പതിനാറാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവെന്ന ഔദ്യോഗിക പദവിയില്‍ ആരും ഉണ്ടാകില്ല. യുപിഎ ഒറ്റ ഘടകമായി അവതരിപ്പിച്ച് പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുക്കാന്‍ കോണ്‍ഗ്രസും ജയലളിതയെയും നവീന്‍ പട്നായിക്കിനെയും കൂട്ടുപിടിച്ച് മമത ബാനര്‍ജിയും ശ്രമിക്കുന്നുണ്ട്. പത്തു ശതമാനമെങ്കിലും (55 പേര്) അംഗങ്ങളുണ്ടെങ്കില്മാത്രമേ നിലവിലുള്ള ചട്ടങ്ങള്‍പ്രകാരം പ്രതിപക്ഷ പാര്‍ടി സ്ഥാനം നേടാന്‍ സാധിക്കൂ. ബിജെപി കഴിഞ്ഞാല്‍ 44 സീറ്റുള്ള കോണ്‍ഗ്രസാണ് രണ്ടാമത്തെ പാര്‍ടി. എന്നാല്‍, 55 അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷ പാര്‍ടി സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കില്ല. ആദ്യ സ്പീക്കറായ ജി വി മാവ്ലങ്കറാണ് പ്രതിപക്ഷ പാര്‍ടി സ്ഥാനം നേടാന്‍ കുറഞ്ഞത് പത്തു ശതമാനം അംഗങ്ങള്‍ വേണമെന്ന ചട്ടം ആദ്യമായി മുന്നോട്ടുവച്ചത്. പാര്‍ടികളുടെ എണ്ണം അമിതമായി വര്‍ധിക്കുന്നതും വിഘടിത ഗ്രൂപ്പുകള്‍ പെരുകുന്നതും തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നിര്‍ദേശം. സ്പീക്കറുടെ ഉത്തരവുകള്‍ 121 (ജി) പട്ടികയില്‍ ഉള്‍പ്പെട്ട ഈ നിര്‍ദേശം പിന്നീട് കീഴ്വഴക്കമായി. ഒന്നിലധികം പാര്‍ടികള്‍ക്ക് 55 സീറ്റില്‍ കൂടുതലുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച പാര്‍ടിയുടെ നേതാവിന് പ്രതിപക്ഷ നേതാവാകാം. 30 സീറ്റില്‍ കൂടുതലുള്ള പാര്‍ടിക്ക് പ്രതിപക്ഷ ഗ്രൂപ്പ് എന്ന പദവി നല്‍കും. 1988ല്‍ പാര്‍ലമെന്റ് ഫെസിലിറ്റീസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികളും കോണ്‍ഗ്രസിന്റെയും മമതയുടെയും മോഹങ്ങള്‍ക്ക് തടയിടുന്നതാണ്. ഈ ചട്ടമനുസരിച്ചും അംഗീകൃത പാര്ടിസ്ഥാനം ലഭിക്കാന്‍ പത്തു ശതമാനം അംഗങ്ങളുണ്ടാകണം. പത്തുശതമാനം സീറ്റുള്ള പാര്‍ടിയുടെ നേതാവിനും ചീഫ്വിപ്പിനും പ്രത്യേക സൗകര്യങ്ങളുണ്ടാകും. യുപിഎ എന്ന രീതിയില്‍ ഒരു ഘടകമായി നിന്നാലും പ്രതിപക്ഷ പാര്‍ടി സ്ഥാനം ലഭിക്കില്ല. കാരണം, ഒരൊറ്റ പാര്ടിക്കുമാത്രമായാണ് ഈ സ്ഥാനം നല്‍കുക. തെരഞ്ഞെടുപ്പിനുമുമ്പോ അതിനുശേഷമോ രൂപപ്പെടുന്ന സഖ്യങ്ങള്‍ക്ക് ഈ പദവി അവകാശപ്പെടാനാകില്ല. ഇതൊക്കെയാണെങ്കിലും സ്പീക്കര്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്ന മറുവാദവും ശക്തമാണ്.
1952ല്‍ ആദ്യ ലോക്സഭമുതല്‍ 1969ല്‍ നാലാം ലോക്സഭവരെ പ്രതിപക്ഷ പാര്‍ടി സ്ഥാനത്തും നേതാവിന്റെ സ്ഥാനത്തും ഔദ്യോഗികമായി ആരും ഉണ്ടായിരുന്നില്ല. ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവെന്ന നിലയില്‍ എ കെ ജിയെ പ്രതിപക്ഷനേതാവായാണ് പരിഗണിച്ചിരുന്നത്. 1969ല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിനെത്തുടര്‍ന്ന് നാലാം ലോക്സഭയ്ക്കാണ് ആദ്യമായി പ്രതിപക്ഷ നേതാവിനെ ലഭിക്കുന്നത്. കോണ്‍ഗ്രസിന്റെ 60 വിമത എംപിമാരുടെ നേതാവായി മാറിയ ഡോം രാം സുഭാഗ്സിങ്ങിന് പ്രതിപക്ഷ നേതാവിന്റെ പദവിയും ക്യാബിനറ്റ് റാങ്കും ലഭിച്ചു. 1970 വരെ സുഭാഗ് പ്രതിപക്ഷ നേതാവായി തുടര്‍ന്നു. പിന്നീട് 1970 മുതല്‍ 77 വരെയുള്ള കാലയളവിലും പ്രതിപക്ഷ നേതാവുണ്ടായില്ല. 1977ല്‍ കോണ്‍ഗ്രസ് 154 സീറ്റോടെ പ്രതിപക്ഷത്തായപ്പോള്‍ വീണ്ടും നേതാവുസ്ഥാനത്ത് ആളായി. 1980 മുതല്‍ 89 വരെയുള്ള കാലയളവിലും പ്രതിപക്ഷ നേതാവുണ്ടായിരുന്നില്ല. 1984-89 കാലയളവില്‍ 30 സീറ്റുള്ള തെലുങ്കുദേശവും 22 സീറ്റുള്ള സിപിഐ എമ്മുമായിരുന്നു കോണ്‍ഗ്രസ് കഴിഞ്ഞാലുള്ള വലിയ കക്ഷികള്‍. എന്നാല്‍, 1989 മുതല്‍ ഇപ്പോള്‍ 2014 വരെ ലോക്സഭയ്ക്ക് പ്രതിപക്ഷ നേതാവുണ്ടായിരുന്നു.
എം പ്രശാന്ത് deshabhimani
No comments:
Post a Comment