന്റെ ഭാഗമായി തന്നെ പാര്‍ടി പരിശോധിക്കും. പുതിയ വോട്ടര്‍മാരെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും പാര്‍ടി തീരുമാനിച്ചിട്ടുണ്ട്് . അതിനുള്ള തിരുത്തലുകള്‍ പാര്‍ടിയുടെ ഭാഗത്തുനിന്നുണ്ടാകും. അതിലൂടെ ജനവിശ്വാസം ആര്‍ജ്ജിക്കാനും സാധിക്കും. പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment