രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്കി. ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ പൊതുമേഖലാ ബാങ്കുകളുടെ ശക്തമായ നിര കെട്ടിപ്പടുത്ത നയം പൂര്‍ണമായി തിരുത്തിയെഴുതണമെന്ന് നിര്‍ദേശിക്കുന്നതാണ് പി ജെ നായക്ക് നേതൃത്വം നല്കിയ എട്ടംഗ സമിതിയുടെ റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് സമിതിയെ നിയോഗിച്ചത്.
പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാമ്യംനില്ക്കുന്ന സംവിധാനം അവസാനിപ്പിക്കണമെന്നും വിപണിയില്‍ മത്സരിച്ചുമാത്രം ബാങ്കുകള്‍ നിലനിന്നാല്‍ മതിയെന്നുമാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടയ്ക്കിടെ മൂലധനം നല്കാന് പാടില്ല. സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ മറ്റ് ബാങ്കുകളില്‍ ലയിപ്പിക്കുകയോ ബാങ്കുകളുടെ ഭരണനിര്‍വഹണ സമിതിയുടെ ഘടനയില്‍ മാറ്റംവരുത്തി ഇന്നുള്ള ഘടന അടിമുടി പൊളിച്ചെഴുതുകയോ വേണം.
ബാങ്കിങ് മേഖലയില്‍ വന്‍ മത്സരമാണ് നടക്കുന്നത്. അതില്‍ മത്സരിക്കുന്ന സ്വകാര്യബാങ്കുകള്‍ക്ക് ഒരു സംവിധാനവും പൊതുമേഖലാബാങ്കുകള്‍ക്ക് മറ്റൊരു സംവിധാനവും ശരിയല്ല. പൊതുമേഖലാബാങ്കുകളെ സര്‍ക്കാര്‍ സംരക്ഷിക്കുകയും അവയിലെ നിക്ഷേപങ്ങള്‍ക്ക് ഗ്യാരന്റി നല്‍കുകയും ചെയ്യുന്നത് വിവേചനമാണ്. പൊതുമേഖലാ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ രൂപീകരിക്കുന്നതിന് ഇന്നുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും അടിമുടി മാറ്റണം.
ഡയറക്ടര്‍ ബോര്‍ഡുകളുടെ ഗുണനിലവാരം ഉയര്‍ത്തണം. ബിസിനസ് തന്ത്രം, നഷ്ടസാധ്യത എന്നിവ അടിസ്ഥാനമാക്കിയാക്കണം ഡയറക്ടര്‍ ബോര്‍ഡിലെ പ്രധാന ചര്‍ച്ചകളും തീരുമാനങ്ങളും. അതിന് കഴിയുന്നതാകണം ബോര്‍ഡ്. ബോര്‍ഡിന് പൂര്‍ണമായ അധികാരങ്ങള്‍ നല്‍കണം. ബോര്ഡിന്മേല് ഗവണ്മെന്റിന് നിയന്ത്രണമുണ്ടാകരുതെന്നും സ്വകാര്യമേഖലയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവിധം ബോര്‍ഡുകളെ മാറ്റിയെടുക്കണമെന്നുമാണ് റിപ്പോര്‍ട്ടിലെ സാരം. പൊതുമേഖലാ ബാങ്കുകള്‍ക്കായി ബാങ്ക് ഇന്‍വെസ്റ്റ്മെന്റ് കമ്പനി(ബിഐസി) രൂപീകരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. പൊതുമേഖലാ ബാങ്കുകള്‍ക്കുള്ള ഫണ്ട് രൂപീകരിക്കുകയെന്നതാകണം ഉദ്ദേശ്യം. ഇതിന്റെ മേധാവിയായി സ്വകാര്യബാങ്കിങ്-ധനകാര്യമേഖലയിലെ പ്രമുഖരെയാകണം നിയമിക്കേണ്ടത്.
പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നിയന്ത്രണങ്ങള്‍ ഒരേസമയം ആവശ്യമില്ല. റിസര്‍വ് ബാങ്ക് മാത്രം നിയന്ത്രിച്ചാല്‍ മതി. പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാരിന്റെ ഓഹരി 50 ശതമാനത്തില്‍ താഴെയാകണം. നിക്ഷേപങ്ങള്‍ക്ക് ഗവണ്മെന്റ് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ല. പൊതുമേഖലാ ബാങ്കുകളെ ഒന്നുകില്‍ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുക അല്ലെങ്കില്‍ പൊതുമേഖലാ സ്വഭാവവും സര്‍ക്കാരിന്റെ നിയന്ത്രണ-സംരക്ഷണ സംവിധാനങ്ങളും പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ കാതല്‍.
ജനുവരി 20നാണ് കമ്മിറ്റി രൂപീകരിച്ചത്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. ഫെബ്രുവരി 18 മുതല്‍ അഞ്ച് തവണ യോഗം ചേര്‍ന്ന സമിതി മെയ് 13ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വി ജയിന് deshabhimani
No comments:
Post a Comment